Skip to main content

ദൈവങ്ങൾ ഉറങ്ങിപ്പോയ രാത്രി

ഏതാണ്ടെല്ലാ ചില്ലകളുമുണങ്ങി ആകാശം നോക്കി മുറ്റത്തു നിൽക്കണ പേരമരം
ഒരു കിടപ്പുരോഗിയെപ്പോലെ അവസാന ശ്വാസം കാത്തു കിടക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി.
ഒന്നോ രണ്ടോ ചില്ലകളിൽ മാത്രം പച്ചപ്പിന്റെ ശ്വാസതാളം കേൾക്കാം.
ഒരവസാനത്തിന് കൂട്ടിരിക്കാനെന്നവണ്ണം ഈയിടെയായി ഞാനെന്നും രാവിലെ മുറ്റത്തിറങ്ങി പേരമരത്തെ ചുറ്റിപ്പറ്റി നിൽക്കാറുണ്ട്.

“ഓണത്തിന് ഒരു കഥ വായിക്കാൻ നിനക്ക് ചെലപ്പൊ ഒരവസരം ഒത്തു വന്നേക്കും”.

അഞ്ചു മിനിറ്റിൽ തീരണ കഥയുണ്ടെങ്കില്?

“ഇല്ല.”

ആ വാക്കുകൾ മുഴുമിക്കുന്നതിനു മുന്നേ എൻ്റെ ഉത്തരം പെട്ടെന്നായിരുന്നു. ആ വെളുപ്പാൻകാലത്തും ഞാൻ പേരമരത്തിനടുത്തായിരുന്നു. ഈ നിമിഷം വരെ കഥയായി തീർന്ന ഞാനെങ്ങനെ അഞ്ചു മിനിറ്റിൽ ഒരു കഥയുണ്ടാക്കും? അതും ഒരവസരമല്ലേ? ഉറപ്പില്ലല്ലോ? അതുകൊണ്ട് അതിൻ്റെ വരുംവരായ്കകളെക്കുറിച്ച് അധികം ചിന്തിച്ചില്ലെന്നു മാത്രമല്ല എൻ്റെ ശ്രദ്ധ പേരമരത്തിലേക്ക് വീണ്ടും തിരിയുകയും ചെയ്തു.

“ഇത്ര ഉണങ്ങിയിട്ടും വീഴാതെ നിൽക്കുന്നവളുടെ മേൽ കോവലും കുമ്പളവും പാഷൻ ഫ്രൂട്ടുമൊക്കെ
ഒരു കുറ്റബോധവുമില്ലാതെ എത്ര ആർത്തിയോടെയാണ് പടർന്നു കയറുന്നത്? കണ്ണി ചോരയില്ലാത്ത വർഗ്ഗം.”

ഉള്ളിൽ തികട്ടി വന്ന വാക്കുകൾ എന്തോ പുറത്തു വന്നില്ല. ഒരു മനസ്സലിവിന്റെ പേരിൽ കിളികൾ പോലും, പതിവിടം വിട്ട് മന്ദാരത്തിലേക്ക് കുടിയേറിയിട്ടുണ്ട്. പേരമരത്തെ അവിടെ വിട്ട് പതിവു തെറ്റാതെ ഞാൻ യാത്രയ്ക്കൊരുങ്ങി ബസിൽ കയറിയപ്പോഴാണ് വീണ്ടും കഥ പറയണ കാര്യം മനസ്സിലേറിയത്. കഥ പറയാനും കേൾക്കാനുമുള്ള ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.ഉള്ളിലെ ചിന്തകളും തോന്നലും വിഹ്വലതകളുമെല്ലാം അപൂർണ്ണമായ പക്വതയില്ലാത്ത എഴുത്തായി രൂപാന്തരപ്പെടുമ്പോൾ മുന്നിലുള്ള സഹൃദയരെ തൃപ്തിപ്പെടുത്താനാകുമോയെന്ന് എനിക്കുറപ്പില്ലായിരുന്നു.

