Skip to main content

തനിയാവർത്തനം

കുറെ ദിവസങ്ങളായിട്ടുള്ള എന്റെ സന്ധ്യാസമയത്തെ കാഴ്ചകളെ അപഹരിക്കുന്നത് അടുത്ത വീടാണ്. നാളെ മുതൽ ആ വീട്ടിലേക്ക് നോക്കില്ലെന്ന് എത്രയോ പ്രാവശ്യം മനസ്സിലുറപ്പിച്ചതാണ്. എങ്കിലും സമയം വന്നാലെത്തി നോക്കാൻ തോന്നും. ഇന്നെന്തേ അയാളെ കാണുന്നില്ല? ആടിയാടി വരുന്ന സമയം കഴിഞ്ഞല്ലോ. അവിടുത്തെ സ്ത്രീ ഭർത്താവിന്റെ നിഴലോ ഒച്ചയോ പുറത്ത് കാണുമ്പോഴേ ഉമ്മറത്തേക്ക് വരാറുള്ളൂ. പലപ്പോഴും ഓർക്കാറുണ്ട്, പുറത്തിറങ്ങാതെ ആ സ്ത്രീ വീടിനുള്ളിൽത്തന്നെ കഴിയുന്നതെങ്ങനെയെന്ന്.

ഇതിനുമുമ്പ് താമസിച്ചിരുന്ന പോസ്റ്റ്മാസ്റ്റർ പോറ്റിസാർ ട്രാൻസ്ഫറായി പോയ ഒഴിവിലേക്കാണ് പുതിയ കുടുംബം എത്തിയതെന്ന് വാച്ച്മാൻ പറയുകയുണ്ടായി. സന്ധ്യയായാലുള്ള അയാളുടെ ചീത്തപറച്ചിലും അടിയും ഫ്ലാറ്റിന്റെ രണ്ടാം നിലയിലേക്ക് അലയടിക്കാൻ തുടങ്ങിയപ്പോഴാണ് ആ വീട് നിരീക്ഷണസ്ഥലമായി തീർന്നത്. ഏകദേശം ഒരു മാസമായില്ലേ ഈ പതിവ് താൻ തുടങ്ങിയിട്ട്.

അടുത്ത വീട്ടിലെ സന്ധ്യയായാലുള്ള കോലാഹലം അവസാനിപ്പിക്കാനുള്ള മാർഗത്തെക്കുറിച്ച് അസോസിയേഷനുകാർ കഴിഞ്ഞ ആഴ്ചത്തെ മീറ്റിങ്ങിൽ ചർച്ചയ്ക്കെടുത്തപ്പോഴും താൻ മൗനം പാലിച്ചതേയുള്ളൂ. കാരണം, അടിയും ബഹളവും അപശബ്ദങ്ങളും വീട്ടിലും ഉണ്ടായിരുന്നല്ലോ.

എന്നാലുമിന്നെന്തേ അയാൾ വരാനിത്രയും വൈകുന്നത്? ഒരുപക്ഷേ, കള്ളുകുടിച്ചിട്ട് വരുന്ന വഴി വല്ല വണ്ടിയും വന്നിടിച്ച് അപകടം പറ്റിയിട്ടുണ്ടാവുമോ?

ഞാനെന്തിന് അടുത്ത വീട്ടിലെ ആളുടെ കാര്യത്തിലിത്ര വേവലാതിയാകുന്നു? ഉള്ളിലിരുന്നാരോ ചോദിച്ചപ്പോൾ ശങ്കരമേനോൻ ബാൽക്കണിയിൽനിന്നും എഴുന്നേറ്റ് മൂകത തളംകെട്ടിനിൽക്കുന്ന ഹാളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി.

മടുപ്പും മരവിപ്പുമുള്ള ദിവസങ്ങളെ കൂട്ടുപിടിച്ച് ഇനിയെത്ര നാളിങ്ങനെ കഴിയാൻ പറ്റും? ഈ ഒറ്റയ്ക്കിരിക്കലും പിറുപിറുക്കലും കുട്ടിക്കാലത്തെ ശീലമായിരുന്നു. അത് മാറിയത് ടിടിആറിന്റെ കുപ്പായമിട്ട ജോലി കിട്ടിയ അന്നുമുതലാണ്. ജീവിതത്തെ ആഘോഷത്തോടെ കൊണ്ടാടിയ ദിവസങ്ങളായിരുന്നു പിന്നീടുണ്ടായത്.

