Skip to main content

ജീവന്‍റെ ഉടമസ്ഥന്‍ ആരാണ്?

ഉള്ളു തുറന്ന്, അനായാസം എഴുതണമെന്ന് ആഗ്രഹിക്കുന്ന കഥയെഴുത്തുകാരുണ്ട്. മലമുകളില്‍ നിന്നുള്ള ജലപ്രവാഹം പോലെ വാക്കുകള്‍ ഒഴുകിവരുന്നതിന് ആഗ്രഹിക്കുന്നവര്‍.  ഇവരുടെ കഥകളില്‍ നാട്ടുമൊഴികളും നാട്ടുജീവിതവും ഭാഷയുടെ പ്രാദേശികഭേദങ്ങളും സ്വാഭാവികതയോടെ കടന്നുവരാം. വായനക്കാരന്‍ ഏതോ ആകര്‍ഷണവലയത്തില്‍ പെട്ടവനെ പോലെ തടസ്സങ്ങളേതുമില്ലാതെ വായിക്കാന്‍ തുടങ്ങുന്നു. മലയാളത്തിലെ പുതിയ നിരയില്‍പ്പെട്ട കഥാകാരന്മാരിൽ ശ്രദ്ധേയനായ വിനോയ് തോമസിന്റെ പല കഥകളും, പ്രത്യേകിച്ചും ആദ്യകാലത്തെ കഥകള്‍, അനായാസമായും അസാധാരണമായും തുറന്നെഴുതി വിജയിക്കുന്ന കഥകളാണ്. ഈ ലേഖനം വിനോയ് എഴുതിയ  ‘ഉടമസ്ഥന്‍’ എന്ന കഥയിലേക്കു പ്രവേശിക്കാനുള്ള ഒരു ശ്രമമാണ്.

ജീവന്‍റെ ഉടമസ്ഥൻ ആരാണ്? എന്ന ചോദ്യം ഉയര്‍ത്തുന്ന ഒരു കഥയാണ് വിനോയ്തോമസ് എഴുതുന്നത്. നായ്ക്കളാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങള്‍, പാപ്പച്ചന്‍ എന്ന അധികാരിയും. തന്‍റെ വീട്ടിലെ നായ്ക്കളുടെ ഉടമസ്ഥനായി സ്വയം ഭാവിക്കുന്ന പാപ്പച്ചൻ അവയുടെ ജീവന്‍റെ കൂടി ഉടമസ്ഥനായി മാറിത്തീരുകയും തന്‍റെ താല്‍പ്പര്യങ്ങൾക്കു വഴങ്ങാതെ വരുമ്പോൾ അവയുടെ ജീവനെടുക്കുകയും ചെയ്യുന്നു. പാപ്പച്ചൻ തന്‍റെ വീട്ടിൽ വളർത്തുന്ന നാലു നായ്ക്കളെ കൊന്നുകളയുന്നതിന്‍റെ വിശദാംശങ്ങളോടെയുള്ള വിവരണങ്ങൾ വിനോയിയുടെ കഥയിൽ വായിക്കാം.

