Skip to main content

ജൂൺ 29 – കഴിഞ്ഞ തലമുറയിലെ യുവാക്കളുടെ ചിന്താമണ്ഡലത്തിൽ കൊടുങ്കാറ്റുയർത്തിയ ജോസഫ് ഇടമറുക് ഓർമ്മദിനം

മലയാളത്തിലെ മറ്റു പല പ്രമുഖ എഴുത്തുകാരെയും പോലെ ജോസഫ് ഇടമറുക് എന്ന എഴുത്തുകാരനെ സൃഷ്ടിച്ചതിലും സഹോദരൻ പത്രത്തിനും സഹോദരൻ അയ്യപ്പനും വലിയ പങ്കുണ്ട്. കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.സി.ജോസഫ്, തകഴി, പി.കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍, പോഞ്ഞിക്കര റാഫി, ഡോ. പിപി ആൻറണി (കുസുമം) തുടങ്ങിയ എഴുത്തുകാരുടെ ആദ്യകാല രചനകള്‍ വെളിച്ചം കണ്ടത് ‘സഹോദരന്‍’ പത്രത്തിലായിരുന്നു. കേശവദേവ് വളരെക്കാലം മട്ടാഞ്ചേരിയിലെ സഹോദരന്‍ ഓഫീസില്‍ തന്നെയാണ് താമസിച്ച് ജോലി ചെയ്തിരുന്നത്.

ജോസഫ് ഇടമറുകിന് സഹോദരനിൽ നിന്നും തൻറെ എഴുത്ത് ജീവിതത്തിൽ ആദ്യമായി ലഭിച്ച 15 രൂപാ പ്രതിഫലത്തെക്കുറിച്ച് അദ്ദേഹം തന്നെ എഴുതിത്തിയിരിക്കുന്നത് ഇങ്ങനെയാണ്.

“തൊടുപുഴയിൽ നിന്നും പന്ത്രണ്ടു മൈൽ കിഴക്ക് റിസർവ് വനത്തോടു ചേർന്നു കിടക്കുന്ന ഒരു ഗ്രാമത്തിലാണ് ഞാൻ വളർന്നത്. ബസുകളോ കാറുകളോ ബോട്ടുകളോ വന്നു ചേരാത്ത, സൗകര്യമായ റോഡുകളോ തോടുകളോ ഇല്ലാതിരുന്നതു കൊണ്ട് മിക്കവാറും ആധുനിക നാഗരികതയിൽ നിന്നും ആ സ്ഥലം വേർതിരിക്കപ്പെട്ടിരുന്നു. ദിനപത്രങ്ങൾ നടന്ന് ‘സായാഹ്നമായി’ മാത്രമേ അവിടെ എത്താറുള്ളൂ. അതു തന്നെ സ്ഥലത്തെ പ്രധാന ദിവ്യൻമാരായ മൂന്നാലു കച്ചവടക്കാർക്ക് വേണ്ടി മാത്രമാണ്. ആഴ്ച്ചയിൽ ഒരിക്കൽ മാത്രമേ അവിടെ കത്തുകൾ വരാറുള്ളൂ.

അഞ്ചു മൈൽ അകലെയുള്ള പോസ്റ്റോഫീസിൽ നിന്നും മിക്കവാറും പോസ്റ്റ്മാൻ വരുന്നത് പ്രധാനമായും ഒരേ ആവശ്യത്തിനാണു താനും.ഞങ്ങളുടെ നാട്ടുകാരൻ ഒരു സാധാരണ കൃഷിക്കാരനായ ശ്രീ മാധവൻ ‘സഹോദരൻ’ ആഴ്ച്ചപ്പതിപ്പു വരുത്തുന്നുണ്ടായിരുന്നു. ഞാൻ മിഡിൽ സ്ക്കൂൾ ക്ലാസുകളിലും മറ്റും പഠിക്കുമ്പോൾ കണ്ടിട്ടുള്ള ഏക ആഴ്ച്ചപ്പതിപ്പാണത്. എന്റെ വീടിന്റെ തൊട്ടടുത്ത് മാധവന്റെ സഹോദരൻ നടത്തുന്ന കടയിൽ നിന്നും ആ വാരിക എടുത്ത് മുറക്ക് വായിച്ചികൊണ്ടിരുന്നു. ശ്രീ അയ്യപ്പനെപ്പറ്റി ആദ്യമായി അറിയുന്നതും അങ്ങനെയാണ്.

