“സൂര്യൻ തൻ്റെ ചരിത്രമെഴുതും പോലെ കവികൾ എഴുതിക്കൊണ്ടിരിക്കുന്നു” എന്നു പറഞ്ഞത് സിറിയൻ കവി അഡോണിസ് ആണ്.
വാക്കുകൾ കൊണ്ട് പ്രകാശിക്കുന്ന ആ സ്വാഭാവിക ഊർജ്ജത്തിലാണ് കവികൾ അവരുടെ ഇടം കണ്ടെത്തുന്നത്. അയഥാർത്ഥമാണ് ആ ഇടം എന്നുകൂടി അഡോണിസ് രേഖപ്പെടുത്തുന്നു. ഭൂമിയുടെ ഉടലിന് ചൂടുപകരുക മാത്രം. എഴുത്തിൽ അനുഭവങ്ങളുടെ വേവും സ്വബോധ്യവും അനക്കവും രേഖപ്പെടുത്തുന്നിടത്ത് കവിത ഗാഢമായി സംവദിക്കുന്നു. ദുർഗ്രഹബിംബങ്ങൾ കൊണ്ടോ വിനിമയശേഷിയില്ലാത്ത പദച്ചേരുവകൾ കൊണ്ടോ അർത്ഥരഹിതമായ ചൊല്ലിയാട്ടം കൊണ്ടോ കവിത ഉള്ള് തൊടുന്നില്ല. വാക്കുകളിൽ പ്രകാശമായി ചൊരിയുന്ന ഊർജ്ജവും ഒരിക്കൽപോലും ഇടറാത്ത ആത്മസഞ്ചാരങ്ങളുമാണ് കവിതയിൽ ഭാവാർത്ഥസാധ്യതകളായിപരക്കുന്നത്. ലളിതവും ഭാവ സുന്ദരവും വൃത്തബദ്ധവുമായി ആത്മനിവേദനത്തിന്റെ സ്വാഭാവിക വിനിമയം അനുവാചകനെ തൊടുന്ന നേരിലാണ് ദേവദാസ് കടയ്ക്കവട്ടത്തിന്റെ കവിതകൾ പ്രസക്തമാകുന്നത്.
പ്രണയവും ലോകാനുരാഗവും പാരിസ്ഥിതിക ബോധ്യവും പുരാവൃത്ത വിശകലനവും സ്ത്രീപക്ഷ രാഷ്ട്രീയവും നവോത്ഥാനധാരയും നൈതിക ദർശനാഭിമുഖ്യവും ഈ കവിതകളുടെ ആന്തരിക പ്രപഞ്ചത്തിൽ വാക്കൊതുക്കത്തോടെ തീക്ഷ്ണസത്യമായി പ്രകാശിക്കുന്നു.
നൈതികമൂല്യങ്ങൾക്ക് പരിക്കേൽക്കുന്ന സമകാലയാഥാർത്ഥ്യങ്ങളിലേക്ക് വിരൽചൂണ്ടുന്ന മാനവികതയുടെ ഉശിരുള്ള കാവ്യവാങ്മയങ്ങൾ ‘കനൽ’ ആയി ജ്വലിക്കുന്നു. സ്വാതന്ത്ര്യബോധത്തിന്റെ ,വിശ്വമാനവികതയുടെ സൂക്തങ്ങളെ തോക്കിൻ മുനകൊണ്ട് നേരിട്ട പാപജന്മങ്ങളെ കവിത വിചാരണ ചെയ്യുന്നു. ഗാന്ധിയേയോ ഗാന്ധിമാർഗമോ അറിയാത്തവരുടെ ചെയ്തികളിൽ പൊലിഞ്ഞുപോകുന്ന വെളിച്ചമല്ല അഹിംസയും നൈതിക വചനങ്ങളും. പ്രാർത്ഥനാനിർഭരം കൈകൾ കൂപ്പി സഹജീവിയെ അഭിസംബോധന ചെയ്ത ഗാന്ധിയെ അവതരിപ്പിക്കുന്നത് ആ മഹത്വത്തിന്റെ ആത്മഭാവം അറിഞ്ഞുകൊണ്ടാണ്.
