Skip to main content

കാത്തിരിപ്പ്

ബസ് ഷെല്‍ട്ടറില്‍
ഒരാളാരെയോ കാത്തിരിക്കുന്നു.
ജീവിതത്തിനൊപ്പം
വന്നെത്താനുള്ളൊരാളെയാവാം.
അല്ലെങ്കില്‍ ജീവിതത്തില്‍ നിന്നേ
ഒടുക്കേണ്ട ഒരാളെയാവാം.
എന്തായാലും കാത്തിരിക്കുമ്പോള്‍
അയാള്‍ക്കൊരേ ഭാവമാണ്.
വരും വരുമെന്ന നെഞ്ചിടിപ്പാണ്.
ഒപ്പം ചേര്‍ക്കാനായാലും
ഒപ്പിമാറ്റാനായാലും
വന്നെത്തേണ്ടയാളെ
വന്നെത്തും വരെ
കാത്തിരിപ്പാണ്.
കാത്തിരിപ്പാണയാളുടെ സ്ഥായീഭാവം.
കാത്തിരിപ്പാണയാളിലെ അസ്വസഥത.
കാത്തിരിപ്പു തന്നെയാവും അയാള്‍.
എന്നിട്ടും
കാത്തിരുന്നു കാത്തിരുന്ന്
അയാളെഴുന്നേറ്റു പോയി.
നിഷ്ഫലമായ കാത്തിരിപ്പാകുമോ
അയാള്‍ക്കും ജീവിതം?
അറിയാതെ
അയാള്‍ കാത്തിരുന്നിടത്ത്
ഞാനിരിക്കുന്നു.
അയാളെ കാത്തിരിക്കുന്നു.
എന്തിനാണ്
ആരെയാണയാള്‍
കാത്തിരുന്നതെന്നറിയാതെ
അയാളെ
കാത്തിരിപ്പായി ഞാന്‍.

***

No Comments yet!

Your Email address will not be published.