നാല്
43

കുന്നേരിക്കടവിന്റെ മറുകരയിൽ കടവിലേക്ക് ഇറങ്ങുന്ന ഇടവഴിയുണ്ട്. ആ വഴിയാണ് പൊലിസ് നായ് മണംപിടിച്ച് ഓടിയത്. ഇടവഴിയിലൂടെ തച്ചേരിതോട്ടത്തിന്റെ ഒരു ഭാഗത്തുകൂടി ഓടിയ നായ് സേട്ടുകടവിലെ പാറയുടെ അടുത്ത് ചെന്നുനിന്നു. മറുപുറത്ത് എത്തിച്ചു നായെകൊണ്ട് മണം പിടിപ്പിചെങ്കിലും വിജയിച്ചില്ല. നായുടെ അന്വേഷണം വഴിമുട്ടി.
പൊലിസ് വിട്ടയച്ച പത്രോസും സംഘവും അർക്കീസിന്റെ അടക്കിന് കൂടി. പലരുടെയും അർത്ഥംവച്ചുള്ള നോട്ടത്തിൽ അവർ ചൂളിപ്പോയി.
അർക്കീസിന്റെ അയഞ്ഞ ട്രൗസറിന്റെ കീശയിൽ വീർത്തുനിന്ന പണക്കെട്ടിനെ കുറിച്ചാണ് പത്രോസ് അപ്പോഴും ആലോചിച്ചത്. അതെവിടെ പോയി?
പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ കീശവീർത്ത വരയൻ ട്രൗസർ അവൻ കണ്ടു.
44
ഓർമയിൽനിന്നു ഉണർന്ന പത്രോസ് വിയർപ്പിൽ കുതിർന്നു. കൈ മണത്ത് അയാൾ ‘ഞാനാ’ എന്ന് അലറിയതിന്റെ പൊരുൾ വിനോദിനും വാറുവിനും ബാപ്പുവിനും സുനിക്കും മനസ്സിലായില്ല. എന്താണ് കാര്യമെന്ന് അവർ പരസ്പരം കണ്ണുകൊണ്ട് ചോദിച്ചു.
അർക്കീസിനെ കൊന്നത് നമ്മളല്ലല്ലാ. പിന്നെന്തിനാ പേടിക്കണ്- വിനോദ് ചോദിച്ചു.
കൊന്നോൻ പുഴയും കടന്നു പോയില്ലേ. കൊല്ലം കൊറേ ആയില്ലേ- ബാപ്പുവും സമാധാനിപ്പിക്കാൻ ശ്രമിച്ചു.
പുഴ കടന്നുപോയ കൊലയാളി!- പത്രോസിന്റെ ഹൃദയമിടിപ്പ് പിന്നെയും കൂടി. അപ്പോഴും കവലയിലെ വേദിയിൽ ആലിമാമു മൈക്കുമായി നിൽക്കുകയാണ്. കണ്ണിറുക്കിയുള്ള അവന്റെ ചിരി കൂടുതൽ വിസ്തൃതമായി.
പെട്ടെന്നാണ് ഒരു കല്ല് ആലിമാവുവിന്റെ ചുമലിൽ പതിച്ചത്.
45

കല്ലേറുകൊണ്ട ആലിമാമു ഞരക്കത്തോടെ പിന്നിലെ കസേരയിലേക്ക് ഇരുന്നുപോയി. മൈക്കിലെ പിടുത്തം വിട്ടില്ല.
കല്ലെറിഞ്ഞ ആളെ ആരും കണ്ടില്ല. അമ്പുവും ഫിലിപ്പോസും ചാക്കോയും ഗിരിനന്ദനും പരസ്പരം സംശയത്തോടെ നോക്കി. രഹസ്യം വെളിപ്പെടുമെന്ന ഭീതിയിൽ ആരോ എറിഞ്ഞതാണെന്ന് ഡിക്രൂസിന് മനസ്സിലായി.
സൗണ്ട്സിസ്റ്റത്തിന്റെയും പന്തലിന്റെയും പണിക്കാരായ സോജിയും ദാസനും ആലിമാമുവിന്റെ അടുത്തേക്ക് ഓടിച്ചെന്നു. ചുമലുഴിഞ്ഞും വെള്ളംകുടിപ്പിച്ചും അവർ ആലിമാവിനെ ശുശ്രൂഷിച്ചു.
