Skip to main content

ആലിമാമു എന്ന ഇതിഹാസം

രണ്ട്

15

മൈക്കിനുമുന്നില്‍ ആലിമാമു നില്‍പ്പ് തുടങ്ങിയ നിമിഷങ്ങള്‍ക്കിടയില്‍ എത്ര രഹസ്യങ്ങളാണ് നാട്ടുകാരുടെ ഓര്‍മകളില്‍ തെളിഞ്ഞത്

അവന്റെ ഗൂഢമായ നോട്ടവും ചിരിയും അവരെ ഭയപ്പെടുത്തി കൊണ്ടിരുന്നു.

കാലങ്ങളായി മറച്ചുവച്ച രഹസ്യങ്ങള്‍ പലപ്പോഴായി അവന്റെ മുന്നില്‍ വെളിപ്പെട്ടിട്ടുണ്ട്. മിണ്ടാട്ടമില്ലാത്ത അവന്റെ സാന്നിധ്യത്തെ ആരും ഗൗനിച്ചില്ല. ഒറ്റുകൊടുക്കാന്‍ കഴിയാത്ത അവനെന്ത് ദോഷം ചെയ്യാനാണ് എത്രയെത്ര രഹസ്യങ്ങളാകും അവന്റെ ഉള്ളിലുണ്ടാവുക. ഒരു ചെടിയോടെങ്കിലും പറയാന്‍ അവന്റെ ഉള്ളം വെമ്പുന്നുണ്ടാകില്ലേ- ഫിലിപ്പോസിനു തോന്നി.

മറുഭാഗത്ത് പകച്ചുനിന്ന വാറ്റപ്പനമ്പുവിനെ കണ്ടതും, ഒറ്റമൊലച്ചി ഫിലിപ്പോസിന്റെ ഓര്‍മ്മകളിലും അലറിയെഴുന്നേറ്റു

16

മാത്തുവിനും ബാബുവിനും ഒപ്പം ഒറ്റമൊലച്ചിയെ തിരഞ്ഞ രാത്രി ഫിലിപ്പോസ് ഓര്‍ത്തു.

തച്ചേരിതോട്ടത്തില്‍ പാലം കഴിഞ്ഞുള്ള വളവില്‍ ഏറെ നേരം പതുങ്ങിനില്‍ക്കെ ബാബുവാണത് ആദ്യം കണ്ടത്. കാപ്പികാട്ടിനുള്ളിലൂടെ അങ്ങറ്റത്ത് തീ

അവരും അതുകണ്ടു. ഒരു തീ അവരുടെ ഉള്ളിലും ആളി. ശ്വാസം അടക്കിപ്പിടിച്ച് നിമിഷങ്ങളോളം അവരവിടെ നിന്നു. പിന്നെ പതിയെ തീ കണ്ട ദിശയിലേക്ക് ഒച്ചയുണ്ടാക്കാതെ…

അങ്ങോട്ട് അടുക്കുന്തോറും നെഞ്ചിടിപ്പ് കൂടി. വെന്തുകൊണ്ടിരിക്കുന്ന മാംസത്തിന്റെ ഗന്ധം അവരുടെ മൂക്കിലേക്ക് അടിച്ചുകയറി.

ആരെയോ ചുട്ടുതിന്നുകയാണ്- മാത്തു വിറച്ചുകൊണ്ട് പറഞ്ഞു.

അല്ല, മുയലോ മറ്റോ ആണ് – മൂക്കു നിറയെ മണം പിടിച്ച് ഫിലിപ്പോസ് പറഞ്ഞു.

17

ബാബുവും മാത്തുവും പേടിച്ചരണ്ടിരിക്കെ ഫിലിപ്പോസ് രണ്ടടി മുന്നോട്ടു നീങ്ങി.

തൊട്ടപ്പുറത്ത് പുറംതിരിഞ്ഞിരുന്ന് ഒരുരൂപം നിലത്ത് തീയിട്ട് ഏതോ ജീവിയെ വേവിക്കുന്നതാണ് അവന്‍ കണ്ടത്.

