സരസ്വതിയമ്മ രചിച്ച ‘ചോലമരങ്ങള്‍’ എന്ന കഥയെ കുറിച്ച് ആലോചിക്കുന്നതിനാണ് ഈ ലേഖനം ശ്രമിക്കുന്നത്. കഥാകാരിയുടെ സാഹിതീയദര്ശനത്തെ സംബന്ധിച്ച ചില കാര്യങ്ങള്‍ പറഞ്ഞതിനു ശേഷം കഥയിലേക്കു കടക്കാം. പുരുഷകേന്ദ്രിതമായിരുന്ന മലയാളസാഹിത്യത്തിലെ പുരുഷാധിപത്യപരമായ പാരമ്പര്യമൂല്യങ്ങള്ക്കെതിരെ വിമതസ്വരമായി ഉയര്‍ന്നുവന്ന സ്ത്രീകളുടെ ആദ്യതലമുറയിലാണ് സരസ്വതിയമ്മയുടെ സ്ഥാനം. ഇങ്ങനെ വിമതരായി വന്നവര്‍ സാഹിതീയവ്യവഹാരങ്ങളില് പ്രയോജനവാദത്തിനും ഉപകരണവാദത്തിനും സാദ്ധ്യതകളുണ്ടെന്നു കരുതുന്നവര്‍ കൂടിയായിരുന്നു. സാഹിതീയവ്യവഹാരങ്ങള്ക്ക് ഇവ കുറവോ കുഴപ്പമോ ആയി അവര്‍ കണ്ടില്ല. പ്രയോജനവാദം ഇകഴ്ത്തപ്പെട്ടിരുന്ന ആ നാളുകളില്‍ സരസ്വതിയമ്മയുടെ സൗന്ദര്യശാസ്ത്രസമീപനങ്ങള് അതിനെ ആശ്രയിച്ചു നില്‍ക്കുന്നതായിരുന്നു.
ഒന്നാം തലമുറയിലെ സ്ത്രൈണസാഹിത്യം സ്വയംപര്യാപ്തമായ സൗന്ദര്യാനുഭൂതിയെ മാത്രം ലക്ഷ്യമിട്ടതായിരുന്നില്ല. അത് അസാദ്ധ്യവുമായിരുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളോടുള്ള നേര്‍ക്കുനേര്‍ ഇടപെടല്‍ ആവശ്യമായിരുന്നു. എഴുത്തിനെ വിലയിരുത്തേണ്ടത് സാഹിതീയാഭിരുചിയുടെയും ശൈലീപരമായ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണെന്ന ധാരണയെ സ്വീകരിക്കാന്‍ എഴുത്തുകാരായ സ്ത്രീകള്‍ക്കു കഴിയുന്ന കാലമായിരുന്നില്ല. പ്രയോജനവാദത്തെയും ഉപകരണവാദത്തെയും സാഹിത്യത്തിന്റെ പരിമിതികളായി കണ്ടില്ലെന്നത് സാഹിത്യം സാമൂഹികാവബോധത്തെ രൂപപ്പെടുത്താന്‍ കഴിവുള്ള ഉപകരണമാണെന്ന നിലപാട് സരസ്വതിയമ്മക്ക് ഉണ്ടായിരുന്നതു കൊണ്ടായിരിക്കണം. കല സ്വയം ലക്ഷ്യമാണെന്ന അരിസ്റ്റോട്ടിലീയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ ധാരണയോട് ബന്ധപ്പെട്ടു നില്ക്കുന്ന സമീപനമല്ലത്. സാഹിത്യം മനുഷ്യനെ സ്വയം ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കണമെന്നത് സ്ത്രീകളുടെ എഴുത്തിന് ചരിത്രപരമായ ആവശ്യകതയായിരുന്നു. സ്ത്രീയെ കുടുംബത്തിന്റെയോ പുരുഷന്റെയോ സമൂഹത്തിന്റെയോ ഉപകരണമാക്കി മാറ്റുന്ന ഘടനയെ ചോദ്യം ചെയ്യുന്നതിന് ഒരു പ്രതികാരമെന്നോണം സാഹിത്യത്തെ ഉപകരണമാക്കുക എന്ന പ്രതിരോധതന്ത്രം സ്ത്രീകള്‍ക്കു സ്വീകരിക്കേണ്ടിവരുന്നു! മനുഷ്യനെ ഒരിക്കലും ഉപാധിയോ ഉപകരണമോ ആയി കാണരുതെന്ന കാന്റിയന്‍ തത്ത്വചിന്തയിലെ ആശയത്തിന്റെ ഇതരരൂപത്തിലുള്ള മുഴക്കങ്ങള്‍ ഈ സമീപനത്തിലുണ്ട്.
