കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നീണ്ടുനില്‍ക്കുന്ന സമരം അസ്വസ്ഥമായ ചോദ്യങ്ങളുണര്‍ത്തുന്നവയാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന, ഭാവിയെ കേന്ദ്രീകരിച്ചുള്ള, ഒരു പ്രക്ഷോഭത്തിനെന്തുകൊണ്ട് വ്യാപക ജനപങ്കാളിത്തം നേടാനായില്ല? ആര്‍ക്കു വേണ്ടിയാണോ ഈ സമരം നടക്കുന്നത്, അവര്‍ തന്നെ, ആ യുവജനങ്ങള്‍ തന്നെ, എന്തുകൊണ്ടതില്‍ നിന്ന് ഏറെക്കുറെ വിട്ടുനില്‍ക്കുന്നു? പരീക്ഷാ കുംഭകോണങ്ങള്‍ ആവര്‍ത്തിക്കുകയും തൊഴിലില്ലായ്മ കുത്തനെ ഉയരുകയും ചെയ്തിട്ടും മാതാപിതാക്കള്‍ എന്തുകൊണ്ടാണ് നിസ്സംഗത തുടരുന്നത്? ജീവന്‍ പണയംവെച്ച് ആഴ്ചകളായി നിരാഹാരസമരം തുടരുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകള്‍ വര്‍ദ്ധിച്ചിട്ടും, ഒരുകാലത്ത് ഇത്തരം സമരരീതികള്‍ സൃഷ്ടിച്ചിരുന്ന ധാര്‍മ്മിക അടിയന്തരബോധം ഇന്നെന്തുകൊണ്ടതിനു നല്‍കാന്‍ കഴിയുന്നില്ല?

ഗൗരവമായി ആലോചിക്കപ്പെടേണ്ടവയാണ് ഈ ചോദ്യങ്ങള്‍. കാരണം, ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ കാതല്‍ ഒരു മന്ത്രിയിലോ ഒരു സമരത്തിലോ ഒതുങ്ങി നില്‍ക്കുന്നതല്ല. അത് സമകാലിക ഇന്ത്യയുടെ ജനാധിപത്യരാഷ്ട്രീയാവസ്ഥയെ തന്നെ സ്പര്‍ശിക്കുന്ന ഒന്നാണ്. ഒരു കാര്യം വ്യക്തമാക്കിക്കൊണ്ടു തുടങ്ങട്ടെ. ഏകപക്ഷീയമായ അധികാരപ്രയോഗത്തിനെതിരായ എല്ലാ പോരാട്ടങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നവാനാണ് ഞാന്‍. അതുകൊണ്ടുതന്നെ ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്നവരോട് എനിക്ക് പൂര്‍ണ ഐക്യദാര്‍ഢ്യമുണ്ട്. എന്നാല്‍ ഐക്യദാര്‍ഢ്യം എന്നത് രാഷ്ട്രീയവിലയിരുത്തലിനു പകരമാവില്ല. ഒരു പ്രക്ഷോഭത്തിന്റെ ധാര്‍മ്മിക സാധുത, അതിന്റെ തന്ത്രങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കാതിരിക്കാനുള്ള അവകാശപത്രമല്ല. ലക്ഷ്യം എത്ര മഹത്താണോ അത്ര വലുതാണ് അത് കൈവരിക്കാന്‍ തെരഞ്ഞെടുത്ത മാര്‍ഗങ്ങള്‍ അതിനു യഥാര്‍ഥത്തില്‍ പ്രാപ്തമാണോ എന്ന് ചോദിക്കാനുള്ള ഉത്തരവാദിത്വവും.
അങ്ങിനെയൊരു കോണിലൂടെ വീക്ഷിക്കുമ്പോള്‍, ഈ സമരത്തിന്റെ മുഖ്യാവശ്യവും അതിനായി സ്വീകരിച്ച സമരരീതിയും തന്ത്രപരമായി തെറ്റിദ്ധരിക്കപ്പെട്ടവയാണെന്നെനിക്കു തോന്നുന്നു. വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന ആവശ്യം, അടിസ്ഥാനത്തില്‍ ഘടനാപരമായ ഒരു പ്രതിസന്ധിയെ വ്യക്തിപരമാക്കുന്നു. ആവര്‍ത്തിച്ചുണ്ടാകുന്ന പരീക്ഷാകടലാസു ചോര്‍ച്ചകളും നിയമനങ്ങളിലെ ക്രമക്കേടുകളും വിദ്യാഭ്യാസത്തിന്റെ വ്യാപാരവല്‍ക്കരണവും തൊഴിലില്ലായ്മയുടെ പേരില്‍ യുവജനങ്ങള്‍ അനുഭവിക്കുന്ന നിരാശയും യാതനകളും ഒരു മന്ത്രിയുടെ മാത്രം പരാജയത്തിന്റെ ഫലമല്ല. അവ കൂടുതല്‍ വിപുലവും വിശാലവുമായ ഒരു രാഷ്ട്രീയ-സ്ഥാപനഘടനയുടെ ലക്ഷണങ്ങളാണ്. മന്ത്രി നാളെ രാജിവെച്ചാലും, ഈ പ്രതിസന്ധികള്‍ക്ക് കാരണമായ അടിസ്ഥാനസാഹചര്യങ്ങളില്‍ കാര്യമായ മാറ്റമൊന്നും സംഭവിക്കുകയില്ല.

അതുതന്നെയാണ് പ്രക്ഷോഭത്തിന്റെ പരിസമാപ്തിയ്ക്കായെടുത്ത മരണം വരെ നിരാഹാരസമരം എന്ന തീരുമാനത്തെക്കുറിച്ചും പറയാനാവുക. വിരോധാഭാസമെന്നു പറയട്ടെ, അസാധാരണമായ രാഷ്ട്രീയഭാവനയുടെ ഒരു പ്രകടനത്തോടെയായിരുന്നു ഈ പ്രക്ഷോഭത്തിന്റെ തുടക്കം. തൊഴിലില്ലാത്ത യുവാക്കളെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ അവഹേളനപരമായ പരാമര്‍ശത്തിന് മറുപടിയായി ഉയര്‍ന്ന മുദ്രാവാക്യം, ‘എല്ലാ പാറ്റകളും ഒന്നിച്ചുചേര്‍ന്നാല്‍ എന്താകും?’ എന്നത്, അല്‍പനേരത്തേക്കെങ്കിലും ഒരു പുതിയ രാഷ്ട്രീയഭാഷ സൃഷ്ടിച്ചു. അപമാനത്തെ കൂട്ടായ ചെറുത്തുനില്‍പ്പായി പരിവര്‍ത്തിപ്പിച്ചു. ചിതറിക്കിടന്നിരുന്ന അസംതൃപ്തികളെയെല്ലാം വിശാലമായ ഒരു ജനാധിപത്യ വെല്ലുവിളിയായി കൂട്ടിയിണക്കാനുള്ള സാധ്യത അതിനുണ്ടായിരുന്നു. അത് വിദ്യാര്‍ഥികളോട് മാത്രമല്ല, തൊഴിലില്ലായ്മയുടെയും അനിശ്ചിതത്വത്തിന്റെയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസരങ്ങളുടെയും നിഴലില്‍ ജീവിക്കുന്ന ഒരു തലമുറയോടാകെ സംസാരിക്കുന്ന മുദ്രാവാക്യമായിരുന്നു.
