മൂന്ന്
29

ഡാനിയുടെ നഗ്‌നമേനി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. സംഭവം അറിഞ്ഞ ഉടനെ അവള്‍ ജീവനൊടുക്കി. അപ്പോഴാണ് ഡിക്രൂസ് കാര്യം അറിയുന്നത്. പൊലീസിന്റെ സൈബര്‍ സെല്ല് അന്വേഷണം നടത്തിയെങ്കിലും തുമ്പു കണ്ടെത്താനായില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു.
ഒരു വര്‍ഷം മുമ്പാണ് വിവാഹമോചിതയായി ഡാനി ബംഗളൂരുവില്‍ നിന്നും കുന്നത്തു ഗ്രാമത്തിലെ വീട്ടില്‍ തിരിച്ചെത്തിയത്.
ബംഗളൂരുവില്‍ വെച്ച് ഡാനിയും ഫര്‍ഹാനും തമ്മില്‍ സൗഹൃദത്തില്‍ ആയിരുന്നുവെന്നത് അതീവ രഹസ്യമായി അവര്‍ സൂക്ഷിച്ചു. അവന്റെ ചങ്കുകളോടു പോലും ആ രഹസ്യം അവന്‍ വെളിപ്പെടുത്തിയില്ല. എങ്കിലും താന്‍ ചെയ്ത പാപത്തില്‍ അവരും പങ്കാളികളാണെന്ന് അവന്‍ ഓര്‍ത്തു.
30

വിവാഹ മോചനത്തിനു ശേഷം ഡാനി, ഫര്‍ഹാന് ഒപ്പം ലിവ്-ഇന്‍ പാര്‍ട്ണറായി ജീവിച്ചതും അതീവ രഹസ്യമായാണ്. ആ ബന്ധത്തിന് ആറുമാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഒപ്പം താമസിക്കാന്‍ തുടങ്ങി മാസം ഒന്നു തികയും മുമ്പേ പ്രതീക്ഷകളെല്ലാം തകര്‍ന്നുവെന്ന് അവള്‍ തിരിച്ചറിഞ്ഞു. എന്നിട്ടും എല്ലാം സഹിച്ചു അഞ്ചു മാസങ്ങള്‍ കൂടി അവനൊപ്പം പൊറുത്തു.
യാത്രപറയാതെ നാട്ടിലേക്ക് തിരിച്ചു പോന്നതാണ് ഡാനി. പിന്നീട് അവന്‍ അന്വേഷിക്കുകയോ വിളിക്കുകയോ ചെയ്തില്ല. അവന്‍ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുമെന്ന് നേരിയ പ്രതീക്ഷ അവളിലുണ്ടായിരുന്നു.
അപ്പോഴാണ് നഗ്‌നമേനി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു നിമിഷത്തെ തീരുമാനത്തില്‍, ജീവന്റെ പടികളിറങ്ങി അവള്‍ മറഞ്ഞു!
31

ഡാനിയുടെ അടക്കത്തിന് ഫര്‍ഹാനും ചെന്നിരുന്നു.
ഏറ്റവും ഒടുവിലാണ് അവന്‍ പള്ളിയിലെത്തിയത്. ചടങ്ങുകള്‍ തീരുംമുമ്പേ പോരുകയും ചെയ്തു. നേരെ ചെന്നത് കിച്ചുബാബുവിന്റെ അടുത്തേക്കാണ്.
തണുത്തുറഞ്ഞ പോലെ ആയിരുന്നു മൊബൈല്‍ ഷോപ്പിന്റെ അകം. ശാര്‍ങ്ങുവും അഭിയും കിച്ചുവും മരവിച്ചിരിപ്പായിരുന്നു. അവര്‍ സ്റ്റാമ്പില്‍ അഭയംതേടി.