അതിനിടയിൽ സൂത്രത്തിൽ മൈക്ക് കൈയിലാക്കാൻ ദാസൻ ശ്രമിച്ചു. രൂക്ഷമായ നോട്ടത്തോടെ ആലിമാമു മൈക്കിലെ പിടുത്തം മുറുക്കി. ദാ എന്നവൻ ആൾക്കൂട്ടത്തിലേക്ക് വിരൽചൂണ്ടി.
46
സോജിയേയും ദാസനെയും തള്ളിമാറ്റി ആലിമാമു എഴുന്നേറ്റു. അയാൾ വിരൽചൂണ്ടിയിടത്തേക്കാണ് ആളുകളുടെ നോട്ടം.
ഞാനല്ല എന്നു വിളിച്ചുകൂവി മാത്തു പിടികൊടുക്കാതെ ഓടി. ഭാരിച്ച രഹസ്യമെന്തോ അവന്റെ ഉള്ളിലുണ്ടെന്ന് ഫിലിപ്പോസ് സംശയിച്ചു. സ്കൂൾ കാലം മുതൽ ഒപ്പം നടക്കുന്നവനാണ്. താൻ അറിയാത്ത എന്തു രഹസ്യമാണ് അവനെ ഭയപ്പെടുത്തുന്നതെന്ന് ഫിലിപ്പോസ് അമ്പരന്നു.
മാത്തുവിന് പുറകെ ആരും ഓടിയില്ല. കൺവെട്ടത്ത് നിന്ന് അവൻ മറയുന്നതുവരെ ആലിമാമു നോക്കിനിന്നു. പിന്നെ മൈക്കിൽ രണ്ടുതവണ തട്ടി ശബ്ദമുണ്ടാക്കി ചിരിച്ചു.
ഇത്ര നേരമായിട്ടും ആലിമാമു ഒരക്ഷരം മിണ്ടിയില്ലല്ലോ എന്ന് ഫിലിപ്പോസ് ഓർത്തതും, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവന്റെ ശബ്ദം!!
47
‘ആഹ്..രഫ്’ – ആലിമാമു മൈക്കിൽ പറഞ്ഞത് കൂടിനിന്നവർ കേട്ടത് അങ്ങനെയാണ്. സംസാരിച്ചു തുടങ്ങുന്നതല്ലേയുള്ളൂ, തെളിച്ചമില്ലെന്ന് ചിലർ.
അയാൾ പറഞ്ഞത് ആരിഫ് എന്നാണെന്ന് ഡിക്രൂസ് പറഞ്ഞു. ഗൾഫിലായിരിക്കെ ആ പേരുള്ള സുഹൃത്ത് ഡിക്രൂസിനുണ്ടായിരുന്നു. അതുകൊണ്ട് അങ്ങനെയാണ് അയാൾ ആലിമാമുവിനെ കേട്ടത്.
ആലിമാമുവിന്റെ യഥാർത്ഥ പേരായിരിക്കാം അതെന്ന് പലർക്കും സംശയമുണ്ടായി.
ആരെഫ് നിന്റെ നാടെവിടെയാ- ഡിക്രൂസ് ഉറക്കെ ചോദിച്ചു. ആലിമാമു നിഷേധാർത്ഥത്തിൽ ചുമലുകുലുക്കി. പിന്നെ കണ്ണിറുക്കി ചിരിച്ചു. ആരെഫ് പേർഷ്യൻ വാക്കാണെന്നും എല്ലാം അറിഞ്ഞവനെന്നാണ് അതിന്റെ അർത്ഥമെന്നും അന്ത്രുമൊയ്‌ല്യാർ പറഞ്ഞതു കേട്ട് ആളുകൾ പിന്നെയും അമ്പരന്നു.
48
ആലിമാമു അടിമുടി ദുരൂഹതയാണെന്ന് പലർക്കും തോന്നി. ആ ചിന്തയോടെ തന്നെ നോക്കിയവരോട് കണ്ണിറുക്കി അവൻ ചിരിച്ചു. ആ ചിരിയിൽ എന്തൊക്കെയോ ഒളിച്ചുവെക്കുന്നുണ്ടെന്ന് അവർ പേടിയോടെ ഓർത്തു. ഒരു നാടിന്റെ രഹസ്യങ്ങളെല്ലാം അറിഞ്ഞവൻ.