എന്നാല്‍ തുടക്കത്തിലെ ആ സര്‍ഗ്ഗാത്മകത പതിയെ ഭരണകൂടത്തിന് സുപരിചിതമായ സമരരീതികളുടെ ആവര്‍ത്തനത്തിലേക്ക് വഴിമാറി. അത്തരം സമരങ്ങളെ നേരിടാന്‍ ഭരണകൂടം എന്നും സജ്ജമാണ്. നല്ലരീതിയില്‍ സജ്ജമാണ്. കൂടുതല്‍ ആളുകളെ പ്രക്ഷോഭത്തിന്റെ ഭാഗമാക്കാന്‍ കഴിയുന്ന പുതുമയുള്ള കൂട്ടായ സമരരൂപങ്ങള്‍ വികസിപ്പിക്കുന്നതിനുപകരം, പ്രക്ഷോഭം ഗാന്ധിയന്‍ സമരമാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പരമ്പരാഗതമായ മരണം വരെ നിരാഹാരസമരത്തില്‍ എത്തിനിന്നു. അതിന്റെ ധാര്‍മ്മികശക്തിയെ നിഷേധിക്കാനാവില്ല. എങ്കിലും ഈ നീക്കം, അത്തരം സമരരൂപങ്ങളെ അതിജീവിക്കാനുള്ള ശേഷി പലവട്ടം തെളിയിച്ച ഒരു ഭരണകൂടത്തിന്റെ കൈകളിലേക്കാണ് വീണ്ടും മുന്‍കൈ തിരിച്ചുനല്‍കിയത്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തില്‍ പ്രകടമായ രാഷ്ട്രീയഭാവനയുടെ വിഘടനശക്തി, ചില മുന്‍ധാരണകളെ ആശ്രയിച്ചുനില്‍ക്കുന്ന, ചരിത്രപരമായ സാധുത ഏറെക്കുറെ നഷ്ടപ്പെട്ട, ഒരു സമരരീതിക്ക് വഴിമാറുകയായിരുന്നു.
ഞാന്‍ ഇത് എഴുതിക്കൊണ്ടിരിക്കുന്ന വേളയില്‍, സോനം വാങ്ചുക്കിന്റെ ആരോഗ്യനില വഷളാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരാഹാരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളില്‍ നിന്നുയരുന്ന അഭ്യര്‍ത്ഥനകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. അദ്ദേഹത്തിന്റെ ആവശ്യങ്ങളുടെ നീതിയേയും അതിലെ ന്യായത്തേയും അവര്‍ ചോദ്യം ചെയ്യുന്നു എന്നല്ല ഇങ്ങനെ അഭ്യര്‍ത്ഥനകള്‍ വരുന്നതിനു കാരണം. മറിച്ച്, സര്‍ക്കാര്‍ പ്രതികരിക്കുമെന്ന പ്രതീക്ഷ അവര്‍ക്കേറെക്കുറെ നഷ്ടപ്പെട്ടിരിക്കുകയാണെന്നതാണ്. ഈ വിലയിരുത്തലുകളെ നിരാശാവാദമായോ നിസ്സംഗതയായോ കാണാനാവില്ല. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ജനങ്ങള്‍ നേടിയ അനുഭവങ്ങളുടെ സഞ്ചിതഫലമാണ് അവ. ദീര്‍ഘകാലം നീളുന്ന ജനവിമര്‍ശനങ്ങളേയും ധാര്‍മ്മിക അപലപനങ്ങളെയും ഉള്‍ക്കൊള്ളാനും അവയെ അവഗണിക്കാനും, സാരമായ യാതൊരു ഇളവും നല്‍കാതെ പ്രക്ഷോഭങ്ങള്‍ കെട്ടടങ്ങിപ്പോകുന്നതനുവദിക്കാനും ഇന്നത്തെ ഭരണകൂടം ആവര്‍ത്തിച്ച് സന്നദ്ധതയും ഉത്സുകതയും പ്രകടമാക്കിയിട്ടുണ്ട്. ഗംഗയെ സംരക്ഷിക്കാനായി പ്രൊഫസര്‍ ജി. ഡി. അഗര്‍വാള്‍ ജീവന്‍ ബലിയര്‍പ്പിച്ച നിരാഹാരമൊന്നും ഭരണകൂടത്തെ കുലുക്കിയില്ല. ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷകസമരക്കാലത്ത് സമരക്കാര്‍ വഹിച്ച വമ്പിച്ച മനുഷ്യച്ചെലവവഗണിച്ചുകൊണ്ട് ഭരണകൂടം അതിന്റെ നിലപാടില്‍ ഉറച്ചുനിന്നു. നിരന്തരമായ ജനകീയസംഘടന ഭരണകൂടത്തിന് ഗണ്യമായ രാഷ്ട്രീയച്ചെലവ് സൃഷ്ടിച്ചപ്പോഴാണ് ഒടുവില്‍ അതിനു പിന്മാറേണ്ടിവന്നത്. അപ്പോഴും വിയോജിപ്പുകളെ സര്‍ക്കാര്‍ നേരിട്ടത് സംവാദത്തിലൂടെയല്ല. അവയെ അസാധുവാക്കിയും നീട്ടിക്കൊണ്ടുപോയും അടിച്ചമര്‍ത്തിയുമായിരുന്നു.
ജന്തര്‍ മന്തര്‍ സമരത്തിന്റെ തല്‍ക്ഷണവിധിയെക്കാള്‍ എത്രയോ വലിയ ഒരു ചോദ്യം ഇതുയര്‍ത്തുന്നു. ഒരുകാലത്ത് ഭരണകൂടങ്ങളെ പിടിച്ചുകുലുക്കാന്‍ പ്രാപ്തമായിരുന്ന സമരരീതികള്‍ ഇന്ന് അവയെ ഒന്നനക്കാന്‍ പോലുമാകാത്തവയായി തോന്നുന്നത് എന്തുകൊണ്ടാണ്? ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ ധാര്‍മ്മികശക്തി ക്ഷയിച്ചുപോയോ? അതോ അതിനു രാഷ്ട്രീയപ്രഭാവം നല്‍കിയിരുന്ന ചരിത്രസാഹചര്യങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വന്നോ?

