Skip to main content

അപൂർണ്ണം

ഇവിടെ
എവിടെയോ ഒരു പടവ്
യാത്രയുടെ നടുവിൽ നിശ്ചലമായി.
കടന്നുപോകാനാകാത്തത് ഒരു നദിയായിരുന്നില്ല രക്തം കവിഞ്ഞൊഴുകിയ ഒരു കാലമായിരുന്നു.
സൂക്ഷിക്കുക, നടക്കുമ്പോൾ പതുക്കെ നടക്കുക.
നിന്റെ സ്വന്തം കണ്ണുകൾകൊണ്ടു
തന്നെ ലോകത്തെ കാണുക;
കടംകൊണ്ട കാഴ്ചകൾക്ക് സത്യത്തിന്റെ ഭാരം താങ്ങാനാവില്ല.
നിന്റെ കാഴ്ചയുടെ ആഴം നിനക്കുതന്നെ കണ്ടെത്തേണ്ടതുണ്ട്.
അതുകൊണ്ട് ശ്രമിക്കൂ,
തളരരുത്, നിർത്തിപ്പോകരുത്.
മരണത്തെ ഭയന്ന ജീവിതം എവിടെയോ ഒരു സന്ധിയിൽ സ്വയം വിട്ടുകൊടുത്തിരിക്കുന്നു.
കാലുകളെ നോക്കി കരയേണ്ടതില്ല;
വഴിനീളെ പതിഞ്ഞുകിടക്കുന്ന ഓരോ കാൽപ്പാടും ഒരു കാലത്തിന്റെ ഓർമ്മയാണ്.
മധുരമുള്ള വാക്കുകളും, പ്രതീക്ഷകളും, നിറവേറാതെ പോയ മോഹങ്ങളും.
വസന്തത്തിന് ഇനിയൊരിക്കൽ കൂടി ഇളംനീല ആകാശം കാണിച്ചുകൊടുക്കാം.
ഒന്നിനെക്കുറിച്ചും ഇനി രഹസ്യങ്ങളുടെ ആവശ്യമില്ല.
കാരണം എല്ലാവർക്കും അറിയാം,
ഇവിടെ ഒരു സ്വപ്നം ജീവൻ നഷ്ടപ്പെട്ട പക്ഷിയെപ്പോലെ നിശ്ശബ്ദമായി കിടക്കുന്നു.
ഇലപൊഴിയും കാലങ്ങളിൽ പഴുത്ത ഇലകളാണ് വീഴാറുള്ളത്.
എന്നാൽ ഇത്തവണ, കൊഴിയുന്നത് ഇളംപച്ചയുടെ ഭാവികാലങ്ങളാണ്.
ഒട്ടുമാത്രം സ്നേഹം കൂടി ഈ ലോകത്തിൽനിന്ന് ആരുമറിയാതെ മാഞ്ഞുപോയിരിക്കുന്നു.
അതുകൊണ്ടാവാം സൗന്ദര്യം പൂർണ്ണത കൈവരിക്കാതെ വഴിമധ്യേ നിന്നുപോയത്.
ആഗ്രഹങ്ങളുടെ മരണം ഇപ്പോൾ ക്ഷീണിച്ച തോളുകളേറി
ഒരു അദൃശ്യരാജാവിനെപ്പോലെ സവാരി ചെയ്യുന്നു.

***


കവി പരിചയം :

അദിരപ്പള്ളി കാശണ്ണ

കവിയുടെ കുറിപ്പ്‌

മുന്നുര :

എന്റെ മൂന്നാമത്തെ കവിതാസമാഹാരം വായനക്കാരുടെ മുന്നിലെത്തിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ ആദ്യ കവിതാസമാഹാരമായ മൂല ചുക്ക 2018-ലും, രണ്ടാമത്തെ സമാഹാരമായ തിരുഗുബഡേ നിഷിദ്ധുന്നി 2022-ലും പ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോൾ മൂന്നാമത്തെ സമാഹാരവും വായനക്കാരിലേക്ക് എത്തുന്നതിൽ അഭിമാനവും ആഹ്ലാദവും ഒരുപോലെ അനുഭവിക്കുന്നു.

ഞാൻ തെലങ്കാനയിലെ നാഗർകർണൂൽ ജില്ലയിലെ പെദ്ദകൊത്തപ്പള്ളി മണ്ഡലത്തിലെ ചന്ദ്രകൽ ഗ്രാമത്തിലാണ് ജനിച്ചത്. എന്റെ മാതാപിതാക്കളായ എദിരെപ്പള്ളി മശമ്മയും സവാരയ്യയും കൂലിത്തൊഴിലാളികളായിരുന്നു. വിശപ്പല്ലാതെ മറ്റൊന്നും കൈവശമില്ലാത്ത, അക്ഷരജ്ഞാനമില്ലാത്ത സാധാരണ മനുഷ്യർ. ഞാൻ ബിരുദപഠനം നടത്തിക്കൊണ്ടിരിക്കുമ്പോൾ, എന്റെ അമ്മ ഗർഭാശയ കാൻസർ ബാധിച്ച് മരണപ്പെട്ടു.