വിനോയ് തോമസ്

ചെമ്പൻ എന്ന നായയെ അവന്‍റെ ധൈര്യവും ചുറുചുറുക്കും കണ്ടാണ് പാപ്പച്ചൻ കൂടെ കൂട്ടുന്നതെങ്കിലും അയാൾക്ക് ഹിതകരമല്ലാത്ത രീതിയിൽ അവൻ ഓരിയിടാൻ തുടങ്ങുമ്പോൾ
മുള്ളുചൂരല്‍ കൊണ്ട് അടിക്കുകയും പിന്നെ കൊന്നുകളയുകയും ചെയ്യുന്നു. പള്ളിമണികൾ കേൾക്കുമ്പോഴാണ് ചെമ്പൻ ഓരിയിടുന്നത്. ചെമ്പന്‍റെ കൂകല്‍ മുദ്രാവാക്യം വിളി പോലെയാണ് പാപ്പച്ചനു തോന്നിയത്. ഇരുമ്പു കൊണ്ടുണ്ടാക്കിയ കൂടം കൊണ്ട് ചെമ്പന്‍റെ തലയിലടിച്ച് അവനെ പാപ്പച്ചൻ കൊല്ലുന്നു. തന്‍റെ ഇച്ഛയ്ക്കൊത്തു വളരാത്ത നായകളെയെല്ലാം കൊന്ന് തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചുമൂടുന്നു. ലീലാമ്മയുടെ വീട്ടിൽ നിന്നും പാപ്പച്ചൻ കൊണ്ടുവരുന്ന റാണി എന്ന പെൺപട്ടി ഒരു ചാവാലിപ്പട്ടിയോടു ഇണചേരുന്നതു കണ്ടത്  പാപ്പച്ചന് അസഹനീയമായിരുന്നു. അയാളിലെ സദാചാരവാദി ഉണരുന്നു. അയാള്‍ റാണിയേയും കൊല്ലുന്നു. അട്ടയോലിമലയിലെ അവിരായുടെ വീട്ടിൽനിന്ന് കൊണ്ടുവന്ന ചാന്നന്‍ എന്ന നായ പറമ്പിന്‍റെ നല്ല സൂക്ഷിപ്പുകാരനായിരുന്നെങ്കിലും പാപ്പച്ചൻ നൽകുന്ന തീറ്റ നിഷേധിച്ച്, രാത്രിയിൽ കശാപ്പുശാലകളുടെ മുന്‍പില്‍ ചെന്ന് കശാപ്പുകാരന്‍ പുറത്തേക്കറിയുന്ന ഇറച്ചിത്തുണ്ടങ്ങള്‍ തിന്നുന്നതറിയുന്ന ഉടമസ്ഥന്‍ അവനെതിരാകുന്നു. ഉടമസ്ഥൻ നൽകുന്ന തീറ്റ നിഷേധിക്കുന്ന നായ ഉടമസ്ഥനിൽ നിന്നും സ്വതന്ത്രനാണെന്ന് പാപ്പച്ചൻ കരുതി.  ഒരു ചടച്ചി മരത്തിന്‍റെ കൊമ്പിൽ എറിഞ്ഞു തൂക്കിയ കയറിന്‍റെ അറ്റത്തുണ്ടാക്കിയ കൊലക്കരുക്ക് ചാന്നന്‍റെ   കഴുത്തിലിട്ടു വലിച്ചുകയറ്റിയാണ് പാപ്പച്ചൻ അവനെ കൊല്ലുന്നത്.

ചെകിര്യ കുറിച്ച്യകോളനിയിൽ നിന്ന് കറുപ്പും വെളുപ്പും പാടുകളുള്ള ചന്തു എന്ന നായയെയാണ് പാപ്പച്ചന്‍ പിന്നെ  കൊണ്ടുവരുന്നത്. പറമ്പില്‍ കയറുന്ന ഏതു ജീവിയേയും – അണ്ണാനെയും മുയലിനെയും ഒക്കെ – ചന്തു പിടിച്ചു പാപ്പച്ചന്‍റെ മുന്നിലിടുമായിരുന്നു. പാപ്പച്ചന്‍റെ കുടുംബത്തിന്‍റെ ഭക്ഷണമേശയില്‍  മാംസാഹാരം നിറഞ്ഞു. ചന്തു ഒരു ഈനാംപേച്ചിയെ പിടിക്കാൻ പോയി പരാജയപ്പെടുന്നു. ഉടമസ്ഥനു വേണ്ടിയാണ് താൻ ഈനാംപേച്ചിയെ പിടിക്കുന്നതെന്നു പറയുന്ന അവനോട് ‘ജീവന്‍റെ ഉടമസ്ഥൻ ആരാണ്?’ എന്ന ചോദ്യം ഈനാംപേച്ചി ഉയർത്തുന്നു. ഈനാംപേച്ചിയില്‍ നിന്നും അറിവും ധർമ്മവും ഗ്രഹിക്കുന്ന ചന്തു പിന്നെ അണ്ണാനെയും മുയലിനെയും  പോലും പിടിച്ചില്ല. ഇപ്പോള്‍, ചന്തുവിനും പാപ്പച്ചൻ കൊലക്കയർ വലിച്ചു.