നാവില്‍ അത് ലയിച്ചുവരുമ്പോഴാണ് ആലിമാമു കയറിവന്നത്. സ്റ്റാമ്പലിഞ്ഞ് പടര്‍ന്ന ലഹരിയില്‍ അവരുടെ ഉള്ളിലെ കുറ്റബോധം അലിഞ്ഞുപോയി. ഷോപ്പില്‍ ഒളിച്ചുവെച്ച ഹാര്‍ഡ് ഡിസ്‌കില്‍ വേറെയുമുണ്ട് നഗ്‌നമേനികള്‍. ഡാനിയുടെ ആത്മഹത്യ ഉണ്ടാക്കിയ ഷോക്കില്‍ അതെല്ലാം ഡിലീറ്റുചെയ്യണമെന്ന് ഫര്‍ഹാന്‍ വിചാരിച്ചതായിരുന്നു. അവന്റെ ഉള്ളില്‍ ഗൂഡമായ ചിരിയുണര്‍ന്നു.
32
ശനിയാഴ്ചകളിലെ നിശാ പാര്‍ട്ടിക്കിടെയാണ് ഡാനിയും ഫര്‍ഹാനും ആദ്യമായി കണ്ണുകള്‍കോര്‍ക്കുന്നത്. വിവാഹമോചന നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിയ നാളുകളിലായിരുന്നു അത്. പിന്നീട് ടര്‍ക്കിഷ് കഫെയുടെ കോഫി ടേബിളിന് ഇരുപുറവും ഇരുന്ന് ആ സൗഹൃദം വളര്‍ന്നു. ഒറ്റമുറി ഫ്‌ലാറ്റിലെ ഒന്നിച്ചുള്ള ജീവിതത്തിലേക്ക് അവരെത്തി.
പ്രായ വ്യത്യാസം ഒരു തടസ്സമായില്ല. ഫര്‍ഹാനെക്കാള്‍ പ്രായം അവള്‍ക്കായിരുന്നു. ആകയാല്‍ ആ ബന്ധം അവര്‍ അതീവ രഹസ്യമായി സൂക്ഷിച്ചു. ജീവിതത്തില്‍ അവള്‍ സ്വപ്നം കണ്ട കരുതല്‍, അത്രമേല്‍ സ്വാതന്ത്ര്യവും ഫര്‍ഹാനില്‍ അവള്‍ അനുഭവിച്ചുവരുകയായിരുന്നു.
ഒരിട അടക്കിപ്പിടിച്ചുവെച്ച ദുശ്ശീലങ്ങള്‍ ഫര്‍ഹാനെ മാനസികമായി വേട്ടയാടുന്നുണ്ടായിരുന്നു.
33
ആലിമാമു മിണ്ടിയാല്‍ പ്രശ്‌നമാണ്. ഉടന്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഫര്‍ഹാന്‍ മാത്രമല്ല, ഇരുട്ടില്‍ പെണ്ണുടലുകള്‍ തേടിയ ചാക്കൊ, അര്‍ക്കീസിന്റെ കൊലപാതക രഹസ്യം അറിയുന്ന പത്രോസ് മാവക്കല്‍ അടക്കമുള്ളവരും അതുതന്നെയാണ് ആലോചിച്ചത്.
ശാര്‍ങ്ങുവും അഭിയും കിച്ചുബാബുവും ഫര്‍ഹാനും മൊബൈല്‍ ഷോപ്പിലേക്ക് വെച്ചുപിടിച്ചു. ആലിമാമുവില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാന്‍ എന്താ ഒരു വഴി? അവര്‍ ആലോചിച്ചു.
നാവറ്റത്ത് ഒട്ടിച്ച സ്റ്റാമ്പ് ലയിച്ചുതുടങ്ങിയതോടെ ശാര്‍ങ്ങു ചാടിയെണീറ്റു. ഒളിപ്പിച്ചുവെച്ച ഹാര്‍ഡ് ഡിസ്‌ക് പുറത്തെടുത്ത് ലാപ്‌ടോപ്പില്‍ ബന്ധിപ്പിച്ചു. സ്‌ക്രീനില്‍ തെളിഞ്ഞ ചിത്രത്തിലേക്ക് അവന്‍ വിരല്‍ ചൂണ്ടി.