കുന്നത്ത് ഗ്രാമത്തിലേക്ക് ദൈവം തുറന്നുവെച്ച കണ്ണായിരിക്കാം ആരെഫ് എന്ന ആലിമാമുവെന്ന് അന്ത്രുമൊയ്‌ല്യാർക്കു തോന്നി. അതോടെ ദിവ്യത്വത്തിന്റെ ഉടയാടകളെല്ലാം അന്ത്രുമൊയ്‌ല്യാർ മനസ്സിൽ നിന്നും എടുത്തെറിഞ്ഞു.
തന്നെക്കാൾ വലിയ കുട്ടിച്ചാത്തനാണ് ആലിമാമു എന്ന് ഗിരിചാത്തനും തോന്നി. ഗ്രാമവും തങ്ങളും പരസ്യമായി വിചാരണചെയ്യപ്പെടാൻ പോകുകയാണെന്ന് ആളുകൾ ഭയപ്പെട്ടു. ആ പേടിയിലേക്ക് നോക്കി അവൻ വീണ്ടും ചിരിച്ചു.
49

ലോകം അവസാനിച്ച്, മരിച്ചുപോയ വരെ പരലോകത്ത് വിചാരണക്കായി ഉണർത്തിയത് പോലെ അന്ത്രു മൊയ്ല്യാർക്ക് തോന്നി. നീണ്ട ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് പോലെ അനുഭവപ്പെട്ടു.
പണ്ട് മദ്രസയിൽ പഠിക്കുമ്പോൾ തച്ചേരി തോട്ടവും ചോലക്കുന്നുമായിരുന്നു പരലോകമായി മനസ്സിൽ തെളിഞ്ഞ ചിത്രം. കുന്നത്ത് കവല വിചാരണ വേദിയും.
കഴിഞ്ഞ ഒരു രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ആഭിജാത്യ കർമ്മം ചെയ്തത് വെറും സ്വപ്നമായിരുന്നുവെന്ന് അയാൾക്ക് തോന്നി. നൂറ്റാണ്ടുകൾക്ക് മുമ്പ് മരിച്ചവരും ഒരു രാത്രി ഉറങ്ങി എഴുന്നേൽക്കുന്നത് പോലെയാണ് പരലോകത്ത് ഉയിർത്തെഴുന്നേൽക്കപ്പെടുക എന്നാണല്ലോ. നന്മ തിന്മകൾ രേഖപ്പെടുത്തുന്ന മലക്കുകളുടെ പ്രതിരൂപമായി ആലിമാമുവിനെ തോന്നി.
50
ഭാരം കൊണ്ട് ഇടതു ചുമൽ തൂങ്ങുന്നതായി അന്ത്രുമൊയ്‌ല്യാർക്ക് തോന്നി. കുറ്റബോധ ഭാരം കനത്തു. ജീവിതത്തിൽ ചെയ്ത നന്മകൾ മറക്കുകയും ദൈവഹിതത്തിന് വിരുദ്ധമായി ചെയ്തതെല്ലാം അയാളെ അലട്ടുകയും ചെയ്തു.
ആലിമാമു ഗൂഡമായ ചിരി തുടർന്നു.
വിചാരണ എന്ന അന്ത്രുമൊയ്‌ല്യാരുടെ പിറുപിറുക്കൽ കേട്ട ജയരാജന് നക്സൽ ദിനങ്ങളാണ് ഓർമവന്നത്. ജയരാജ് നാട്ടിൽ അറിയപ്പെടുന്നത് നക്സൽ ജയൻ എന്നാണ്. നക്സൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് തെക്ക് ദേശത്തു നിന്ന് മലനാട്ടിൽ എത്തിയതാണ്. നക്സലിസം ഉപേക്ഷിച്ചതോടെ കുന്നത്ത് ഗ്രാമക്കാരനായി മാറുകയായിരുന്നു.
നക്സൽ കാലത്ത് അന്നത്തെ തഹസിൽദാറിനെ പിടിച്ചുകൊണ്ടുവന്ന് പരസ്യ വിചാരണ നടത്തിയത് ഈ കവലയിലാണ്.
51
ആദിവാസികളുടെ കുടികിടപ്പുമായി ബന്ധപ്പെട്ടായിരുന്നു നക്സൽ ജയന്റെ, അന്നത്തെ സായുധ സാഹസം. പൊലിസിനെയും നാട്ടുകാരെയും വിറപ്പിച്ച വീരകൃത്യം. പഴമക്കാർ അതൊന്നും ഇന്നും മറന്നിട്ടില്ല. നക്സൽ പേടിയിൽ സർക്കാർ കാര്യാലയങ്ങൾ ജനസേവന കേന്ദ്രങ്ങളായി നിലനിന്ന കാലം. നക്സലിസം തളരുകയും വീരശൂരപരാക്രമികൾ പിന്മാറുകയും ചെയ്തതോടെ അതെല്ലാം അവസാനിച്ചു.