പിന്നെ, കുശാല്‍ നഗറിലെ തിബറ്റന്‍ കോളനിയില്‍ ബുദ്ധസന്യാസിമാരുടെ സുവർണ്ണക്ഷേത്രത്തിനടുത്തുള്ള ആശ്രമത്തിൽ നിന്നും അമിച്ചനെ പാപ്പച്ചൻ വീട്ടിലേക്ക് കൊണ്ടുവന്നു. അമിച്ചന് ബുദ്ധന്‍റെ ധ്യാനം, സസ്യാഹാരം, എല്ലാറ്റിനോടും സഹാനുഭൂതി. അതു നായയ്ക്കു ചേർന്നതല്ലെന്ന് പാപ്പച്ചൻ. മകള്‍ ആൻസിയയുടെ കൈവിരലില്‍ മുറിവുണ്ടാക്കി അത് ബലമായി അമിച്ചന്‍റെ വായിൽ തിരുകി അവൻ ഹിംസ്രജന്തുവായി മാറിയിട്ടുണ്ടോയെന്നു പരീക്ഷിക്കുന്നുണ്ട്, പാപ്പച്ചൻ. ആന്‍സിയ അമിച്ചനെ കൂടു തുറന്നുവിട്ട് സ്വതന്ത്രനാക്കുന്നു.  അവൻ പാപ്പച്ചന്‍റെ  മുന്നിൽ പെടാതെ നടന്നു. പിന്നെ, ആ കൈകളിൽ അകപ്പെട്ടു.

പാപ്പച്ചൻ തെരഞ്ഞെടുത്തു വീട്ടിലേക്കു വളര്‍ത്താന്‍ കൊണ്ടുവരുന്ന നായ്ക്കളില്‍ ആണ്‍നായ്ക്കളും പെൺനായ്ക്കളുമുണ്ട്. അയാള്‍ നായ്ക്കളെ തെരഞ്ഞെടുക്കുന്നത് പലയിടങ്ങളിൽ നിന്നാണ്.
പല സംസ്കാരയിടങ്ങളിൽ നിന്നാണ് നായ്ക്കൾ വരുന്നതെന്നു കാണാം. തെരുവിൽ നിന്നും ആദിവാസികളായ കുറിച്യരുടെ കോളനിയിൽ നിന്നും
അയാൾ ബന്ധുത്വം ആഗ്രഹിക്കുന്നവരുടെ വീട്ടിൽ നിന്നും
ബുദ്ധമതക്കാരുടെ കോളനിയിൽ നിന്നും ഒക്കെ  പാപ്പച്ചൻ നായ്ക്കളെ വീട്ടിലേക്കു വളർത്താനായി കൊണ്ടുവരുന്നുണ്ട്. ഇവ ഒന്നിനോടും ഉടമസ്ഥനായ പാപ്പച്ചനു യോജിച്ചുപോകാൻ കഴിയുന്നില്ല. കൊലയ്ക്കു കൊതിക്കുന്ന അധികാരിയുടെ സംസ്കാരത്തിന് ജനതയുടെ സംസ്കാരത്തോട് ഒരിക്കലും ചേര്‍ന്നുനില്‍ക്കാനാവില്ല. നായ്ക്കൾ പുലർത്തുന്ന ശൗര്യം, സ്നേഹം, സഹാനുഭൂതി, സഹജമായ ലൈംഗികവാഞ്ഛ, ജ്ഞാനബോധം ഇവയൊന്നും പാപ്പച്ചനു സഹനീയമാകുന്നില്ല.
ഇവയെല്ലാം തന്‍റെ താൽപ്പര്യങ്ങൾക്കോ ഇംഗിതങ്ങള്‍ക്കോ അധികാരത്തിനോ വിരുദ്ധമാണെന്ന് അയാൾ കരുതുകയും ഉടമസ്ഥതയുടെ ബലത്തിൽ അവയെ കൊന്നുകളയുകയും ചെയ്യുന്നു.