ഒരു ആത്മഹത്യ കൂടി- ഫര്‍ഹാന്റെ കണ്ണുകള്‍ ചുവന്നു.
34
പത്രോസ് മാവക്കലും വിനോദും വാറുവും ബാപ്പുവും സുനിയും കാരംസ് ക്ലബ്ബില്‍ ഒത്തുകൂടി. വയസ്സാംകാലത്ത് അഴികള്‍ എണ്ണേണ്ടിവരും. മാനവും പോകും. ആലിമാമുവിനെ എങ്ങനെ പിന്തിരിപ്പിക്കും? പത്രോസിനും സംഘത്തിനും ഒരു പിടിയും കിട്ടുന്നില്ല.
തട്ടിയാലാ?-വാറു ചോദിച്ചു.
ആര് നമ്മളാ?-വിനോദിന് ആധിയായി.
അയിന് നമ്മളാരെലും മുമ്പ് കൊന്നിനോ- ബാപ്പുവിന്റെ ചോദ്യം കേട്ട് പത്രോസ് നടുങ്ങി. യാന്ത്രികമായി ഇരുകൈകളിലേക്കും കണ്ണുകള്‍ പാഞ്ഞു. അതേവേഗത്തില്‍ കൈകള്‍ മൂക്കോളം എത്തി. ചുടുചോരയുടെ ഗന്ധം തലച്ചോറ് തിരിച്ചറിഞ്ഞു.
വിയര്‍ത്തു കുളിച്ചു നില്‍ക്കുന്ന പത്രോസിനെ നോക്കി സുനി ചോദിച്ചു-എന്തേ?
ഒന്നുമില്ലെന്ന് തലയാട്ടിയെങ്കിലും പത്രോസിന് തലകറങ്ങി.
35
തളര്‍ന്നു വീണ പത്രോസിന് ചുറ്റും വെപ്രാളത്തോടെ അവര്‍ നിന്നു.
ചുമരുചാരി ഇരുന്ന പത്രോസിന്റെ അര്‍ദ്ധ ബോധത്തില്‍ അര്‍ക്കീസ് തെളിഞ്ഞു. വേട്ടക്കാരനെ പോലെ കൊമ്പന്‍മീശ തടവി, കെട്ട പല്ലുകള്‍കാട്ടി അയാള്‍ ചിരിച്ചു. കുന്നേരിക്കടവിലെ പാറപ്പുറത്താണ് നില്‍പ്പ്. പാറയിലും വെള്ളത്തിലും ചീട്ടുകളും ചോരയും ചിതറിക്കിടക്കുന്നു. ഹൃദയത്തില്‍ തറച്ച കത്തി വലിച്ചൂരി അര്‍ക്കീസ് അലറി. തീര്‍ക്കും ഞാന്‍ എല്ലാത്തിനെയും
കാതുകള്‍ പൊത്തിപ്പിടിച്ച് പത്രോസ് കര്‍ത്താവിനെ നീട്ടി വിളിച്ചു. എന്തുചെയ്യണമെന്നറിയാതെ വിനോദും വാറുവും ബാപ്പുവും സുനിയും മിഴിച്ചുനിന്നു.
നെങ്ങക്ക് വല്ലോം അറിയാവാ-വാറു ചോദിച്ചു.
അപസ്മാരം?- ബാപ്പുവിന് സംശയം.
ഞാനാ-കൈകള്‍ മണത്ത് പത്രോസ് അലറി.