“വീഴ്ചയിൽ നിന്നല്ലോ വീണ്ടുമുയിർത്തിടുന്നു നിൻ
കാഴ്ചയിൽ കനലായിയെന്നും പടരുന്നു ഞാൻ”
നിരഹങ്കാരത്തിന്റെ സത്യവാങ്മൂലമാണ് ഈ വരികളിൽ കവിത നിവേദിക്കുന്നത്.
സഹോദര സ്നേഹത്തിന്റെ ഭാവാന്തരീക്ഷത്തിൽ അധികാര വിമർശനം സാധ്യമാകുന്ന ഇതിഹാസ ഭാഗത്തെ വൈകാരിക – വൈചാരിക സംയമനത്തോടെ ആവിഷ്കരിക്കുന്ന കവിതയാണ് ‘ഭരതം … ദുഃഖകാണ്ഡം’. ഭരതന്റെ വാക്കുകൾ നീതിബോധത്തിന്റെയും അധികാര ബാഹ്യമായ ആത്മബന്ധത്തിന്റെയും മിഴിവിൽ സംവദിക്കുന്നതിന്റെ സൂക്ഷ്മതയും ചാരുതയും ഏറെ ഹൃദ്യം. എഴുത്തച്‌ഛന്റെ തത്ത്വദർശനങ്ങളെ ഏറ്റുവാങ്ങിയ കാവ്യ സംസ്കാരത്തിൽ നിന്നാണ് ഈ കവിത രൂപപ്പെടുന്നത്.
“രാജ്യമെനിക്കെന്തിനോർക്കിൽ ജനകനും
യോഗ്യനാം രാമനും നഷ്ടമായീടുകിൽ?
ത്യാജ്യമെനിക്കധികാരമതോർക്കണം
പ്രാപ്യം മമ ഭ്രാതൃപാദം സുനിശ്ചയം”
സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഊർജപ്രവാഹമാണ് കവിത എന്ന് ഉറപ്പിക്കുക കൂടിയാണ് ഈ രചന . റാഡിക്കൽ ഫെമിനിസ്റ്റുകളുടെ ബൃഹദാഖ്യാനവിശകലനങ്ങളെ മറികടക്കുന്ന സാത്വികശുദ്ധിയുടെ സ്ത്രൈണ ഭാവാന്തരീക്ഷമാണ് ‘ഊർമിള സന്തുഷ്ടയാണ് ‘ എന്ന കവിതയെ വേറിട്ടതാക്കുന്നത് .തൻ്റെ പിതാവിനെയോ ഭർത്താവിനെയോ നിന്ദിക്കാതെ, വിധിയെ പഴിക്കാതെ ജീവിതം ധന്യമാണെന്ന സ്വബോധ്യത്തിൽ ഉറച്ചു നിൽക്കുന്ന ഊർമ്മിള പെൺകരുത്തിന്റെ അടയാളമാണ്. ഊർമ്മിളയുടെ പാദങ്ങളിൽ തൊട്ടു വന്ദിക്കുന്ന രാമന്റെ ചിത്രം കവിതയിൽ ആലേഖനം ചെയ്യുന്നതും ശ്രദ്ധേയം.
കാലത്തിനുമുൻപേ നടന്ന കർമ്മയോഗി, നവോത്ഥാന നായകൻ, വിദ്യാഭ്യാസ പരിഷ്കർത്താവ് എന്നീ നിലകളിൽ കേരളത്തിന്റെ സംസ്കാരചരിത്രത്തിൽ രേഖപ്പെട്ട ചാവറയച്ചന്റെ ജീവിതമഹത്വത്തെ പ്രകീർത്തിക്കുന്ന ‘അനുപമം തവ മധ്യസ്ഥം’ എന്ന കവിത ഉചിതമായ ശ്രദ്ധാഞ്ജലി കൂടിയാണ്.
ലോകാനുരാഗത്തിന്റെയും പ്രണയ ഭാവങ്ങളുടെയും സൂക്ഷ്മവും താളബദ്ധവുമായ ആഖ്യാനം ‘നിലാവ് മറഞ്ഞ വഴികൾ ‘,’ ഓർമ്മ രാഗം ‘ ‘എന്തു ചൊല്ലാൻ ‘എന്നീ കവിതകളിൽ പ്രകടമാണ് . ഹൃദയപാരസ്പര്യം കൊണ്ട് രേഖപ്പെട്ട വരികളിൽ പ്രണയത്തിന്റെ കരുതലും പ്രത്യാശയും നിരാശയും സ്പന്ദിക്കുന്നു .
