Skip to main content

ജൂണ്‍ 23 – വിജയകരമായ ആദ്യത്തെ പോളിയോ വാക്‌സിന്‍ നിര്‍മ്മിച്ച, ജോനാസ് സാള്‍ക്ക് ഓര്‍മദിനം

”പോളിയോ എങ്ങനെ ഉന്മൂലനം ചെയ്യണമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചു തന്നു. നിങ്ങള്‍ വിചാരിക്കും അദ്ദേഹം തട്ടിപ്പു നടത്തുകയാണെന്ന്”

– ബേസില്‍ ഒ’കോണര്‍

Basil O'Connor - IMDb
Basil O’Connor

ലോകം മുഴുവനുണ്ടായിരുന്ന പോളിയോ രോഗത്തിനെതിരെ വാക്‌സിന്‍ കണ്ടുപിടിച്ച് മനുഷ്യവംശത്തെ സര്‍വനാശത്തില്‍നിന്നും രക്ഷിച്ച അമേരിക്കന്‍ മൈക്രോബയോളജിസ്റ്റാണ് ജോനാസ് സാള്‍ക്ക് (1914 – 1995). പിള്ള വാതം അഥവാ പോളിയോ വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ പോളിയോ മൈലൈറ്റിസ്. പ്രധാനമായും കുട്ടികളെ ബാധിക്കുന്ന മാരകരോഗം ചേരികളിലും കൊട്ടാരങ്ങളിലും ഒരുപോലെ പിടികൂടിയിരുന്നു. ജോണ്‍ എന്‍ഡേഴ്‌സ്, തോമസ് വെല്ലേഴ്‌സ്, ഫെഡറിക്ക് റോബിന്‍സ്, ആല്‍ബര്‍ട്ട് സാബിന്‍ എന്നിവരും ഈ ശാസ്ത്രകഥയില്‍ താരങ്ങളായെങ്കിലും നായക പദവി ലഭിച്ചത് ജോനാസ് സാല്‍ക്ക്-നാണ്. ന്യൂയോര്‍ക്കില്‍ ജനനം.

Jonas Salk, the People's Scientist – Yousuf Karsh
Jonas Salk

1939-ല്‍ എം.ഡി. നേടിയ സാള്‍ക്ക് 1942-ല്‍ മിച്ചിഗണ്‍ സര്‍വകലാശാലയില്‍ ഇന്‍ഫ്‌ളുവന്‍സ പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണ പദ്ധതിയില്‍ ചേര്‍ന്നു. തോമസ് ഫ്രാന്‍സിസ് എന്ന വിഖ്യാത മൈക്രോബയോളജിസ്റ്റായിരുന്നു അതിന്റെ തലവന്‍.

1949-ല്‍ പിറ്റ്‌സ് സര്‍വകലാശാലയില്‍ ബാക്ടീരിയോളജി വിഭാഗം പ്രൊഫസറായി. അവിടെവച്ച് അദ്ദേഹം തയ്യാറാക്കിയ വൈറസുകളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ ‘നാഷ്ണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ഫന്റൈല്‍ പരാലിസിസ് മേധാവി ബേസില്‍ ഒ’കോണര്‍-ന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് വഴിത്തിരിവായത്. പോളിയോ വാക്‌സിന്‍ ഗവേഷണത്തിന് അവര്‍ ധനസഹായം നല്‍കാന്‍ തയ്യാറായി.

1946-മുതല്‍ ഫ്രാങ്ക്‌ലിന്‍ എന്‍ഡേഴ്‌സ് എന്ന ശാസ്ത്രജ്ഞന്‍ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പകര്‍ച്ചവ്യാധികളുടെ പരീക്ഷണശാല സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ‘വൈറസ് ഗവേഷണത്തില്‍ പുതിയ ചരിത്രഘട്ടം കുറിച്ച സംഭവം’ എന്നാണ് ആ ഗവേഷണം പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെട്ടത്.