അടുത്ത നീക്കം എന്തെന്ന ആശയക്കുഴപ്പത്തില്‍ അവന്‍ തിരിഞ്ഞു നോക്കി. ബാബുവും മാത്തുവും അവിടെയുള്ള മരത്തിനു പിന്നിലാണ്. പതുക്കെ മുന്നോട്ടുനീങ്ങാന്‍ അവര്‍ക്ക് അവന്‍ ആഗ്യംകാട്ടി. മരവിച്ചുപോയ അവര്‍ക്ക് അതിനായില്ല.

ഫിലിപ്പോസ് ആ രൂപത്തെ ഒന്നുകൂടി നോക്കി. അനക്കമില്ല. അപ്പോഴാണ് അവനത് പൂര്‍ണ്ണമായി കണ്ടത്. അവിടെ ചാരായ വാറ്റ് നടക്കുകയാണ്

ഫിലിപ്പോസ് അറിയാതെ ഒന്നിളകിയതിന്റെ ഒച്ചയില്‍ ആ രൂപം തിരിഞ്ഞു നോക്കി.തീ വെളിച്ചത്തില്‍ ആ മുഖം അവനു മുമ്പില്‍ തെളിഞ്ഞു

18

തീ വെളിച്ചത്തില്‍ തെളിഞ്ഞ അമ്പുവിന്റെ മുഖം കണ്ട് ഫിലിപ്പോസ് അമ്പരന്നു

മാത്തുവും ബാബുവും വെളിച്ചത്തിലേക്ക് കയറിവന്നു. അമ്പുവും ഞെട്ടി ഒറ്റമൊലച്ചി കഥ പൊളിയുകയാണ്.

കഥ പൊളിയുന്നതും വാറ്റ് പിടിക്കപ്പെടുന്നതുമല്ല പ്രശ്‌നം. ഒറ്റമൊലച്ചി തകിടംമറിച്ച നിരവധി ജീവിതങ്ങളുണ്ട്. അവരോട് എന്ത് സമാധാനം പറയും

ഒറ്റമൊലച്ചി കഥ പൊളിയാതിരിക്കാനും വാറ്റ് തടസ്സമില്ലാതെ തുടരാനും അവര്‍ ഒരു ഉടമ്പടിയിലെത്തി. ആഴ്ചയില്‍ മൂന്നു കുപ്പി ചാരായം തരാമെന്ന് അമ്പു. ഫിലിപ്പോസിനും സംഘത്തിനും അത് സമ്മതമായി.

ആ രാത്രി അവര്‍ അമ്പുവിന്റെ അതിഥിയായി ചാരായവും ചുട്ട മുയലിറച്ചിയും ആവോളം അകത്താക്കി. നേരംപുലര്‍ന്നത് അവര്‍ അറിഞ്ഞില്ല.

19

ചെങ്ങേലെ മാതുവേടത്തി കിണറ്റില്‍ തുള്ളിയത് അന്നു രാവിലെയാണ്.

നേരം വെളുത്തതു മുതല്‍ ഒറ്റമൊലച്ചിയുടെ ഭാവപ്രകടനങ്ങളോടെ അര്‍ദ്ധനഗ്‌നയായി അവര്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. അതിനിടയില്‍ ദേഹം ചുട്ടുപൊള്ളുന്നൂ എന്നും പറഞ്ഞ് കിണറിലേക്കെടുത്തുചാടി.

ഓടികൂടിയ അയല്‍ക്കാര്‍ കിണറില്‍നിന്നും പുറത്തെടുത്തത് മാതുവേടത്തിയുടെ ജഡമാണ്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ബോഡി വീട്ടിലെത്തുമ്പോള്‍ സന്ധ്യയായി. അപമൃത്യു ആകയാല്‍ പെട്ടെന്നു തന്നെ ചിതയുമെരിഞ്ഞു.