“വിഫലമക്കരേക്കെന്തിന്നു നോക്കണം
അവിടെയാരുണ്ട് തോണി കടക്കുവാൻ “
“പുളിനമെന്നോർത്തിറങ്ങൊല്ല നാമിനി
പടുകുഴികളേ, മുന്നിലെന്നോർക്കുക “
(നിലാവ് മറഞ്ഞ വഴികൾ)
ഒന്നു നീ തിരഞ്ഞെന്നെ നോക്കീടുകിൽ ധന്യമാകുമീ ജന്മം സഫലമാം
പറയുവാനില്ല മറ്റൊന്നുമെൻസഖീ
പറയുവാനേറെയുണ്ടെനിക്കെങ്കിലും “
(എന്തു ചെല്ലാൻ )
ജീവിത പ്രേമത്തിന്റെ പ്രസരിപ്പുകളിൽ നിവരുന്ന കവിതയാണ് ‘ഉത്സവം ‘. മാനവമൈത്രിയുടെയും ഗൃഹാതുരാനുഭവങ്ങളുടെയും ബാല്യകാല നിറവുകളുടെയും ഉത്സവങ്ങളിലേക്ക് കൊട്ടിക്കയറുന്ന വാക്കുകളുടെ താളഭംഗിയുണ്ട് കവിതയിൽ . അക്ഷരമിടറാതെ രൂപപ്പെടുന്ന പല ധ്വനികളിലേക്ക് വിസ്തൃതമാകുന്ന വാക്കൊരുക്കത്തിന്റെ കൃത്യത ഉത്സവച്ചന്തം പോലെ വിസ്മയിപ്പിക്കും.
ജനിമൃതി ദുഃഖത്തിരകളിലുഴറാ – തൊഴുകാൻ, ശാദ്വല തീരത്തണയാൻ സ്മൃതിതൻ തേരിലിടക്കൊന്നേറാ-
നിനിയും വരുമെന്നുത്സവമേളം”. മർത്ത്യജീവിതത്തെ അതിന്റെ സമഗ്രതയിൽ കൊടിയേറ്റുന്ന വാക്കരങ്ങായി മാറുന്നു ‘ഉത്സവം’ എന്ന കവിത.
കടമ്മനിട്ടയുടെ ‘ദേവീസ്തവം’ ഓർമ്മയിലേക്ക് വരും ‘പ്രാണൻ ‘ എന്ന കവിത വായിക്കുമ്പോൾ . സ്ത്രീ – പുരുഷ ബന്ധത്തിന്റെ പാരസ്പര്യം മേൽ – കീഴ് ഭേദമില്ലാതെ പല ഭാവങ്ങളിൽ പകർന്നാടുന്ന കവിത കരുത്തിന്റെ നിസ്വാർത്ഥവേഗമായ സ്ത്രൈണതയെ ഭക്ത്യനുരാഗവായ്പോടെ പുൽകുന്ന പ്രാണസ്പന്ദമാണ്.
“എനിക്കില്ല തെല്ലും, നിനക്കേ മഹത്വം
കരുത്തിന്റെ നിസ്വാർത്ഥ വേഗ പ്രയാണം
തമസ്സൊക്കെ നീക്കും, വെളിച്ചം നിറയ്ക്കും
സമർപ്പിച്ചിടാം ഞാൻ,
നിനക്കായി സർവ്വം”
സ്ത്രീയായും പ്രകൃതിയായും പ്രത്യക്ഷമാകുന്ന ആ ശക്തിവിശേഷമാണ് തന്റെ പ്രാണന്റെ ആധാരമെന്നും നിനയ്ക്കുന്നു.
ചാലക്കുടിപ്പുഴയ്ക്ക് വീണ്ടും പ്രണയപൂർവ്വം, പെൺപെരുമ, പൊള്ളൽ എന്നീ കവിതകളെ സമകാലികതയോടടുപ്പിക്കുന്നത് പ്രമേയപരമായ സ്ത്രീപക്ഷ നിലപാടുകളാണ്. ചാലക്കുടിപ്പുഴയെ കൂട്ടുകാരിയായി കാണുന്നു കവി.
“ബന്ധം മുറിഞ്ഞുപോയെങ്കിലുമെന്നാത്മ-
ബന്ധം മുറിയ്ക്കാൻ നിനക്കാവുമോ?”