36
കുന്നേരിക്കടവിലെ ഓടകളില്‍ വീണ കോടമഞ്ഞിന്റെ നനവില്‍ വെയില്‍ വീഴുന്നതേയുള്ളൂ. എസ്തപാന്റെ കളപ്പുരയില്‍ ഉറക്കമുണര്‍ന്ന അര്‍ക്കീസും പത്രോസും പ്രഭാതകൃത്യങ്ങള്‍ക്കായി കുന്നേരി കടവിലെത്തി. മാവിലകൊണ്ട് പല്ലുതേച്ച്, നീരൊഴുക്കില്‍ നിന്നും വെള്ളംകുടിച്ച് ഇരുവരും പാറപ്പുറത്ത് ഇരുന്നു.
വിനോദും വാറുവും ബാപ്പുവും സുനിയും ഇനിയും ഉണര്‍ന്നിട്ടില്ല. കളപ്പുരയില്‍ ഉറക്കത്തിലാണ്.
ചീട്ടുകളിയും ചാരായ ലഹരിയും പാട്ടും കൂത്തും മൂര്‍ദ്ധന്യത്തിലെത്തിയ അര്‍ദ്ധരാത്രിയാണ് അര്‍ക്കീസിന്റെ വരവ്. അര്‍ക്കീസിന്റെ ട്രൗസര്‍ കീശയില്‍ നൂറിന്റെ ഒരു കെട്ട് പണമുണ്ടായിരുന്നു. പത്രോസ് മാത്രമാണ് അതു കണ്ടത്. മറ്റുള്ളവര്‍ ബോധത്തിനും ബോധക്കേടിനുമിടയില്‍ കുരുങ്ങി നില്‍ക്കുകയായിരുന്നു.
37

ഒരു കൈ കളിച്ചാലോ?- കൊമ്പന്‍ മീശ പിരിച്ചുവെച്ച് അര്‍ക്കീസ് ചോദിച്ചു.
അതിന് ചീട്ട് വേണ്ടേ?- പത്രോസിന്റെ ചോദ്യം കേട്ടതും അര്‍ക്കീസ് മടിക്കുത്തില്‍ നിന്നും ചീട്ടുകളെടുത്തു.
കളി തുടങ്ങാനുള്ള ഒരുക്കത്തിനിടെ പണക്കെട്ടുകൊണ്ട് ചീര്‍ത്ത കീശ വലതു തുടയുടെ വശത്തേക്ക് തൂങ്ങിവീണു. മുണ്ടുകൊണ്ട് അത് മറക്കാന്‍ അര്‍ക്കീസ് ശ്രമിച്ചു. എവിടുന്നാണ് ഇത്രയും പണമെന്ന് പത്രോസിന് ചോദിക്കാന്‍ ധൈര്യമില്ല.
എങ്ങോട്ടു മുങ്ങിയാലും ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ അര്‍ക്കീസ്, എസ്തപാന്റെ കളപ്പുരയില്‍ പൊങ്ങും. ചോലക്കുന്നിലെ വീട്ടില്‍ വല്ലപ്പോഴെ പോകാറുള്ളൂ. തിങ്കളാഴ്ചകളില്‍ കൂപ്പിലേക്ക് എന്നു പറഞ്ഞാണ് പോക്ക്. എന്നാല്‍ ഇങ്ങനെ പണക്കെട്ടുമായി മുമ്പ് വന്നിട്ടില്ല.
38
വിനോദമില്ലെങ്കില്‍ ജീവിതം മരവിച്ചുപോകുമെന്ന ചിന്താഗതിക്കാരാണ് പത്രോസും അര്‍ക്കീസും. വിനോദും വാറുവും ബാപ്പുവും സുനിയും പിന്നീട് വന്നതാണ്. ശനിയാഴ്ച രാത്രികളില്‍ എസ്തപാന്റെ കളപ്പുരയില്‍ അവര്‍ ഒത്തുകൂടും.
