നോബല് പ്രൈസ് കിട്ടിയ ആദ്യത്തെ റഷ്യന് എഴുത്തുകാരനാണ് ഇവാന് ബുനിന്. പ്രണയവും ഗ്രാമീണ ജീവിതവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹം തന്റെ കൃതികള് രചിച്ചിരുന്നത്. വളരെ ക്ഷണികമായ ഒരു പ്രണയ ബന്ധം പ്രമേയമായി വരുന്ന അദ്ധേഹത്തിന്റെ കഥയാണ് സൂര്യാഘാതം (Sun Stroke).

ലെഫ്റ്റനന്റ്, യുവതി എന്നിങ്ങനെ അഭിസംബോധന ചെയ്യുന്ന കഥാപാത്രങ്ങളുടെ പ്രണയത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. വോള്ഗയിലൂടെയുള്ള ഒരു കപ്പല് യാത്രയില് അപ്രതീക്ഷിതമായി ഇരുവരും കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. അവര് കപ്പലില് സ്വകാര്യമായി കുറേ നേരം ചെലവഴിക്കുകയും പിന്നീട് തിരിച്ച് യുവതി നാട്ടിലേക്ക് പോവുകയും ചെയ്യുന്നു. ലഫ്റ്റനന്റിന് യുവതി പോയ ശേഷം വലിയൊരു ശൂന്യത അനുഭവപ്പെടുന്നു. ആ കഥാപാത്രത്തിന്റെ ഈ ഒരു അവസ്ഥയെ ചിത്രീകരിക്കാനാണ് സൂര്യാഘാതം എന്ന പേര് നല്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കാം. തനിക്ക് എന്താണ് സംഭവിച്ചത് എന്ന് കൂടി ലഫ്റ്റനന്റ് എന്ന കഥാപാത്രത്തിന് മനസ്സിലായില്ല. അത്രയ്ക്ക് വേഗത്തിലായിരുന്നു അവര്ക്കിടയിലുള്ള പ്രണയ ബന്ധം വളര്ന്നത്. അത് നഷ്ടപ്പെട്ടതും പെട്ടെന്നായിരുന്നു. അത് അദ്ദേഹത്തിന്റെ മനസ്സിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. യുവതിയുടെ പേര് പോലും ലെഫ്റ്റനന്റിന് അറിയില്ലായിരുന്നു. അവള്ക്ക് ഭര്ത്താവും മൂന്ന് വയസ്സുള്ള മകനും ഉള്ളത് മാത്രമേ അദ്ദേഹത്തിന് അറിയുമായിരുന്നുള്ളു.
യുവതി പോയതില് പിന്നെ ലെഫ്റ്റനന്റ് ഏകാന്തതയും പേറി തെരുവുകളിലൂടെ നടക്കുന്നു. അദ്ദേഹത്തിന് ഒന്നിലും ഏകാഗ്രത കിട്ടുന്നില്ല . യുവതിയോടൊപ്പം ചെലവഴിച്ച നിമിഷങ്ങളെ കുറിച്ചുള്ള ഓര്മ്മകള് മാത്രമെ അദ്ദേഹത്തിന് ആകെ സാന്ത്വനമായി ഉണ്ടായിരുന്നുള്ളു. ആല്ബേര്ട്ട് കാമു താരതമ്യപ്പെടുത്തിയതു പോലെ സിസിഫസിന്റെ ജീവിതം തന്നെയാണ് ഒരര്ത്ഥത്തില് മനുഷ്യന്റേത്. മനുഷ്യരുടെ ആഗ്രഹങ്ങള് സഫലീകരിക്കപ്പെടുമ്പോഴാണ് അതിന് അര്ത്ഥമുണ്ടാകുന്നത്. തിരക്ക് പിടിച്ച ഈ ലോകത്ത് നമ്മളെ പരിഗണിക്കുന്ന മനുഷ്യര്, അരുമ മുഗങ്ങള് എന്നിവരുടെ സാന്നിധ്യമാണ് മനുഷ്യന്റെ ജീവിതത്തിന് അടിസ്ഥാന ബലം നല്കുന്നത്. ഏകാന്തത ഒരു പരിധിവരെ പലര്ക്കും ആസ്വാദ്യകരമാണെങ്കിലും ഒരു പരിധിയുടെ അപ്പുറത്തേക്ക് അതും നിസ്സഹായരായ മനുഷ്യന് താങ്ങാന് കഴിയില്ല.

വ്യക്തിയുടെ സാന്നിധ്യം ഇല്ലാതായിട്ടും അവരോടൊപ്പം ചെലവഴിച്ച ഭംഗിയുള്ള നിമിഷങ്ങള് ശക്തമായി തന്നെ ലഫ്റ്റനന്റിന്റെ മനസ്സില് നില നില്ക്കുന്നു. ഇവിടെ ലെഫ്റ്റനന്റ് എന്ന കേന്ദ്ര കഥാപാത്രത്തിന് അനുഭവപ്പെടുന്ന ‘ശൂന്യത’ യുവതിയുമായി വേര്പിരിഞ്ഞതിനു ശേഷമുള്ള നൊമ്പരമാണ്. പ്രണയം മുന് കൂട്ടി തീരുമാനിച്ച് ഉറപ്പിച്ച് സംഭവിക്കുന്നതല്ല. അത് ഒരു ‘സൂര്യാഘാതം’ പോലെ പെട്ടെന്ന് സംഭവിക്കുന്നതാണ് എന്ന രീതിയിലാണ് കഥാകൃത്ത് ഇവിടെ വിശദമായി കഥാപാത്രങ്ങളുടെ മനസ്സ് ചിത്രീകരിച്ച് കൊണ്ട് അവതരിപ്പിച്ചിട്ടുള്ളത്.
കഥയുടെ അവസാന ഭാഗവും ഒരു യാത്രയെയാണ് ചിത്രീകരിക്കുന്നത്. ജീവിതത്തിന്റെ ശൂന്യതയില് നിന്ന് രക്ഷപ്പെടാന് അല്ലെങ്കില് ജീവിതത്തിന്റെ അര്ഥമില്ലായ്മയില് നിന്ന് രക്ഷപ്പെടാന് ലഫ്റ്റനന്റ് നടത്തുന്ന യാത്ര, ഈ യാത്ര കഥയുടെ അവസാനമല്ല ഒരു പക്ഷെ പല കഥകളുടെയും തുടക്കമാവാം എന്ന നിലയിലാണ് ഇവാന് ബുനിന് ആവിഷ്ക്കരിച്ചിരിക്കുന്നത്.
ലേഖക പരിചയം :

ഉബൈദ് പി. ബി.
മലയാളത്തിൽ സിനിമയും കായികവും ആസ്പദമാക്കി എഴുതുന്നു. ട്രൂ കോപ്പി തിങ്ക് വെബ്സീൻ, ചെണ്ട ഓൺലൈൻ, ജ്ഞാനഭാഷ മൾട്ടി ഡിസിപ്ലിനറി ഓൺലൈൻ ജേർണൽ, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവയിൽ ലേഖനങ്ങളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി, മലപ്പുറം സെന്ററിൽ ബി.എഡ്. രണ്ടാം വർഷ വിദ്യാർത്ഥിയാണ്.


No Comments yet!