ചിലപ്പോൾ അവർ പൂക്കളെ
വരച്ച് പഠിക്കുകയായിരിക്കാം.
എന്തൊരച്ചടക്കത്തോടെയായിരിക്കാം
അവർ ഇതളുകൾക്ക് ചായമിടുന്നത്.
ഓരോ ഇതളിലെ വർണ്ണങ്ങളും
നാളെക്ക് വേണ്ടി കരുതിവെച്ചവർ.
ചിലപ്പോൾ അവർ പാട്ടു പഠിക്കുകയായിരിക്കാം.
സ്നേഹത്തെ പറ്റിയും
നാളെയെ പറ്റിയും എഴുതാത്ത
പാട്ടില്ലല്ലോ ലോകത്ത്.
ചിലപ്പോൾ വീട്ടിലെ വളർത്ത് മൃഗങ്ങളെ പറ്റി
കൂട്ടുകാരോട് പറയുകയായിരിക്കാം
അവയുടെ കുഞ്ഞുങ്ങൾക്കിടേണ്ട
പേരിനെ പറ്റിയും.
അവരുടെ കവിളിൽ ചുംബനത്തിൻ്റെ പാട്
മാഞ്ഞു കാണില്ല.
കാലത്തൂട്ടിയ അന്നത്തിൻ്റെ സ്വാദും.
അവരുടെ പേരുകൾ എനിക്കറിയില്ലെങ്കിലും
രക്തസാക്ഷികളായവർക്കൊക്കെയും
എൻ്റെ ഇളയ കുഞ്ഞിൻ്റെ പേരാണ്.
***







No Comments yet!