ഗാന്ധിയെ വിശ്വാസപ്രമാണമായി ഉയര്‍ത്തിക്കാട്ടിയോ, സത്യാഗ്രഹത്തെ കാലഹരണപ്പെട്ടതായി തള്ളിക്കളഞ്ഞോ ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താനാവില്ല. ഗാന്ധിയന്‍ സമരങ്ങള്‍ക്ക് ഒരുകാലത്ത് ഫലപ്രാപ്തി നല്‍കിയത് ഏത് ചരിത്രസാഹചര്യങ്ങളാണെന്നും, അതിനുശേഷം ഇന്ത്യന്‍ രാഷ്ട്രത്തിന്റെ സ്വഭാവത്തില്‍ സംഭവിച്ച ആഴമേറിയ പരിവര്‍ത്തനം എന്താണെന്നും പരിശോധിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ജന്തര്‍ മന്തര്‍ സമരത്തിനെന്തുകൊണ്ട് ഒരു ജനകീയപ്രക്ഷോഭമായി വളരാനായില്ല എന്നതു മാത്രമല്ല, ജനാധിപത്യപരമായ പ്രതിഷേധം തന്നെ എന്തുകൊണ്ട് ഒരു പുതിയതും അനിശ്ചിതവുമായ ഘട്ടത്തിലേക്ക് കടക്കുന്നതായി തോന്നുന്നു എന്നതും നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ.
ഗാന്ധിയന്‍ രാഷ്ട്രീയം ഫലപ്രദമായിരുന്നതെന്തുകൊണ്ട്? ഇപ്പോള്‍ അതിന് ആ ശക്തി നഷ്ടപ്പെട്ടതെന്തുകൊണ്ട്?
ഗാന്ധിയന്‍ സത്യാഗ്രഹത്തിന്റെ ഫലപ്രാപ്തിയെ അതിന്റെ ആരാധകരും വിമര്‍ശകരും ഒരുപോലെ അല്പം അതിശയോക്തിയോടെ വിലയിരുത്തിയിട്ടുണ്ടാകാം. ഉപവാസത്തിനും അതുവഴി സ്വയം സഹിക്കുന്ന കഷ്ടപ്പാടിനും രാഷ്ട്രീയമാറ്റം നിര്‍ബന്ധിതമാക്കാനുള്ള അന്തര്‍ലീനമായ ഏതെങ്കിലും ശക്തിയുണ്ടോ എന്നത് സംശയകരമാണ്. ഒരു പണിമുടക്കിനെപ്പോലെ അത് ഉല്‍പാദനമില്ലാതാക്കുന്നില്ല, ബഹിഷ്‌കരണത്തെപ്പോലെ സാമ്പത്തികനഷ്ടമുണ്ടാക്കുന്നില്ല, നിയമലംഘനസമരത്തെപ്പോലെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നില്ല. ഒറ്റയ്ക്ക് ഒരു നിരാഹാരസമരത്തിന് ഭരണകൂടത്തിനെക്കൊണ്ടെന്തെങ്കിലും നിര്‍ബന്ധിച്ചു ചെയ്യിക്കാനുള്ള സമ്മര്‍ദ്ധശക്തിയില്ല. പൂര്‍ണമായും ധാര്‍മ്മികപ്രേരണയിലാണ് അതിന്റെ ശക്തി നിക്ഷിപ്തമായിരിക്കുന്നത്.
ധാര്‍മ്മികപ്രേരണ എന്നത് അമൂര്‍ത്തമായ ഒരു നൈതികസങ്കല്‍പമല്ല, അതൊരു രാഷ്ട്രീയബന്ധമാണ്. സമരക്കാരന്‍ സ്വമേധയാ സഹിക്കുന്ന കഷ്ടപ്പാട് സമൂഹത്തില്‍ വിശാലമായ സഹാനുഭൂതി ഉണര്‍ത്തുകയും ആ സഹാനുഭൂതി കൂട്ടായ പ്രവര്‍ത്തനമായി രൂപാന്തരപ്പെടുകയും ഒടുവില്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് രാഷ്ട്രീയച്ചെലവ് സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അതിന് ഫലപ്രാപ്തിയുണ്ടാകൂ. അതിനാല്‍ നിരാഹാരസമരം സ്വയം രാഷ്ട്രീയസമ്മര്‍ദ്ധോപകരണമല്ല. അത്തരം സമ്മര്‍ദ്ധം രൂപപ്പെടാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു ഉത്തേജകം മാത്രമാണ്. അതുകൊണ്ടുകൂടിയാണ് ഗാന്ധിയുടെ വിജയത്തെ പോലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന അസാധാരണമായ ചരിത്രസാഹചര്യങ്ങളില്‍ നിന്നു വേര്‍പെടുത്തി മനസ്സിലാക്കാനാവാത്തത്. അദ്ദേഹത്തിന്റെ നിരാഹാരസമരങ്ങള്‍ ഒരിക്കലും ഒറ്റപ്പെട്ട ആത്മത്യാഗപ്രകടനങ്ങളായിരുന്നില്ല. കോണ്‍ഗ്രസ് സംഘടനയുടെ ശക്തമായ ശൃംഖലയും ദേശീയവാദ പത്രപ്രവര്‍ത്തനത്തിന്റെ വിപുലമായ പിന്തുണയും അന്തര്‍ദേശീയശ്രദ്ധയും ഇന്ത്യന്‍ ബൂര്‍ഷ്വാസിയിലെ സ്വാധീനമുള്ള വിഭാഗങ്ങളുടെ പിന്തുണയും ചേര്‍ന്ന് നിലനിര്‍ത്തിയിരുന്ന വിശാലമായ ദേശീയപ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് അവ നടന്നത്. എല്ലാറ്റിനുമുപരിയായി, ഓരോ നിരാഹാരസമരത്തെയും ദേശീയരാഷ്ട്രീയത്തിലെ നിര്‍ണായക സംഭവമാക്കി മാറ്റാന്‍ കഴിവുള്ള, സമാനതകളില്ലാത്ത ധാര്‍മ്മികപ്രാമാണികത ഗാന്ധിക്കുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തെ ജനലക്ഷങ്ങള്‍ പിന്തുണച്ചത് ഗാന്ധി നിരാഹാരം അനുഷ്ഠിച്ചതുകൊണ്ടല്ല. അതിനകം വിപുലമായിക്കൊണ്ടിരുന്ന ഒരു ജനകീയപ്രസ്ഥാനത്തിനുള്ളില്‍ നിന്നു വന്നതിനാലാണ് ഗാന്ധിയുടെ നിരാഹാരസമരങ്ങള്‍ക്ക് അസാധാരണമായ രാഷ്ട്രീയശക്തി കൈവന്നത്.