എന്റെ വായന തൃഷ്ണ കൂടി വന്നപ്പോൾ ശ്രീ മാധവനിൽ നിന്നും സഹോദരന്റെ പഴയ പ്രതികൾ വാങ്ങി ഞാൻ വായിച്ചു തുടങ്ങി. അങ്ങനെ വളരെ കൊച്ചു നാളിൽ തന്നെ സഹോദരനോടും സഹോദരൻ അയ്യപ്പനോടും എനിക്ക് അളവറ്റ സ്നേഹവും ബഹുമാനവും തോന്നിയിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ‘തൊഴിലില്ലാ സാഹിത്യകാരനായി’ കഴിയുന്ന കാലത്താണ് ഞാൻ ആദ്യമായി സഹോദരൻ അയ്യപ്പനെ കാണുന്നത്. കാരണവന്മാരുടെ ആഗ്രഹത്തിനു വിപരീതമായ ഒരു നിലയിലാണ് എന്റെ വിദ്യാലയ ജീവിതം ചെന്ന വസാനിച്ചത്. വീട്ടിൽ നിന്നും പന്ത്രണ്ടു മൈൽ അകലെയുള്ള തൊടുപുഴ വായനശാലയിൽ പോയി പുസ്തകങ്ങൾ എടുത്തു കൊണ്ടുവന്ന് വായിക്കുകയും വല്ലപ്പോഴും എന്തെങ്കിലും എഴുതുകയും അതായിരുന്നു കുറേ നാളത്തെ എന്റെ തൊഴിൽ.

എഴുതുന്നതു വല്ല മാസികക്കാർക്ക് അയച്ചു കൊടുത്താൽ പ്രസിദ്ധീകരിച്ചെങ്കിലായി, കളഞ്ഞങ്കിലായി.ഈ കാലത്ത് സഹോദരനിൽ പുതിയ എഴുത്തുകാരിൽ നിന്നും ലേഖന സഹായം ആവശ്യപ്പെട്ടു കൊണ്ടു ഒരു പരസ്യം കണ്ടു. ഞാൻ എഴുതിവച്ചിരുന്ന ഒരു ചെറുകഥ പകർത്തി അയച്ചു കൊടുത്തു. രണ്ടാഴ്ച്ചക്കു ശേഷം ഒരു കഥ പ്രസിദ്ധീകരിച്ചിരുന്ന കോപ്പിയും പത്രാധിപരുടെ ഒരെഴുത്തും കൂടി എനിക്കു കിട്ടി.ഇംഗ്ലീഷോ മലയാളമോ എന്ന് ഒരു നോട്ടത്തിൽ പിടി കിട്ടുകയില്ലാത്ത കയ്പ്പടയിൽ ആയിരുന്നു അത്. വളരെ കഷ്ട്ടപ്പെട്ടാണ് അതു വായിച്ചു തീർത്തതെങ്കിലും അത് എന്നെ വളരെയധികം ഉത്തേജിപ്പിക്കുകയുണ്ടായി. എന്റെ സാഹിത്യ ജീവിതത്തിൽ അവിസ്മരണീയമായ പ്രേരണ ചെലുത്തിയ ആ കത്ത് ഞാനിന്നും സൂക്ഷിച്ചിട്ടുണ്ട്. അത് അതേ പടി ഇവിടെ പകർത്താം-

പ്രീയപ്പെട്ട ജോസഫ്,
കത്തും കഥയും കിട്ടി. അതു അടുത്ത ലക്കത്തിൽ ചേർക്കാം. നിങ്ങൾ ശ്രദ്ധിച്ചെഴുതിയാൽ ഒരു നല്ല ഭാവിയുണ്ട് എന്ന കാര്യത്തിൽ സംശയത്തിനവകാശമില്ല. ധാരാളം വായിക്കുയും മാതൃകകൾ പഠിക്കുകയും വേണം. വേണ്ടതു പോലെ പ്രസിദ്ധീകരണം തരാൻ ശ്രമിക്കാം. സഹോദരൻ തുടർച്ചയായി അയപ്പിക്കാം കെ.അയ്യപ്പൻ (ഒപ്പ്)