നായ്ക്കളുടെ ഉടമസ്ഥനായി ഭാവിച്ച്  പാപ്പച്ചന്‍ പ്രകടിപ്പിക്കുന്ന അധികാരത്തിന്‍റെ കഥ എന്നതിലുപരി വിനോയ് തോമസ് പറയുന്നത്
ഒരു രൂപകമാണെന്നും നമ്മുടെ സാമൂഹികജീവിതത്തില്‍ പ്രത്യക്ഷപ്പെടുന്ന അധികാരപ്രമത്തതയുടെയും ഉടമസ്ഥതാബോധത്തിന്‍റെയും മൂലകങ്ങളെയാണ് കഥ വെളിപ്പെടുത്തുന്നതെന്നും വായനക്കാരനു പെട്ടെന്നു തന്നെ മനസ്സിലാകും. ഈ കഥയിലെ കഥാപാത്രങ്ങൾ പാപ്പച്ചനും നായ്ക്കളും മാത്രമല്ലെന്നു കൂടി നാം ഓർക്കണം. പാപ്പച്ചന്‍റെ പെൺമക്കൾ ഈ കഥയിൽ വളരെ സവിശേഷമായ സ്ഥാനം വഹിക്കുന്നുണ്ട്.

അവർ മിക്കവാറും പ്രാർത്ഥനയിൽ കഴിയുന്നവരാണ്. അവർ എന്താണ് പ്രാർത്ഥിക്കുന്നതെന്ന് ആലോചിക്കാന്‍ നാം പ്രേരിതരാകുന്നു. അവർ നായ്ക്കളോടു സഹഭാവം പുലർത്തുകയും ആ ജീവികളുടെ വിധിയിൽ ദുഃഖിക്കുകയും ചെയ്യുന്നവരാണ്. പലരീതികളിൽ നായ്ക്കളെ രക്ഷപ്പെടുത്താൻ അവര്‍ ശ്രമിക്കുന്നുമുണ്ട്. ‘അതെവിടെയെങ്കിലും പോയി ജീവിച്ചോട്ടെ’ എന്ന് പറയുന്ന സന്ദർഭങ്ങളുണ്ട്. പാപ്പച്ചന്‍ ഇരുമ്പുകൂടം കൊണ്ടു തലയ്ക്കടിച്ചും മരത്തില്‍ കെട്ടിത്തൂക്കിയും കൊല്ലുന്ന നായ്ക്കൾക്കു വേണ്ടി അവര്‍ക്കു കുഴിയെടുക്കേണ്ടി വരികയും ചെയ്യുന്നു. അവർ പാപ്പച്ചന്‍റെ അധികാരത്തിനും രക്ഷാകര്‍ത്തൃത്വമനോഭാവത്തിനും കീഴിൽ വളരെ നിസ്സഹായമായ ഒരു ജീവിതമാണ് ജീവിച്ചുതീർക്കുന്നത്. നായ്ക്കളുടെ കഥയിലൂടെ അവരുടെ ജീവിതത്തെക്കുറിച്ചു കൂടി കഥാകൃത്ത് ധ്വനിപ്പിക്കുന്നുവെന്നു പറയണം. കൊല ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത, സഹാനുഭൂതി ഇല്ലാത്ത, അനുതാപമില്ലാത്ത, നികൃഷ്ടമായ സദാചാരബോധം പുലർത്തുന്ന പുരുഷന്‍റെ ഉടമസ്ഥതയ്ക്കു കീഴിലാണ് അവർക്കും കഴിയേണ്ടി വരുന്നത്. നായ്ക്കളെ പോലെ തന്നെ അവരും ഇതരരൂപങ്ങളിൽ കൊലചെയ്യപ്പെട്ടവരോ കൊല ചെയ്യപ്പെടുന്നവരോ ആണ്. നായ്ക്കളുടെ വിധി അവരെയും മറ്റു രീതികളിൽ കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ക്കറിയാം. അതില്‍ നിന്നും രക്ഷ നേടാനാകണം അവര്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നത്.