എന്തെഴുതി തുടങ്ങിയാലും ചെന്നെത്തണത് ഓർമകളിലേക്കാണ്. ഓർമകളുടെ ചെപ്പ് തുറന്നുവീഴുമ്പോൾ
അവയ്ക്കെല്ലാം പിന്നിൽ അച്ഛൻ. പിന്നെ ഞാൻ എഴുത്തിൻ്റെ കലവറയിലേക്കിറങ്ങി
കാഥികൻ്റെ പണിപ്പുര മുതൽ സർഗ്ഗ വിചാരങ്ങളിൽ വരെ തട്ടിയൊന്നു നിന്നു. ഭൂതകാലത്തിൻ്റെ അവശേഷിപ്പുകളെ
ഓർമകളുടെ പുറമ്പോക്കിൽ തള്ളണമെന്ന മുറവിളി മാറ്റി നിർത്തിയാൽ
പിന്നെ ഞാനുണ്ടാവുമോ? ഓർമകളല്ലേ അറിവും അനുഭവവുമായി രൂപാന്തരപ്പെടുന്നത്.

കഴിഞ്ഞയാണ്ടിൽ ഒരു പള്ളിക്കൂടമാകെ ഉരുളെടുത്ത രാത്രിയെ അക്ഷരങ്ങളിലേക്ക് പകർത്താനിരുന്നത് ഇപ്പോഴും കൺമുന്നിലുണ്ട്. അന്നും ഞാനെവിടെയാണ് തട്ടി നിന്നത്? വർഷങ്ങൾക്കു മുമ്പ് കുത്തിയൊലിച്ചൊഴുകിയ ഒരു മഴയിൽ കനവും നിനവും ഒന്നിച്ചൂട്ടിയ പാടം ഒഴുകി പോയതറിഞ്ഞ നിമിഷത്തെ ചാരുകസേരയിൽ നീണ്ടു നിവർന്നു കിടന്നു നിസ്സംഗതയോടെ നേരിട്ട അച്ഛനിലേക്ക്.

ആ തോരാമഴയിലേക്ക് ഒരു കൂട്ടം ആൾക്കാർക്കൊപ്പം ഒഴുകി ഇറങ്ങിപ്പോയ അച്ഛൻ എന്നും പൊള്ളുന്ന നിനവായിരുന്നു. ജീവിതത്തിൽ നിന്നുമുള്ള പടിയിറക്കം. പിന്നെയും പിന്നെയും ഓർമകളുടെ കയറ്റിറക്കങ്ങളിലേക്ക്
ഞാൻ മുങ്ങിയും താണുമിരുന്നു. എന്നാലും എന്തേലും എഴുതണമെന്ന ചിന്തയിൽ ഞാനെഴുതി തുടങ്ങി…….

പക്ഷെ എന്തോ എനിക്ക് കൈ ചലിപ്പിക്കാൻ കഴിയുന്നില്ല. നോട്ടുബുക്കിൽ എഴുതാനൊരുങ്ങവേ എനിക്കും ബുക്കിലെ കറുത്ത വരകൾക്കുമിടയിലിരുന്ന് ആരോ എന്നെ നോക്കി കണ്ണിറുക്കുന്നു. പേന പിടിച്ച് വലിക്കുന്നു. ആരാണത്.?

ഉറക്കം വരാതെ എഴുന്നേറ്റിരുന്ന് അസ്വസ്ഥതയോടെ സമയം തള്ളിനീക്കിയ കഴിഞ്ഞരാത്രിയിൽ ചിലന്തി വല കൂട്ടുന്നു പോലെ ഞാൻ നെയ്തു കൂട്ടിയ വാക്കുകളെവിടെ?
വരകൾക്കിടയിലിരുന്ന് പേന പിടിച്ചു വലിച്ച് കള്ളച്ചിരിയോടെ എന്നെ നോക്കി കണ്ണിറുക്കുകയും നാക്ക് നീട്ടുകയും ചെയ്യുന്നതാരാണ്.? ഓർമകളുടെ മുൾപടർപ്പിലേക്ക് ഒരു ജനൽപാളി ആരോ വലിച്ചടച്ചതു പോലെ ? അത് അവളല്ലേ? വെള്ളാരം കണ്ണുള്ള മാലാഖക്കുട്ടി.