1949 ല്‍ ഫ്രാങ്ക്‌ലിന്‍ എന്‍ഡേഴ്‌സ് സഹപ്രവര്‍ത്തകരായ തോമസ് വെല്ലര്‍, ഫ്രെഡറിക് റോബിന്‍സ് എന്നിവരുടെ സഹായത്തോടെ ആദ്യമായി ടെസ്റ്റ്യൂബിലെ മനുഷ്യകോശങ്ങളില്‍ പോളിയോ വൈറസ് വളര്‍ത്തിയെടുത്തു. 1954-ല്‍ മൂവര്‍ക്കും ഈ കണ്ടെത്തലിന് നോബല്‍ സമ്മാനം ലഭിച്ചു. ഈ സങ്കേതമാണ് 1952-ല്‍ ജോനാസ് സാള്‍ക്കിനെ പോളിയോ വൈറസുകള്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കാന്‍ സഹായിച്ചത്. അവര്‍ മൂവരും ഉണ്ടായിരുന്നില്ലെങ്കില്‍ സാള്‍ക്കിന്റെ വാക്‌സിന്‍ അസാധ്യമാകുമായിരുന്നു. സ്വന്തം ശരീരത്തില്‍ പരീക്ഷിച്ചാണ് അത് അപകടരഹിതമാണെന്ന് സാള്‍ക്ക് ഉറപ്പു വരുത്തിയത്. 1953-ല്‍ തന്റെ കണ്ടുപിടുത്തവിവരം പ്രബന്ധമായി പ്രസിദ്ധീകരിച്ചു.

For son of Jonas Salk, coronavirus vaccines conjure memories of polio's  defeat | UW Magazine — University of Washington Magazine

1955 ഏപ്രില്‍ 12-ന് പോളിയോ വാക്‌സിന്‍ സുരക്ഷിതമാണെന്ന് ഔദ്യോഗികമായി അംഗീകരിച്ചു. തുടര്‍ന്ന് ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വാക്‌സിന്‍ കുത്തിവച്ചു. ലോകമെമ്പാടും ഇത് വ്യാപിച്ചു. പോളിയോയ്‌ക്കെതിരായ യുദ്ധത്തില്‍ അങ്ങനെ മനുഷ്യന്‍ ജയം നേടി. വാക്‌സിന്‍ കണ്ടുപിടിച്ചതു പ്രഖ്യാപിച്ച പത്രസമ്മേളനത്തിലും റേഡിയോ പ്രഭാഷണത്തിലും സാള്‍ക്ക് തന്റെ വിജയത്തിന് കാരണക്കാരായ ആര്‍ക്കും നന്ദി പറഞ്ഞില്ല. എന്നാല്‍ അതിന്റെ നേട്ടവും അദ്ദേഹം അവകാശപ്പെട്ടില്ല.

1963-ല്‍ കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സ്റ്റഡീസിന്റെ മേധാവിയായി. ഇന്നത് ‘സാള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്’ എന്നറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനമായി അതിനെ മാറ്റിയെടുത്തത് സാള്‍ക്ക് ആണ്. ജീവിതാന്ത്യത്തില്‍ എയ്ഡ്‌സ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള യത്‌നത്തിലായിരുന്നു.

1975-ല്‍ ഇന്ത്യ ‘ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ്’ നല്‍കി. ജോനാസ് സാള്‍ക്കിനെ അടിമുടി എതിര്‍ത്ത ശാസ്ത്രജ്ഞനായിരുന്നു പോളീഷ്-അമേരിക്കന്‍ മൈക്രോബയോളജിസ്റ്റ് ആല്‍ബര്‍ട്ട് സാബിന്‍ (1906-1993). സാള്‍ക്ക് ഒരു ‘അടുക്കള രസതന്ത്രജ്ഞന്‍’ മാത്രമാണെന്നും ഒരിക്കലും സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ നിര്‍ജീവ പോളിയോ വാക്‌സിന്‍ കൊള്ളില്ലെന്നുമായിരുന്നു സാബിന്റെ പ്രഖ്യാപനം. 1956-ല്‍ അദ്ദേഹം കുത്തിവയ്പിനു പകരം കുടിക്കാവുന്ന വാക്‌സിന്‍ കണ്ടുപിടിച്ചു. സാള്‍ക്കിന്റെ വിജയത്തില്‍ സാബിന്‍ അവഗണിക്കപ്പെട്ടെങ്കിലും 1962-ല്‍ ബ്രിട്ടന്‍ സാബിന്റെ മരുന്ന് സ്വീകരിച്ചു. തുടര്‍ന്ന് മറ്റു രാജ്യങ്ങളും. ഇന്ന് പോളിയോ തുള്ളിമരുന്നായി ലോകം മുഴുവന്‍ ഉപയോഗിക്കുന്നത് ആല്‍ബര്‍ട്ട് സാബിന്റെ കണ്ടുപിടുത്തമാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.