“ഈ കത്തും പുസ്തകത്തിൽ വെച്ചുകൊണ്ട് ഞാൻ ചുരുങ്ങിയത് ഇരുപത്തഞ്ചു സ്നേഹിതൻമാരെ എങ്കിലും അന്നു കണ്ടു കാണുമെന്നാണ് ഓർമ്മ. ഏതായാലും അന്നു മുതൽ എന്റെ പരിശ്രമത്തിനു ആക്കം കൂട്ടി.ഞാൻ തുടർച്ചയായി പലതും സഹോദരനിൽ എഴുതി കൊണ്ടിരുന്നു. ഈ സമയം സാമ്പത്തികമായി അങ്ങേയറ്റത്തെ വിഷമം അനുഭവിക്കുകയായിരുന്നു ഞാൻ. അവസാനം എന്റെ പരാധീനതകൾ എല്ലാം കാണിച്ച് ഞാൻ ശ്രീ അയ്യപ്പന് ഒരു കത്തെഴുതി. തൽക്കാലം ജോലിക്ക് ആളെ എടുക്കുവാൻ വിഷമമാണെന്നും ഒരു സഹായമെന്ന നിലയിൽ ലേഖനങ്ങൾക്ക് പ്രതിഫലം തരാമെന്നുമായിരുന്നു മറുപടി. ഏതാനും ദിവസങ്ങൾക്കകം പതിനഞ്ച് രൂപയുടെ ഒരു മണി ഓർഡർ എന്നിക്ക് ലഭിച്ചു. ഇന്ന് ആയിരത്തി അഞ്ഞൂറു രൂപാ കിട്ടുന്നതിനേക്കാൾ വലുതായിരുന്നു ആ തുക എന്നെ സംബന്ധിച്ചിടത്തോളം. എനിക്കാദ്യമായി എഴുത്തിൽ നിന്ന് ലഭിച്ച പ്രതിഫലമായിരുന്നു അത്. തുടർന്ന് പല സമയങ്ങളിലും അദ്ദേഹം എന്നെ മനപൂർവ്വം സഹായിച്ചിട്ടുണ്ട്. വാരിക നഷ്ടത്തിൽ തന്നെ നടത്തികൊണ്ടിരുന്ന കാലത്താണിതെന്നോർമ്മിക്കുമ്പോഴാണ് സഹോദരന്റെ ഔദാര്യവും വാത്സ്യല്യവും വെളിവാകുന്നത്.”

Sahodaran - Wikipedia

1919-ൽ ആണ് കെ അയ്യപ്പൻ മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ‘ പത്രം ആരംഭിച്ചത്. ഈ പത്രം 1956 വരെ നിലനിന്നു. കേരളീയപത്രപ്രവർത്തന ചരിത്രത്തിൽ ഉജ്ജ്വലമായൊരു അദ്ധ്യായമാണ് ‘സഹോദരൻ’ പത്രത്തിന്റെ പ്രവർത്തനം. 1917-ൽ (1093 കന്നിമാസത്തിൽ) മാസിക എന്ന നിലയിൽ ആയിരുന്നു സഹോദരന്റെ ആദ്യ ലക്കം പുറത്തിറങ്ങിയത്. സാമ്പത്തിക പ്രയാസങ്ങളാല്‍ 1956-ൽ സഹോദരന്‍ പത്രം പ്രസിദ്ധീകരണം നിറുത്തി. (പിന്നീട് ‘ആഴ്ചക്കുറിപ്പുകള്‍’ എന്ന പ്രതിവാരപംക്തി സഹോദരന്‍ അയ്യപ്പന്‍ മരിക്കുന്ന അവസാന ആഴ്ച്ച വരെ കേരളകൗമുദിയില്‍ എഴുതിയിരുന്നു.)