എന്ന പരിഭവത്തിലുണ്ട് ജൈവബോധ്യങ്ങൾ. വഴികളൊക്കെയെഴുതിയിട്ടും ഉത്തരം തിരിയാതെ ഓടി ത്തളർന്നു തിരിച്ചവളുണ്ട് ‘പെൺപെരുമ ‘യിൽ. ഭാര്യയ്ക്ക് പൊള്ളലേറ്റാൽ ആദ്യം നിശബ്ദമാവുന്നത് അടുക്കളയാണ് “എന്ന നേരെഴുത്തിലുണ്ട് ആത്മവിമർശനവും സ്ത്രീയവസ്ഥകളും.
മുടിയേറ്റ് എന്ന അനുഷ്ഠാനകലാരൂപത്തിലെ കോയിമ്പട നായർ എന്ന കഥാപാത്രം പറയുന്ന രീതിയിൽ എഴുതിയ ‘ആന’ എന്ന കവിത ആഖ്യാനത്തിൽ ഇനിയും പല മാതിരി കുതറാനുള്ള ഊർജ്ജം വെളിപ്പെടുത്തുന്ന രചനയാണ്. കവിതയിലെ അന്യാപദേശ – ആക്ഷേപഹാസ്യ ധ്വനികൾ പൊളിറ്റിക്കലുമാണ്.
അങ്ങനെ എല്ലാ അർത്ഥത്തിലും മലയാള കാവ്യപാരമ്പര്യത്തിന്റെയും സാംസ്കാരിക പ്രബുദ്ധതയുടെയും ഇഴയടുപ്പങ്ങളെ സ്വകീയമായി വിന്യസിക്കുകയാണ് ദേവദാസ് കടയ്ക്കവട്ടത്തിന്റെ കവിതകൾ.
***

ദേവദാസ് കടയ്ക്കവട്ടത്തിന്റെ കവിതകൾ
പ്രാണൻ
എനിക്കില്ല തെല്ലും, നിനക്കേ മഹത്വം
കരുത്തിൻ്റെ നിസ്വാർത്ഥ വേഗ പ്രയാണം
തമസ്സൊക്കെ നീക്കും, വെളിച്ചം നിറയ്ക്കും
സമർപ്പിച്ചിടാം ഞാൻ, നിനക്കായി സർവ്വം
ഒരേ നുള്ള് വെട്ടത്തിൽ നിന്നായുദിയ്ക്കും
മഹസ്സുറ്റ വിദ്യുത് പ്രകാശപ്രവാഹം
പകർന്നാട്ടമില്ല, പദം ഞാൻ നമിയ്ക്കാം
ഒഴുക്കിന്ന് നേരെ,വിറച്ചങ്ങ് നിൽക്കാം
മനക്കോട്ട കെട്ടിപ്പടുത്തങ്ങുയർത്തും
ഹിമക്കോട്ടയാകെത്തകർന്നങ്ങ് വീഴാം
എനിക്കിന്ന് പക്ഷേ, ഉറപ്പാണ് ചിത്തം
പതിക്കില്ല നീയെത്തുമെന്നോർത്ത് നിൽക്കേ
അണഞ്ഞോരിരുട്ടിൻ പ്രഭാവം ചെറുക്കാൻ
ഇടം കാലിലൂന്നിത്തിരിഞ്ഞൊന്നു നിൽക്കാൻ
നിനക്കേ വശം, ഹാ! കൊടുംകാളകൂടം
കുടിക്കാൻവരെത്തീയൊടുങ്ങാത്ത ദാഹം
തളർന്നോമലേ ഞാൻ വശം കെട്ടു ,നിന്നെ –
പ്പിരിഞ്ഞോരുനേരം നിലച്ചൂ ഹൃദന്തം
ഇനിച്ചേർന്നുനിൽക്കൂ, മരിച്ചോരിവന്നായ് –
പ്പുനർജ്ജൻമനിശ്വാസ ജീവത്വമേകൂ…
***
ചാലക്കുടിപ്പുഴയ്ക്ക് വീണ്ടും പ്രണയപൂർവ്വം
ബന്ധുവാണെന്നുമെനിക്കുനീയെൻ പുഴേ!
ബന്ധം മുറിച്ചു ഞാനെന്നാകിലും
ജീവനാണെന്നുമെനിക്കുനീയിന്നു നിൻ
ജീവൻ നശിക്കുമാറായെങ്കിലും..