സരസ്വതിയമ്മയുടെ കഥകള്‍ മലയാളത്തിലെ എഴുത്തിന്റെ ചരിത്രത്തിലെ ഒരു ‘വ്യത്യസ്തമായ സ്ത്രൈണശബ്ദം’ മാത്രമല്ല. അത് പുരുഷനിയമത്തില് നില്ക്കുന്ന എഴുത്തിനോടുള്ള ബൗദ്ധിക പ്രതിരോധവുമായിരുന്നു. വലിയ അവഗണനയെയും ഭര്‍ത്സനങ്ങളെയും നേരിട്ടുകൊണ്ടാണ് ഏറെ കര്‍ശനമായ രീതിയില്‍; അതിന്റെ ആഴത്തിലും അളവിലും പരപ്പിലും, പുരുഷകേന്ദ്രിതമായ സാഹിത്യപാരമ്പര്യത്തോട് സ്ത്രീ എഴുത്ത് നടത്തുന്ന സംവാദത്തിന് സരസ്വതിയമ്മ തുടക്കം കുറിക്കുന്നത്. സാഹിതീയവ്യവഹാരങ്ങളുടെ ദാര്‍ശനികവും സാമുഹികവുമായ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള സ്ത്രീകളുടെ ആദ്യത്തെ ഉറച്ചപ്രഖ്യാപനവുമായിരുന്നു അത്, എന്തെല്ലാം സൈദ്ധാന്തികപരിമിതികള് ഈ സമീപനത്തിനുണ്ടായിരുന്നെങ്കിലും. സ്ത്രീകളുടെ എഴുത്ത് സൗന്ദര്യാഘോഷം മാത്രമല്ല, നീതിയുടെ അന്വേഷണവുമാണെന്ന ബോദ്ധ്യം സരസ്വതിയമ്മക്കുണ്ടായിരുന്നു. സ്ത്രീയെ സഹനത്തിന്റെ പ്രതീകമായല്ല, ധാര്‍മ്മികമായി ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന വ്യക്തിയായി അവര്‍ അവതരിപ്പിച്ചു. ഇത് സൗന്ദര്യശാസ്ത്രപരമായ ഒരു തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ നൈതിക നിലപാടായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ ജോര്‍ജ് എലിയറ്റിനെ ഇവിടെ ഓര്‍ക്കാം. സ്ത്രീ എന്നു തിരിച്ചറിയപ്പെടുന്നത് തന്റെ എഴുത്തിന് തടസ്സമാകുമെന്ന ബോദ്ധ്യത്തില്‍ പുരുഷനാമധേയത്തില് എഴുതേണ്ടിവന്ന മേരി ആന്‍ ഇവാന്‍സിന്റെ അവസ്ഥ എഴുത്തുകാരിയുടെ സാമൂഹികാവസ്ഥയെ വെളിപ്പെടുത്തുന്നതാണല്ലോ? എലിയറ്റിന്റെ നോവലുകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ ധാര്‍മ്മികവും ജീവിതോന്മുഖവുമായ തീരുമാനങ്ങളുടെ കേന്ദ്രമായിരിക്കുന്നതു പോലെ സിസ്റ്റര്‍ ഫിലോമിന ബെനഡിക്ട് ബിയാട്രിസിനെ പോലുള്ള സരസ്വതിയമ്മയുടെ കഥാപാത്രങ്ങളും മാറിത്തീരുന്നു. സരസ്വതിയമ്മ ആഗോളതലത്തിലുള്ള ഒരു വിമര്ശനപാരമ്പര്യത്തിന്റെ ഭാഗവും മലയാളത്തിലെ ആദ്യത്തെ വലിയ കണ്ണിയും ആയിരുന്നുവെന്ന വാസ്തവം അവരുടെ സാഹിതീയമണ്ഡലത്തിലെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. നീതിയ്ക്കും സ്വാതന്ത്ര്യത്തിനും ചോദ്യങ്ങള്‍ക്കും പ്രാമുഖ്യം നല്കിയ ആ എഴുത്തുകള്‍ സാഹിത്യം എന്തിന് എന്ന ചോദ്യത്തിനുള്ള സവിശേഷമായ ദാര്‍ശനിക മറുപടിയായിരുന്നുവെന്നും കാണണം. ഇത് പുതിയ ഭാവുകത്വത്തിന്റെ നിര്‍മ്മിതിയെ അഭിലഷിച്ചു. പുതിയ ലൈംഗികസംസ്കാരത്തിനു നാന്ദിയോ ത്വരകമോ ആകാന്‍ സരസ്വതിയമ്മയുടെ കഥകള്‍ പ്രേരണയായില്ലെങ്കില്‍ അതിനു കാരണം അവരുടെ കൃതികളിലല്ല, മറിച്ച് അതിനെ തീര്‍ത്തും അവഗണിച്ച സമൂഹത്തിന്റെ ഘടനയിലാണ് അന്വേഷിക്കേണ്ടത്.
സരസ്വതിയമ്മയുടെ ഈ ജീവിതാദര്‍ശം എഴുത്തിന്റെ മേഖലയില്‍ ഒതുങ്ങിനിന്നുവെന്നു കരുതാനും കഴിയില്ല. സ്ത്രീക്കും മനുഷ്യന് എന്ന നിലയിലുള്ള സ്വാതന്ത്ര്യം അവകാശപ്പെട്ടതാണെന്ന അവരുടെ സമനിലാസങ്കല്പ്പനം അധികാരഘടനകളെ ആന്തരികമായി വെല്ലുവിളിക്കുന്ന ഒരു രാഷ്ട്രീയ സങ്കല്പ്പനമായിരുന്നു. സ്ത്രീ-പുരുഷ ബന്ധം പാരസ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടണമെന്ന ആശയം യാഥാസ്ഥിതികസമൂഹത്തില്‍ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നതാണ്. സരസ്വതിയമ്മയുടെ രചനകള്‍ മാത്രമല്ല, ജീവിതവും ഈ ആശയത്തോട് ചേര്‍ന്നു നിന്നു. രമണന് എന്ന കാവ്യത്തിനു പകരം രമണി എന്ന കഥയെഴുന്നതോടൊപ്പം കവി ചങ്ങമ്പുഴയെ വഴിയില്‍ പിടിച്ചുനിര്‍ത്തി രമണനിലെ സ്ത്രീവിരുദ്ധതയെ കുറിച്ചു ചോദിക്കാനുള്ള പ്രേരണയും മനഃശക്തിയും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍, അക്കാലത്തെ പുരോഗമനസാഹിത്യപ്രസ്ഥാനങ്ങള് പോലും സരസ്വതിയമ്മയുടെ കഥാഖ്യാനങ്ങളെ അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കുന്നതില്‍ വിമുഖമായിരുന്നു. സ്ത്രീ എന്ന സംവര്‍ഗം സാമൂഹികവ്യവഹാരങ്ങളില്‍ എത്രമാത്രം അന്യമായിരുന്ന ഒരു കാലത്താണ് അവര്‍ വിശ്വാസദാര്‍ഢ്യത്തോടെ തന്റെ സാഹിതീയരചനയില് വ്യാപരിച്ചിരുന്നതെന്നതിന്റെ സൂചനയാണിത്. പുരോഗമനം എന്ന വാക്കു പോലും എത്രമാത്രം പുരുഷാനുഭവങ്ങളില് മാത്രമായി കുടുങ്ങിയിരുന്നു എന്നതിന്റെ തെളിവുമാണത്.