ജോലി കിട്ടിയ വിവരം അറിഞ്ഞ ഉടനെ, “ഡിഗ്രി വരെ പഠിച്ചിട്ട് തീവണ്ടീല് ടിക്കറ്റ് നോക്കണ ജോലിയേ കിട്ടീള്ളൂ, ശങ്കരാ”ന്ന് അമ്മ പറഞ്ഞത് മകൻ വീട്ടിലുണ്ടാവില്ലല്ലോ എന്ന ദുഃഖത്തിലായിരുന്നു.

വീടിനോടുചേർന്ന ആയുർവേദക്കടയുമായി അച്ഛൻ എപ്പോഴും കൂടെയുണ്ടായിരുന്നതുകൊണ്ട് വീടൊരു കാരാഗൃഹമായിരുന്നു. ഞായറാഴ്ചപോലും അവധിയെടുക്കില്ല അച്ഛൻ. വീട്ടിലെ ജോലി കഴിഞ്ഞാൽ അമ്മയും അച്ഛനൊപ്പം കൂടും. അമ്മയോടൊപ്പം താനും വീട്ടുതടങ്കലിൽ. സ്കൂൾ വിട്ട ഉടനെ വീട്ടിലെത്തണം. കോളേജിലെത്തിയിട്ടും അതേ പതിവ്.

കൂട്ടുകാരെല്ലാവരും മാസങ്ങളും കൊല്ലങ്ങളും കഴിഞ്ഞ് ലീവിൽ വരുന്ന അച്ഛന്റെ വിശേഷങ്ങൾ പറയുമ്പോൾ, ഒരു ദിവസത്തേക്കെങ്കിലും അച്ഛനൊന്ന് എവിടേക്കെങ്കിലും പൊയ്ക്കൂടെയെന്ന് എത്രയോ പ്രാവശ്യം മനസ്സിലോർത്തിട്ടുണ്ട്.

“ശങ്കരന്റച്ഛന് ഇഷ്ടല്ല ഞാൻ വീട്ടിൽ നിന്നും വിട്ടുനിൽക്കണത്, അതുകൊണ്ട് ഞാൻ പോണൂ അമ്മേ” എന്ന് പറഞ്ഞ് മുത്തച്ഛന്റെ ഉദകക്രിയ കഴിഞ്ഞ ഉടനെ നിറകണ്ണോടെ അമ്മ തറവാട്ടിൽനിന്നുമിറങ്ങിയത് കണ്ടപ്പോൾ ഓർത്തിട്ടുണ്ട്, ഈ അമ്മക്കെന്താ പുല പോകുന്നതുവരെയെങ്കിലും പത്ത് ദിവസം എല്ലാവരുടെയും കൂടെ തറവാട്ടിൽ നിന്നൂടെയെന്ന്.

തന്റെ കല്യാണത്തെച്ചൊല്ലി അമ്മ അച്ഛന്റെ ശകാരം കേട്ട് വലഞ്ഞെന്ന് മനസ്സിലാക്കി അമ്മയ്ക്കുവേണ്ടിയാണ് പെണ്ണുകാണൽ ചടങ്ങിന് പോയത്.

അന്നേ രശ്മിയോട് പറഞ്ഞു:

“എനിക്ക് വേണ്ടിയോ എന്റെ കുടുംബത്തിന് വേണ്ടിയോ വിവാഹശേഷം എന്റെ വീട്ടിൽ താമസിക്കണമെന്ന് നിർബന്ധല്യ.”

