അൻവർ അലിയുടെ കവിതകൾ എപ്പോഴും ഭാഷയുടെയും യാഥാർത്ഥ്യത്തിന്റെയും അതിരുകളെ മായ്ച്ചുകളയാൻ ശ്രമിക്കുന്നവയാണ്. “കുഞ്ഞാതി” യും ഇതിൽ നിന്ന് വ്യത്യസ്തമല്ല. മനുഷ്യനും ഓർമയും വാക്കും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് കവി ഇതിലൂടെ ആവിഷ്കരിക്കുന്നത്. ഒരു ചായക്കടയുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന കവിത, പ്രപഞ്ചത്തെ അതിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു.
കവിതയുടെ തുടക്കത്തിൽ തന്നെ കുഞ്ഞാതി ചായക്കടയിൽ വന്ന് ഓർമകളെ ഇറക്കിവെക്കുന്നത് കാണാം. ഇവിടെ ഓർമ എന്നത് കേവലം കഴിഞ്ഞുപോയ വർത്തമാനങ്ങളുടെ അടരുകളല്ല; അത് വർത്തമാനത്തെ നിയന്ത്രിക്കുന്ന സജീവമായ ഒരു സാന്നിധ്യമാണ്. ഒരു ചായ പഞ്ചസാരയില്ലാതെ, സ്വപ്നത്തിലെന്ന പോലെ ചോദിക്കുന്ന കുഞ്ഞാതി ഭൗതികാവശ്യങ്ങൾക്കപ്പുറമുള്ള മറ്റൊരു ലോകത്താണ് ജീവിക്കുന്നത്. ഈ അവസ്ഥ മനുഷ്യനും ഓർമയും തമ്മിലുള്ള ആഴമേറിയ ആത്മബന്ധത്തെ സൂചിപ്പിക്കുന്നു.

സാദൃശ്യം, സാമീപ്യം, കാര്യ-കാരണ ബന്ധം എന്നിവ മുൻനിർത്തി മനുഷ്യരിലുണ്ടാകുന്ന നിരന്തരമായ മാനസിക പ്രക്രിയയാണിത്. കുഞ്ഞാതിയുടെ മനസ്സിൽ ചായക്കടയും, സന്ധ്യയും, വെയിൽത്തുണ്ടും ഒക്കെ പരസ്പരം ചേർത്തിരിക്കുന്നു. പുറത്തെ വെയിൽത്തുണ്ടിനെ വിറകുപോലെ കടയുടെ പിന്നിലേക്ക് വലിച്ചെറിയുന്നത് ഈ മാനസികമായ കൂട്ടിച്ചേർക്കലിന്റെ ഭാഗമായാണ്. ബാഹ്യലോക വസ്തുക്കളെ തന്റെ ആന്തരിക ബോധവുമായി കുഞ്ഞാതി ഇവിടെ ഇണക്കിച്ചേർക്കുന്നു.
ആഗ്രഹം എന്നത് ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് പ്രവഹിക്കുന്ന ഒന്നല്ല; അത് കാരണങ്ങളോ ഫലങ്ങളോ ഇല്ലാതെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന ഊർജ്ജമാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളും പ്രകൃതിയിലെ മറ്റ് ഘടകങ്ങളുമായി ചേർന്ന് ഈ ആഗ്രഹത്തെ ഉത്പാദിപ്പിക്കുന്ന യന്ത്രങ്ങളായി മാറുന്നു. അങ്ങനെ കവിതയിലെ കുഞ്ഞാതി കേവലമൊരു വ്യക്തിയല്ലാതായി പരിണമിക്കുന്നു.
വെയിൽത്തുണ്ട് താഴത്ത് വീണുകിടക്കുന്നത് വിറകുപോലെ എടുക്കുമ്പോൾ, പ്രകൃതിയിലെ പ്രകാശവും മനുഷ്യന്റെ പ്രവൃത്തിയും തമ്മിലൊരു സങ്കലനം നടക്കുന്നുണ്ട്. സന്ധ്യ ചോന്നുതുടുത്ത മുഖംകൊണ്ട് നോക്കിനിൽക്കുമ്പോൾ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അതിരുകൾ ഇല്ലാതാവുകയാണ്. അവ പരസ്പര പൂരകങ്ങളായി വർത്തിക്കുന്ന യന്ത്രഭാഗങ്ങളെപ്പോലെ പ്രവർത്തിക്കുന്നു. മനസ്സിന്റെ ഭാവനയും ആഗ്രഹത്തിന്റെ ഒഴുക്കും ഈ അബോധാവസ്ഥയിലൂടെയാണ് പൂർണ്ണമാകുന്നത്.