ചോലമരങ്ങള്‍ എന്ന രൂപകം കൊണ്ടാണ് സരസ്വതിയമ്മ കന്യാസ്ത്രീകളെ എഴുതുന്നത്. ”കായ്ക്കുന്നത് കാഞ്ഞിരക്കായയാണെങ്കിലും വേണ്ടില്ല, ഫലവൃക്ഷങ്ങള്‍ ചോലവൃക്ഷങ്ങള്ക്കു മേലെയാണെന്നാണ് വെയ്പ്പ്” എന്നൊരു വാക്യം കഥയില്‍ ലില്ലിക്കുട്ടി – സിസ്റ്റര്‍ ഫിലോമിന ബെനഡിക്ട് ബിയാട്രിസ് – പറയുന്നുണ്ട്. കന്യാസ്ത്രീകള്‍ ഫലവൃക്ഷങ്ങളല്ല, അവര്‍ തണല്‍ നല്കുന്ന വൃക്ഷങ്ങളാണ്. ചോലമരങ്ങള്‍. അവ തണല്‍ നല്കുന്നു. സന്തോഷം നല്കുന്നു. കന്യാസ്ത്രീമരങ്ങള് സ്നേഹവും നല്കുന്നു. മറ്റൊരുവിധത്തില്‍ മഠത്തിലെ കന്യാസ്ത്രീകളെയെന്ന പോലെ സരസ്വതിയമ്മയുടെ ജീവിതവും ചോലമരങ്ങള്ക്കു സമാനമായിരുന്നല്ലോ?
കന്യാസ്ത്രീമഠത്തിലേക്കു കയറിച്ചെല്ലുന്ന കാവിവസ്ത്രധാരി – പൂര്‍വ്വാശ്രമത്തിലെ മധു, ലില്ലിക്കുട്ടിയുടെ കാമുകന് – ചോലവൃക്ഷങ്ങളുടെ തണലിലും തണുപ്പിലും കുളിര്മയിലുമാണ് അങ്ങോട്ടു പ്രവേശിക്കുന്നത്. സുഖശീതളമായ വൃക്ഷച്ഛായ, ചോലമരങ്ങള്‍, ആഞ്ഞിലി വൃക്ഷങ്ങള്‍, ഫലവൃക്ഷങ്ങള്‍ … മരങ്ങളുടെ ഈ വിവരണം കഥയുടെ മുന്നോട്ടുള്ള ഗതിയെ സൂചിപ്പിക്കുന്നതാണ്. പ്രണയികള്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ പഴയൊരു സംഗീതത്തിന്റെ പശ്ചാത്തലവുമുണ്ട്. മഠത്തിലെ ഏതോ മുറിയില്‍ നിന്നും പിയാനോയില്‍ ‘ലീഡ് കൈന്ഡ്ലി ലൈറ്റ്’ എന്ന ഗാനം ഉയരുന്നത് കാവിവസ്ത്രധാരി കേള്‍ക്കുന്നു. ക്രിസ്തുവിന്റെ ചിത്രത്തിനു മുമ്പില്‍ ഈ ഗാനം പാടുന്ന യുവതിയുടെ രൂപം കാവി വസ്ത്രധാരിയില് തെളിയുന്നു. ലില്ലിക്കുട്ടിയുടെയും മധുവിന്റെയും വിവാഹം നല്ല അയല്ക്കാരായിരുന്ന അവരുടെ വീട്ടുകാര്‍ സമ്മതിച്ചിട്ട് നടക്കില്ലെന്നുറപ്പായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു.