ജോലി കിട്ടി ചിറക് വിരിച്ച് പറന്നുനടക്കാൻ തുടങ്ങിയിട്ടേയുള്ളൂ. പെട്ടെന്നാ ചിറകൊതുക്കി വീണ്ടും വീടെന്ന കാരാഗൃഹത്തിൽ പതുങ്ങിയിരിക്കാൻ മനസ്സ് സമ്മതിക്കുന്നില്ലെന്ന് അവളോട് പറയണമെന്നും തോന്നിയിരുന്നു. പക്ഷേ, പറഞ്ഞില്ല.

“സ്കൂളുദ്യോഗായിട്ട് അവളവിടെയും, തീവണ്ടിയുദ്യോഗായിട്ട് നീ നിന്റെ പാട്ടിനും നടക്കണോണ്ടാണ് കല്യാണം കഴിഞ്ഞ് എട്ടുകൊല്ലായിട്ടും കുട്ടികളില്ലാത്തതെന്ന്” അമ്മ ഇടയ്ക്കിടെ പതം പറയുന്നതിന്റെ ശക്തി കൂടിയതോടെ രശ്മി ജോലി രാജിവച്ചു. ഒപ്പം, പതിനഞ്ച് കൊല്ലം താമസിച്ചിട്ടും അച്ഛമ്മയാവാനുള്ള അമ്മയുടെ പരാതി ബാക്കിവച്ചിട്ടാണ് അമ്മ മരിച്ചത്.

ആവൂ, സമാധാനം! ഒരു നിഴലതാ ഗെയ്റ്റിനടുത്തേക്ക് വരുന്നുണ്ട്. അതായാളല്ലേ?

ഗെയ്റ്റ് തുറന്ന് മുറ്റത്തേക്ക് കാലെടുത്തുവച്ചതും അയാളുറക്കെ ഭാര്യയെ വിളിച്ചു. ശബ്ദം കേട്ട് പതിവുപോലെ ആ സ്ത്രീ ഇറങ്ങിവന്നില്ല. ചീത്തവിളിയും അടിയും ഭയന്നാവും അവർ പുറത്തുവരാത്തത്.

ഉറക്കെയുള്ള അയാളുടെ ചീത്തവിളി കേട്ട് പതിവുപോലെ എല്ലാവരും എത്തിനോക്കി.

അതെന്തേ ആ സ്ത്രീയും കുഞ്ഞും പുറത്തുവരാഞ്ഞേ? ഞാനെന്തിനാ ഇത്ര വേവലാതിയാവുന്നത് അവരുടെ കാര്യത്തിൽ?

ശങ്കരമേനോൻ ബാൽക്കണിയിൽനിന്നും എഴുന്നേറ്റ് പൂജാമുറിയിൽ കയറി വിളക്ക് കൊളുത്തി. പതിവുപോലെ ഇത്തിരി നേരം ഭാര്യയുടെ ഫോട്ടോയ്ക്ക് മുന്നിൽനിന്നും വർത്തമാനം പറഞ്ഞു.

“ഇതുപോലിത്തിരി നേരം എന്നോട് സംസാരിക്കാൻ സമയം കണ്ടെത്തിയിരുന്നെങ്കിലെന്ന്” അവൾ ചോദിക്കുന്നതുപോലെ തോന്നി ശങ്കരമേനോന്.

രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് താളപ്പിഴകളുടെ മേളം തുടങ്ങിയത്. അതവസാനിച്ചത് അവളുടെ ഫാനിൽ തൂങ്ങിയ ആത്മഹത്യയിൽ.

“ജോലി രാജിവച്ച് ഈ പട്ടണത്തിലേക്ക് ഞാൻ കൂടെ വന്നത് ശങ്കരേട്ടന്റെ കൂടെ ഒരുമിച്ച് കഴിയാലോ എന്ന് വിചാരിച്ചാണ്. ശങ്കരേട്ടനോ, ഇപ്പോഴും കൂട്ടുകാരും ജോലിയുമായി ആ പഴയ ബാച്ചിലർ ലൈഫിൽ തന്നെ. എനിക്ക് മടുത്തു.”