എസ്തപ്പാന്‍ കുടുംബത്തോടെ വിദേശത്താണ്. മൂന്നോ നാലോ വര്‍ഷത്തില്‍ ഒരിക്കല്‍ വന്നുപോകും. കളിക്കൂട്ടുകാരായിരുന്ന പത്രോസിനും അര്‍ക്കീസിനും കളപ്പുരയിലും തോട്ടത്തിലും യഥേഷ്ടം കയറിഇറങ്ങാം. കാര്യസ്ഥന്‍ ചേക്കുവിനും മുകളിലാണ് എസ്തപ്പാന് അവരുടെ സ്ഥാനം.
ചാരായവും ചീട്ടുകളിയും അല്ലാതെ മറ്റൊരു ദൗര്‍ബല്യവും അവര്‍ക്കില്ല എന്നത് ചേക്കുവും ആശ്വാസമായികണ്ടു. മൗനത്തില്‍ പൊതിഞ്ഞു നില്‍ക്കുന്ന കളപ്പുരയെ ശനിയാഴ്ച രാത്രികളില്‍ അവര്‍ ആഘോഷത്തിലേക്ക് ഉണര്‍ത്തും.
39
ആടിപാടിയും ചീട്ടെറിഞ്ഞും തിമിര്‍ക്കുന്നതിനിടയില്‍ ഉറക്കത്തിലേക്ക് തെന്നിവീണത് പുലരാന്‍ നേരമാണ്.
നേരംവെളുത്തൂ ട്ടാ- വിനോദ് മറ്റുള്ളവരെയും ഉണര്‍ത്തി.
നേരം ഒരുപാട് ആയല്ലോ. വെയിലിന് കനംവെച്ചു- കണ്ണുതിരുമി വാറു പറഞ്ഞു.
ബാപ്പു സിഗരറ്റിന് തീകൊളുത്തി. സുനി ചായയിടാന്‍ കെറ്റില്‍ ഓണാക്കി.
ഓരേ കാണണില്ലല്ലാ- വിനോദ് തിരക്കി.
രണ്ടും സാധിച്ച് കടവിലുണ്ടാകും-സുനി പറഞ്ഞു.
എസ്തപേട്ടന്‍ നമ്മക്കായി യൂറോപ്യന്‍ ക്‌ളോസറ്റിട്ട് പണിതു വെച്ചിട്ടും അവരെന്തിനാ കടവില്‍ പോകുന്നേ?- വാറുവിന്റെ ചോദ്യം.
അയിന് വേറേന്നേ ഒരു സുഖാ. അനുഭവിച്ചോര്‍ക്ക് അറിയാ-സുനിക്ക് അതറിയാം.
എന്നാ ഇന്ന് നമ്മക്കും ആയാലാ?-വിനോദിന് പൂതി. ചൂട് ചായകുടിച്ചിട്ട് പുവാമെന്ന് സുനി.
40
പത്രോസിനെയും കൂട്ടാളികളെയും പരസ്പരം ആശയവിനിമയം നടക്കാത്ത വിധം പൊലിസ് സ്റ്റേഷനില്‍ അകലത്തില്‍ നിറുത്തിയിരിക്കുകയാണ്. തളര്‍ന്നുവീണ പത്രോസിനെ മാത്രം കസേരയില്‍ ഇരുത്തി. ബാക്കിയുള്ളവര്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി.
അരക്കു കീഴെ അടിവസ്ത്രം അല്ലാതെ മറ്റൊന്നും ഇല്ല. സംഭവസ്ഥലത്തേക്ക് പോയ പൊലിസ് സംഘം ഏതു നിമിഷവും തിരിച്ചെത്തും. പിന്നെ ചോദ്യം ചെയ്യലാണ്. അവര്‍ പരസ്പരം ദയനീയമായി നോക്കി.