കാട്ടിലെ ഒളിച്ചു താമസത്തിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങിയ ജയൻ നാട്ടിലെ പാവങ്ങളെ അവരുടെ അവകാശങ്ങൾക്കായി നിയമ വ്യവഹാരങ്ങളിൽ സഹായിച്ചു പോന്നു. തന്റെ ബോധ്യത്തിന് ഇണങ്ങുന്ന കുറ്റമറ്റൊരു ജീവിതമാണ് ആഗ്രഹിച്ചതെങ്കിലും അടിച്ചമർത്തപ്പെട്ട ചില ദൗർബല്യങ്ങൾ അയാളെയും കീഴ്പ്പെടുത്തിയിരുന്നു.
52

അവിവാഹിതനാണ് നക്സൽ ജയൻ. അങ്ങാടിയിലെ കടകൾക്കു മുകളിൽ വാടക മുറിയിലാണ് താമസം. രാവിലെ മുതൽ പല ആവശ്യങ്ങൾക്കായി ആളുകൾ വരും. തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട് വരുന്ന തോട്ടം തൊഴിലാളികളാണ് ഏറെയും. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കായി ട്യൂഷനുമെടുക്കുന്നുണ്ട്. എപ്പോഴും ആള് സജീവമാണ്.
രാത്രികളിലും ഞായറാഴ്ച പകലും പുസ്തക വായനയാണ്. ഇടക്ക് എവിടെനിന്നോ എത്തുന്ന സുഹൃത്തുക്കൾക്കൊപ്പമിരുന്ന് കവിതയും നാടൻ പാട്ടുമായി ആഘോഷമാക്കും. നാടകഗാനങ്ങളും സിനിമാഗാനങ്ങളും അതിൽ ഇടംപിടിക്കും.
പയ്യെപയ്യെ ആലിമാമുവും ആ പാട്ടുകൂട്ടത്തിന്റെ ഭാഗമായി. നക്സൽ ജയന്റെ അകവും പുറവും അവൻ അറിഞ്ഞു തുടങ്ങി. അതോർത്ത് ആലിമാമുവിനെ ജയനും പേടിച്ചു.
53
കനത്ത മഴ സാധ്യത മാനത്ത് ഇരുണ്ടു മൂടിയ ഉച്ചനേരത്താണ് അതുവരെയുള്ള നിലപാടുകളിൽ നിന്നും നക്സൽ ജയൻ വ്യതിചലിച്ചത്. അത്രയും കാലം തള്ളിപ്പറഞ്ഞ വിചാരധാരയിൽ അയാൾ അകപ്പെട്ടു. അന്ന് അയാളെ തേടി ഒരുസംഘം കയറി വന്നപ്പോൾ ആലിമാമുവും അവിടെ ഉണ്ടായിരുന്നു.
കുന്നത്തു ഗ്രാമത്തെ ഒന്നുടച്ചു വാർക്കണം. അതാണ് അവരുടെ ഗൂഢലക്ഷ്യം. ആ നാടിന് അലങ്കാരമായിരുന്ന വർണ്ണങ്ങളേയും വിവിധ കോലങ്ങളെയും മായ്ച്ചുകളയണം. ഒരു വർണ്ണം ഒരു കോലം. എല്ലാവർക്കും ഒരേ സ്വഭാവം.
അതാണ് അവർക്ക് വേണ്ടത്. അതത്ര എളുപ്പമല്ല. സായുധസമരങ്ങളും വേണ്ടിവരും. അതിന് കാലാൾപടയുണ്ട്. നക്സൽ കാലത്ത് ജയൻ നേടിയ ആയുധ പരിശീലനം കൈമുതലാകും എന്നാണ് അവർ പറയുന്നത്.
54
കുന്നത്ത് കവലയിലെ ആൾക്കൂട്ടം ഒന്നിളകി. ഓരോരുത്തരും അവരവരുടെ ഓർമകളിലൂടെ പ്രകാശവേഗത്തിൽ സഞ്ചരിച്ചു. ആരുമറിയാതെ ചെയ്തുകൂട്ടിയവയാണ് ഭയപ്പെടുത്തി അവരുടെ ഓർമ്മകളിൽ തെളിയുന്നത്. ആ രഹസ്യങ്ങളെല്ലാം അറിയുന്ന ആലിമാമു മൈക്കുമായി നില്പ് തുടരുകയുമാണ്.