“എനിക്ക് മടുത്തൂ, മടുത്തൂ” എന്ന് അവളുടെ വാക്കുകൾ വീടിനുള്ളിൽ പുകപോലെ ചുറ്റിത്തിരിഞ്ഞപ്പോൾ, ആ പുകകൊണ്ട് ശ്വാസംമുട്ടലനുഭവിക്കാൻ തുടങ്ങിയ താനാണ് അവളോട് പറഞ്ഞത്, നമുക്ക് പിരിയാം, നിന്നെ വീട്ടിൽ കൊണ്ടുപോയി ആക്കാമെന്ന്. ആദ്യമൊന്നും അവൾ അതിന് സമ്മതിച്ചില്ലെങ്കിലും പിന്നെ സമ്മതിച്ചു.

എന്നിട്ടോ, അവളെ വീട്ടിൽ കൊണ്ടുചെന്നാക്കാമെന്ന് തീരുമാനിച്ച അന്നല്ലേ, കുളി കഴിഞ്ഞ് വന്ന താനാ കാഴ്ച കണ്ടത്, ഫാനിൽ തൂങ്ങിനിൽക്കുന്ന രശ്മി. ജീവിച്ചിരിക്കുമ്പോൾ അവളെക്കുറിച്ചോർക്കാനോ അവളെ സന്തോഷിപ്പിക്കാനോ തനിക്ക് സാധിച്ചിട്ടില്ലെന്ന കുറ്റബോധത്തിൽ ഇന്നും ഈ വീടിന്റെ ഉള്ളിൽ ഒരു ഭ്രാന്തനെപ്പോലെ കഴിയുന്നു.

ശങ്കരമേനോൻ അടുത്ത വീട്ടിലേക്കെത്തി നോക്കി.

“അയാളുടെ ചീത്തവിളിയും, അടികിട്ടിയുള്ള ആ സ്ത്രീയുടെ കരച്ചിലും കേൾക്കാനില്ലല്ലോ? എന്തോ സംഭവിച്ചിട്ടുണ്ട്?”

വീട് പൂട്ടി ശങ്കരമേനോൻ ലിഫ്റ്റിൽ കയറി ബട്ടണമർത്തി താഴെയെത്തി. ഈ നേരത്ത് ഈ സാറെവിടേക്ക് പോകുന്നു എന്നുള്ള സെക്യൂരിറ്റിക്കാരന്റെ നോട്ടം ശ്രദ്ധിക്കാതെ ശങ്കരമേനോൻ നടത്തത്തിന് വേഗത കൂട്ടി.

തുറന്നുകിടക്കുന്ന ഗെയ്റ്റിലൂടെ അകത്തേക്ക് നോക്കി. ആരെയും കാണാനില്ലല്ലോ. ശങ്കരമേനോൻ നടന്ന് ഉമ്മറത്തെത്തി. ഉമ്മറത്തിണ്ണയിലൊരു കടലാസ്.

‘നിങ്ങളുടെ കൂടെയുള്ള ഈ നശിച്ച ജീവിതം മടുത്തു. ഞാൻ വീട്ടിലേക്ക് പോകുന്നു.’

ഈ അവസ്ഥയിൽ അപരിചിതനായ തന്നെക്കണ്ടാൽ അയാൾക്ക് വിഷമം കൂടും. ശങ്കരമേനോൻ പുറത്തിറങ്ങി. മുറ്റത്ത് കാലെടുത്തുവച്ചതും അകത്തുനിന്നും എന്തോ തട്ടിവീഴുന്നൊരു ശബ്ദവും ഒരു ഞരക്കവും.

ശങ്കരമേനോൻ തുറന്നുകിടന്ന വാതിലിലൂടെ അകത്തേക്ക് കയറി. ആരെയും കാണാനില്ല. നടന്ന് ഓരോ മുറിയും നോക്കി. അങ്ങേത്തലയ്ക്കലിലെ ഓഫീസ് മുറിയിലെത്തിയതും ‘അയ്യോ’ എന്ന ശബ്ദത്തിൽ ശങ്കരമേനോൻ പുറത്തേക്ക് ഓടി.

ഓട്ടത്തിനിടയിൽ കണ്ണ് തുറിച്ച് ഫാനിൽ തൂങ്ങിക്കിടക്കുന്ന രൂപം മുന്നിൽ നൃത്തം ചെയ്തു.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.