ഏതു നോവാലെ നീ പിന്നെയും പിന്നെയും
ആഞ്ഞെറിയുന്നൂ സ്വയം,
ബധിരങ്ങളാം പാറപ്പുറങ്ങളിൽ?
ഏതു കൊടുംമുറിവാലെ നീ
ഉള്ളുവെന്താർത്തുയരുന്നു സരോഷം;
അലയായിരം കൊണ്ടലച്ചും ഉടൻതന്നെ
കേൾക്കാത്ത മൗനങ്ങളിൽ വീണുടഞ്ഞും?
എന്തിനെ തേടുന്നു വെമ്പലായ് നിത്യവും
ചക്രവാളത്തിന്നുമപ്പുറം
നിസ്സീമനീലവിശാലതയ്ക്കപ്പുറം
നീട്ടും തിരയുടെ കയ്യുകൾക്കപ്പുറം?
ചൊൽക നീ,
എന്തു നിന്നുള്ളിൽ കനത്തു കിടക്കുന്നു,
കാത്തുവെയ്ക്കാനരുതാതെ, എന്നാകിലും
വിട്ടുകളയുവാനൊട്ടും കഴിയാതെ..?
***
വിവര്‍ത്തക പരിചയം :

പ്രസന്ന കെ വർമ്മ
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് എട്ട് വിവർത്തനഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ മലയാളത്തിലെ പ്രശസ്ത ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സ്വന്തം കവിതകളും വെളിച്ചം കണ്ടിട്ടുണ്ട്. 2019 ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.







No Comments yet!