അധീശത്വത്തിന്‍റെ പ്രത്യയശാസ്ത്രോപകരണം എന്നു വിളിക്കാവുന്ന കുടുംബം പുറത്തേക്ക് അധികമൊന്നും ദൃശ്യമാകാത്ത രീതിയിൽ അധികാരത്തിന്‍റെ നൃശംസതയെ പേറുന്നുണ്ട്. അടക്കിപ്പിടിച്ച വൈരുദ്ധ്യങ്ങളുടെ ലോകമാണത്. ആചാരങ്ങൾ കൊണ്ട്, രക്തബന്ധങ്ങൾ പോലുള്ള ബന്ധനങ്ങൾ കൊണ്ട്, അബോധത്തിൽ കുടിയേറ്റിയ പഴഞ്ചന്‍ വിശ്വാസങ്ങൾ കൊണ്ട് സമവായത്തിലാക്കി പ്രവർത്തിക്കുന്ന സമൂഹസ്ഥാപനമാണത്. ഇതൊരു പ്രത്യയശാസ്ത്ര രാഷ്ട്രഉപകരണവുമാണ്. കുടുംബത്തിലേക്കുള്ള ചിന്താസഞ്ചാരങ്ങള്‍ ഏറെ ആശയദൃഢതയും കൃത്യതയും ആവശ്യപ്പെടുന്നതാണ്. പാപ്പച്ചന്‍റെ കുടുംബത്തില്‍ അയാളും പെൺമക്കളും തമ്മിലുള്ള ബന്ധത്തെയും ഒരു അഴിച്ചുകാണലിനു വിധേയമാക്കിയാല്‍ ഭീതിദമായ നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടും. പാപ്പച്ചനും നായ്ക്കളും തമ്മിലുള്ള ബന്ധം അയാളും കുടുംബവും തമ്മിലുള്ള ബന്ധത്തിന്‍റെ മറ്റൊരു രൂപമാണ്.

‘ഉടമസ്ഥൻ’ എന്ന കഥ ബൈബിൾ വചനങ്ങളും പ്രാർത്ഥനാ വാക്യങ്ങളും എഴുതിക്കൊണ്ടാണ്  ആരംഭിക്കുന്നത്. ”അങ്ങനെ ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു… കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകലജീവികളുടെയും മേല്‍ നമുക്ക് ആധിപത്യമുണ്ടായിരിക്കട്ടെ.” ദൈവസങ്കല്‍പ്പനത്തില്‍ പുരുഷ-പിതൃഭാവങ്ങള്‍ കൂടിക്കുഴഞ്ഞു കിടക്കുന്നുണ്ട്. എങ്കിലും, സകലജീവികളുടെയും മേല്‍ മനുഷ്യന് ദൈവം അധികാരം നല്‍കിയതായി ബൈബിള്‍ പറയുന്നുണ്ടെങ്കിലും, ജീവന്‍റെ ഉടമസ്ഥന്‍ മനുഷ്യനാണെന്ന് സത്യവേദപുസ്തകം പറയുന്നതായി ഈ വാക്യങ്ങള്‍ ഉറപ്പിക്കുന്നില്ല. പക്ഷേ, നൃശംസാധികാരത്തിന് അങ്ങനെ വ്യാഖ്യാനിക്കാന്‍ കഴിയും. പുരുഷമനുഷ്യനിലെ അധികാരഭാവം ഭൂമിയിലെ  ജീവന്‍ തന്‍റെ ഉടമസ്ഥതയിലാണെന്ന് എക്കാലവും വ്യാഖ്യാനിച്ചുപോന്നു. പാപ്പച്ചനില്‍ ഇതു തന്നെയാകണം നാം വായിക്കുന്നത്.