സ്ത്രീയെ മാതൃത്വത്തിന്റെയും ശുശ്രൂഷയുടെയും പരിപാലനത്തിന്റെയും വാക്കുകള്‍ കൊണ്ടു ‘ബഹുമാനിക്കുന്ന’ വഴക്കങ്ങള്ക്കപ്പുറത്ത് സ്ത്രീയുടെ സ്വാതന്ത്ര്യമെന്ന സങ്കല്പ്പനത്തിന് ഊന്നല്‍ നല്കിയ സരസ്വതിയമ്മയുടെ കഥയിലെ കഥാപാത്രങ്ങളായ മധുസൂദനനും ലില്ലിക്കുട്ടിക്കും ഇടയിലെ തുല്യനില കഥാകാരിയുടെ ആദര്‍ശവും അഭിലാഷവും ആയിരുന്നു. കാവിവസ്ത്രധാരിക്കും മഠത്തിലെ മദറിനും ഇടയിലെ സംഭാഷണങ്ങളിലൂടെയാണ് കഥ എഴുതപ്പെടുന്നത്. അവര്‍ക്കിടയില്‍ ഉച്ച-നീചഭേദങ്ങള് നാം കാണുന്നില്ല. പരസ്പരം പ്രകടിപ്പിക്കുന്ന ആദരവ് സംഭാഷണങ്ങളില്‍ കേള്‍ക്കാം. എന്നാല്‍, വിമര്‍ശനങ്ങളും കുറ്റാരോപണങ്ങളും ഉയര്‍ത്തുന്ന സന്ദര്‍ഭങ്ങളും ഇവര്‍ക്കിടയിലെ സംഭാഷണത്തിലുണ്ട്. കാശിനു കൊള്ളാത്തവനെന്നും പേടിത്തൊണ്ടനെന്നും – പണ്ട് ലില്ലിക്കുട്ടി മധുസൂദനനെ വിശേഷിപ്പിച്ച വാക്കുകള്‍ ഓര്‍മ്മയിലേക്കു വരുന്നു. ലില്ലിക്കുട്ടിയുടെ പ്രേമം ഏറ്റുവാങ്ങാന്‍ കരുത്തില്ലാതിരുന്ന കാമുകനായി മധുസൂദനന് അവതരിപ്പിക്കപ്പെടുന്നു. സ്ത്രീകള്‍ക്കു കുടുംബത്തിന്റെ പല വിലക്കുകളുമുണ്ട്. എല്ലാ കടമ്പകളും മറികടന്നു പുറത്തുചാടാന്‍ അവള് സന്നദ്ധയായിരുന്നു. മധുവിന്റെ ദൗര്‍ബ്ബല്യങ്ങള്‍ അതിനെ തടഞ്ഞു. ഒരുമിച്ചു ജീവിക്കാന്‍ തന്റേടവും ആത്മവിശ്വാസവും വേണമെന്നാണ് ലില്ലിക്കുട്ടി മധുവിനോടു പറയുന്നത്. കഥയെ ബാഹ്യയാഥാര്‍ത്ഥ്യത്തോട് ചേര്‍ത്തുവച്ചാല്‍ പുരുഷാധിപത്യവ്യവസ്ഥ പുരുഷന്റെ ദൗര്‍ബ്ബല്യത്തിന്റെ കൂടി സൃഷ്ടിയാണെന്ന നിരീക്ഷണം വായിക്കാം. ബലഹീനനായ പുരുഷനാണ് അധികാരഭാവം പ്രകടിപ്പിക്കുന്നതെന്ന വ്യത്യസ്തവും സവിശേഷമാനങ്ങള്‍ ഉള്ളതുമായ വിമര്‍ശനം ഉയരുന്നതും കേള്‍ക്കാം. വ്യവസ്ഥാപിതമായിക്കഴിഞ്ഞ പുരുഷാധിപത്യത്തിലും ഈ ദൗര്‍ബ്ബല്യങ്ങള്‍ തെളിയുന്ന സന്ദര്‍ഭങ്ങളുണ്ട്.