ചിതയുടെ ആളലില്‍ ഒറ്റമൊലച്ചിയുടെ രൂപമുണ്ടെന്ന് അമ്പുവിന് തോന്നി. ഫിലിപ്പോസും ബാബുവും മാത്തുവും ഒന്നുമറിയാത്തവരെ പോലെ നിന്നു.

ഒറ്റമൊലച്ചി മാതുവേടത്തിയില്‍ കയറികൂടിയ ആ രാത്രി അമ്പുവിന്റെ ഓര്‍മയെ അസ്വസ്ഥമാക്കി.

20

ഒറ്റമൊലച്ചി ഭീതിപരത്തിയ നാളിലെ ഒരു രാത്രിയിലായിരുന്നു അത്.

വാറ്റുകഴിഞ്ഞ് ചാരായ കാനുകളും പാത്രങ്ങളും ഒളിപ്പിച്ചുവെച്ച് പാതിരാക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അമ്പു. മാതുവേടത്തിയുടെ വീടെത്തിയപ്പോള്‍ ഒന്നുനിന്നു. പിന്നെ പമ്മിപമ്മി ജനലോളമെത്തി. അവിടെ അനക്കമൊന്നുമില്ല. പിന്നെ വീടിന്റെ പുറകിലേക്ക്.. ബാത്‌റൂമിന്റെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയ മാതുവേടത്തി ഒരലര്‍ച്ചയോടെ വീണു

നേരം പുലര്‍ന്നപ്പോള്‍ നല്ല പനിയായിരുന്നു. പനിമൂത്താണ് മാതുവേടത്തി വായില്‍തോന്നിയത് വിളിച്ചുപറയാനും ഒറ്റമൊലച്ചിയേ പോലെ പെരുമാറാനും തുടങ്ങിയത്.

ആലിമാമുവിന്റെ തൊണ്ടയനക്കത്തില്‍ അമ്പുവും മറ്റുള്ളവരും ഓര്‍മകളില്‍ നിന്നുണര്‍ന്നു.

21

ആലിമാമു സിഐഡി ആണെന്ന സംശയമാണ് പത്രോസ് മാവക്കലിനെങ്കില്‍, ആലിമാമുവില്‍ ദൈവിക സാന്നിധ്യമുണ്ടെന്ന തോന്നലാണ് ഗിരിനന്ദന്.

ഗിരിനന്ദന് പാരമ്പര്യ നൊസ്സാണെന്ന് നാട്ടുകാര്‍. ഗിരിനന്ദന്റെ അച്ഛനും മുത്തച്ഛനും നൊസ്സായിരുന്നു. മൂവരും എന്തോ ‘ആന രഹസ്യം’ ഒളിപ്പിച്ചാണത്രേ മിണ്ടാതെ തലയുംതാഴ്ത്തി, വെയിലും മഴയും മഞ്ഞും കൂസാതെ നാട്ടുവഴികളിലൂടെ മതിവരാതെ നടന്നത്.

ആലിമാമു മിണ്ടാന്‍ തുടങ്ങിയെന്ന് കേള്‍ക്കുമ്പോള്‍ ഗിരിനന്ദന്‍ കീഴേരിമടയുടെ അടുത്തായിരുന്നു. തേയില തോട്ടത്തിന് അപ്പുറത്തെ കാപ്പിതോട്ടം നോക്കിനില്‍ക്കുമ്പോള്‍ അതുവഴി വന്നവര്‍ പറഞ്ഞതാണ്.

മുത്തച്ഛനും അച്ഛനും സൂക്ഷിച്ച രഹസ്യം പൊളിയുകയാണെന് ഗിരിനന്ദന്‍ പേടിച്ചു. അയാളും ഓടി, കവലയിലേക്ക്!

22

കവലയിലെ ആള്‍ക്കൂട്ടത്തിലേക്ക് ഗിരിനന്ദനും ഓടിയെത്തി. കണ്ണില്‍ നോക്കി മനസ്സിലുള്ളത് വായിച്ചെടുക്കാനുള്ള സിദ്ധി ആലിമാമുവിന് ഉണ്ടെന്ന് അയാളുറപ്പിച്ചു.

