Skip to main content

അയാൾ

അവിചാരിതമായി അയാൾ മുറിയിലേക്കു കടന്നുവന്നു.
രാത്രിയാണ്.
മഞ്ഞു പോലെ തണുത്ത കൈകൾ എൻ്റെ നെറ്റിമേൽ വച്ചു.
ഒരു ശീതക്കാറ്റ് മുറിയിൽ നിറയുന്നു.
ഞാനയാളെ മുറുകെപ്പിടിച്ചു.
“വിളിച്ചപ്പോഴൊന്നും നീ വന്നില്ലല്ലോ” ഞാൻ പരിഭവിച്ചു.
“ഞാൻ സ്നേഹിക്കുന്നവരെ ഒറ്റുകൊടുക്കാറില്ല
ഒളിച്ചു വയ്ക്കാറാണ് പതിവ്” അയാൾ പറഞ്ഞു.
വെളുത്ത മുടി മാത്രമുള്ള അയാളുടെ ശിരസിൽ ഞാൻ തൊട്ടു.
“യു ആർ സോ യങ്” “യൂ റ്റൂ”

“ഇനിയെന്താ പറയാനുള്ളത്?”
“നതിങ്”
ഞാനയാളുടെ കണ്ണുകളിൽ ഉമ്മ വച്ചു.
പതിയെ ഒരു രാത്രി എന്നിലേക്കിറ്റു വീണു.
അപ്പോൾ നിദ്രയിലുള്ള എല്ലാ മനുഷ്യരുടെയും സ്വപ്നങ്ങൾ
മുറിക്കു പുറത്ത് വന്നു നിന്നു.

എൻ്റെ സംഭ്രമങ്ങൾ ഏറ്റുവാങ്ങിയ പോലെ മുറ്റത്തെ പുളിമാവ് വിറച്ചു.
മേഘങ്ങൾക്കിടയിലെ ഒറ്റ നക്ഷത്രം സാവധാനം മിഴി കൂമ്പി.
നിലാവ് മേഘത്തെ തൊട്ടു വിളിച്ചു.
ജനാലയ്ക്കൽ നിന്ന പൂവ് മഞ്ഞുകണത്തെ
മാറിലൊളിപ്പിച്ചു.
ആരോ ദൂരെ പതിഞ്ഞ ശബ്ദത്തിൽ എനിക്കായ് പ്രാർത്ഥിക്കുന്നു.
ഞാനയാളുടെ കണ്ണുകളിലേക്കിറങ്ങി,
സ്വച്ഛമായ തടാകത്തിലെന്നപോലെ മുങ്ങിക്കിടന്നു.

***

കവിപരിചയം :

ആശ ബി.

ടീച്ചർ, ഗവ എൽ.പി. എസ് ഏരൂർ, കൊല്ലം.

സിംഹവേട്ട, മാംസനിബദ്ധം എന്നീ കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു

One Reply to “അയാൾ”

Your Email address will not be published.