‘വേലക്കാരന്‍’ എന്ന പേരില്‍ തൊഴിലാളികള്‍ക്കുവേണ്ടിയും സഹോദരൻ ഒരു പ്രസിദ്ധീകരണം തുടങ്ങി. കൂടാതെ ‘സ്ത്രീ’ എന്ന പേരില്‍ പാര്‍വതി അയ്യപ്പന്റെ പത്രാധിപത്യത്തില്‍ വനിതകള്‍ക്കുവേണ്ടിയും പ്രസിദ്ധീകരണം ആരംഭിച്ചു. സഹോദരന്‍ പ്രസ്സിൽ തന്നെയാണ് ‘സ്ത്രീ’ യും അച്ചടിച്ചിരുന്നത്. കൊളംബില്‍ മലാളികള്‍ക്കിടയില്‍ നടത്തിയ പ്രചരണം വഴിലഭിച്ച സാമ്പത്തിക സഹായം കൊണ്ടാണ് പത്രം അവസാനകാലത്ത് നടത്തിക്കൊണ്ടുപോയിരുന്നത്. ചെറായിയിലെ അദ്ദേഹത്തിൻറെ കുടുംബ ഓഹരി വിറ്റാണ് പത്രം നടത്തിയതിന്റെ കടം തീർത്തത്.

ജൂൺ 29, ജോസഫ് ഇടമറുക് ഓർമ്മദിനം ആണ്. പത്രപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകർ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രശസ്തനായ യുക്തിവാദി ജോസഫ് ഇടമറുക്. ഒരു 18 വയസുവരെയൊക്കെ സുവിശേഷ പ്രസംഗകനും കാറ്റിക്കിസം അദ്ധ്യാപകനും ഒക്കെ ആയിരുന്ന നല്ലൊരു കുഞ്ഞാടായിരുന്നു. പിന്നീട് എപ്പോഴോ ചെകുത്താൻ പിടികൂടി. 19-ാം വയസ്സിൽ ‘ക്രിസ്തു ഒരു മനുഷ്യൻ’ എന്ന പുസ്തകം എഴുതി സഭയുടെ ശത്രു ആയി. സഭയുടെ വിശ്വാസപ്രമാണങ്ങളുടെ അടിത്തറ ഇളക്കുന്നവയായിരുന്നു ആ ചെറിയ പുസ്തകം. വിജാതിയയും ഈഴവ സമുദായാംഗവുമായിരുന്ന സോളിയെ വിവാഹം കഴിച്ച്‌ വിവാഹമെന്ന കൂദാശയും ലംഘിച്ചതിനെ തുടർന്ന് ബന്ധുക്കളും അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്താക്കി.

ഒരു കുഞ്ഞാട് വഴിതെറ്റിപ്പോയാലും അന്വേഷിച്ചു കണ്ടെത്തേണ്ട ഇടയന്മാർക്ക് കലികയറി. പലരേയും വിട്ട് ഇടമറുകിനെ അനുനയിപ്പിക്കുവാനും പിന്‍തിരിപ്പിക്കുവാനും നോക്കി, നടക്കാഞ്ഞതിനാൽ ഭീഷണിപ്പെടുത്തിയും നോക്കി. അവസാനം ആര്‍ച്ച് ബിഷപ്പ് നേരിട്ട് മഹറോണ്‍ ചൊല്ലി സഭയില്‍ നിന്നും പുറത്താക്കിയ തലതിരിഞ്ഞ കുഞ്ഞാട് എന്ന റിക്കോഡും സ്വന്തമാക്കി.

Kristhuvum Krushnanum Jeevichirunnilla | Joseph Edamaruku | Mathrubhumi Books

ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല, ഉപനിഷത്തുകൾ ഒരു വിമർശനപഠനം, ഖുർആൻ ഒരു വിമർശനപഠനം, ഭഗവദ്ഗീത ഒരു വിമർശനപഠനം, യുക്തിവാദരാഷ്ട്രം, കോവൂരിന്റെ സമ്പൂർണകൃതികൾ, ആനന്ദാകൾട്ടിന്റെ പതനം, ഇരുട്ടിന്റെ ഇതിഹാസം, ഇന്ത്യാചരിത്രം ഡൽഹിയിലെ ചരിത്രാവശിഷ്ടങളിലൂടെ, ഇന്ത്യയിലെ വർഗീയ കലാപങ്ങൾ, ഇവർ മതനിഷേധികൾ, ബാബിലോണിയൻ മതങ്ങൾ, യുക്തിവാദം ചോദ്യങ്ങളും ഉത്തരങ്ങളും, അഹമ്മദീയ മതം തുടങ്ങി മതം, തത്ത്വചിന്ത മുതലായ വിഷയങ്ങളെ അധികരിച്ച് 170-ൽ അധികം പുസ്തകങ്ങൾ രചിച്ചു.