തലമുറകളായി സൂക്ഷിച്ച രഹസ്യം ഒരു കാരണവശാലും വെളിപ്പെട്ടുകൂടാ. അത് നാടിനാകെ അപകടമാണ്.

പൂര്‍വികരില്‍ നിന്നും പകര്‍ന്നുകിട്ടിയ ബ്രിട്ടീഷ് പടയുടെ ബൂട്ടിന്റെ ശബ്ദം ഗിരിനന്ദന്റെ കാതില്‍ മുഴങ്ങി. വെട്ടിമുറിച്ച് കീഴേരികുന്ന് ഇല്ലാതാകുമെന്ന് അയാള്‍ ഭയപ്പെട്ടു.

അല്ല, ആലിമാമു ദൈവത്തിന്റെ ആളല്ലേ? അപ്പോള്‍ ചതിക്കില്ലല്ലോ!-പെട്ടെന്നൊരു ഉണര്‍വ്! ആലിമാമുവിന്റെ തലക്കുചുറ്റും പ്രകാശവലയമുണ്ടെന്ന് ഗിരിനന്ദന് തോന്നി.

ആരും പേടിക്കേണ്ട. ആലിമാമു ദൈവത്തിന്റെ ആളാണ്- അയാള്‍ വിളിച്ചു പറഞ്ഞു.

23

അങ്ങാടി കവലയില്‍ തടിച്ചുകൂടിയവരുടെ ശ്രദ്ധ ഗിരിനന്ദനിലേക്ക് തിരിഞ്ഞു.

”ലോകം അവസാനിക്കാന്‍ പോകുകയാണ്. ഭൂമി കീഴ്‌മേല്‍ മറിഞ്ഞ് നിങ്ങളും നിങ്ങളുടെ രഹസ്യങ്ങളും ഭൂമിക്കടിയിലേക്ക്…”- അയാള്‍ വിളിച്ചു പറഞ്ഞു. ലോകാവസാനത്തിന് തൊട്ടുമുമ്പ് ഭൂമിയിലേക്ക് അയക്കുമെന്ന് ദൈവം അറിയിച്ച ആളാണ് ആലിമാമു- പിന്നെ ഗിരിനന്ദന്‍ ഒന്നുംമിണ്ടിയില്ല.

അയാള്‍ ആലിമാമുവിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ആലിമാമു ചിരിക്കുകയാണ്.

ഗിരി നല്ല ചൂടിലാണെന്ന് ആള്‍ക്കാര്‍ അടക്കം പറഞ്ഞു. പിളരാന്‍ പോകുന്ന തല പിടിച്ചുവെക്കും പോലെ രണ്ടു കൈകളും കാതുകളില്‍ അമര്‍ത്തി ഗിരിനന്ദന്‍ നിലത്തിരുന്നു. കാതില്‍ ബ്രിട്ടീഷ് പടയുടെ ബൂട്ടിന്റെ ഇരമ്പല്‍ കീഴേരികുന്ന് എന്നയാള്‍ അലറി!

24

ലോകാവസാനത്തില്‍ കീഴേരിക്കുന്നിന്റെ രഹസ്യവും മണ്‍മറയുമെന്ന് ഗിരിനന്ദന്‍ ഒരിട ആശ്വസിച്ചെങ്കിലും, മാറിവരുന്ന മാനസികാവസ്ഥയില്‍ ഉള്ള് വെന്തുനീറി.