ആൻ ഫ്രാങ്കിനെപ്പോലെ, നന്ദിതയെപ്പോലെ, ആരാലും കാണാതെ തൻ്റെ അക്ഷരങ്ങളെ ഇടതു കൈ കൊണ്ടും
വലതു കൈകൊണ്ടും വരിഞ്ഞു കെട്ടി സ്വപ്നങ്ങളെ ഡയറിത്താളിൽ ഒളിപ്പിച്ചവൾ. ഞാൻ അത്ക ണ്ടെടുത്തപ്പോഴേക്കും ജീവിതത്തിൻ്റെ ഊരാക്കുടുക്കിൽ ശ്വാസം പിടഞ്ഞ് അവൾ സ്വയമിറങ്ങി കഴിഞ്ഞിരുന്നു… ഡയറിത്താളുകൾ മറിയുന്തോറും ഏതോ ജനൽ കമ്പികൾക്കിടയിൽ എൻ്റെ ശ്വാസവും ഞെരിഞ്ഞമരുന്നുണ്ടോ ? കർക്കടകത്തിലെ കറുത്തവാവിൻ്റെന്നും ഒരിലച്ചീന്തിൽ ഞാനവളെ കണ്ടതാണ്. അന്ന് നേരം വെളുത്ത് വരുന്നതേ ഉണ്ടായിരിന്നുള്ളൂ. മാനത്ത് ഉരുണ്ട് കൂടിയ കാർമേഘങ്ങൾക്കരികിലൂടെ പുഴ ശാന്തമായൊഴുകുന്നു. പുഴയ്ക്കരികിൽ ബലിയർപ്പിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു.

എൻ്റെ മുന്നിൽ നിരത്തി വച്ച ഇലച്ചീന്തുകളിലേക്ക് മൺകലത്തിൽ വേവിച്ച ബലിച്ചോറ് മൂന്നുരുളകളാക്കി ഉരുട്ടി വെച്ചു. അഗ്രം കെട്ടിയ ദർഭ ചോറിനു മീതെ വച്ച് അതിനു മീതേയ്ക്ക് എള്ളും പൂവുമിട്ടു. മറ്റൊരില കൊണ്ട് ഉരുളകളെ മൂടി എല്ലാം ഇലയും മടക്കി പുഴയിലൊഴുക്കിയതിനു ശേഷം കുളിച്ച് ഈറനുടുത്ത് കാക്കയ്ക്ക് ചോറ് വച്ചു. കിണ്ടിയിൽ നിന്നും ജലമെടുത്ത് കൈ നനച്ച് തലയ്ക്കു മീതെ കൈ കൊട്ടി കാക്കയെ വിളിച്ചു. നേരം പുലരാത്തതുകൊണ്ടാണോ? അതോ കർക്കിടകത്തിലെ കറുത്ത വാവെന്ന് അറിഞ്ഞിട്ടോ ബലികാക്കകളൊന്നും വന്നില്ല. വറുതി വിട്ടൊഴിഞ്ഞിട്ടും മഴയും രാമായണശീലും മത്സരിച്ചു പെയ്ത ആ ദിനത്തിൽ എൻ്റെയുള്ളിൽ നിറഞ്ഞത്
ദൈവമെന്ന ദുരന്ത നായകൻ കല്പിച്ചുതന്ന ജീവിതത്തിൻ്റെ പകുതിയും മുറ തെറ്റാതെ ബലിയിട്ട നിസ്സംഗതയായിരുന്നില്ല. ഉള്ള് ചുട്ടുപൊള്ളുകയായിരുന്നു? പുഴ പോലെ കലങ്ങി മറിഞ്ഞൊഴുകി….
അന്ന് ആ ഇലച്ചീന്തിലേക്ക് വീണ കണ്ണുനീർ തുള്ളികൾ ആർക്കുവേണ്ടിയായിരുന്നു? അതിൽ ഞാൻ കണ്ടത്
കഴിഞ്ഞ ഒരോണക്കാലത്ത് പത്തൊൻപതിൻ്റെ പാതിയിൽ ജീവിതം ഹോമിച്ചവളെയെയായിരുന്നു ആ രാത്രി ഇന്നും കൺമുന്നിൽ. സംഗീതത്തിൻ്റെ സരിഗമയിലെവിടെയോ അവളുടെ കൈത്തണ്ടയിൽ നിന്നും രക്ത തുള്ളികൾ തെറിച്ച രാത്രി…. നാട്യശാസ്ത്രത്തിൻ്റെ ചിലമ്പൊച്ചയിൽ ചിലങ്കളിൽ നിന്നുള്ള നാദം നിലച്ച രാത്രി. ഞാനവളെക്കുറിച്ച് എന്താണ് എഴുതേണ്ടത്? എനിക്കവൾ ആരായിരുന്നു ?
എനിക്കും വരകൾക്കുമിടയിൽ ഒന്നുമെഴുതാൻ സമ്മതിക്കാത്തതാണോ? അതോ അവളെക്കുറിച്ചെഴുതാൻ പറയുകയാണോ? അച്ഛൻ എന്ന എൻ്റെ ഏറ്റവും വലിയ ഓർമകൾക്കു മേലെ അവൾ എപ്പഴോ പറന്നിറങ്ങിയിരിക്കുന്നു.