കഥയുടെ തുടക്കത്തിലെന്ന പോലെ അന്ത്യത്തിലും പ്രാര്‍ത്ഥനകള്‍ കടന്നുവരുന്നു. പാപ്പച്ചന്‍റെ പെണ്‍മക്കള്‍ അയാള്‍ അറിയാതെ പഠിച്ചുവച്ച മരണപ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു. പാപ്പച്ചന്‍റെ മരണം അമിച്ചനെന്ന നായയ്ക്കു മാത്രമല്ല, മര്‍ഗരീത്തയ്ക്കും ആന്‍സിയയ്ക്കും ജസീന്തയ്ക്കും ആശ്വാസവും സാന്ത്വനവും ആണ്. പ്രാര്‍ത്ഥന നിസ്സഹായരുടെ പ്രതിരോധത്തിന്‍റെ മുഖ്യരൂപമാണല്ലോ? നിരാധാരര്‍ക്ക് ആധാരം. ഹൃദയമില്ലാത്ത ലോകത്തിലെ ഹൃദയം. കനിവില്ലാത്ത ലോകത്തിലെ കനിവ്. ലോകത്തിന് യഥാര്‍ത്ഥ ഹൃദയവും കനിവും ഉണ്ടാകുന്നതു വരെ പ്രാര്‍ത്ഥന തുടരും. വിനോയ് തോമസിന്‍റെ കഥയിലെ പ്രാര്‍ത്ഥനാദൃശ്യങ്ങള്‍ അധികാരവിമര്‍ശം എന്നതിന്നപ്പുറത്ത് വ്യത്യസ്തമായ മാനങ്ങളും വ്യാഖ്യാനസാദ്ധ്യതകളും നല്‍കുന്നതാണ്. ‘ജീവന്‍റെ ഉടമസ്ഥന്‍ ആരാണ്?’ എന്ന ഈനാംപേച്ചിയുടെ ചോദ്യം കഥയുടെ കാതലായി മാറുന്നു. ജീവന്‍റെ അസ്തിത്വത്തെ സംബന്ധിക്കുന്ന, ആത്മീയമാനങ്ങളുള്ള ചോദ്യമായി അത് അനുഭവപ്പെടുന്നു. കഥാകാരന്‍റെ പ്രത്യയശാസ്ത്രം അതിന് വ്യംഗ്യരൂപത്തില്‍ ഉത്തരം നല്‍കുന്നു.

വിനോയ് തോമസ് ഒരു ദൈവവിശ്വാസിയാണ്.  ചിലപ്പോൾ, നേരിട്ടുള്ള വ്യക്തിജീവിതത്തിൽ നിന്ന് ഇതു കണ്ടെടുക്കാൻ കഴിഞ്ഞേക്കുമെങ്കിലും അദ്ദേഹത്തിന്‍റെ മിക്കവാറും രചനകളിൽ നിന്നും വളരെ പ്രത്യക്ഷമായി വായിച്ചെടുക്കാൻ കഴിയുന്ന ഒരു കാര്യമല്ല ഇത്.  ദൈവവിശ്വാസപ്രേക്ഷണത്തിനായിട്ടല്ല അദ്ദേഹം കഥകളെഴുതുന്നതെന്നു തീര്‍ച്ച! കഥകളുടെ പ്രത്യക്ഷത്തില്‍ എപ്പോഴും വായിച്ചെടുക്കേണ്ട കാര്യവുമല്ല അത്. അങ്ങനെയൊരു പ്രഖ്യാപിത ലക്ഷ്യം വിനോയിയുടെ കഥകള്‍ക്കില്ല. മറിച്ച്, പലപ്പോഴും ക്രിസ്തീയ സഭയ്ക്കും പള്ളിക്കും പുരോഹിതന്മാര്‍ക്കും സഭയുടെ ആചാരവിശ്വാസങ്ങൾക്കുമെതിരെ വിമര്‍ശനങ്ങളുമായി വിനോയിയുടെ കഥാലോകം സഞ്ചരിക്കുന്നതു കാണാം.