കൊളോണിയല്‍ രാഷ്ട്രത്തിന്റെ സ്വഭാവവും ഇവിടെ നിര്‍ണായകമാണ്. ബ്രിട്ടീഷ് ഭരണം എത്രത്തോളം അടിച്ചമര്‍ത്തല്‍ സ്വഭാവമുള്ളതായിരുന്നാലും, പൊതുജനാഭിപ്രായത്തോട് അതിനൊരു വിധേയത്വമുണ്ടായിരുന്നു എന്ന കാര്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ഇന്ത്യയിലെ പ്രജകളുടെ മുന്നില്‍ മാത്രമല്ല, ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും ബ്രിട്ടീഷ് ജനങ്ങളുടെയും അന്തര്‍ദേശീയ പൊതുജനാഭിപ്രായത്തിന്റെയും മുന്നിലും തങ്ങളുടെ നിയമസാധുത നിലനിര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അതുകൊണ്ട് ഗാന്ധിയുടെ ദീര്‍ഘകാല നിരാഹാരസമരം ഇന്ത്യയുടെ അതിര്‍ത്തികള്‍ക്കപ്പുറം വ്യാപിക്കുന്ന ഒരു രാഷ്ട്രീയ അപമാനത്തിനുള്ള സാധ്യത സൃഷ്ടിക്കുമായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് ഗാന്ധിയെ തടവിലാക്കാമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കഷ്ടപ്പാടു സൃഷ്ടിക്കുന്ന ധാര്‍മ്മികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെ പൂര്‍ണമായി അവഗണിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല.

ഈ അസാധാരണമായ ചരിത്രസാഹചര്യങ്ങളെ അവഗണിച്ചുകൊണ്ട് ഗാന്ധിയന്‍ സത്യാഗ്രഹത്തെ എല്ലാക്കാലത്തേക്കുമുള്ള സമരരീതിയായി സാമാന്യവത്കരിക്കുന്നത് ഒരു പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ ഫലപ്രദമായിരുന്ന തന്ത്രത്തെ ശാശ്വതമായ രാഷ്ട്രീയനിയമമായി തെറ്റിദ്ധരിക്കുന്നത്തിനു തുല്യമാണ്. ഗാന്ധി രാഷ്ട്രീയത്തിന്റെ ഒരു നിത്യസത്യം കണ്ടെത്തുകയായിരുന്നില്ല. തന്റെ കാലഘട്ടത്തിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അത്യന്തം യോജിച്ച ഒരു സമരരീതി രൂപപ്പെടുത്തുകയായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ അനുഭവവും ഈ വസ്തുതയെ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. കടുത്ത ഗാന്ധിയനായിരുന്ന പൊട്ടി ശ്രീരാമുലു, ആന്ധ്ര സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് അമ്പത്തിയെട്ട് ദിവസം നീണ്ട നിരാഹാരസമരത്തിനൊടുവില്‍ ജീവന്‍ ബലിയര്‍പ്പിച്ചു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു ആ ആവശ്യം അംഗീകരിച്ചില്ല. ശ്രീരാമുലുവിന്റെ മരണത്തെത്തുടര്‍ന്ന് വ്യാപകമായ പ്രക്ഷോഭവും ഭരണസ്തംഭനവും രൂക്ഷമായ രാഷ്ട്രീയ അസ്ഥിരതയും ഉണ്ടായപ്പോഴാണ് ആന്ധ്ര സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. അതിനാല്‍ സര്‍ക്കാരിനെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കിയത് നിരാഹാരസമരം മാത്രമായിരുന്നില്ല; അതിനുശേഷം പൊട്ടിപ്പുറപ്പെട്ട ജനകീയപ്രക്ഷോഭവുമായിരുന്നു.
പിന്നീടുള്ള ദശകങ്ങളിലും ഇതേ മാതൃക ആവര്‍ത്തിക്കപ്പെട്ടു. ദര്‍ശന്‍ സിങ് ഫേരുമാന്‍ ദീര്‍ഘകാല നിരാഹാരസമരത്തിനൊടുവില്‍ തന്റെ പ്രധാന ആവശ്യങ്ങളൊന്നും നേടിയെടുക്കാനാവാതെ മരണമടഞ്ഞു. സായുധസേനാ പ്രത്യേകാധികാര നിയമം (AFSPA) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള പതിനാറ് വര്‍ഷം നീണ്ട അസാധാരണമായ നിരാഹാരസമരം നടത്തി. എന്നാല്‍ ആവര്‍ത്തിച്ച് അറസ്റ്റ് ചെയ്യപ്പെടുകയും നിര്‍ബന്ധിതമായി ആഹാരം നല്‍കപ്പെടുകയും ഒടുവില്‍ നിയമം പിന്‍വലിപ്പിക്കാനാകാതെ സമരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതയാവുകയും ചെയ്തു. അടുത്തകാലത്ത് ഗംഗയെ സംരക്ഷിക്കാനായി നിരാഹാരസമരം നടത്തിയ പ്രൊഫസര്‍ ജി. ഡി. അഗര്‍വാള്‍ (സ്വാമി സാനന്ദ്) ജീവന്‍ ബലിയര്‍പ്പിച്ചപ്പോഴും സര്‍ക്കാറിലതു ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. ജനാധിപത്യപരമായ നിയമസാധുത അവകാശപ്പെടുന്ന സര്‍ക്കാരുകള്‍ക്കുപോലും വ്യക്തിപരമായ ധാര്‍മ്മികസാക്ഷ്യങ്ങളെ അതിജീവിക്കാനാകുമെന്ന് ഈ അനുഭവങ്ങള്‍ തെളിയിക്കുന്നു.
ചരിത്രം നമുക്ക് നല്‍കുന്ന പാഠം ആശാവഹമല്ല. നിരാഹാരസമരം രാഷ്ട്രീയപരമായി ഫലപ്രദമാകുന്നത്, അധികാരത്തിലിരിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ്, ഭരണനിര്‍വഹണം, അല്ലെങ്കില്‍ രാഷ്ട്രീയതലം എന്നിവയില്‍ യത്ഥാര്‍ഥ ചെലവ് സൃഷ്ടിക്കാന്‍ ശേഷിയുള്ള വിശാലമായ ഒരു ജനകീയപ്രസ്ഥാനത്തിന് അത് അഗ്‌നി പകരുമ്പോള്‍ മാത്രമാണ്. അത്തരം ജനകീയസംഘടന രൂപപ്പെടാത്തിടത്ത്, നിരാഹാരസമരം ഒറ്റപ്പെട്ട ഒരു രക്തസാക്ഷിത്വമായി ചുരുങ്ങിപ്പോകാനുള്ള സാധ്യതയേറെയാണ്. അവിടെ പരാജയം സമരക്കാരന്റെ ധൈര്യത്തിന്റേതല്ല, ദൃഢനിശ്ചയമുള്ള രാഷ്ട്രത്തെ മാറ്റാന്‍ ധാര്‍മ്മികസാക്ഷ്യം മാത്രം പ്രാപ്തമാണെന്ന, പര്യാപ്തമാണെന്ന, തെറ്റായ വിശ്വാസത്തിന്റേതാണ്.

അതുകൊണ്ട് യത്ഥാര്‍ഥ ചോദ്യം ഗാന്ധിയന്‍ രാഷ്ട്രീയത്തിന് ധാര്‍മ്മിക ആകര്‍ഷണം നഷ്ടമായോ എന്നതല്ല. ഒരുകാലത്ത് ആ ധാര്‍മ്മികശക്തിക്ക് അധികാരത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടോ എന്നതാണ്. ആ ചോദ്യം നമ്മെ നേരിട്ട് ഇന്ത്യന്‍ രാഷ്ട്രത്തിന്റെ തന്നെ പരിവര്‍ത്തനത്തിലേക്ക് നയിക്കുന്നു. രാഷ്ട്രത്തിന്റെ സ്വഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍, അതിനെ നേരിടുന്ന ജനാധിപത്യസമരങ്ങളുടെ രൂപങ്ങളും അതിനനുസരിച്ച് മാറേണ്ടിവരും.