ഈ കഥയില്‍, പഴയ കാമുകര്ക്കിടയിലെ സംഭാഷണങ്ങള്‍ നര്മ്മത്തിലോ ഫലിതത്തിലോ ഹാസ്യത്തിലോ പൊതിഞ്ഞിരിക്കുന്നു. തന്റെ കഥാപാത്രങ്ങള്‍ക്കിടയിലെ സ്നേഹവിശ്വാസങ്ങളെയും പുറത്തെ പുരുഷാധികാരസമൂഹത്തെയും ഒരേ സമയം പരിചരിക്കുന്നതിന് കഥാകാരി അനുവര്‍ത്തിക്കുന്ന ഭാഷാശൈലിയാണിത്. അത് വൈരുദ്ധ്യങ്ങളെ കാണുന്നു, വിമര്‍ശിക്കുന്നു. മുന്നോട്ടുള്ള ഗതിയില്‍ ആവശ്യമായതാണത്. അതോടൊപ്പം ജീവിതത്തിലെ ആകസ്മികതകളെയും സന്ദിഗ്ദ്ധസ്ഥിതികളെയും നിസ്സഹായാവസ്ഥകളെയും അറിയുന്നവരെ പോലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നു. ഇപ്പോള്‍ തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും പഴയ കാമുകര്‍ പരസ്പരം പ്രശംസിക്കുന്നു. വരും ജന്മങ്ങളെ കുറിച്ചൊക്കെ പറയുന്നുണ്ടെങ്കിലും തങ്ങളുടെ ജന്മങ്ങള് നിഷ്ഫലമായില്ലെന്ന തോന്നല്‍ അവരില്‍ ജനിക്കുന്നത് നാം അറിയുന്നു. പ്രണയം സഫലമായില്ലെങ്കിലും വ്യത്യസ്തമായ വഴികളിലൂടെ ആ മനസ്സുകള്‍ അഗതികള്‍ക്കായുള്ള സേവനത്തിലൂടെയും മറ്റും ഒരേ ദിശയിലാണ് സഞ്ചരിച്ചതെന്നു ഗ്രഹിക്കുന്നു. മനസ്സുകളുടെ ഐക്യമെന്ന പോലെ ലോകത്തോടും ജീവീതത്തോടുമുള്ള പ്രേമവും ഇപ്പോഴും നിലനില്‍ക്കുന്നതായി പരസ്പരം അനുഭവിക്കുന്നു. അവരുടെ ഉള്ളങ്ങള്‍ അതില്‍ സന്തോഷിക്കുന്നത് നാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നു.
ചോലമരങ്ങള്‍ എന്ന കാവ്യാത്മകമായ രൂപകം പോലെ വായനക്കാരുടെ ശ്രദ്ധയെ പെട്ടെന്ന് ആകര്‍ഷിക്കുന്ന ചില സംഭാഷണങ്ങള്‍ ഈ കഥയില്‍ നിന്നും കണ്ടെടുക്കാം.
”പ്രേമം ഒരു തെറ്റായിട്ടല്ലേ അതിങ്ങനെ മറച്ചുവയ്ക്കേണ്ടി വരുന്നത് ?”
”മറയ്ക്കേണ്ടി വരുന്നതൊക്കെ തെറ്റാണെങ്കില്‍ നമ്മുടെ ശരീരം ഒരു മഹാതെറ്റാണ്”
”അതെ. ഇപ്പോഴെങ്കിലും മനസ്സിലായോ, ഞങ്ങളതിനെ കൂടുതല്‍ കൂടുതല്‍ തുണി കൊണ്ട് മൂടിക്കെട്ടുന്നത് എന്തിനെന്ന്?”
”ശരീരം തെറ്റല്ലെന്നു വിചാരിക്കുന്ന ഹിന്ദുസന്യാസിമാര്‍ പടിപടിയായി ദിഗംബരത്വത്തിലേക്കാണല്ലോ പോക്ക്! സൂട്ടില് പൊതിഞ്ഞുനടന്നയാള് ഉടുപ്പിടാതായതും അങ്ങനെയായിരിക്കാം.”
