ആദ്യം പലവിധ കോൺഗ്രസ്സും പിന്നെ ഒരുവിധ സോഷ്യലിസ്റ്റുമായിരുന്ന കൈലാസന്റെ പേരിലുള്ള അവാർഡ് ഇത്തവണ നേടിയത് യുവ എഴുത്തുകാരൻ മിഥേഷ് ആണ്.
പ്രേമമാണ് മിഥേഷ്ന്റെ ഇഷ്ടവിഷയം.
പക്ഷേ അത് പരസ്യമായി പറയാറില്ല.
ഒരുവിധം മനുഷ്യരൊക്കെ ഇഷ്ടപ്പെട്ട കാര്യങ്ങൾ മറച്ചുവെക്കുന്നവരാണ്.
മിഥേഷ് പ്രേമം എഴുതുന്നത് കണ്ടാൽ അയാൾക്ക് യോജിച്ച പേരാണ് കിട്ടിയിരിക്കുന്നത് എന്ന് തോന്നും. മിതമായി മാത്രമേ എഴുതൂ.
എന്നാൽ മുമ്പ് ചാറ്റ് കാലത്ത് മനിലയിൽ നിന്നുള്ള ഒരു പെൺ സുഹൃത്ത് അയാളെ സ്നേഹപൂർവ്വം ‘പന്നി’ എന്നായിരുന്നു വിളിച്ചിരുന്നത്.
സംസാരിച്ചു തുടങ്ങിയാൽ വിഷയം പെട്ടെന്ന് തന്നെ അരയ്ക്ക് താഴേക്കും പിന്നെ അതിലും താഴേക്ക് കൊണ്ടുപോകുന്നതു കൊണ്ടായിരുന്നു അങ്ങനെ വിളിച്ചിരുന്നത് എന്നാണ് അവൾ അവനോട് കാരണം പറഞ്ഞത് .
You.. my dirty pig എന്ന വാക്ക് കാണുമ്പോൾ ഇപ്പോഴും അയാൾക്ക് സ്വന്തം അത്യുഷ്ണ മേഖലയിലേക്ക് ശക്തമായ രക്തപ്രവാഹം അനുഭവപ്പെടാറുണ്ട്. പണ്ട് ഏതോ കഥയിലെപ്പോലെ ചിലർക്ക് ടയർ കരിയുന്ന മണം വേണം, ചിലർക്ക് വാക്കുകൾ മതി!.
പരിപാടി തുടങ്ങുന്നതിന് ചെറിയ കാലതാമസം ഉണ്ടായിരുന്നതുകൊണ്ട് മിഥേഷ് കുറച്ച് സമയം സദസ്സിൽ ഒറ്റക്കിരുന്നു.
ഒറ്റക്കിരിക്കുന്ന കഥാകൃത്ത് വായിക്കാത്ത കഥ പോലെ തന്നെ ഒട്ടും രസം ഉത്പാദിപ്പിക്കാത്ത ഒരു അലങ്കാര വസ്തുവാണ്. ചിലപ്പോൾ അജീർണ്ണകാരിയും.
അരമണിക്കൂർ കഴിഞ്ഞാൽ ‘വാക്കുകളുടെ തച്ചൻ’ എന്നൊക്കെ നാലു പേര് തുടർച്ചയായി പറയുമെങ്കിലും മണ്ഡലം പ്രസിഡന്റുമാർ അടക്കം ആരും സ്റ്റേജിൽ കയറുന്നത് വരെ പുരസ്കൃതരെ ഒന്നും മൈൻഡ് ചെയ്യാറില്ല.
‘ഇന്നും മഴയ്ക്കുള്ള മട്ടാന്ന് തോന്നുന്നു’ മിഥേഷ് അടുത്തിരുന്ന മുതിർന്ന പൗരനോട് സ്വരസ്ഥാനം ശരിയാക്കാൻ ശ്രമിച്ചു.
‘എടവപ്പാതിക്ക് പിന്നെ വേറെ എന്തോ പെയ്യാനാ..’
പുള്ളി കൃത്യമായി വയസ്സ് അറിയിച്ചു.
മിഥേഷ് ന് സന്തോഷവും സമാധാനവും നിറഞ്ഞ മദ്യപൂർവ്വാഹ്നം ഫീൽ ചെയ്തു.
‘കൈലാസന്റെ ആണ്ട് ആണോ.. എന്തുവാ ഇത്..?’
പരമേശ്വരൻ എന്ന പേര് പറഞ്ഞ് സീനിയർ സിറ്റിസൺ എഴുത്തുകാരനോട് തിരക്കി.
‘ആണ്ടല്ല അവാർഡ് ആണ്..’
മിഥേഷ് മുഖത്ത് ഭവ്യതയും കുലീനതയും വരുത്തി മറുപടി പറഞ്ഞു.