1999-ൽ പുറത്തിറക്കിയ ആത്മകഥയായ ‘കൊടുങ്കാറ്റുയർത്തിയ കാലം’ സി. കേശവന്റെ ‘ജീവിത സമരം’ പോലെ ഒരു ആത്മകഥ എന്നതിലുപരി ഒരു കാലഘട്ടത്തിൻറെ ചരിത്രം കൂടിയാണ്. രണ്ടിനും കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ആത്മകഥകൾ എന്ന പ്രത്യേകതയുമുണ്ട്. യുക്തിചിന്തയിലൂടെ അന്നത്തെ യുവാക്കളുടെ ചിന്താമണ്ഡലത്തിലും കൊടുങ്കാറ്റുയർത്തിയ ജോസഫ് ഇടമറുക് 2000 ജൂൺ 29-ന് ഓർമ്മയായി.

മതങ്ങളെക്കുറിച്ച് ജോസഫ് ഇടമറുക്

“ഇന്നു ലോകത്തിൽ വളരെ കുറച്ചു മതങ്ങളേയുള്ളൂ. ക്രിസ്തു‌മതം, ഹിന്ദു മതം, ബുദ്ധമതം, ജൈനമതം, കൺഫ്യൂഷൻ മതം, താവോമതം, ഇസ്ലാംമതം, യൂദമതം, ഷിൻ്റോമതം, സിക്കുമതം, സരതൂഷ്‌ട്രമതം എന്നിവയാണവ. ഇവയ്ക്കു പുറമേ അവിടവിടെ ചില പ്രാദേശിക മതങ്ങളും നിലവിലുണ്ട്. ഇതിൽ ഒരു മതത്തിനും 2500 വർഷത്തിൽ കൂടുതൽ പഴക്കമില്ല. അതിനുമുമ്പ് ലോകത്തിൽ മതങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നല്ല ഇതിനർത്ഥം. ഇന്നത്തെ മതങ്ങളെപ്പോലെ തന്നെ പ്രബലങ്ങളായ പല മതങ്ങളും അക്കാലത്തും ഉണ്ടായിരുന്നു. പുതിയ മതങ്ങളുടെ ആവിർഭാവത്തോടുകൂടി അവയെല്ലാം നശിച്ചുപോയി.

പ്രാകൃതകാലഘട്ടത്തിലാണല്ലോ മനുഷ്യൻ അവനതീതമായ ശക്തികളെ സങ്കല്പിക്കാനും പൂജിക്കാനും തുടങ്ങിയത്. ഇടി, മിന്നൽ, കാട്ടുതീ, കൊടുങ്കാറ്റ്, ക്രൂരമൃഗങ്ങൾ തുടങ്ങിയവയെയാണ് ആദികാല മനുഷ്യർ ദൈവങ്ങളായി ആരാധിച്ചിരുന്നത്. ഇൻഡ്യക്കാരുടെ അഗ്നി, വായു, വരുണൻ, സർപ്പം തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇതിൽ പല പ്രകൃതി പ്രതിഭാസങ്ങളെയും മനുഷ്യർ കീഴടക്കുകയും അവർക്ക് അറിയാത്ത മറ്റുചില കാര്യങ്ങൾ കാണുകയും ചെയ്‌തപ്പോൾ മതസങ്കല്‌പങ്ങളിലും മാറ്റം വന്നു. പഴയ വിശ്വാസങ്ങളുടെ വക്താക്കൾ അന്നും അതു നിലനിർത്താൻ ശ്രമിച്ചിരുന്നു എന്ന് എല്ലാ മതങ്ങളുടേയും ചരിത്രം തെളിയിക്കുന്നു. പഴയ മതങ്ങളുടെ സ്ഥാനത്ത് പുതിയ മതങ്ങൾ വരുമ്പോൾ പഴയ മതത്തിലുണ്ടായിരുന്നതിൽ നല്ലതെന്നു തോന്നിയ കാര്യങ്ങൾ പുതിയ മതങ്ങൾ സ്വീകരിക്കുക പതിവാണ്. യൂദമതത്തിലെ ചില ആചാരങ്ങൾ ക്രിസ്‌ത്യാനികൾ പിന്തുടരുന്നത് അതിനുദാഹരണമാണ്. ഇൻഡ്യയിലെതന്നെ പുരാതന വേദമതമോ ദ്രാവിഡമതമോ ഇന്നു നിലവിലില്ലെങ്കിലും അതിലെ പല മതസങ്കല്‌പങ്ങളും പിൽക്കാല ഹിന്ദുമതം ഉൾക്കൊണ്ടിട്ടുള്ളതായി കാണാം.

