
ഒരു സാധാരണ പെണ്ണിൻ്റെ
അലസമായ വൈകുന്നേര ചിന്തകൾ
പകർത്താൻ
ഏത് പേനക്കാണാവുക?
മഴ പെയ്യുന്നില്ല
വിഷുവിന് മുമ്പേ കൊന്ന പൂത്തിരിക്കുന്നു
വിടർന്നു തീരാറായിരിക്കുന്നു ഉതിർമുല്ല
വെയിൽ ചാഞ്ഞ ചെറിയൊരു ചെടിയുടെ
തണലിൽ
പേരില്ലാത്ത വെളുത്ത പൂച്ച കിടന്നുറങ്ങുന്നു
സമയം പതുക്കെ കടന്നുപോകുന്നു
പ്രിയപ്പെട്ടതെന്തുണ്ട് എന്നവൾ
ഓർമ്മയുടെ അടുപ്പിൽ
ചികഞ്ഞു നോക്കുന്നു
അതു തണുത്തിരിക്കുന്നു
മടുപ്പിൽ അവൾ കോട്ടുവായിടുന്നു
ഒരുപക്ഷേ മഴ പെയ്തേക്കും
കൊഴിഞ്ഞു വീണേക്കും
കൊന്നപ്പൂവുകൾ, ഉതിർമുല്ലകൾ
ചെടിക്ക് താഴെയുള്ള സുരക്ഷിതത്വം വിട്ട്
പൂച്ച ഓടിപ്പോകും
സമയമിപ്പോൾ കുറച്ചുകൂടി വേഗത്തിൽ
പോകുന്നുണ്ട്
ഈ നിമിഷം
ലോകത്തിലെവിടെയെങ്കിലും
ആരെങ്കിലും തന്നെ ഓർക്കുന്നുണ്ടാവുമോ
എന്നവൾ ആകാശത്തേക്ക് നോക്കുന്നു
ഒറ്റ നക്ഷത്രം പോലും കാണാനാവാതെ
അവൾ ജനാലയടക്കുന്നു
വിളക്കുകൾ തെളിയിക്കാതെ
അവൾ മുനിഞ്ഞിരിക്കുന്നു
മഴ പെയ്തു തോർന്നിരുന്നു
പൂക്കൾ കൊഴിഞ്ഞു വീണിരുന്നു
പൂച്ച കൂടുതൽ സൗകര്യപ്രദമായ മറ്റൊരു
ഇടത്തെത്തി
ഉറക്കം തുടർന്നിരുന്നു
ഒട്ടും നിറമില്ലാത്ത ചിന്തകൾ ചേർത്തൊരു
ചിത്രം വരക്കാനാവാതെ
പ്രപഞ്ചത്തിന്റെ ഒരു കോണിൽ അവളും
വിളക്കുകൾ തെളിയിക്കാത്ത വീടും
തനിച്ചാകുന്നു.
***
* പഴം തമിഴ് പാട്ടിഴയും എന്ന പ്രശസ്ത ചലച്ചിത്രഗാനത്തിൽ നിന്ന്







No Comments yet!