തുടർന്ന് അവാർഡിന്റെ തുടർച്ചയായ ഉള്ള രോമാഞ്ചം ആദ്യ ഗഡു തന്നെ അമിതമായി ആ ദേഹത്ത് കവിഞ്ഞു. കുളിരും സന്തോഷവും കൂട്ടു വന്നു. അരയ്ക്ക് മുകളിലേക്ക് ആവിയായി പോയ മനുഷ്യനായി മിഥേഷ് ആ മിതശീതോഷ്ണ പ്രദേശത്ത് ഇരുന്നു.
കൈലാസന്റെയും ഇഷ്ടവിഷയം മറ്റൊന്നായിരുന്നില്ല.
അല്ലെങ്കിൽത്തന്നെ പ്രേമം ഇഷ്ടവിഷയമല്ലാത്ത ആരും ഇല്ല എന്നതല്ലേ സത്യം.
കൈലാസൻ സോഷ്യലിസ്റ്റ് ആയിരുന്ന കാലത്ത് ഭയങ്കര സോഷ്യലിസ്റ്റ് ആയിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞു കേട്ടിട്ടുള്ളത്. നാട്ടിലെ സ്കൂളും പോസ്റ്റ് ഓഫിസും അമ്പലകമ്മിറ്റിയുമൊക്കെ അക്കാലത്തു ഉണ്ടായതാണ് എന്നൊക്കെ ചിലർ പറയാറുണ്ട്.
ഭയങ്കരമെന്ന വാക്ക് ഭയത്തെ ഉത്പാദിപ്പിക്കുമെന്നും തന്മൂലം ഭംഗിക്ക് മുമ്പ് അത് ചേർക്കരുത് എന്ന് അധ്യാപകർ മലയാളം ക്ലാസ്സിൽ പഠിപ്പിക്കുന്നുണ്ട്. പക്ഷേ ക്ലാസ് കഴിഞ്ഞു അവരും സ്റ്റാഫ് റൂമിൽ മാലിനി ടീച്ചറുടെ മകൾക്ക് മെഡിസിൻ കിട്ടിയതിൽ ‘ഭയങ്കര’ സന്തോഷം പ്രകടിപ്പിച്ചുകളയും.
ഇവിടെ ഇപ്പൊ കൈലാസൻ ആണല്ലോ വിഷയം.
കൈലാസന് വീടിന്റെ വഴി കടക്കുമ്പോൾ തന്നിലെ നേതാവിനെ കുടഞ്ഞെറിയുമായിരുന്നു. കൂടെ സോഷ്യലിസവും പറന്നു പോകും.
കൊടുംമഴക്കാലത്തു വീടിന്റെ തിണ്ണയിൽ ഒരു ചാരുകസേരയിട്ട് അയാൾ മഴയിലേക്ക് നോക്കിയിരിക്കും. ചുറ്റുവട്ടത്തെ ആളില്ലാത്ത പുരയിടങ്ങളിൽ ഓലയോ തേങ്ങയോ വീഴുന്ന ശബ്ദം കേട്ടാൽ നൂറ്റിപ്പത്തിൽ ഓടിയെത്തി അതൊക്കെ കൈവശപ്പെടുത്തുന്നതിൽ മിടുക്ക് കാണിച്ചു. കാത്തിരുന്ന് മറ്റാരെങ്കിലും അത് കൈവശപ്പെടുത്തിയാല് മര്ദ്ദന രാഷ്രീയം പുറത്തെടുക്കാനും അയാള് മടിച്ചില്ല. അതൊക്കെ അവാര്ഡ് ഏര്പ്പെടുത്തുന്നതിന് പരിഗണിച്ചോയെന്ന് അറിവില്ല.
മിഥേഷ് ഈ സമയത്തൊക്കെ കൈലാസനെക്കുറിച്ച് ഒരു കഥ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു.ഇന്ത്യയില് പലവിധ രാഷ്ട്രീയങ്ങള് കടന്ന് വന്നതിനെക്കുറിച്ച് ഒരേകദേശ രൂപമുണ്ടാക്കി അതില് കൈലാസന് വേണ്ട ഗ്യാപ്പിട്ട് അയാള് കാത്തിരുന്നു.
ഭാര്യ രമാദേവിക്ക് പരിചയമുള്ള കൈലാസന് മറ്റൊരാള് ആയിരുന്നു.
അയാള് ഉത്സവപ്പറമ്പുകളില് പോകുന്നത് അവര്ക്ക് ഭയം സമ്മാനിച്ചു . അങ്ങനെ പോയൊരു നാള് ഉത്സവം കഴിഞ്ഞു മൂന്ന് വര്ഷം കഴിഞ്ഞാണ് അയാള് മടങ്ങിവന്നത്. തന്റെ വിപുലമായ രാഷ്ട്രീയ പ്രവര്ത്തനം ദൂരെയൊരു ദിക്കില് മറ്റൊരു സ്ത്രീയില് രണ്ടു കുട്ടികളെ സൃഷ്ടിച്ച വിവരം ഒരുതരം ലഹരിയോടെ അയാള് ഭാര്യയോട് പറഞ്ഞു.