എവിടെയും ആ ചിറകടിയൊച്ചകൾ മാത്രം … അടുത്തു ചെല്ലുന്തോറും അകന്നു മാറുന്ന ചിറകടിയൊച്ചകൾ. ഞാനെന്തെഴുതിയാലും ഏറ്റവും മികച്ചത് അവളെക്കുറിച്ചായിരിക്കും. എൻ്റെ കുട്ടീ……. നീ പോയത് തിരിച്ചു വരാനായിരുന്നെങ്കിൽ ?? ഇനിയൊരു തിരുവോണ ദിനത്തിൽ മുറ്റത്ത് ചിതറി തെറിച്ച പൂക്കളിലും ഊഞ്ഞാലിലും വിളിമ്പിയിട്ട ഇലയ്ക്കു മുന്നിലും അവളെ കാണാതെ ?

അവൾ പോയപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് കണ്ണനും കണിക്കൊന്നയും മാത്രമായിരുന്നില്ല ഓണത്തുമ്പയും ഓണത്തുമ്പിയും അവളോടൊപ്പം പടിയിറങ്ങിയത് ഞാനറിഞ്ഞില്ല. ഞാൻ പെറ്റു പോറ്റിയ എൻ്റെ നിനവായിരുന്നില്ല അവൾ. പക്ഷെ ഇന്നെൻ്റെ തീരാനോവായി… എന്തു പറഞ്ഞാവും അന്ന് ആ രാവിനോട് യാത്ര ചോദിച്ചത്?

“കറുത്തിരുണ്ട തോണിക്കാരാ ഇതാ ഞാൻ നിൻ്റെ തോണിയിൽ…”

നിലാവിൻ്റെയും നക്ഷത്രങ്ങളുടെയും ഭംഗി നഷ്ടപ്പെട്ട നിഴലും നിലാവും കെട്ടുപിണഞ്ഞു കിടന്ന ഒരു രാത്രി. പ്രപഞ്ചം നിശബ്ദമായ ഒരു രാത്രി. സകല ദൈവങ്ങളും ഉറങ്ങിപ്പോയ ഒരു രാത്രിയായിരുന്നു അത്.


 

രമ ജി.ആർ.

ഹയർസെക്കൻ്റെറി അധ്യാപിക. തിരുവനന്തപുരം സ്വദേശം. ആനുകാലികങ്ങളുലും സോഷ്യൽ മീഡിയയിലും കഥകളും ലേഖനങ്ങളും എഴുതുന്നു

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.