കണ്ടുനീ പണ്ടേ കരുണാർദ്രയായ്-
ഞങ്ങൾ
നിന്നിലർപ്പിച്ച വിശ്വാസമെല്ലാം
ഉൺമ വെടിഞ്ഞിന്നു മുന്നിൽ നിൽക്കുമ്പൊഴും
ഉള്ളിൻ പിടച്ചിലടക്കുന്നു നീ…
ഓർക്കുന്നു ഞാൻ നിൻ്റെ നഷ്ടപ്രതാപത്തെ
കാത്തുകാത്തെത്തും പുലരികളെ
ആർത്തുചിരിച്ചു നിൻ മേനിയിൽ മേളിച്ച
മാത്രകൾ – എത്ര സായന്തനങ്ങൾ !
നൻമ നിറഞ്ഞ നിൻ സ്തന്യം നുകർന്നെത്ര
ധന്യരായ്ത്തീർന്ന സുഖദിനങ്ങൾ!
അസ്തമിക്കാറില്ല സൂര്യനന്നാളിൽ നീ
വിസ്മയലോകം വിടർത്തുകയാൽ
ദൂരെനിന്നെത്രയോ ബന്ധുക്കൾ വന്നിങ്ങു
ചേരുമാറുണ്ടായിരുന്നു നിന്നിൽ
ദൂരെയുള്ളെത്രയോ സൗഹൃദങ്ങൾ വന്നു
കൂടുമാറുണ്ടായിരുന്നു നിന്നിൽ!
സൗവ്വർണ്ണസുന്ദരമാം നിൻ പുളിനത്തിൽ
ഞങ്ങൾ നിർമ്മിച്ചൂ മണൽപ്പുരകൾ
ഒന്നായ്ത്തകർന്നന്നു വീണകുടീരങ്ങൾ
ഇന്നിൻ പ്രതീകങ്ങളായിരുന്നോ?
എത്ര കഥകൾ പറഞ്ഞുതന്നെത്രയോ
ഇഷ്ടമായെന്നോയെനിക്കു നിന്നെ
എത്രമുങ്ങാംകുഴിയിട്ടുനിന്നാഴത്തി-
ലെത്ര കുളിരണിഞ്ഞാടി ഞങ്ങൾ !
വെള്ളാരംകല്ലുകൾ തിങ്ങിത്തിളങ്ങുമാ
വെള്ളി പ്രഭയാർന്നൊരന്തരാളം
ഇന്നിതാ കുണ്ടും കുഴിയും നിറഞ്ഞിരു-
ന്നന്ധതാമിസ്രമായ്ത്തീർന്നുവെന്നോ?
ലാഭേച്ഛമാത്രം മനസ്സിൽച്ചുമക്കുമാ
മാനുഷർ നിന്നെച്ചതിച്ചുവെന്നോ
സമ്പന്നമായ നിൻ സ്വർണ്ണ മണൽഖനി-
യൊന്നാകെ കൊള്ളയടിച്ചുവെന്നോ?
രാസമാലിന്യങ്ങൾ വാരിനിറച്ചുനിൻ
നാശം വിതച്ചു വോ കമ്പനികൾ?
വെള്ളസ്ഫടികമാം നിൻപ്രതലം കഷ്ട!-
മിന്നു കൊടുംവിഷപ്പാടയായോ?..
രാസവും ജൈവവും കൂടിക്കലർന്നിന്നു
കാസമായ്- ഊർദ്ധ്വൻ വലിയ്ക്കയോ നീ?
വാശിയിൽ ഞാൻനിൻ
പദം വിട്ടുമാറിലും
വീശിയോ നീ കരം നീട്ടിവീണ്ടും?!
ബന്ധം മുറിഞ്ഞുപോയെങ്കിലുമെന്നാത്മ
ബന്ധം മുറിയ്ക്കാൻ നിനക്കാവുമോ?
ചൊല്ലുക, നിൻമടിത്തട്ടിൽ വളർന്നവ-
നല്ലയോ ഞാൻ ?കനിഞ്ഞീടുകില്ലേ?