കിച്ചുബാബുവിന്റെ മൈബൈൽ ഷോപ്പിൽ ഫർഹാനും കൂട്ടരും ആലിമാമുവിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ എന്തുചെയ്യണമെന്ന ഗൂഢാലോചനയിലാണ്. നാവിൽ അലിഞ്ഞുചേർന്ന ലഹരി അവരിൽ ആവേശമേറ്റി.
അന്നേരത്ത് കാരംസ് ക്ലബ്ബിൽ പത്രോസും കൂട്ടരും മിഴിച്ചിരിപ്പുണ്ട്.
‘എനിക്ക് ഒരു കാര്യം വെളിപ്പെടുത്തണം’- പത്രോസ് പറഞ്ഞു. ‘ഇനി ഒളിച്ചുവെക്കാൻ വയ്യ’.
വിനോദും വാറുവും ബാപ്പുവും സുനിയും അമ്പരപ്പോടെ കാതോർത്തു.
55

പത്രോസ് എന്തോ കുറ്റസമ്മതം നടത്താൻ പോകുകയാണെന്ന് വിനോദും വാറുവും ബാപ്പുവും സുനിയും കരുതി. അർക്കീസിന്റെ കൊലയാളി അയാളോ എന്നവർ സംശയിച്ചു. അർക്കീസ് കൊല്ലപ്പെടുമ്പോൾ കുന്നേരി കടവിൽ അയാൾ മാത്രമായിരുന്നല്ലോ ഉണ്ടായിരുന്നത്. കടവിനപ്പുറത്തെ ഇടവഴിയിലൂടെ ആരോ ഓടി രക്ഷപ്പെട്ടെന്നാണ് പൊലിസ് പറഞ്ഞത്. അവർ ആകെ ആശയക്കുഴപ്പത്തിലായി.
എസ്തപാന്റെ കളപ്പുരയിലെ ആഘോഷ നേരങ്ങളിൽ അർക്കീസിന്റെ ചോര തന്റെ കൈകളിൽ മണക്കുന്നതായി പത്രോസ് പലകുറി പറഞ്ഞിരുന്നു. അത് അർക്കീസിനെ രക്ഷപെടുത്താൻ കഴിയാതെ പോയതിലെ സങ്കടം കൊണ്ടാണെന്നാണ് കരുതിയത്. അവർ സംശയത്തോടെ പത്രോസിനെ നോക്കി.
പത്രോസ് തന്റെ കൈകൾ മണത്തുകൊണ്ട് വാവിട്ട് കരഞ്ഞു.
56
ആലിമാമു മൈക്കിൽ വീണ്ടും ശബ്ദം പുറപ്പെടുവിച്ചു. അത് ആരെഫ് എന്നല്ലെന്ന് ഡിക്രൂസിന് മനസ്സിലായി. ഹുഫ് എന്നതു പോലൊരു ശബ്ദം. നേരത്തത്തേതും ആലിമാമു പുറപ്പെടുവിച്ച വെറുമൊരു ശബ്ദമായിരുന്നുവെന്ന് അയാൾ തിരിച്ചറിഞ്ഞു.
ആലിമാമു മിണ്ടിതുടങ്ങിയിട്ടില്ല. ആലിമാമുവിന് സംസാരശേഷി കിട്ടിയെന്ന് ആരാണ് പറഞ്ഞത്? ഡിക്രൂസിന് സംശയമായി. അയാൾ ആലിമാമുവിനെ സൂക്ഷിച്ചു നോക്കി.
മറ്റെവിടേക്കോ നോക്കുകയായിരുന്ന ആലിമാമു പെട്ടെന്ന് നോട്ടം ഡിക്രൂസിലേക്ക് തിരിച്ചു. അത് കനമുള്ള നോട്ടമായി അനുഭവപ്പെട്ടു. ആലിമാമു ചിരിച്ചില്ല.
തുളഞ്ഞുകയറുന്ന നോട്ടത്തിൽ ഡിക്രൂസ് പതറി. ആലിമാമുവിന്റെ കണ്ണുകളിൽ കുരുങ്ങിയ തന്റെ കണ്ണെടുക്കാൻ അയാൾക്കായില്ല.
(തുടരും )





No Comments yet!