അര്‍ക്കീസിന് ജീവനുണ്ടോ എന്ന് അറിവായിട്ടില്ല. കൊടും ദ്രോഹികളെ നിങ്ങള്‍ എന്തിനാണ് ആ മനുഷ്യനെ കൊന്നതെന്ന് കൊമ്പന്‍ മീശക്കാരന്‍ കോണ്‍സ്റ്റബിള്‍ അലറി. അലര്‍ച്ചയില്‍ വാറു ബോധംകെട്ട് വീണു.
ആ ബഹളത്തിനിടയില്‍ സൗമ്യനായ ഒരാള്‍ പത്രോസിന്റെ അരികില്‍ വന്നിരുന്നു.
41
സമാധാനിപ്പിക്കാന്‍ എന്നോണം അരികില്‍ ഇരിക്കുന്ന ആള്‍ മഫ്ടി പൊലിസ് ആണെന്നും ഉള്ളറിയാനുള്ള തന്ത്രമാണെന്നും പത്രോസിന് മനസ്സിലായി.
സംഭവിച്ചത് എന്താണെന്ന് അറിയില്ല. കടവിലേക്ക് ചെല്ലുമ്പോള്‍ ചോരയൊലിച്ച് ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ആരാണ് എന്താണ് എന്നൊന്നും അറിയില്ല സാറേ-പത്രോസ് കരഞ്ഞു.
അര്‍ക്കീസ് മരിച്ചു! സംഭവസ്ഥലത്തു നിന്നും വന്ന പൊലിസുകാര്‍ പറഞ്ഞു.
മരണമൊഴി കിട്ടിയിട്ടുണ്ട്- പത്രോസിനെ ഉഴിഞ്ഞുനോക്കി സബ് ഇന്‍സ്‌പെക്ടര്‍.
ഒള്ളത് ഒള്ളത് പോലെ പറഞ്ഞാ തൂങ്ങാതെ നോക്കാം. മണി മണിയായി കാര്യങ്ങള്‍ അങ്ങ് പറഞ്ഞേക്ക്- കൊമ്പന്‍മീശക്കാരന്‍ കോണ്‍സ്റ്റബിളിനെ ചുണ്ടി എസ് ഐ പറഞ്ഞു.
മൊഴിയെടുക്കാന്‍ ആദ്യം വിളിച്ചത് പത്രോസിനെയാണ്.
42

പത്രോസിന്റെ മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് കോണ്‍സ്റ്റബിള്‍ എസ് ഐയേ അറിയിച്ചു.
സംഭവ സമയത്ത് അര്‍ക്കീസിന് ഒപ്പം ഉണ്ടായിരുന്നത് പത്രോസ് മാത്രമാണ്. കൊലയാളി അവനാണ് സാറേ- കോണ്‍സ്റ്റബിള്‍ പറഞ്ഞു.
രേഖപ്പെടുത്തിയ പത്രോസിന്റെ മൊഴികളിലൂടെ എസ് ഐ കണ്ണോടിച്ചു. ചീട്ടു കളിക്കിടെ വയറുവേദനയെ തുടര്‍ന്ന് മറക്കിരിക്കാന്‍ പോയതായിരുന്നു പത്രോസ്. തിരിച്ചുവന്നപ്പോള്‍ കുത്തേറ്റ്, രക്തത്തില്‍കുളിച്ച് ബോധമറ്റ് കിടക്കുന്ന അര്‍ക്കീസിനെയാണ് കണ്ടത്. എസ് ഐ മൊഴികള്‍ ഒന്നുകൂടി വായിച്ചു.
തോട്ടത്തില്‍ മറക്കിരുന്നപ്പോള്‍ കടവില്‍ നിന്നും ബഹളമോ നിലവിളിയോ പത്രോസ് കേട്ടില്ല.
അവിടെ വേറൊരാള്‍ കൂടി ഉണ്ടായിരുന്നു-എസ് ഐയുടെ വാക്കുകള്‍ കേട്ട് കോണ്‍സ്റ്റബിള്‍ അമ്പരന്നു.
(തുടരും )





No Comments yet!