Skip to main content

കാടിനെന്ത് നിറം നല്‍കും?

ജാനി,
കാടിനെ വരച്ചു.
ഇലകളുടെ പച്ച
കറുത്തു പോയി.

ചിത്രശലഭത്തിന്
എത്ര വര്‍ണം നല്‍കിയിട്ടും
നര കൂടിവന്നു.

പാതി വെന്ത മരത്തിന് മുകളില്‍
ഇരയെ കാത്തിരിക്കുന്ന
കടുവയുടെ മുഖത്തെ
കറുത്ത വരകളില്‍
ദൈന്യം നിറഞ്ഞു.

കാട്ടു പെണ്ണിന്റെ മുലയില്‍ നിന്നും
ഒലിച്ചിറങ്ങിയ ചോലയ്ക്ക്
ചെന്നിനായകം തേച്ചു.

സെന്നയും
യൂക്കാലിയും,
അക്കേഷ്യയും
ഭ്രാന്ത് പിടിച്ച് വളര്‍ന്നു.
പാലറ്റിലെ മഞ്ഞനിറം തീര്‍ന്നു.

ചിറകുകള്‍
കരിഞ്ഞുണങ്ങിയതോടെ
ചീവീടും
കരച്ചിലൊതുക്കി.

നാടുകാണാനിറങ്ങാതെ,
കൊമ്പന്‍
മദപ്പാടില്‍
ചവിട്ടിമെതിച്ചതിനാല്‍
ചിത്രം പൂര്‍ത്തിയാക്കാനായില്ല.

ഉള്ളു പൊട്ടിയിടങ്ങളില്‍ നിന്നും
കട്ടച്ചോര ഒലിച്ചിറങ്ങുന്നു.
മലവെള്ളപ്പാച്ചിലായി
നിറങ്ങള്‍ കലങ്ങിമറിയുന്നു.

***

One Reply to “കാടിനെന്ത് നിറം നല്‍കും?”

  1. മിഥിലലക്ഷ്മി.സി.വി,

    സൂപ്പർ മാഷേ….

Leave a Reply to മിഥിലലക്ഷ്മി.സി.വി Cancel reply

Your Email address will not be published.