ഏകാന്തത ഒരു മൂളിപ്പാട്ട് പാടുന്നതായി തോന്നുന്നത് വെറുമൊരു ഭാവനയല്ല, അത് കുഞ്ഞാതിയുടെ അസ്തിത്വ പ്രകാശനമാണ്. ഇവിടെ ഏകാന്തത ശൂന്യതയല്ല, അത് സംഗീതമായാണ് കുഞ്ഞാതി അനുഭവിക്കുന്നത്. തന്റെ മനസ്സിലെ ഓർമകളും വികാരങ്ങളും ചേർന്ന് ആ ഏകാന്തതയ്ക്ക് ഒരു ഈണം നൽകുന്നു. ബാഹ്യലോകത്തെ യാഥാർത്ഥ്യവും ആന്തരിക ബോധവും തമ്മിലുള്ള ഈ സമ്പർക്കമാണ് മൂളിപ്പാട്ടായി മാറുന്നത്. ഏകാന്തത എന്ന അവസ്ഥ ഇവിടെ നിഷ്ക്രിയമല്ല, അത് ഉത്പാദനക്ഷമമാണ്.
ഈ മൂളിപ്പാട്ട് ആനന്ദത്തിൽ നിന്നാണോ വിഷാദത്തിൽ നിന്നാണോ ഉണ്ടാകുന്നത് എന്ന് വ്യക്തമല്ല. പ്രത്യേകിച്ചൊരു കാരണം കൂടാതെ, ബോധപൂർവ്വമായ ചിന്തകൾക്ക് അപ്പുറത്ത് നിന്ന് പെട്ടെന്ന് ഉയർന്നുവരുന്ന ഒരു വികാരവിസ്ഫോടനമാണത്. മനുഷ്യ മനസ്സിൽ ഉണ്ടാകുന്ന ഇംപ്രഷനുകൾ അഥവാ സംവേദനങ്ങൾ എപ്പോഴും വ്യക്തമായ കാരണങ്ങളാൽ ആകണമെന്നില്ല. മനസ്സ് അതിന്റെ അബോധാവസ്ഥയിൽ പലതരം ചിന്തകളെയും വികാരങ്ങളെയും പരസ്പരബന്ധമില്ലാതെയും കൂട്ടിയിണക്കാറുണ്ട്. ആനന്ദമോ വിഷാദമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഈ അവസ്ഥ അത്തരമൊരു മാനസിക പ്രക്രിയയാണ്.
തൊണ്ടയിൽ ഒരു വിങ്ങിപ്പൊട്ടലായി വന്നു മുട്ടുന്നത് കുഞ്ഞാതിക്കാണോ, സന്ധ്യയ്ക്കാണോ അതോ വെറും ഓർമ്മയ്ക്കാണോ എന്ന കവിയുടെ ചോദ്യം ഈ കാഴ്ചപ്പാടിനെ കൂടുതൽ ദൃഢമാക്കുന്നു. ഇവിടെ വ്യക്തിയും പ്രകൃതിയും ഓർമ്മയും തമ്മിലുള്ള അതിർവരമ്പുകൾ പൂർണ്ണമായും മാഞ്ഞുപോകുന്നു. കുഞ്ഞാതി എന്ന മനുഷ്യരൂപവും, സന്ധ്യ എന്ന പ്രകൃതിപ്രതിഭാസവും, ഓർമ്മ എന്ന മാനസികാവസ്ഥയും ഒരൊറ്റ വ്യൂഹമായി മാറുന്നു. വികാരം എന്നത് ഒരാളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല; അത് കുഞ്ഞാതിയിലൂടെ സന്ധ്യയിലേക്കും സന്ധ്യയിലൂടെ ഓർമ്മയിലേക്കും പടരുകയാണ്.ഈ ഘടകങ്ങൾ പരസ്പരം സ്വാധീനിച്ചുകൊണ്ട് ഒരു പുതിയ അനുഭവം നിർമ്മിക്കുന്നു.
