ദൂരെ നിന്നും നോക്കുമ്പോള്‍ തോന്നും
തുരുത്തിനിതെന്ത് ഭംഗിയെന്ന്.
ഒളിവിതറും ഓളങ്ങള്‍ക്കുള്ളില്‍
കാറ്റിന്‍ ചെറുതലോടലേറ്റു
മരങ്ങളുടെ ശീതളച്ഛായയില്‍ മുങ്ങിനിവരും
മനോഹരമായ മരതക ഗൃഹം.
അതിനുള്ളിലെ
പുലരികള്‍ക്കു കിളിപ്പാട്ടിന്നീണം
രാവുകള്‍ക്ക് നിലാവിന്റെ ലാവണ്യം
വരണ്ടു വിണ്ടുകീറാത്ത ഈര്‍പ്പമേറും
മണ്‍നിലങ്ങള്‍.
വെയില്‍ നാളങ്ങള്‍ പൊള്ളിക്കാത്ത
പുല്ലുകള്‍ ഇടതൂര്‍ന്നു വളരും
തണുവിടങ്ങള്‍.
സ്വച്ഛസുന്ദരം, ശാന്തസുരഭിലം
സ്വര്‍ഗഭൂമി പോലെയീ തുരുത്തുകളോരോന്നും
ഉള്ളാഴങ്ങള്‍ തേടി ഇറങ്ങുമ്പോള്‍ അറിയാനാവും
അത് വരെ അറിഞ്ഞതല്ലയതിന്റെ അന്തരമെന്ന്
ഓളം തുള്ളുമോരോ തുള്ളിയിലും
കണ്ണുനീരെന്നത് പോല്‍
ഉപ്പിന്‍ കയ്പ്പും ചവര്‍പ്പും.
കാറ്റുതൊടുമ്പോള്‍ ഉതിരും
ഇലമര്‍മ്മരങ്ങളില്‍ പോലും
വിഷാദത്തിന്റ ഈണം
ആഴങ്ങളില്‍ സങ്കടച്ചുഴികള്‍ നിറഞ്ഞ ജലാശയ
വലയത്തിനുള്ളിലെ ഏകാന്തതീരം
പടര്‍ന്ന പായല്‍ ചെടികളില്‍ കുടുങ്ങി
നീരൊഴുക്ക് നഷ്ടമായ നിസ്സഹായ ദേശം.
അതിനുള്ളില്‍
പകല്‍ വെളിച്ചം കയറാന്‍ മടിക്കുന്ന ഊടുപാതകള്‍
ആരും നടന്നു കയറിവരാത്തതിനാല്‍
പാഴ്‌ച്ചെടികള്‍ കാടുകയറിയ ഒറ്റയടിപ്പാതകള്‍
ഒരു തോണിയെങ്കിലുമിതുവഴി വരുമെന്ന് നിനച്ചു
പ്രതീക്ഷയുടെ ചെഞ്ചുവപ്പ് മാഞ്ഞു ഇരുട്ടിലുറങ്ങുന്ന
വിജനമായ കടത്തുകള്‍
മുകളില്‍ എപ്പോഴും മൗനത്തിന്റെ പെയ്യാതെ
മൂടിക്കെട്ടി നില്‍ക്കും കാര്‍മേഘങ്ങള്‍
വേലിയേറ്റങ്ങളില്‍ ഒലിച്ചുപോകുമെന്ന് ഭയന്നു
നെഞ്ചോട് ചേര്‍ക്കും കൂട്ടിവെച്ച സ്വപ്നങ്ങള്‍
കാലത്തിനൊപ്പം തുഴയാന്‍ മറന്നു നിശ്ചലം
തുരുമ്പെടുത്തു ദ്രവിച്ച തോണികള്‍.
നോവിന്നാഴങ്ങളില്‍
വീണുപോകും ചതുപ്പ്‌നിലങ്ങള്‍
തുരുത്തുകള്‍ അകലെ നിന്നും
നോക്കുമ്പോള്‍ തെളിയും
വെറും ബാഹ്യഭംഗികള്‍ മാത്രം
അടുത്തറിയുന്തോറും
പരാധീനതകള്‍ക്കുള്ളില്‍ തന്നിലേക്കു
ഉള്‍വലിഞ്ഞു, കാലത്തിന്റെ കുത്തൊഴുക്കില്‍നിന്നും
വേര്‍പ്പെട്ടുപോയ ഒറ്റയായ ഭൂപ്രദേശം.
***







No Comments yet!