എങ്ങനെ സംഭവിച്ചുവെന്ന വികാര പ്രക്ഷുബ്ധ ചോദ്യത്തിന് ആ സ്ത്രീക്ക് തന്റെ രാഷ്ട്രീയം ഇഷ്ടമായി.. തനിക്ക് അവരുടെ ഭൂമിശാസ്ത്രവും എന്ന് കൈലാസന് മറുപടി പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില് അയാള് ആ കാലാവസ്ഥയിലേക്ക് സുഭാഷിണിയേയും ആട്ടിന്കുഞ്ഞിനെയും കാടക്കുഞ്ഞിനെയും ഓര്മ്മിപ്പിക്കുന്ന രണ്ടു പുതിയ രാഷ്ട്രീയശിശുക്കളെയും കൂട്ടിക്കൊണ്ടുവന്നു.
കൂട്ടുകക്ഷി ഭരണം വേണ്ടെന്ന് തീരുമാനിച്ച് രമാദേവിയും രണ്ടു പെണ്മക്കളും രാജിവെച്ച് ജനങ്ങളിലേക്ക് ഇറങ്ങിപ്പോയതോടെ സുഭാഷിണി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി.
ഈ സ്ഥലത്ത് വെച്ച് മിഥേഷിന് കൈലാസനുമായി ഒരു ഐക്യത്തിനുള്ള ഭാവി കാണുന്നുണ്ട്.
പക്ഷേ യോഗം തുടങ്ങിക്കഴിഞ്ഞത്കൊണ്ട് മിഥേഷിന്റെ ശ്രദ്ധ പ്രസംഗത്തിലാണ്.
തോറ്റ എം എല് എ അദ്ധ്യക്ഷനായുള്ള യോഗത്തില് ഇടിച്ചു കയറി ഉത്ഘാടനം നടത്തിയത് മണ്ഡലം പ്രസിഡണ്ട് ആണ്. അയാള് മണ്ഡലത്തിന് പകരം സംസ്ഥാനം തന്നെ തനിക്ക് അവകാശപ്പെട്ടതാണെന്ന വാശിയില് ഒരു പ്രസംഗം തുടങ്ങിവെച്ചു. വെടിക്കെട്ടിന്റെ തിരികത്തുന്ന സ്ഥായിയില് അത് പതിനഞ്ച് മിനിറ്റ് നീണ്ടതോടെ മിഥേഷ് ഉറങ്ങിപ്പോകുകയും ആളുകള് നേതാവിന് ചെവികൊടുത്തു കാത്തിരിക്കുകയും ചെയ്തു.
സുഭാഷിണി എത്തിയതോടെ കൈലാസന്റെ കുടുംബം കലങ്ങി എന്ന് നോവലില് ആണെങ്കില് വായനക്കാര്ക്ക് തോന്നാം. പക്ഷേ അയല്ക്കാര് പഴയ ഒരാള് പോയതിന്റെ ഉണര്വ്വിലും പുതിയ ഒരാള് വന്നു കയറിയ സന്തോഷത്തിലുമായിരുന്നു.
‘ആലുംകടയൊക്കെ മുപ്പതിലുള്ള ഒരു പെണ്ണിനെ കെട്ടിക്കുമ്പോ എന്തോ കൊടുക്കും?’
‘അവിടൊക്കെ വള്ളക്കണക്കാണോ..കൊട്ടക്കണക്കാണോ?’
‘പാലത്തേക്ക് രണ്ടുമണിക്ക് കഴീവോ..?’
എന്നൊക്കെ പെറുക്കിപ്പെറുക്കി ചോദിച്ചു പെണ്ണുങ്ങളുടെ ഗ്രൂപ്പ് സുഭാഷിണിയുടെ തലയിലെ പേന് കൊന്ന് രസിച്ചു.
ആട്ടിന്കുഞ്ഞും കാടക്കുഞ്ഞും പതിയെ മനുഷ്യരൂപം വെച്ചു. ആട്ടിന്കുഞ്ഞ് സ്കൂളിലും കാടക്കുഞ്ഞു അംഗനവാടിയിലും പോയിക്കഴിഞ്ഞ് സുഭാഷിണിക്ക് ഗാര്ഹിക രാഷ്രീയം മാത്രം പണിയായി.