പ്രണയവും ശരീരവും തെറ്റുകളാണോയെന്ന ചോദ്യമുയര്‍ത്തുന്ന ഈ സന്ദര്‍ഭം സമൂഹത്തിന്റെ സദാചാരവിലക്കുകളെ പരോക്ഷമായി പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ശരീരവും പ്രണയവും – ലൗകികജീവിതത്തെ സൗന്ദര്യപൂരിതമാക്കുന്ന കാമനാസ്ഥലികളെ യാഥാസ്ഥിതികത്വം എപ്പോഴും സംശയത്തോടെ മാത്രം നോക്കുന്നു. സൗന്ദര്യവും സന്തോഷവും യാഥാസ്ഥിതികത്വത്തിന് എപ്പോഴും അപ്രിയകരമായ കാര്യങ്ങളായിരുന്നു. ധാര്‍മ്മികതയുടെ പേരിലാണ് അത് കാമനകളുടെ നിരോധനത്തെയും നിയന്ത്രണങ്ങളെയും കുറിച്ചു പറയുന്നതെങ്കിലും സൂക്ഷ്മവികലനത്തില് യാഥാസ്ഥിതികത്വത്തിന്റെ സദാചാരസങ്കല്പ്പങ്ങള് ധര്‍മ്മവിരുദ്ധമാണ്. പൊതിഞ്ഞു സംരക്ഷിക്കുന്ന ഉടലിനെയും ദിഗംബരത്വത്തെയും സൂചിപ്പിക്കുന്ന സംഭാഷണങ്ങള്‍ ഏകപക്ഷീയതകളിലെ(extremities)ത്തുന്ന തീവ്രസമീപനങ്ങളുടെയും സ്വാതന്ത്ര്യനിരാസങ്ങളുടെയും വിമര്‍ശനമാണ് നിര്‍വ്വഹിക്കുന്നത്. എന്തുകൊണ്ട് ഉചിതമായ ഒരു മാര്‍ഗ്ഗം അസാദ്ധ്യമായിരിക്കുന്നുവെന്ന ഖേദവും ഇവിടെ പ്രകടമായിരിക്കുന്നു.

പില്ക്കാലത്തെ സ്ത്രീവാദചിന്തകളില് പ്രത്യക്ഷപ്പെട്ട സത്താവാദ*പരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതിനെ കുറിച്ചാലോചിക്കാനോ അങ്ങനെയൊന്നില്‍ എത്തിപ്പെടാനോ കഴിയുന്ന സാമൂഹികമായ സാഹചര്യങ്ങളിലായിരുന്നില്ല, സരസ്വതിയമ്മയുടെ കാലത്തെ സ്ത്രീജീവിതം. അതുകൊണ്ടുതന്നെ, സ്ത്രീവാദപരിപ്രേക്ഷ്യം മെച്ചമായതിനാല്‍ ഫെമിനിസ്റ്റുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ശാസ്ത്രജ്ഞരാകാന്‍ കഴിയും എന്നവകാശപ്പെടുന്ന പെണ്ശാസ്ത്രവാദികളെ പോലെയോ കമിതാവിനെ തൂക്കിലേറ്റുന്നതാണു പരിഹാരമെന്നു കണ്ടെത്തുന്ന നോവലിസ്റ്റിനെ പോലെയോ സത്താവാദത്തില്‍ വിഹരിക്കുന്ന നിലപാടുകളിലൂടെ ‘ഫെമിനിസത്തിന്റെ അനിവാര്യമായ വിജയ’ത്തെ ആഘോഷിക്കാന്‍ സരസ്വതിയമ്മയ്ക്കു ചരിത്രപരമായി തന്നെ കഴിയുമായിരുന്നില്ല. ‘ചോലമരങ്ങളി’ല്‍ അങ്ങനെയൊരു വ്യതിചലനം നാം വായിക്കുന്നുമില്ല!
കെ. സരസ്വതിയമ്മയുടെ കഥകള്‍ (സമ്പൂര്‍ണ്ണം)
രചന : സരസ്വതിയമ്മ
പ്രസാധനം : ഡി.സി. ബുക്സ്, കോട്ടയം
വില : 450 രൂപ







No Comments yet!