Skip to main content

പി.സി. മഹലനോബിസ് – ഇന്ത്യന്‍ സ്ഥിതിവിവരശാസ്ത്രത്തിന്റെ ശില്പി

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും ആസൂത്രണത്തിന്റെ നിര്‍ണായക ഉപാധിയായ നാഷ്ണല്‍ സാമ്പിള്‍ സര്‍വെ തുടങ്ങുകയും അങ്ങനെ വ്യത്യസ്തമായ ശാസ്ത്രശാഖയ്ക്ക് അതുല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് പ്രശാന്ത ചന്ദ്ര മഹലനോബിസ്.

Prasanta Chandra Mahalanobis
Prasanta Chandra Mahalanobis

വ്യാവസായിക ഉത്പന്നങ്ങളുടെ ഗുണനിലവാരം തീരുമാനിക്കുവാന്‍ സാമ്പിളുകള്‍ ഉപയോഗിക്കുന്ന രീതിയായ സ്റ്റാറ്റിസ്റ്റിക്കല്‍ ക്വാളിറ്റി കണ്‍ട്രോള്‍ എന്ന ശാഖയിലും മഹാലനോബിസിന്റെ സംഭാവനകള്‍ പ്രസിദ്ധമാണ്.
കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജിലെ ഫിസിക്‌സ് ലാബോറട്ടറിയോടു ചേര്‍ന്നുള്ള ഒറ്റമുറിയിലാണ് അദ്ദേഹം ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. ഇതിനുവേണ്ടി ‘സംഖ്യ’ എന്ന പ്രസിദ്ധീകരണവും തുടങ്ങി. സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ചു വിശകലനം ചെയ്തു സൂക്ഷിക്കുന്നതിന് നാഷണല്‍ സാമ്പിള്‍ സര്‍വേ എന്നൊരു പ്രത്യേക സംവിധാനവും തുടങ്ങി. ഇന്ത്യയിലെവിടെയുമുള്ള സാമൂഹിക-സാമ്പത്തിക- സ്ഥിതിവിവരശേഖരത്തിന്റെ ആധികാരിക സ്രോതസ്സായും ആസൂത്രണ മന്ത്രാലയത്തിനു കീഴിലെ സംവിധാനമായും അതു മാറി. മഹലനോബിസ് ആയിരുന്നു രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യശില്പി.
ഭൗതിക അദ്ധ്യാപകനായി ഇന്ത്യയില്‍ സേവനമനുഷ്ഠിക്കുമ്പോഴാണ് തികച്ചും വ്യത്യസ്തമായ മറ്റൊരു ശാസ്ത്രശാഖയ്ക്ക് അദ്ദേഹത്തില്‍നിന്ന് അതുല്യ സംഭാവന ലഭിച്ചത്.

1893 ജൂണ്‍ 29-ന് കൊല്‍ക്കത്തയില്‍ ജനനം. 1912-ല്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തു. കേംബ്രിജിലെ കിങ്‌സ് കോളേജില്‍നിന്ന് 1915-ല്‍ ട്രൈപോസ് ബിരുദമെടുത്ത് കാവന്‍ഡിഷ് ലബോറട്ടറിയില്‍ ഗവേഷണം നടത്താനായിരുന്നു മഹലനോബിസിന്റെ ആഗ്രഹം. അതു നടക്കില്ലെന്നുറപ്പായപ്പോള്‍ അദ്ദേഹം ഇന്ത്യയിലേക്കു തിരിച്ചുവന്നു. അതിനിടയിലാണ് സ്ഥിതിവിവരശാസ്ത്രത്തിലേക്കു ഒരു യാദൃച്ഛിക സംഭവത്തിലൂടെ ശ്രദ്ധതിരിയുന്നത്.

1915-ല്‍ ഇന്ത്യന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ ഭൗതികാദ്ധ്യാപകനായി. പിന്നീട് കൊല്‍ക്കത്ത പ്രസിഡന്‍സികോളേജ് പ്രിന്‍സിപ്പലായി. 1948 വരെ ഭൗതികാദ്ധ്യാപകനായി തുടര്‍ന്നു.
1956 മുതല്‍ 1961 വരെയുള്ള രണ്ടാം പഞ്ചവത്സരപദ്ധതിയെ ‘മഹലനോബിസ് പ്ലാന്‍’ എന്നാണ് പറയുന്നത്. ഈ പദ്ധതി വമ്പിച്ച വ്യവസായത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തത്. ഇതിലൂടെ ഭരണകൂടം രാജ്യത്തിലെ വ്യവസായമേഖലയിലെ ഉത്പാദനം ഉയര്‍ത്തി കൊണ്ടുവന്നു. ഈ മാതൃക നിര്‍ദ്ദേശിച്ചത് മഹലനോബിസ് ആണ്.
1957-ല്‍ ഇന്റര്‍നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓണററി പ്രസിഡന്റായി.
1945-ല്‍ ലണ്ടനിലെ സ്റ്റാറ്റിസ്റ്റിക്കല്‍ സൊസൈറ്റി വിശിഷ്ടാംഗത്വം 1968-ല്‍ രാജ്യം ഭാരതരത്‌ന എന്നിവ നല്‍കി ആദരിച്ചു.
രബീന്ദ്രനാഥ ടാഗോറിന്റെയും വിശ്വഭാരതി സര്‍വകലാശാലയുടെയും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇരുപതിലേറെ ശാസ്ത്രപ്രബന്ധങ്ങള്‍ക്കു പുറമേ വ്യത്യസ്ത മേഖലകളിലായി നൂറിലേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ച പി.സി.മഹലനോബിസ് 1972 ജൂണ്‍ 28-ന് അന്തരിച്ചു.