കാലാവസ്ഥാവ്യതിയാനം മൂലം ഉച്ചയ്ക്ക് വെയില് മങ്ങിയ നേരത്ത് ഒരു ദിവസം ലഹരിയുടെ രാഷ്ട്രീയവുമായി കൈലാസന് പാഞ്ഞുകയറി വരികയും ആറു പെണ്ണുങ്ങള് വട്ടം കൂടിയിരുന്ന് പേന് നോക്കുകയായിരുന്ന ഇടത്ത് നിന്നു സുഭാഷിണിയെ മാത്രം തിരഞ്ഞെടുത്ത് സ്വന്തം പുരയുടെ ഒരു മുറിയിലേക്ക് കയറ്റി കതകടയ്ക്കുകയും ചെയ്തു.
മിഥേഷിന്റെ കഥയിലാണെങ്കിൽ ഈ രംഗത്തിന് ഒരു ശോകഭാവമോ ധാർമ്മിക രോഷമോ സംഘർഷമോ വന്നു ചെരേണ്ടതാണ്. എന്നാൽ യഥാർത്ഥ നിലങ്ങളിൽ എന്താണ് സംഭവിക്കുന്നത് എന്നത് കാത്തിരുന്നു കാണേണ്ട അനുഭവമാണ്.
കൈലാസൻ അവളെ കൈപ്പിടിയിൽ ഒതുക്കുമ്പോൾ അയലത്തെ പാറു അടുത്തിരുന്ന ഓമനയെ തോണ്ടി ചിരിക്കുകയും ഓമന ആ ചിരി ഭാമിനിക്ക് പകർന്നു നൽകുകയും അവർ മടിയിൽ കരുതിയിരുന്ന ചെറിയ കരുക്കൾ എടുത്ത് കളം കളിക്കാൻ ഒരുങ്ങുകയും ചെയ്തു.
ഏതോ രാഷ്ട്രീയ ആഹ്വാനത്തിന് കാതോർക്കുന്ന പോലെ നിശബ്ദമായും ചെവിവട്ടം പിടിച്ചും കാത്തിരുന്ന അവരിലേക്ക് താമസിയാതെ സുഭാഷിണിയുടെ തൊണ്ടയിലമർന്ന ഒരു നിലവിളി ശബ്ദവും പിന്നെ കുറഞ്ഞു വരുന്ന അതിന്റെ സ്ഥായിയും കേട്ടു പിന്നെയും പെണ്ണുങ്ങൾക്കിടയിൽ കൂട്ടച്ചിരി പൊട്ടി.
ഒടുവിൽ പത്തു മിനിറ്റ് സമയത്തിന് ശേഷം കതക് തുറന്ന് മുടി മാടിക്കെട്ടി സുഭാഷിണി ആ കൂട്ടത്തിലേക്ക് വന്നു.
പറഞ്ഞു നിർത്തിയ കഥ ബാക്കി പറയാൻ തുടങ്ങി.
ചുണ്ടിലെ ചോര കണ്ടുപിടിച്ച പാറു അമ്മ അപ്പോഴേക്കും ആദ്യ ഗോൾ അടിച്ചു.
‘ചുണ്ടിലെ ചോര കാണാൻ പറ്റി… ഇനിയെവിടൊക്കെ കാണും..!!’
പിന്നെ അതൊരു കൂട്ടച്ചിരിയായി. അകത്തു നിന്ന് കൈലാസൻ കൂർക്കം വലിക്കുന്നത് ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു.
മണ്ഡലം പ്രസിഡന്റിന്റെ പ്രസംഗം തീർന്നതോടെ ഉണർന്ന മിഥേഷിനെ ഇപ്പോൾ കാണാം. ഒടുവിൽ യോഗം കൈലാസൻ അവാർഡ്ദാനത്തിലേക്ക് കടക്കുന്നു. ഒരു സാഹിത്യകാരൻ നിൽക്കേണ്ട നിൽപ്പും നടക്കേണ്ട നടപ്പും ഇരുന്നുകൊണ്ട് പ്രാക്ടീസ് ചെയ്യുന്ന മിഥേഷിനെ വീണ്ടും കാണാം. ത്യാഗോജ്ജ്വലമായ ദീപ്ത സ്മരണകൾ ഇരമ്പിയിറങ്ങുന്ന സ്റ്റേജിൽ സുഭാഷിണിയിൽ നിന്നൂർന്ന ചോരത്തുള്ളികളുടെ നിറമുള്ള മകുടത്തോടെ ‘കൈലാസൻ പ്രൈസ്’ ആരോ കൊണ്ടുവെച്ചു അപ്പോൾ.
ലേഖക പരിചയം:

അഭിലാഷ് പീതാംബരന്
കഥാകൃത്ത്. ക്ഷീരവികസന വകുപ്പില് ഉദ്യോഗസ്ഥന്. പന്തയം എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.







No Comments yet!