വിശപ്പും അപമാനവും അയിത്തവും ദാരിദ്ര്യവും എന്റെ ജീവിതത്തെ നിരന്തരം പിന്തുടർന്നു. അനവധി അവഹേളനങ്ങളും മുറിവുകളും സഹിക്കേണ്ടിവന്നു. ജനങ്ങൾക്കുനേരെ നടക്കുന്ന അനീതികൾക്കെതിരെ ഞാൻ ശബ്ദമുയർത്തി. നിരവധി സാമൂഹിക പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. ജനകീയ പ്രസ്ഥാനങ്ങളിലും, അംബേദ്കർ സംഘടനകളിലും, ദളിത് മുന്നേറ്റസംഘടനകളിലും, തെലങ്കാന പ്രസ്ഥാനത്തിലും പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. വണപട്ല സുബ്ബയ്യ അണ്ണന്റെ സ്വാധീനമാണ് എന്നിൽ സാഹിത്യത്തോടുള്ള ആഴമുള്ള അഭിനിവേശം വളർത്തിയത്.

എന്റെ കുടുംബപശ്ചാത്തലവും മാദിഗ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളും അസ്തിത്വബോധവും ലോകത്തെ കാണാനുള്ള മറ്റൊരു കാഴ്ചപ്പാട് എനിക്ക് സമ്മാനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ ജനകീയ പ്രസ്ഥാനങ്ങളിലും പിന്നീട് ജാതി അധിഷ്ഠിത പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചു. പരസ്പരം വിരുദ്ധമെന്നു തോന്നിയ ഈ രണ്ട് അനുഭവങ്ങൾക്കിടയിൽ ഞാൻ കടുത്ത ആത്മസംഘർഷങ്ങൾ അനുഭവിച്ചു. അത്തരം സംഘർഷങ്ങളുടെ നടുവിലാണ് ഞാൻ വചനകവിതയുടെ ലോകത്തേക്ക് കടന്നത്.

ജനകവി ഗോറട്ടി വെങ്കണ്ണ, വിപ്ലവകവി ശിവസാഗർ, എഴുത്തുകാരൻ ഡോ. കാശിം, മദ്ദൂരി നാഗേഷ് ബാബു, ഫൈഡി തെരേഷ് ബാബു, വണപട്ല സുബ്ബയ്യ എന്നിവരുള്‍പ്പെടെയുള്ള കവികളുടെ രചനകൾ എന്നെ ഗാഢമായി സ്വാധീനിച്ചു.
പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഞാൻ എഴുതുന്നത്. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ നേരിടുന്ന ആക്രമണങ്ങൾ, ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ, ഭരണകൂടങ്ങളുടെ ഇരട്ടത്താപ്പ് നിറഞ്ഞ നയങ്ങൾ എന്നിവക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനാണ് എന്റെ കവിതകൾ ശ്രമിക്കുന്നത്. എന്റെ ആദ്യ രണ്ട് സമാഹാരങ്ങളെപ്പോലെ തന്നെ ഈ മൂന്നാമത്തെ സമാഹാരവും വായനക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്.

എനിക്ക് ജന്മം നൽകിയ എന്റെ അമ്മയുടെ അഭാവം ഇന്നും എന്നെ വേദനിപ്പിക്കുന്നു. ആ ഓർമ്മയെ ജീവനോടെ നിലനിർത്തുന്നതിനായി ഓരോ വർഷവും “എദിരെപ്പള്ളി മശമ്മ സ്മാരക പുരസ്കാരം” ഏർപ്പെടുത്തി ജനപക്ഷത്ത് നിലകൊള്ളുന്ന കവികൾക്കും എഴുത്തുകാർക്കും സമ്മാനിച്ചുവരുന്നു. ഈ പുരസ്കാരത്തിന്റെ ആദ്യ ജേതാവായി പ്രശസ്ത കവിയും കവി സംഗമം സ്ഥാപകനുമായ ഡോ. യാക്കൂബിനെയും, രണ്ടാം ജേതാവായി കഡപ്പയിലെ യോഗി വേമന സർവകലാശാലയിലെ പ്രൊഫസർ ഡോ. വിനോദിനിയെയും, മൂന്നാം ജേതാവായി പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ ലക്ഷ്മീനരസയ്യ സാറിനെയും ആദരിക്കുകയുണ്ടായി. ഇങ്ങനെ, സാഹിത്യരംഗത്ത് എനിക്ക് കഴിയുന്ന വിധത്തിൽ എന്റെ ഉത്തരവാദിത്തം നിർവഹിച്ചുകൊണ്ടിരിക്കുന്നു.


തെലുഗില്‍നിന്ന്‌ മലയാളത്തിലേക്ക് വിവര്‍ത്തനം :

ഇമ്മാനുവല്‍ മെറ്റ്ല്‍സ്

Poet, Artist, Post Graduate in English Sanskrit and Psychology (Social and Health) by profession clinical psychologist.

Write in Telugu English and Malayalam.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.