ഈ പ്രവാഹത്തെയും അനുഭവത്തെയും അടയാളപ്പെടുത്തുന്നത് ‘വാക്ക്’ ആണ്. മനുഷ്യന്റെ അനുഭവങ്ങളെയും ഓർമകളെയും പ്രകടിപ്പിക്കാൻ ഭാഷ ആവശ്യമാണ്. എന്നാൽ ഈ കവിതയിൽ വാക്ക് എന്നത് വെറുമൊരു വിനിമയ ഉപാധി മാത്രമല്ല, അത് സ്വയം ഒരനുഭവമായി മാറുന്നുണ്ട്. അൻവർ അലി മനുഷ്യനേക്കാൾ വലിയൊരു സ്ഥാനം വാക്കിന് നൽകുന്നു. മനുഷ്യൻ വാക്കുകളെ ഉപയോഗിക്കുകയല്ല, വാക്കുകൾ മനുഷ്യരെയും പ്രപഞ്ചത്തെയും സ്വപ്നം കാണുകയാണ് ചെയ്യുന്നത്. കുഞ്ഞാതിയുടെയും സന്ധ്യയുടെയും അസ്തിത്വം നിലനിൽക്കുന്നത് ഈ സ്വപ്നത്തിലാണ്.
സ്വപ്ന സഞ്ചാര പ്രകാരം വാക്കുകൾ തന്നെ വലിയൊരു യന്ത്ര സംവിധാനമായി മാറുന്നു. ഭാഷായന്ത്രം നിരന്തരം അർത്ഥങ്ങളെയും വികാരങ്ങളെയും ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ചായക്കടയും കുഞ്ഞാതിയുടെ വിങ്ങലും സന്ധ്യയുടെ ചോപ്പും എല്ലാം ഈ യന്ത്രത്തിലെ കണ്ണികളാണ്. മനുഷ്യരുടെ ഓർമ്മകൾക്ക് കാലപ്പഴക്കത്തിൽ മാറ്റം വരാം, മനുഷ്യർ ഇല്ലാതാകുമ്പോഴും പ്രകൃതിയുടെ ഭാവങ്ങൾ മാറിമറിയാം; എന്നാൽ വാക്കുകൾ നിർമ്മിക്കുന്ന സ്വപ്നത്തിന് മരണമില്ല. കുഞ്ഞാതി അനുഭവിച്ച ആ ഏകാന്തതയും മൂളിപ്പാട്ടും തൊണ്ടയിലെ വിങ്ങലുമെല്ലാം കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നത് ഭാഷയുടെ അനന്തതയിലാണ്.
വാക്കുകൾ സ്വപ്നം കാണുമ്പോൾ അവിടെ യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള അതിർവരമ്പുകൾ പൂർണ്ണമായും ഇല്ലാതാവുന്നു. കവിത എന്നത് കവി എഴുതുന്ന ഒന്നല്ല, അത് വാക്കുകൾ സ്വയം പ്രഖ്യാപിക്കുന്ന ഒരനുഭവമായി മാറുന്നു. “കുഞ്ഞാതി” കവിത കേവലം വ്യക്തി ചിത്രീകരണമല്ല. അത് മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചും പ്രപഞ്ചവുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള അന്വേഷണമാണ്. ഓർമകൾ കോർത്ത വാക്കുകളിലൂടെ കവി പ്രപഞ്ചത്തിന്റെ ഒരു യന്ത്രഘടനയെ തന്നെയാണ് തുറന്നുകാട്ടുന്നത്. കുഞ്ഞാതി എന്ന ലളിതമായ പശ്ചാത്തലത്തിൽ നിന്ന് തുടങ്ങി പ്രപഞ്ചത്തിന്റെ വലിയൊരു കാഴ്ചയിലേക്കാണ് കവിത നമ്മെ എത്തിക്കുന്നത്. ഒടുവിൽ ആ ചായക്കടയും സന്ധ്യയും കുഞ്ഞാതിയും നമ്മുടെ മനസ്സിലും വാക്കുകളുടെ അപൂർവ സ്വപ്നമായി ശേഷിക്കുന്നു.







No Comments yet!