നിലവിലുള്ള മതം മനുഷ്യപുരോഗതിയ്ക്ക് തടസ്സമായി വരുമ്പോഴോ രാഷ്ട്രീയ മാറ്റത്തിൻ്റെ ഫലമായോ ആണ് പുതിയ മതം ആവിർഭവിക്കുന്നത്. ആക്രമണകാരികൾ അവരുടെ മതം കീഴടക്കിയ പ്രദേശങ്ങളിൽ അടിച്ചേല്പ‌ിച്ചതിനും ധാരാളം തെളിവുകളുണ്ട്. ചിലപ്പോൾ ആക്രമണകാരികളുടെ മതവും ആക്രമിക്കപ്പെട്ട പ്രദേശത്തെ മതവും പരസ്‌പരം ഇടകലർന്ന് പുതിയ രൂപം കൈക്കൊണ്ടതായും കാണാം. ആര്യന്മാരുടെ ഇൻഡ്യാ ആക്രമണത്തിനു ശേഷം സംഭവിച്ചത് അതാണ്. ഇന്ദ്രനെ പ്രധാന ദൈവമായി പൂജിച്ചിരുന്ന ആര്യന്മാരുടേയും ശിശ്നദേവനെ (ശിവൻ) പൂജിച്ചിരുന്ന ദ്രാവിഡരുടേയും മതവിശ്വാസങ്ങൾ ഇടകലർന്ന് ഇൻഡ്യയിൽ ഹിന്ദുമതം ഉണ്ടായി. ആര്യന്മാരുടെ വേദമതമോ ദ്രാവിഡമതമോ ഇന്നു നിലവിലില്ലതാനും. ചരിത്രാതീതകാലങ്ങൾ തൊട്ട് ഇങ്ങനെ ജനിക്കുകയും മരിക്കുകയും ചെയ്ത മതങ്ങളുടെ സംഖ്യ നിരവധിയാണ്.- ‘മൃതമതങ്ങൾ’ ജോസഫ് ഇടമറുക്

ഇപ്പോഴെങ്കിലും മനസിലായിക്കാണുമെല്ലോ ഏറ്റവും ലേറ്റസ്റ്റ് മതമായ ഞങളുടെ മായാവിസ്റ്റ് മതമാണ് ആധുനീകകാലത്തിന് അനുയോജ്യമായ മതമെന്ന്!? അതുകൊണ്ട് യഥാർത്ഥ ത്രയേകദൈവമായ രാജുവിലും രാധയിലും മായാവിയിലും വിശ്വസിക്കുവിൻ നീയും നിൻറെ കുടുംബവും രക്ഷ പ്രാപിക്കും.
വിശുദ്ധ ബാലരമ വായിക്കുക!

“വീണ്ടും ശിശുക്കളായില്ല എങ്കില്‍ സ്വർഗ്ഗരാജ്യം നിങ്ങള്‍ക്ക് നഷ്ടപ്പെടും” എന്ന് പറഞ്ഞത് ഈ അറിവിൻറെ വെളിച്ചത്തിലാണ്. ശിശുക്കളാകുക, വിശുദ്ധ ബാലരമ വായിക്കുക, ആസ്വദിക്കുക അന്വേഷിക്കുക, ഇതല്ലാതെ മനുഷ്യന്‍ എന്ത് ചെയ്യാന്‍? ലോകം സ്വർഗ്ഗമായിക്കോളും…
അത് വായിച്ച് ഇന്നുവരെ ലോകത്ത് ആരും കയ്യും കാലും തലയും വെട്ടാൻ പോയിട്ടില്ല!
രാജുവിന്റേയും രാധയുടെയും മായാവിയുടെയും നാമത്തിൽ (ആമേൻ)


courtesy : https://sahodaran.in/

No Comments yet!

Your Email address will not be published.