ഇന്ത്യന്‍ രാഷ്ട്രത്തിന്റെ പരിവര്‍ത്തനം ഇന്ന് ഗാന്ധിയന്‍ സമരരീതികള്‍ക്ക് പഴയ ഫലപ്രാപ്തി നഷ്ടപ്പെട്ടതായി തോന്നുന്നുവെങ്കില്‍, അതിന്റെ കാരണം ധാര്‍മ്മികധൈര്യം ക്ഷയിച്ചതല്ല. അവ അഭിമുഖീകരിക്കുന്ന രാഷ്ട്രത്തിന്റെ സ്വഭാവത്തില്‍ സംഭവിച്ച ആഴമേറിയ പരിവര്‍ത്തനമാണ്. ഓരോ രാഷ്ട്രീയസമരരീതിയും ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള ഒരു പ്രത്യേക ബന്ധത്തെ മുന്‍കൂട്ടി അനുമാനിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആ ബന്ധം മാറുമ്പോള്‍, പാരമ്പര്യമായി കൈമാറിക്കിട്ടിയ ചെറുത്തുനില്‍പ്പിന്റെ രീതികള്‍ക്ക് അവയുടെ ഫലപ്രാപ്തിയുടെ വലിയൊരളവ് നഷ്ടപ്പെടാം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപംകൊണ്ട രാഷ്ട്രം ഒരിക്കലും ആദര്‍ശപൂര്‍ണമൊന്നുമായിരുന്നില്ല. ജനകീയപ്രക്ഷോഭങ്ങളെ അത് പലപ്പോഴും അടിച്ചമര്‍ത്തുകയും പൊലീസ് അതിക്രമങ്ങള്‍ നടത്തുകയും രാഷ്ട്രീയ എതിരാളികളെ തടവിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അതിന്റെ നിയമസാധുതയുടെ വലിയൊരു ഭാഗമാര്‍ജിച്ചത് ഭരണഘടനാപരമായ ജനാധിപത്യസ്ഥാപനങ്ങളില്‍ നിന്നായിരുന്നു. പാര്‍ലമെന്റിലെ വിമര്‍ശനങ്ങളോടും സ്വതന്ത്ര മാധ്യമങ്ങളോടും നീതിന്യായവ്യവസ്ഥയുടെ പരിശോധനയോടും പൊതുജനാഭിപ്രായത്തോടും സര്‍ക്കാരുകള്‍ താരതമ്യേന കൂടുതല്‍ സംവേദനക്ഷമത പുലര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം, ദീര്‍ഘായുസ്സുകളായുള്ള ജനകീയസംഘടനകള്‍ക്ക്, അധികാരത്തിലിരിക്കുന്നവര്‍ക്ക്, യത്ഥാര്‍ഥ രാഷ്ട്രീയച്ചെലവ് സൃഷ്ടിക്കാനുള്ള സാധ്യതയും ഒരുക്കി. അതിനാല്‍, പരിമിതികളേറെയുണ്ടായിരുന്നുവെങ്കിലും, ഭരണകൂടത്തിന്റെ രാഷ്ട്രീയകണക്കുകൂട്ടലുകളെ സ്വാധീനിക്കാനുള്ള ശേഷി പ്രതിഷേധങ്ങള്‍ക്കുണ്ടായിരുന്നു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ രാഷ്ട്രീയപരിസ്ഥിതി ഗണ്യമായി മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പിലെ മത്സരത്തെ, രാഷ്ട്രീയ ആശയവിനിമയത്തിന്റെ അഭൂതപൂര്‍വമായ കേന്ദ്രീകരണത്തിലൂടെയും ഭരണനിര്‍വാഹകാധികാരത്തിന്റെ അതിസാന്ദ്രീകരണത്തിലൂടെയും ഭരണഘടനാപരമായ നിയന്ത്രണസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തിക്കൊണ്ടും വിയോജിപ്പുകളെ വ്യവസ്ഥാപിതമായി അസാധുവാക്കിക്കൊണ്ടും സൃഷ്ടിക്കപ്പെടുന്ന സമ്മതനിര്‍മാണം കൂടുതല്‍ കൂടുതല്‍ പകരംവെക്കുകയാണ്. തിരഞ്ഞെടുപ്പു വിജയം മാത്രമല്ല ലക്ഷ്യം, ഭരിക്കുന്നതിനുള്ള രാഷ്ട്രീയച്ചെലവ് കുറയ്ക്കുക, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കേതിരായുള്ള കൂട്ടായ ജനകീയപ്രവര്‍ത്തനങ്ങളുടെ ശേഷി പരമാവധി പരിമിതപ്പെടുത്തുക, എന്നിങ്ങനെയുള്ള രീതികളിലേക്ക് രാഷ്ട്രീയപരിസരങ്ങളെ രൂപപ്പെടുത്തുക എന്നതാണ്. അത്തരം സാഹചര്യത്തില്‍, ഗാന്ധിയന്‍ സമരരീതികള്‍ മുന്‍കൂട്ടി കരുതുന്ന ധാര്‍മ്മികസമ്മര്‍ദ്ധത്തില്‍ നിന്ന് ഭരണകൂടം അകന്നു പോകുന്നു.
ഇപ്പോഴത്തെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനരീതി ഈ മാറ്റത്തെ ശ്രദ്ധേയമായ സ്ഥിരതയോടെ വെളിപ്പെടുത്തുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ പൊലീസ് നടപടികളിലൂടെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ടും അതിന്റെ മുഖ്യാവശ്യങ്ങളുമായി സംവദിക്കാന്‍ ദീര്‍ഘകാലം വിസമ്മതിച്ചുകൊണ്ടുമാണ് നേരിട്ടത്. ഗുസ്തിതാരങ്ങളുടെ സമരം, നിയമനങ്ങളിലെ ക്രമക്കേടുകള്‍ക്കും പരീക്ഷാ കുംഭകോണങ്ങള്‍ക്കും എതിരായ പ്രതിഷേധങ്ങള്‍, അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങള്‍, ലഡാക്കിനുവേണ്ടി സോനം വാങ്ചുക്ക് മുമ്പ് നടത്തിയ സമരം എന്നിങ്ങനെയുള്ള സമരങ്ങളെല്ലാം ഭരണകൂടം ചിലപ്പോള്‍ അവഗണിക്കുകയും ചിലപ്പോള്‍ നീട്ടിക്കൊണ്ടുപോകുകയും ചിലപ്പോള്‍ മുന്‍കരുതല്‍ പൊലീസ് നടപടികളിലൂടെയും സമരക്കാരെ അപകീര്‍ത്തിപ്പെടുത്താനുള്ള നിരന്തരശ്രമങ്ങളിലൂടെയും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ഈ പ്രക്ഷോഭങ്ങളിലുടനീളം ഭരണകൂടത്തിന്റെ സ്വാഭാവിക പ്രതികരണം ചര്‍ച്ചയിലേക്കോ ഒത്തുതീര്‍പ്പിലേക്കോ നീങ്ങുന്നതായിരുന്നില്ല. മറിച്ച്, എതിര്‍പ്പിനെ കാലംകൊണ്ട് തളര്‍ത്തുകയോ, അതിനെ വിഭജിക്കുകയോ, അതിന്റെ വിശ്വാസ്യത തകര്‍ക്കുകയോ ചെയ്യുക എന്നതായിരുന്നു.

ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷകപ്രക്ഷോഭം ഇതിന് പ്രധാനപ്പെട്ട ഒരു അപവാദമായി തോന്നിയേക്കാം. എന്നാല്‍ ആ അനുഭവം പോലും, വിശാലമായ ഈ പ്രവണതയെ തന്നെയാണ് ഒടുവില്‍ സ്ഥിരീകരിക്കുന്നത്. ആദ്യം നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു. സമരവേദികളെ ബാരിക്കേഡുകളും കിടങ്ങുകളും ഉപയോഗിച്ച് കോട്ടകെട്ടി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. ബലപ്രയോഗം നടത്തി. പ്രക്ഷോഭത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന പ്രചാരണം ആവര്‍ത്തിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ട അചഞ്ചലമായ ചെറുത്തുനില്‍പ്പിനും സമരക്കാര്‍ സഹിച്ച വമ്പിച്ച മനുഷ്യച്ചെലവിനും രാഷ്ട്രീയപരമായി നിര്‍ണായകമായ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടുത്തെത്തിയതിനും ശേഷമാണ് മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കപ്പെട്ടത്. ആ പിന്‍വാങ്ങല്‍ സമരക്കാരുടെ ധാര്‍മ്മികാവകാശങ്ങളെ അംഗീകരിച്ചതിന്റെ ഫലമായിരുന്നില്ല; മാറിയ രാഷ്ട്രീയസാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള തന്ത്രപരമായ പുനഃക്രമീകരണമായിരുന്നു. വിയോജിപ്പുകളോട് ഭരണകൂടം പ്രതികരിക്കാന്‍ തയ്യാറാണെന്നതല്ല അത് തെളിയിച്ചത്. മറിച്ച്, സര്‍ക്കാരിനെ രാഷ്ട്രീയ ഇളവുകള്‍ക്ക് നിര്‍ബന്ധിതമാക്കാന്‍ എത്രമാത്രം അസാധാരണമായ ജനകീയസംഘടനയാണ് വേണ്ടിവരുന്നതെന്ന് വെളിപ്പെടുത്തുകയായിരുന്നു.
ഈ പരിവര്‍ത്തനത്തെ തിരിച്ചറിയുന്നത് രാഷ്ട്രീയനിരാശയിലേക്കുള്ള ഒരു ക്ഷണമല്ല. നേരെമറിച്ച്, അത് യാഥാര്‍ഥ്യബോധമുള്ള രാഷ്ട്രീയചിന്തയുടെ ആരംഭമാണ്. വിജയകരമായ ഓരോ ജനകീയപ്രസ്ഥാനവും ആദ്യം മനസ്സിലാക്കുക പോരാടുന്ന ഭൂമികയുടെ സ്വഭാവമാണ്. രാഷ്ട്രവും സമൂഹവും തമ്മില്‍ നിലവിലുണ്ടായിരുന്ന മറ്റൊരു ചരിത്രബന്ധത്തിനുവേണ്ടി രൂപപ്പെടുത്തിയ സമരരീതികള്‍, അധികാരത്തിന്റെ പുതിയ ഘടനയെ അവഗണിച്ചുകൊണ്ട് ഇന്നും ആവര്‍ത്തിക്കുന്നത്, തന്ത്രത്തെ ഗൃഹാതുരത്വവുമായി കൂട്ടിക്കുഴയ്ക്കുന്നതിനു തുല്യമാണ്. ഒരുകാലത്ത് ഫലപ്രദമായിരുന്ന സമരരൂപങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സാഹചര്യങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായാല്‍ പാരമ്പര്യമായി ലഭിച്ച സമരമുറകളെ മാത്രം അനന്തമായി ആശ്രയിച്ചുനില്‍ക്കാന്‍ ജനാധിപത്യരാഷ്ട്രീയത്തിനാവില്ല.
ഈ മാറിയ രാഷ്ട്രീയഭൂപടം, തുടക്കത്തില്‍ നാം ഉയര്‍ത്തിയ ചോദ്യത്തിനൊരു വിശദീകരണം നല്‍കുന്നു. ദീര്‍ഘകാലം നീളുന്ന പ്രക്ഷോഭങ്ങളെ യാതൊരു സാരമായ ഇളവും നല്‍കാതെ സര്‍ക്കാരുകള്‍ അതിജീവിച്ചേക്കാമെന്ന വിശ്വാസം ജനങ്ങളില്‍ ശക്തിപ്പെടുമ്പോള്‍, പ്രക്ഷോഭങ്ങളില്‍ പങ്കാളികളാകാനുള്ള ജനങ്ങളുടെ സന്നദ്ധത സ്വാഭാവികമായും കുറയും. പ്രശ്‌നം ഇന്ന് അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള ഭയം മാത്രമല്ല, കൂട്ടായ പ്രവര്‍ത്തനത്തിന് രാഷ്ട്രീയഫലങ്ങളെ മാറ്റിമറിക്കാന്‍ കഴിയുമെന്ന വിശ്വാസം ക്രമേണ ക്ഷയിച്ചുപോകുന്നതുകൂടിയാണ്. അതാണ് കൂടുതല്‍ ഗുരുതരമായ പ്രതിസന്ധി. വിശ്വാസം ദുര്‍ബലമാകുമ്പോള്‍, വ്യാപകമായ സഹാനുഭൂതി നേടുന്ന വിഷയങ്ങള്‍ക്കുപോലും ജനകീയപ്രസ്ഥാനങ്ങളായി വളരാന്‍ അത്യന്തം പ്രയാസമാകും.