‘പുറ്റ്’ എന്ന നോവലിൽ മതവിശ്വാസം കെട്ടിയേല്‍പ്പിക്കുന്ന ലൈംഗികസദാചാരങ്ങളുടെ തടങ്കലിൽ പെട്ടു ജീവിക്കുന്ന മനുഷ്യരുടെ ധർമസങ്കടങ്ങളുടെ കഥ എഴുതുമ്പോള്‍ മതമെന്ന സ്ഥാപനം രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. രചനകളില്‍ പലപ്പോഴും വിമതശബ്ദമാണ് അയാൾ ഉയര്‍ത്തുന്നത്. ഈ വിമതത്വം മതസ്ഥാപനങ്ങളോടു മാത്രമല്ല, മതേതരപൊതുമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്ന ബുദ്ധിജീവിനാട്യങ്ങളോടും അയാള്‍ പുലര്‍ത്തുന്നു. മതത്തോടു പുലര്‍ത്തുന്ന വിമതമനോഭാവം ദൈവനിഷേധപരമല്ലെന്ന് അദ്ദേഹത്തിന്‍റെ രചനകള്‍ സാക്ഷ്യം പറയുമെന്നു കരുതുന്നത് സുബദ്ധമാണ്. മതത്തെ നിരന്തരം വിമർശനങ്ങൾക്കു വിധേയമാക്കുമ്പോഴും വിനോയ് തന്‍റെ ദൈവവിശ്വാസം കൈവെടിയുന്നില്ലെന്നുറപ്പിക്കാവുന്ന തെളിവുകള്‍
രചനകളില്‍ മുദ്രിതമായേക്കാം. എഴുത്തുകാരന്‍റെ പ്രത്യയശാസ്ത്രലോകങ്ങളുടെ അടയാളങ്ങള്‍ പൂര്‍ണ്ണമായും അസന്നിഹിതമാകുന്ന രചനകള്‍ അസാദ്ധ്യമാണ്. ഈ കഥയില്‍ കഥാകാരന്‍ തന്നെ ഉയര്‍ത്തിയെടുക്കുന്ന ”ജീവന്‍റെ ഉടമസ്ഥന്‍ ആരാണ്?” എന്ന ചോദ്യത്തിന് തന്‍റെ പ്രത്യയശാസ്ത്രത്തില്‍ നിന്നുകൊണ്ട് വിനോയ് ഉത്തരം ചമയ്ക്കുന്നു.

നായ്ക്കളുടെ ഉടമസ്ഥൻ താനാണെന്ന, അവയുടെ ജീവനെയും താൻ നിശ്ചയിക്കുമെന്ന, പാപ്പച്ചന്‍റെ ദൃഢമായ ഉറപ്പിനപ്പുറത്തേക്ക് കഥയുടെ ഗതി പെട്ടെന്ന് തിരിഞ്ഞു പോകുന്നതു നാം കാണുന്നു. അമിച്ചനെ പുഴയിൽ മുക്കികൊല്ലാൻ പോകുന്ന പാപ്പച്ചൻ നിന്നിരുന്ന പുൽത്തകിടി പുഴയിലേക്ക് ഇടിഞ്ഞു വീഴുന്നതും പാപ്പച്ചനൊപ്പം വെള്ളത്തിൽ വീണ അമിച്ചൻ നീന്തിത്തുടിച്ചു കരയ്ക്കു കയറുന്നതും നാം വായിക്കുന്നു. ഇപ്പോള്‍, ആൻസിയും മർഗരീത്തയും മരണത്തിന്‍റെ പ്രാർത്ഥനകൾ ആവേശത്തോടെ ചൊല്ലുന്നു. പാപ്പച്ചന്‍റെ ഉറപ്പിനെ ‘ഇടിഞ്ഞു പുഴയിലേക്കു വീഴുന്ന പുൽത്തകിടി’യെന്ന യാദൃച്ഛികത മറികടക്കുന്നു. ഈ യാദൃശ്ചികത ദൈവമല്ലാതെ മറ്റെന്താണ്? ജീവന്‍റെ ഉടമസ്ഥര്‍ അധികാരഭാവം പേറുന്ന നികൃഷ്ടതയല്ലെന്നു ഈ കഥ പറഞ്ഞുവയ്ക്കുന്നു.