കുന്നിന്റെ ഒരു ഭാഗം തേയിലത്തോട്ടവും മറുഭാഗം കാപ്പിത്തോട്ടവുമാണ്. തൊട്ടടുത്ത് കൊല്ലി പോലെ പാറമടയുമുണ്ട്. ഇപ്പോള്‍ തേയിലത്തോട്ടം സ്വകാര്യ കമ്പനിയുടെയും കാപ്പിത്തോട്ടം നാട്ടിലെ പ്രമാണിയുടെതുമാണ്. ആ മണ്ണിനടിയിലെ രഹസ്യമാണ് ഗിരിനന്ദനേയും അച്ഛനെയും മുത്തച്ഛനെയും നൊസ്സുകാരാക്കിയത്. ആ രഹസ്യം ചോര്‍ന്നാല്‍ നാട് തീരുമെന്ന് അവര്‍ പേടിച്ചു. പണ്ട് അവരുടെ ആദ്യ തലമുറ ജീവിച്ചത് ആ കുന്നിലാണത്രേ. ബ്രിട്ടീഷ് പടയുടെ ബൂട്ടുകള്‍ ആ കുന്നിനെ ചവിട്ടിഞെരിച്ച രാത്രിയുടെ ഓര്‍മ്മ അവരെയെല്ലാം നൊസ്സുകാരാക്കി!

25

‘കേള്‍ക്കുന്നുണ്ടോ, ഭൂമിക്കടിയില്‍ നിന്നുള്ള മുഴക്കം! അടിപ്പാളികള്‍ ഇളകി തുടങ്ങി. ആഴങ്ങളിലേക്ക് വലിച്ചെടുക്കാന്‍ ഭൂമി ഒരുങ്ങുന്നു. നോക്കൂ പ്രകൃതിയും പക്ഷി മൃഗാദികളും നിശബ്ദരാണ്’- ഗിരിനന്ദന്‍ വിളിച്ചുപറഞ്ഞു.

അപകടങ്ങളെ മരണത്തെ ആരാധനാലയങ്ങളെ ആലിമാമുവിനും പേടിയാണ്. നൊസ്സുകാരനാണെങ്കിലും ഗിരിനന്ദന്റെ വാക്കുകള്‍ നാട്ടുകാരിലും പേടിയുണ്ടാക്കി. ആലിമാമു രഹസ്യം വിളിച്ചു പറയുമെന്ന പേടിയില്‍ നിന്നും ആളുകളുടെ ശ്രദ്ധമാറി. ഗിരിനന്ദന്റെ പ്രവചനങ്ങളില്‍ അവര്‍ കുരുങ്ങി. ഭൂമിക്കടിയിലെ മുഴക്കം അവരും കേട്ട പോലെ. ‘കീഴേരികുന്നിലെ സ്വര്‍ണ്ണഖനികളേയും ഭൂമി വിഴുങ്ങും!’- കാലങ്ങളായി പേറുന്ന ഭാരം ഇറക്കിവെച്ച ആശ്വാസത്തില്‍ ഗിരിനന്ദന്‍ നിലത്തിരുന്നു.

26

ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടിയെങ്കിലും ഗിരിനന്ദന്റെ പ്രവചനം പോലെ ലോകം അവസാനിച്ചില്ല. ജനങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കി ആലിമാമുവിന്റെ ഗൂഡനോട്ടം തുടര്‍ന്നു.

നിമിഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ആലിമാമു മിണ്ടിയതേയില്ല. എന്നാല്‍ ഓര്‍മകള്‍ പല കാലങ്ങളിലേക്കും പാഞ്ഞു.

നാവറ്റത്ത് സ്റ്റാമ്പ് ഒട്ടിക്കാനുള്ള തിടുക്കത്തില്‍ കവല വഴിവന്ന ഫര്‍ഹാനും മൈക്കുമായുള്ള ആലിമാവിന്റെ നില്‍പ്പ് കണ്ടമ്പരന്നു! അയാള്‍ക്ക് സംസാരശേഷി വീണ്ടുകിട്ടിയെന്ന് അവന് വിശ്വസിക്കാനായില്ല. അയാള്‍ അടുത്തുണ്ടായിട്ടും കൂസലില്ലാതെ എത്രതവണ നാവിന്‍ തുമ്പത്ത് സ്റ്റാമ്പ് ഒട്ടിച്ചതാണ്! അന്നേരത്തെ പേക്കൂത്തും രഹസ്യങ്ങള്‍ വിളിച്ചു പറയലും എത്ര തവണ അയാള്‍ കേട്ടിരിക്കുന്നു. ഫര്‍ഹാനും വിറച്ചു!