ജനാധിപത്യരാഷ്ട്രീയത്തിന്റെ പ്രതിസന്ധി
ജന്തര്‍ മന്തര്‍ സമരത്തിന്റെ ഏറ്റവും ആശങ്കാജനകമായ സവിശേഷതയെ മനസ്സിലാക്കാനും രാഷ്ട്രത്തിന്റെ ഈ പരിവര്‍ത്തനം സഹായിക്കുന്നു. ആ സമരത്തിന് യത്ഥാര്‍ഥ അര്‍ത്ഥത്തില്‍ ഒരു ജനകീയപ്രസ്ഥാനമായി വളരാന്‍ കഴിയാതെ പോയത്. പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ന്നതും, വിട്ടുമാറാത്ത തൊഴിലില്ലായ്മയും, ഒരു തലമുറയുടെ ജീവിതസാധ്യതകള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നതുമെല്ലാമായി ഈ പ്രക്ഷോഭം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ നേരിട്ടു ബാധിക്കുന്നവയാണ്. എന്നിട്ടും അതില്‍ ജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാം വിധം പരിമിതമായി തുടരുന്നു. അതിന്റെ കാരണം സംഘടനാപരമായ ദൗര്‍ബല്യം മാത്രമല്ല. സമൂഹവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തില്‍ സംഭവിച്ചിരിക്കുന്ന പരിവര്‍ത്തനവുമാണ്.
ഭയം അതില്‍ ഒരു പ്രധാന ഘടകമാണെന്നതില്‍ സംശയമില്ല. ക്രിമിനല്‍ നിയമങ്ങളുടെ ആവര്‍ത്തിച്ചുള്ള പ്രയോഗം, അന്വേഷണ ഏജന്‍സികളുടെ വിനിയോഗം, മുന്‍കരുതല്‍ തടങ്കല്‍, നിരീക്ഷണം, പൊതുമധ്യത്തില്‍ വ്യക്തിഹത്യ ലക്ഷ്യമിട്ട അപകീര്‍ത്തിപ്പെടുത്തല്‍ എന്നിങ്ങനെയുള്ളതെല്ലാം ചേര്‍ന്ന് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് വ്യക്തിപരമായി കൂടുതല്‍ അപകടകരമായ ഒരു പ്രവൃത്തിയാണെന്ന ബോധം സൃഷ്ടിച്ചിരിക്കുന്നു. ഫലപ്രദമാകാന്‍ അടിച്ചമര്‍ത്തല്‍ എല്ലായിടത്തും ഒരുപോലെ പ്രയോഗിക്കേണ്ടതില്ല. ഏതാനും പേരെ മാതൃകയാക്കി ശിക്ഷിച്ചാല്‍ മതി. അല്ലാത്തപക്ഷം സമരത്തില്‍ പങ്കുചേരുമായിരുന്ന ആയിരങ്ങളെ അത് പിന്തിരിപ്പിക്കും. എന്നാല്‍ ഭയം മാത്രം ഈ പ്രതിഭാസത്തെ വിശദീകരിക്കുന്നില്ല.
&imwidth=800&imheight=600&format=webp&quality=medium)
അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ദൈനംദിനജീവിതത്തിലെ വര്‍ദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ. തൊഴിലില്ലായ്മ, അനിശ്ചിതമായ തൊഴില്‍, കടബാധ്യത, വിലക്കയറ്റം, സാമ്പത്തിക അതിജീവനത്തിനായുള്ള നിരന്തരമായ പോരാട്ടം എന്നിവയെല്ലാം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ വൈകാരികശേഷിയും ഭൗതികശേഷിയും ദീര്‍ഘകാല രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അപര്യാപ്തമാക്കിയിരിക്കുന്നു. അനീതി തിരിച്ചറിയാനും അതിനെതിരെ പൊരുതുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ആളുകള്‍ക്ക് കഴിയുന്നു. എന്നാല്‍ പൊതുരംഗത്ത് ഇറങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ ഏറ്റെടുക്കേണ്ടിവരുന്ന അധിക അപകടസാധ്യതകള്‍ വഹിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന ബോധവും അവര്‍ക്കുണ്ട്. അങ്ങനെ, അതിജീവനം തന്നെ ഒരു മുഴുവന്‍ സമയ ജോലിയായി മാറുന്നു.
എന്നാല്‍ ഭയത്തെയും ജീവിതത്തിലെ അരക്ഷിതാവസ്ഥയെയും മറികടക്കുന്ന, അതിലും ആഴമുള്ള, ഒരു പ്രതിസന്ധിയുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഫലമുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിന്റെ ക്ഷയമാണത്. കഴിഞ്ഞ ഒരു ദശാബ്ദമായി വലിയ ജനകീയപ്രക്ഷോഭങ്ങള്‍ അവഗണിക്കപ്പെടുന്നതും, ദീര്‍ഘകാല സമരങ്ങളെ ഭരണകൂടം ക്ഷമയോടെ അതിജീവിക്കുന്നതും, വിയോജിപ്പിന്റെ ശബ്ദങ്ങളെ അസാധുവാക്കുകയോ കുറ്റവല്‍ക്കരിക്കുകയോ ചെയ്യുന്നതും പൗരന്മാര്‍ ആവര്‍ത്തിച്ച് കണ്ടുവരുന്നു. അതിന്റെ ഫലമായി, പ്രതിഷേധങ്ങള്‍ ഇനി രാഷ്ട്രീയഫലങ്ങളെ മാറ്റാന്‍ കഴിയില്ലെന്ന വിശ്വാസം പലരിലും പതുക്കെ വേരുറച്ചിരിക്കുന്നു. ഇത് രാഷ്ട്രീയത്തോടുള്ള അനാസക്തിയല്ല. രാഷ്ട്രീയപരമായ രാജിവെക്കലാണ്. കൂട്ടായ പ്രവര്‍ത്തനത്തിന് സംഭവവികാസങ്ങളുടെ ഗതി മാറ്റാനാവുമെന്ന വിശ്വാസം ആളുകള്‍ക്ക് നഷ്ടമാകുമ്പോള്‍, അവര്‍ പൊതുരംഗത്തില്‍ നിന്ന് സ്വകാര്യജീവിതത്തിലേക്ക് പിന്‍വാങ്ങുന്നു. അതിന് കാരണം അവര്‍ക്കിപ്പോള്‍ സമൂഹത്തെക്കുറിച്ച് കരുതലില്ലാത്തതല്ല. തങ്ങളുടെ ഇടപെടല്‍ യാതൊരു വ്യത്യാസവും സൃഷ്ടിക്കില്ലെന്ന തോന്നലാണ്.
ഈ വെളിച്ചത്തില്‍ നോക്കുമ്പോള്‍, ജന്തര്‍ മന്തര്‍ സമരത്തിന്റെ ദുരന്തം ഒരു മന്ത്രിയുടെ രാജി നേടിയെടുക്കുന്നതില്‍ അത് പരാജയപ്പെടാനിടയുണ്ട് എന്നതിലൊതുങ്ങുന്നില്ല. അതിലുപരിയായി അത് ജനാധിപത്യരാഷ്ട്രീയത്തെ ബാധിച്ചിരിക്കുന്ന കൂടുതല്‍ വിശാലമായ ഒരു പ്രതിസന്ധിയുടെ പ്രതിഫലനമാണ്. സമരക്കാരുടെ ധാര്‍മ്മികവിശ്വാസം ഇന്ന് നേരിടുന്നത് ധാര്‍മ്മിക ആഹ്വാനങ്ങളോട് ക്രമേണ അനാസക്തമായിത്തീര്‍ന്ന ഒരു രാഷ്ട്രീയവ്യവസ്ഥയെയാണ്. അതേസമയം, സ്വാഭാവികമായി അവരുടെ കൂടെ അണിനിരക്കേണ്ടിയിരുന്ന ജനങ്ങള്‍ പോലും, പ്രതിഷേധം ഇപ്പോഴും മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന ഫലപ്രദമായ രാഷ്ട്രീയോപാധിയാണോ എന്ന കാര്യത്തില്‍ സംശയാലുക്കളായിരിക്കുന്നു. പൊതുജനങ്ങളുടെ പരാതികളും കൂട്ടായ രാഷ്ട്രീയപ്രവര്‍ത്തനവും തമ്മില്‍ അനുദിനം വിശാലമാകുന്ന ഈ വിടവ്, ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും ഗുരുതരമായ ജനാധിപത്യവെല്ലുവിളിയായിരിക്കാം.