ദൈവവിശ്വാസികള്‍ക്കെങ്കിലും ഈ യാദൃശ്ചികത ദൈവമാണ്. ആരുമില്ലാത്തവരെ ദൈവം കാക്കും എന്നു പറയുന്ന ലളിതമായ വ്യാഖ്യാനത്തിലേക്ക് ഈ ഗംഭീരന്‍ കഥയെ ചുരുക്കിയതിനു നെറ്റിചുളിക്കുന്നവരെ ഞാന്‍ കാണുന്നുണ്ട്. യുക്തികൊണ്ട് എല്ലാ കാര്യങ്ങളെയും വിശദീകരിക്കാമെന്നു കരുതുന്ന അതിബുദ്ധിശാലികള്‍ക്കും ഈ വ്യാഖ്യാനം ഹിതകരമായിരിക്കില്ല. എങ്കിലും, വിനോയ് തോമസിന്‍റെ  ദൈവം ജയിക്കുന്നു. നൃശംസാധികാരത്തിനെതിരായ പ്രതിരോധവും വിജയവുമായി നിശ്ചിതമായ ഉറപ്പിനെ തകര്‍ക്കുന്ന യാദൃച്ഛികത മാറിത്തീരുന്നു. ലോകം അനിവാര്യമായ നിയമങ്ങള്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന്‌  കരുതുന്നവര്‍ക്ക്, എല്ലാറ്റിനേയും അനിവാര്യതകളിലേക്കു ചുരുക്കുന്നവര്‍ക്ക് ഈ കഥ കനത്തപ്രഹരമാണ് ഏല്‍പ്പിക്കുന്നത്. പ്രപഞ്ചപ്രതിഭാസങ്ങളെ അനിവാര്യതയുടെയും യാദൃച്ഛികതയുടെയും സംഗമസ്ഥാനങ്ങളായി ഈ കഥ കാണുന്നുണ്ടെന്നു പറയണം. അനിവാര്യതയായ ദൈവത്തിന്‍റെ ഇടപെടല്‍ പ്രകൃതിയിലെ ഒരു യാദൃച്ഛികപ്രക്രിയയുമായി കൂടിച്ചേരുന്നതായി വ്യാഖ്യാനിക്കുമ്പോള്‍ ഈ സംഗമസ്ഥാനങ്ങള്‍ തെളിയുന്നതായി വിശ്വാസികളെങ്കിലും പറഞ്ഞേക്കും.

ഈനാംപേച്ചി ചന്തുവിനോട് ഉന്നയിക്കുന്ന ചോദ്യവും അത് സ്വയം നല്‍കുന്ന മറുപടിയും ഇതിനോടു ചേര്‍ത്തുവയ്ക്കുക.

രണ്ടു കാര്യങ്ങള്‍കൂടി.

കഥയുടെ അവസാന ദൃശ്യത്തിൽ തുരുമ്പുപിടിക്കാത്ത കൂടവുമെടുത്ത് പുഴയുടെ നേർക്ക് മഴയിലൂടെ ജസീന്ത നടന്നു പോകുന്നത് എങ്ങോട്ടാണ്? എന്തിനാണ്? പ്രാര്‍ത്ഥനകള്‍ക്കപ്പുറം പെണ്ണിന്‍റെ ഇതരരൂപങ്ങളിലുള്ള ഇടപെടലുകള്‍ ആരംഭിച്ചിരിക്കുന്നുവെന്നാകാം അതു സൂചിപ്പിക്കുന്നത്.

വിനോയ് തോമസിന്‍റെ തുറന്നെഴുത്തിന്‍റെ സാഫല്യമായി ഈ കഥയെ കണ്ടുകൊണ്ടാണ് നാം ആരംഭിച്ചത്. ഇവിടെ സഫലമായ ഈ അനായാസമായ എഴുത്ത് പെട്ടെന്ന് വാചാടോപങ്ങളിലേക്കും കൃത്രിമത്വത്തിലേക്കും പൊങ്ങച്ചം നിറഞ്ഞ ഒരു ഭാഷയിലേക്കും മാറിത്തീരാം. ഒരു കഥ പറയാന്‍ തുടങ്ങി അത് ഒരു നൂറു കഥകളായി മാറി എല്ലാ വിധത്തിലുള്ള മൂര്‍ച്ചയും നശിച്ചു പോകുന്നതിനെ ഈ കഥാകാരനും കരുതിയിരിക്കണം!


രാമച്ചി, പുറ്റ്
രചന : വിനോയ് തോമസ്
പ്രസാധനം ; ഡി.സി ബുക്‌സ്, കോട്ടയം
വില : പുറ്റ് (470 രൂപ), രാമച്ചി (190 രൂപ)

One Reply to “ജീവന്‍റെ ഉടമസ്ഥന്‍ ആരാണ്?”

  1. മികച്ച അപഗ്രഥനം.കഥ ഇത് വഹിക്കുന്നു.

Leave a Reply to Dr. S S Sreekumar Nil Cancel reply

Your Email address will not be published.