ഇല്ലതിമോഹങ്ങളൊന്നുമെനിക്കെന്നാൽ
തെല്ലുനിൻ ഭൂത സ്മരണയിൽ ഞാൻ
ഒന്നു ചിരിച്ചോട്ടെ, ചങ്കു തകർർന്നാലു-
മെന്നോടു കൂടുമോ കൂട്ടുകാരീ…
***
പൊള്ളൽ
ഭാര്യയ്ക്ക് പൊള്ളലേറ്റാൽ
ആദ്യം നിശ്ശബ്ദമാവുന്നത് അടുക്കളയാണ്..
വറചട്ടിയും ദോശക്കല്ലുമെല്ലാം
പ്രതികരിയ്ക്കാൻ മറന്ന്
ഒരു മൂലയിലിരിപ്പുണ്ടാകും..
അരിക്കലത്തിൽ എപ്പോഴും
കഞ്ഞി പിണങ്ങിയിരിപ്പായിരിക്കും..
ഫ്രിഡ്ജിന്റെ ശീതീകരണ ശേഷിയേയും മറികടന്ന്
വെണ്ടയ്ക്കയും പടവലങ്ങയും തക്കാളിയുമെല്ലാം
പരസ്പരം പുണർന്ന് കരയുന്നുണ്ടാകും.
പല തവണ ശപിച്ച ഗ്രൈന്ററും മിക്സിയും
മൃദുസ്പർശം കാത്ത് കിടക്കും…
ഭാര്യയ്ക്ക് പൊള്ളലേറ്റാൽ ആദ്യം പൊള്ളുന്നത് ഭർത്താവിനാണത്രേ!
” കേട്ടോ, ഒന്നു വര്വോ?,ഗ്യാസ് ഒന്ന് ഓഫ് ചെയ്യണേ” എന്നീ ശബ്ദങ്ങൾ
അയാൾ മറന്ന് കഴിഞ്ഞിട്ടുണ്ടാകും..
പകരം
കിളി പാടും ശീലുകൾ അയാൾക്ക് മനസ്സിലായിത്തുടങ്ങും…
രാത്രിയുടെ നിശ്ശബ്ദതയിൽ ഇടയ്ക്ക് ഞെട്ടിയുണർന്ന് ” പാൽ തിളച്ച് മറിഞ്ഞോ”? എന്ന്
അടുപ്പിനരികിലേക്കോടും..
കൃത്യസമയത്തിന് അലാറം ഒരുക്കിയിട്ടും കൂടെക്കൂടെ അയാൾ എഴുന്നേറ്റ് സമയമായോ എന്ന് നോക്കും..
ഭാര്യയ്ക്ക് പൊള്ളലേറ്റാൽ
ചൂലിന് പോലും
“ശീലം മറക്കുന്നു” വെന്ന പരാതിയാണ്..!!
“എനിക്ക് ദോശ മതി” എന്ന മകന്റെ വാശി ഇപ്പോൾ കേൾക്കാറില്ല…
യൂണിഫോം ഇസ്തിരിയിടാൻ
മകളിപ്പോൾ കൃത്യമായോർക്കുന്നു …
ബെഡ്കോഫിയും ശേഷമുള്ള കള്ളയുറക്കവും
ഉണരുമ്പോൾ പതിവുള്ള കലശൽകൂട്ടലും ഇപ്പോഴില്ല..
ഭാര്യയുടെ ഞായറാഴ്ചകളിലെ നെടുവീർപ്പിന്റെ രഹസ്യം അയാൾക്കിന്ന് വ്യക്തമായറിയാം..
പൊള്ളലേൽ ക്കുന്നതിന് മുൻപ്
പല രാത്രികളിലും തന്റെ പ്രിയപ്പെട്ടവൾ സ്വന്തം അമ്മയെ സ്വപ്നത്തിൽ കണ്ട് നിലവിളിക്കാറുള്ള കാര്യം
ഈയിടെയാണ് അയാൾ മകളോട് പറഞ്ഞത്..
പൊള്ളലിന്റെ ചൂടിനെപ്പറ്റി
ഇപ്പോൾ അയാളുടെ
മകളും പറഞ്ഞ് തുടങ്ങിയിരിക്കുന്നു…
***
നിലാവ് മറഞ്ഞ വഴികൾ
(കവിതാ സമാഹാരം)
ദേവദാസ് കടയ്ക്കവട്ടം
പ്രസാധനം: ഗ്രീൻ ബുക്സ് തൃശൂർ
വില : 110 രൂപ







No Comments yet!