
ഇലകളില്‍ പതിഞ്ഞ നീര്‍ത്തുള്ളികള്‍,
നക്ഷത്രങ്ങളുടെ പേരില്‍ വിളിക്കപ്പെടുമ്പോള്‍,
പൂക്കളുടെ ഗന്ധത്തില്‍
ദേവകഥകള്‍ വിരിയുമ്പോള്‍,
കാട് സ്വന്തം പുരാണം തീര്‍ത്തു തുടങ്ങും!
നിലാവിന്റെ ശ്രുതിയില്‍
നിഴലുകളുടെ ഗൂഢാലാപനം.
വേരുകള്‍ക്കു കീഴില്‍ ഉറങ്ങുന്ന കല്ലുകള്‍
പുരാതന മന്ത്രങ്ങള്‍ പോലെ വിറയ്ക്കും.
ആരെയും ഭയപ്പെടുത്താതെ
കാട് സ്വന്തം ഹൃദയത്തില്‍
ഭ്രമങ്ങളുടെ തീര്‍ത്ഥാടനം നടത്തും.
ഓരോ ചുവടും
സ്വപ്നത്തിന്റെ മണ്ണില്‍ പുതഞ്ഞു പോകുമ്പോള്‍
കാട് തന്നെ കണ്ണാടിയായി മാറും;
അവളുടെ മുഖം ഇലകള്‍ക്കിടയില്‍ മറച്ചുവച്ച്
അവളെയൊരു അന്യയായി
തിരിച്ചുനല്‍കും.
വഴി തേടിയെത്തിയവള്‍
വഴിയായ മാറുമ്പോഴാണ്
കാട് തന്റെ ചരിത്രം എഴുതുന്നത്
കാറ്റിന്റെ അക്ഷരങ്ങളില്‍,
മഴയുടെ മഷിയില്‍,
ഇലകളുടെ താളുകളില്‍!
അവസാനം,
വഴികളെ മായിച്ചുകളയുന്നതും
വഴികളെ ജനിപ്പിക്കുന്നതും
ഒന്നുതന്നെ;
കാടിന്റെ സ്വപ്നം!
***







Beautiful 🤝