Skip to main content

നിറവ്

കർക്കടക വാവിന്റന്ന്
ചോറ് നിറഞ്ഞു നിന്ന
കുഴിയൻ പിഞ്ഞാണത്തിന്റെ
ഒത്ത നടുവിൽ ആഴത്തിലൊരു
കുഴി കുത്തി
മോരും കറീം കലക്കിയൊഴിച്ച്
വലിയൊരു ഉരുള
അഞ്ച് വിരലും കൊണ്ട് കോരിയെടുത്തമ്മമ്മ
വായിലേക്കിട്ടു.

അമ്മമ്മയുടെ കൈ വേഗത്തിനും
താളത്തിലുള്ള ചവയ്ക്കുമൊത്ത്

വായിലെ ചോറ്റു മണികൾ
നൃത്തം വെച്ചു.
ഒരു മണിപോലും നിലത്തു കളയാതെ
ഉണ്ട പാത്രം തുടച്ചു വടിച്ചു
ഒരു കുഞ്ഞനെ പോലെ
ഓരോ വിരലും
അമ്മമ്മ നക്കിയെടുത്തു.

എത്ര തിന്നാലും
ആർത്തി തീരാത്ത അശ്രീകരം
എന്ന് ഇത്തവണയും അച്ഛാച്ഛൻ
ഉറക്കെ തന്നെ പറഞ്ഞു.
അകത്തു വെച്ചു കൊടുത്ത
കപ്പയും കള്ളും കൂടെ
മോന്തെടിന്ന് പറഞ്ഞപ്പോ ബീഡിപ്പുക

പുറത്തേക്ക് തെറിച്ചു പോയി.

വാവിൻ്റന്ന് അമ്മമ്മക്ക് ബാധ കേരും.
അമ്മമ്മ കുഞ്ഞനാവും.
വയറ് നിറയും വരെ തിന്നും.
പള്ള നിറയെ തിന്നെൻ്റെ കുഞ്ഞേന്ന്
‘അമ്മ മട്ടിൽ ‘ പറയും.
പുതിയ കുപ്പായമിട്ട്
കണ്ണെഴുതി പൊട്ട് കുത്തും.
ഉറക്കെയുറക്കെ ചിരിക്കും.

പിന്നെ,
“ചാവും വരെ
എൻ്റെ തന്തേം തള്ളേം
എന്നെ പള്ള നെറച്ചൂട്ടീനെ..
ചത്തോലെന്നെ നെറഞ്ഞ്
കാണട്ടെന്ന് “
ഇറയത്തിരുന്ന് കർക്കടകമഴ
നോക്കി പിറുപിറുക്കും.

***

No Comments yet!

Your Email address will not be published.