Prasanta Chandra Mahalanobis – Bhāvanā

മഹലനോബിസ് കിങ്‌സ് കോളേജിന്റെ ഗ്രന്ഥശാലയിലിരിക്കുന്ന സമയത്ത് ഒരാള്‍ ‘ബയോമെട്രിക്ക’യുടെ ചില ലക്കങ്ങളെപ്പറ്റി സംശയവുമായി അദ്ദേഹത്തെ സമീപിച്ചു. (സ്ഥിതിവിവരശാസ്ത്ര ശാഖയിലെ അതുല്യനായ കാള്‍ പിയേഴ്‌സന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന പ്രസിദ്ധീകരണമാണ് ‘ബയോമെട്രിക്ക’. ജീവശാസ്ത്ര ബന്ധമുള്ള സ്ഥിതിവിവര ശാസ്ത്രമാണതിന്റെ ഉള്ളടക്കം). ‘ബയോമെട്രിക്ക’യില്‍ ആകൃഷ്ടനായ മഹലനോബിസ് അതിന്റെ എല്ലാ ലക്കങ്ങളും വാങ്ങിയാണ് ഇന്ത്യയിലേക്കു തിരിച്ചത്. ഈ സംഭവമാണ് മഹലനോബിസിന്റെയും ഇന്ത്യയുടെയും ഭാവിയിലേക്ക് വഴിത്തിരിവായത്.

സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ കേന്ദ്രീകരിച്ചു വിശകലനം ചെയ്തുകൊണ്ടാണ് മഹലനോബിസ് സ്റ്റാറ്റിസ്റ്റിക്സ് പഠനം തുടങ്ങുന്നത്. പിന്നീട് നരവംശശാസ്ത്രവും കാലാവസ്ഥാനിരീക്ഷണവും അദ്ദേഹത്തിന്റെ വിഷയങ്ങളായി.
ഇന്ത്യയില്‍ പ്രധാനമായിരുന്ന പല സാമൂഹ്യപ്രശ്‌നങ്ങളെയും സ്റ്റാറ്റിസ്റ്റിക്‌സിന്റെ ലെന്‍സില്‍ കൂടി മഹലനോബിസ് പരിശോധിച്ചിരുന്നു. ബംഗാള്‍ നവോത്ഥാനത്തിന്റെ സന്തതിയായിരുന്ന മഹാലനോബിസിന് ശാസ്ത്രത്തിന്റെ മാനവികമാനത്തെക്കുറിച്ച് ആരും പറഞ്ഞുകൊടുക്കേണ്ടിയിരുന്നില്ല. ലോകമാനവികതയുടെ ഏകസ്വഭാവത്തില്‍ വിശ്വസിക്കാനുള്ള കരുത്ത് എനിക്ക് ഗുരുദേവന്റെ (ടാഗോര്‍) ചിന്തകളില്‍നിന്നാണ് ലഭിച്ചത് എന്നാണ് മഹാലനോബിസ് ഇതിനെക്കുറിച്ച് പറഞ്ഞത്. ഈ രീതിയില്‍ ബംഗാള്‍ ക്ഷാമവും, ഒഡിസ്സയിലെ മഹാനദിയിലെ ആണ്ടോടാണ്ട് ദുരിതം വിതക്കുന്ന വെള്ളപ്പൊക്കം പ്രവചിക്കാനുള്ള സങ്കേതവും, കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്പാദനത്തിന്റെ വ്യതിയാനങ്ങളും എല്ലാം അദ്ദേഹത്തിന്റെ പഠനങ്ങള്‍ക്കു വിഷയമായി.
വൈദേശികമായ ബൗദ്ധിക സംഭാവനകളൊന്നും കൂടാതെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ശാസ്ത്രമേഖലകളില്‍ അഗ്രഗണ്യമാണ് സ്റ്റാറ്റിസ്റ്റിക്‌സ്. ഒരൊറ്റ ശാസ്ത്രശാഖയില്‍ കാര്യമായ സംഭാവനചെയ്ത ഇന്ത്യാക്കാരുടെ എണ്ണം ഏറ്റവും വലുതായിരിക്കുന്നതും സ്റ്റാറ്റിസ്റ്റിക്‌സിലാണ്. എന്നാല്‍ നമ്മുടെ ഇടയില്‍ത്തന്നെ ഇതിനെക്കുറിച്ചുള്ള അവബോധം വളരെ കുറവാണ്. നാം ഇന്ന് ഒരു ഉയര്‍ന്ന സ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കില്‍, അതിനു കാരണഭൂതനായി ആദ്യം ഓര്‍ക്കേണ്ട പേരാണ് പ്രശാന്ത് മഹാലനോബിസിന്റേത്. ഇന്ന് നമ്മുടെ ഭരണാധികാരികള്‍ പലപ്പോഴും ശാസ്ത്രവിരുദ്ധതക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് അറിവില്ലായ്മ ഒരാഘോഷമാക്കുമ്പോള്‍, മഹാലനോബിസിനെപ്പോലെയുള്ള വ്യക്തിത്വങ്ങളും, അവരെ അംഗീകരിച്ചിരുന്ന ഭരണാധികാരികളും ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കുന്നത് ആവേശജനകമാണ്
മഹാലനോബിസിന്റെ ജന്മദിനമായ ജൂണ്‍ 29 ഇന്ത്യ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആചരിക്കുന്നു.

No Comments yet!

Your Email address will not be published.