27

ബംഗളൂരുവിലെ കമ്പ്യൂട്ടര്‍ പഠന കാലത്താണ് ദുശീലങ്ങള്‍ ഫര്‍ഹാനെ പിടികൂടിയത്. എത്ര ശ്രമിച്ചിട്ടും വിട്ടുപോകാതെ അത് ഒപ്പംകൂടി. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മാക്‌സ് വലും ശാര്‍ങ്ങുവും അഭിയുമാണ് അവന്റെ ചങ്കുകള്‍. അവരുടെയും ജീവിതോര്‍ജ്ജം നാവിന്‍തുമ്പിലെ സ്റ്റിക്കറാണ്.

നാവിന്‍തുമ്പിലത് ചേര്‍ന്നിരിക്കുമ്പോള്‍ അവര്‍ ഉന്മാദത്തിന്റെ തേരിലേറും. കിച്ചു ബാബുവിന്റെ മൊബൈല്‍ സര്‍വീസ് ഷോപ്പാണ് അവരുടെ കേന്ദ്രം. ഇന്റര്‍നെറ്റ് യുഗത്തിലെ രഹസ്യകേന്ദ്രം കൂടിയാണ് അവിടം. നാലുപേരും കൂടിച്ചേരുമ്പോള്‍ അവിടെ സര്‍വീസിനെത്തിയ മൊബൈലുകളിലും ലഹരിപടരും.

യാതൊരു തടസ്സവുമില്ലാതെ അവിടെ കയറി ഇറങ്ങിയവനാണ് ആലിമാമു. എല്ലാ രഹസ്യങ്ങളുടെയും മൂകസാക്ഷി ഫര്‍ഹാന്റെ ഉള്ളു പിടഞ്ഞു.

28

ഫര്‍ഹാന്‍ എത്തുംമുമ്പേ ശാര്‍ങ്ങുവും അഭിയും കിച്ചുബാബുവും കവലയിലെ ആള്‍ക്കൂട്ടത്തിനിടയില്‍ പതുങ്ങി നില്‍പ്പുണ്ടായിരുന്നു. അവരുടെ കണ്ണുകള്‍ പരസ്പരമുടക്കി.

ചുണ്ടോട് അടുപ്പിച്ച മൈക്ക് അല്പംതാഴ്ത്തി ആലിമാമു നെടുവീര്‍പ്പിട്ടു. പരോപകാരിയും സാധുവുമായ ആലിമാമു പെട്ടെന്നാണല്ലോ കുന്നത്തുകാരുടെ പേടിസ്വപ്നമായിമാറിയതെന്ന് ഫര്‍ഹാന്‍ ഓര്‍ത്തു. മാനംപോകുന്ന രഹസ്യങ്ങള്‍ പലര്‍ക്കുമുണ്ടാകും. മാനം മാത്രമല്ല തനിക്ക് ജീവന്‍ തന്നെ പോയേക്കുമെന്ന് അവന്‍ ഭയന്നു.

മുഖത്ത് ഭയം നിഴലിടാത്ത ഒരാളെയും അവിടെ അവന്‍ കണ്ടില്ല. ഇന്റര്‍നെറ്റിലെ അരുതാ കാഴ്ചയില്‍ മനംനൊന്ത് തൂങ്ങിമരിച്ച ഡാനിയുടെ ഡാഡി ഡിക്രൂസ് തുണിക്കടയുടെ ചുമരു ചാരിനില്‍ക്കുന്നത് ഉള്‍ക്കിടിലെത്തോടെ അവന്‍ കണ്ടു!

(തുടരും )

No Comments yet!

Your Email address will not be published.