Skip to main content

കെന്‍ സാരോ വിവ

അനീതി വാഴുമിടത്ത്
തങ്കപ്പെട്ട ഹൃദയവുമായി
ഒരാള്‍ പിറവി കൊണ്ടു,
താരയൂഥത്തിലെ തിളക്കമുള്ള
നക്ഷത്രമായിരുന്നു അവന്‍
കൂരിരുട്ടിലെ സ്ഫുടതാരകം.

പങ്കിലമായ ആകാശത്തിനു കീഴെ
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള
രോദനമായിരുന്നു അവന്റേത്,
നീതിക്കായ് സ്പന്ദിച്ച ഹൃദയം,
ജനതയുടെ നാദത്തോടൊപ്പം അനുസ്പന്ദിച്ചത്,
എന്നാല്‍ ദുര മൂത്ത ഹൃദയങ്ങള്‍
ആ നിരപരാധിയെ നിലംപരിശാക്കി.

ഭരണകൂടച്ചതിയാല്‍,
വാളിന്റെ മൂര്‍ച്ചയാല്‍
അവരവനെ നിശ്ശബ്ദനാക്കി,
അവന്‍ മണ്ണിലും പൊടിയിലും വിലയിച്ചു.
അവരുടെ കളിയിലെ പാവ,
തകര്‍ന്ന നിഷ്‌കപടത,
തീവിഴുങ്ങിയ നിഷ്‌ക്കളങ്കത.

രക്‌സാക്ഷിയുടെ,
ധൈര്യശാലിയുടെ,
മറവുചെയ്യപ്പെട്ട കാട്ടുപൂവിന്റെ രക്തം.
പടയില്‍ പരിക്കേറ്റ പോരാളിയുടെ,
തീയിലെരിഞ്ഞ വീരനായകന്റെ രക്തം.

‘മാപ്പ് ‘ എന്നാല്‍
അത്രമേല്‍ പരിശുദ്ധമായ ഹൃദയത്തിന് പാകമാകാത്ത വാക്ക്,
ഒരിക്കലും പൊറുക്കാത്ത മുറിവ്,
വേദനയുടെ വിലാപഗീതം,
വിടാതെ പിന്‍തുടരുന്ന അഴക്,
തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ട പുരാവൃത്തം.

വികാരങ്ങളുടെ നദി കര കവിയുന്നു.
വീരനായകന്‍ ചങ്ങലയ്ക്കിടപ്പെട്ടിടത്ത്
വേദനയുടെ ചെടി മാത്രം വളരുന്നു.

അനീതി തുടരുന്നു,
ദേശത്തിനു മേല്‍ വീണ കറയും.

ഇത് വിവയ്‌ക്കൊരു ചരമഗീതം,
മണലില്‍ കുറിച്ചത്.

***



വിവര്‍ത്തനം : സജയ് കെ.വി.

No Comments yet!

Your Email address will not be published.