എത്ര കഴുകിയാലും ബാക്കിയാകുന്ന പാത്രങ്ങള്‍
എത്ര തൂത്താലും തൂവെള്ളയാകാത്ത തറകള്‍
എന്തേ ഈ വീടിങ്ങനെ?
മാജിക്കുകാരന്റെ വായില്‍ നിന്ന് വരുന്ന
വര്‍ണക്കടലാസുപോലെ…
അല്ല,
മുറിഞ്ഞാലും പുനര്‍ജനിക്കുന്ന മണ്ണിരകളെപ്പോലെ…
ഇവിടുത്തെ വിഴുപ്പു ഭാണ്ഡങ്ങള്‍ പെരുകുന്നു.
അഴുക്കുകൂനകള്‍ കുമിയുന്നു.
ചവറുകള്‍ പുനര്‍ജീവിക്കുന്ന…
അലങ്കോലങ്ങള്‍ പുനര്‍ജനിക്കുന്ന
അരാജക ഗൃഹം
ഒരു ദിനം മാലാഖ വന്ന്
അവളിലൊരു കൊട്ടാരം പണിതു.
കുടിലുപോലൊന്ന്
പ്രകാശം കൊണ്ട് സംശുദ്ധമാകുന്ന
സ്നേഹം കൊണ്ട്
വിഭവം ചുരത്തുന്ന
സന്തോഷക്കൊട്ടാരം!
അന്നുമുതലാണ് അവള്‍
ജീവിക്കാന്‍ തുടങ്ങിയത്
വീടുപേക്ഷിച്ച്
കൊട്ടാരത്തിലേക്ക് ചേക്കേറിയത്.
കൊട്ടാരം കാക്കുന്ന
ദിവ്യചേതനയോടൊപ്പം
സ്വപ്നനിദ്ര തുടങ്ങിയത്.
***







No Comments yet!