Skip to main content

സ്വപ്നങ്ങളിൽ രണ്ടുപേർ

എപ്പോഴും അങ്ങനെതന്നെ
അടുത്തെങ്കിലും ഉരിയാടാനോ
കണ്ണുകളിൽ നോക്കി ചിരിക്കാനോ
കഴിയാത്ത ദൂരത്തിൽ.

ചിലപ്പോൾ
റോഡിന്റെ ഇരുവശങ്ങളിൽ.
മറ്റു ചിലപ്പോൾ
ഒരു നദിക്കക്കരെയിക്കരെ.

ചില നേരങ്ങളിൽ
ഒരാൾ കാൽനടയായും
മറ്റേയാൾ പായുന്ന വണ്ടിയിലും.

ഇനിയൊരിക്കലോ
ഒരാൾ പാലത്തിൽ
അടിപ്പാതയിൽ അകപ്പെട്ടൊരാൾ

പിന്നൊരിക്കൽ
അങ്ങോട്ടുമിങ്ങോട്ടും പായുന്ന
തീവണ്ടിയിൽ, ജനാലയ്ക്കരികിൽ.

ഒരിക്കൽ ഒരാൾ ജയിലഴിക്കുള്ളിൽ
ദൂരെ കൺവെട്ടത്ത് കുഴഞ്ഞൊരാൾ.

പിന്നെയെപ്പോഴോ
ഐസിയുവിൽ
പാതിബോധത്തിലൊരാൾ
കണ്ണാടികാഴ്ചയിൽ
കരഞ്ഞൊരാൾ.

ഒരിക്കൽ ഒരാൾ
വണ്ടിയിറങ്ങുമ്പോൾ
ഒരാൾ യാത്ര തുടങ്ങുന്നു.

ഒടുവിൽ കണ്ട സ്വപ്നത്തിൽ
കൈനീട്ടി പിടിക്കാ‍നായുമ്പോൾ
ആരോ
കുലുക്കി വിളിച്ചുണർത്തിയത്
എന്നെയോ നിന്നെയോ?

***

5 Replies to “സ്വപ്നങ്ങളിൽ രണ്ടുപേർ”

  1. സ്വപ്നത്തില്ലല്ല…. കവിത നന്നായി മാഷേ❤️🥰

  2. ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന ചേർന്നുനിൽക്കലുകൾ പലപ്പോഴും സ്വപ്നങ്ങളിൽ പോലും അസാധ്യമാകുന്നത് എന്തുകൊണ്ടാകാം? എൻ.ബി. സുരേഷിന്റെ ‘സ്വപ്നങ്ങളിൽ രണ്ടുപേർ’ എന്ന കവിത മനസ്സിനെ പൊള്ളിക്കുന്ന ഒരു വിരഹചിത്രമാണ്.
    ഒരേ സ്വപ്നത്തിൽ രണ്ട് പേരുണ്ട്. അവർ എപ്പോഴും അരികിലുണ്ട്, എന്നാൽ ഒരിക്കലും ഒന്നാകുന്നില്ല. കവി ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങൾ ശ്രദ്ധിക്കുക:
    അകലം-റോഡിന്റെ ഇരുവശങ്ങൾ, പുഴയുടെ അക്കരെയും ഇക്കരെയും, പായുന്ന തീവണ്ടിയിലെ ജനാലക്കാഴ്ചകൾ… ഇതെല്ലാം സൂചിപ്പിക്കുന്നത് ഭൗതികമായ അടുപ്പത്തിനിടയിലും നിലനിൽക്കുന്ന വൈകാരികമായ വൻദൂരങ്ങളെയാണ്.
    നിസ്സഹായത-ജയിലഴികൾക്ക് ഇരുപുറവും നിൽക്കുന്നവർ, ഐസിയുവിന്റെ കണ്ണാടിവാതിലിന് അപ്പുറവും ഇപ്പുറവും ഉള്ളവർ—ഇവിടെ സ്നേഹത്തേക്കാൾ വലിയ വേലിക്കെട്ടുകൾ വിധിയായി മാറുന്നു.
    അനിശ്ചിതത്വം-ഒരാൾ യാത്ര തുടങ്ങുമ്പോൾ മറ്റൊരാൾ വണ്ടിയിറങ്ങുന്നു. സമയക്രമങ്ങളുടെ ഈ പൊരുത്തക്കേടാണ് പല ബന്ധങ്ങളുടെയും തകർച്ചയ്ക്ക് കാരണം.
    “കൈനീട്ടി പിടിക്കാനായുമ്പോൾ ആരോ കുലുക്കി വിളിച്ചുണർത്തിയത് എന്നെയോ നിന്നെയോ?” എന്ന അവസാന വരി വായനക്കാരന്റെ ഉള്ളിൽ ഒരു വിങ്ങലായി അവശേഷിക്കുന്നു. ആ ഉണർത്തൽ സ്വപ്നത്തിൽ നിന്നാണോ അതോ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലേക്കാണോ?
    ബന്ധങ്ങളിലെ വിടവുകളെ ഇത്രയും ലളിതമായും ആഴത്തിലും അടയാളപ്പെടുത്തിയ ഈ വരികൾ സ്നേഹിക്കുന്ന എല്ലാവർക്കും ഒരു തിരിച്ചറിവാണ്.

Leave a Reply to Rejana Cancel reply

Your Email address will not be published.