എന്നാല്‍ ഇതിന്റെ അര്‍ത്ഥം ചെറുത്തുനില്‍പ്പിന് ഇനി പ്രസക്തിയില്ല എന്നല്ല. ജനാധിപത്യരാഷ്ട്രീയം തനിക്ക് പാരമ്പര്യമായി ലഭിച്ച സമരമുറകളെ പുതുക്കി വിചാരിക്കേണ്ട കാലം എത്തിയിരിക്കുന്നു എന്നു മാത്രമാണ്. ഓരോ തലമുറയും ഏറ്റുവാങ്ങുന്ന സമരരീതികള്‍ അതിനു മുമ്പുണ്ടായിരുന്ന ചരിത്രഘട്ടത്തിലെ രാഷ്ട്രീയസാഹചര്യങ്ങളാല്‍ രൂപപ്പെട്ടവയാണ്. ഗാന്ധിയുടെ സത്യാഗ്രഹം ജന്മമെടുത്തത് തന്റെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കേണ്ടിവന്ന ഒരു കൊളോണിയല്‍ രാഷ്ട്രത്തെ നേരിട്ടുകൊണ്ടായിരുന്നു. ഭരണഘടനാപരമായ റിപ്പബ്ലിക്കിന്റെ ആദ്യകാല ദശകങ്ങളില്‍ അതിന് ഒരു പരിധിവരെ ഫലപ്രാപ്തി നിലനിന്നു. എന്നാല്‍ ഒരുകാലത്ത് വിജയിച്ചുവെന്ന കാരണത്താല്‍ മാത്രം ഒരു രാഷ്ട്രീയസമരരീതിക്കും ശാശ്വതമായ പ്രാബല്യം അവകാശപ്പെടാനാവില്ല. രാഷ്ട്രത്തിന്റെ സ്വഭാവം മാറുമ്പോള്‍, പൗരന്മാര്‍ സംഘടിക്കുന്നതും ജനങ്ങളെ അണിനിരത്തുന്നതും ജനാധിപത്യശക്തി പ്രയോഗിക്കുന്നതുമായ രൂപങ്ങളും അതിനനുസരിച്ച് മാറേണ്ടതുണ്ട്.
അതുകൊണ്ട് ഇന്ത്യയിലെ യുവജനങ്ങളുടെ മുന്നിലുള്ള വെല്ലുവിളി ഒരു മന്ത്രിയുടെ രാജി നേടിയെടുക്കുക എന്നതിനേക്കാള്‍ എത്രയോ വലുതാണ്. ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്ന പുതിയ രാഷ്ട്രീയപ്രവര്‍ത്തനരൂപങ്ങള്‍ കണ്ടെത്തുക എന്നതാണ് അവരുടെ ശരിയായ ദൗത്യം. ധാര്‍മ്മികധൈര്യം ഇന്നും അനിവാര്യമാണ്. എന്നാല്‍ തന്ത്രബോധത്താല്‍ നയിക്കപ്പെടാത്ത ധൈര്യം പലപ്പോഴും രക്തസാക്ഷിത്വമായി മാത്രം അവസാനിച്ചേക്കാം. അതിനാല്‍ വേണ്ടത് ഗാന്ധിയെ ഉപേക്ഷിക്കുകയല്ല, മറിച്ച്, തന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തെ ഫലപ്രദമാക്കിയ രാഷ്ട്രീയസര്‍ഗ്ഗാത്മകതയുടെ ആത്മാവിനെ വീണ്ടും കണ്ടെത്തുകയും ഇന്നത്തെ ചരിത്രസാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രൂപങ്ങളില്‍ അതിനെ പുനര്‍സൃഷ്ടിക്കുകയും ചെയ്യുകയാണ്.
അതിനാല്‍ ജന്തര്‍ മന്തര്‍ സമരം നമ്മെ പഠിപ്പിക്കുന്ന പാഠം ജനാധിപത്യപരമായ പ്രതിഷേധം അസാധ്യമാണെന്നതല്ല. ഭൂതകാലത്തിലെ സമരമുറകള്‍ അതേപടി ആവര്‍ത്തിച്ചുകൊണ്ട് മാത്രം ജനാധിപത്യസമരങ്ങള്‍ക്ക് ഇനി വിജയിക്കാനാവില്ല എന്നതാണ്. ജനാധിപത്യത്തിന് പുതുജീവന്‍ ലഭിക്കണമെങ്കില്‍ പുതിയ സംഘടനാരൂപങ്ങള്‍ ആവശ്യമാണ്, ഐക്യദാര്‍ഢ്യത്തിന്റെ പുതിയ ഭാഷകള്‍ ആവശ്യമാണ്, അധികാരവും പൊതുവിയോജിപ്പും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപരമായി മാറ്റിമറിച്ച ഒരു രാഷ്ട്രത്തെ നേരിടാന്‍ പ്രാപ്തമായ പുതിയ രാഷ്ട്രീയതന്ത്രങ്ങളും അനിവാര്യമാണ്. അതുവരെ, ഏറ്റവും മഹത്തരമായ ആത്മത്യാഗങ്ങള്‍ പോലും ആദരവും പ്രചോദനവും ഉണര്‍ത്തിയേക്കാം, എന്നാല്‍ സാമൂഹികമാറ്റം സൃഷ്ടിക്കാന്‍ ആവശ്യമായ രാഷ്ട്രീയശക്തിയെ അവ ഉണര്‍ത്തണമെന്നില്ല. അഹങ്കാരത്തില്‍ അന്ധമായ ഒരു ഭരണകൂടത്തിന്റെ സങ്കല്‍പ്പശേഷിയെ തന്നെ വെല്ലുവിളിക്കുന്ന രാഷ്ട്രീയഭാവനയും സര്‍ഗാത്മകതയും വളര്‍ത്തിയെടുക്കുകയെന്നതാണ് ജനറേഷന്‍ Z-യുടെ ചരിത്രപരമായ ദൗത്യം.
എഴുത്തുകാരനും പൗരാവകാശ പ്രവര്‍ത്തകനുമാണ് ആനന്ദ് ടെല്‍തുംബ്ദെ.
Courtesy : countercureents.org







No Comments yet!