Skip to main content

റെംബ്രാന്റ് വാൻ റിജിൻ

ഡച്ചുകലയുടെ സുവർണ്ണയുഗമായി കരുതപ്പെടുന്ന കാലഘട്ടമാണ് C E പതിനേഴാം നൂറ്റാണ്ട്. ആ കാലഘട്ടത്തിൽ ഹോളണ്ടിൽ ജീവിച്ചിരുന്ന ഏറ്റവും പ്രമുഖനായ ചിത്രകാരനായിരുന്നു റെംബ്രാന്റ് (Rembrandt van Rijn).

ജീവിതരേഖ

1606 ൽ നെതർലാൻഡിൽ ജനിച്ച റെംബ്രാന്റ് പതിനാലാം വയസ്സിൽ ഒരു മുതിർന്ന പ്രാദേശികചിത്രകാരന്റെ അടുത്ത് പരിശീലനത്തിനായി ചേർന്നു. മൂന്നുവർഷത്തെ പ്രാരംഭ പരിശീലനത്തിനു ശേഷം മറ്റു ചില ചിത്രകാരന്മാരിൽനിന്നും അദ്ദേഹം പാഠങ്ങൾ ഉൾക്കൊണ്ടു. 1625-ൽ റെംബ്രാന്റ് അദ്ദേഹത്തിന്റെ ഒരു സുഹൃത്തായ ജാൻ ലെവൻസിനൊപ്പം (Jan Lievens) സ്വന്തമായി ഒരു സ്റ്റുഡിയോ ആരംഭിച്ചു. അവിടെ അദ്ദേഹം വരയ്ക്കുന്നതിനോടൊപ്പം വിദ്യാർഥികളെ ചിത്രകല പരിശീലിപ്പിക്കാനും സമയം കണ്ടെത്തിയിരുന്നു.

1630 കാലഘട്ടമാകുമ്പോൾ നെതർലാൻഡിലെ ഉന്നതവൃത്തങ്ങളിൽ മൗലികപ്രതിഭയുള്ള ഒരു ചിത്രകാരൻ എന്നനിലയിൽ റെംബ്രാന്റ് സ്വീകാര്യനായിത്തീന്നു. 1631 ൽ അദ്ദേഹം ആംസ്റ്റർഡാം നഗരത്തിലേക്ക് താമസം മാറി. അവിടെ സ്വതന്ത്രമായ ചിത്രരചനയിലും വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിലും സജീവമായി. 1634 ൽ റെംബ്രാന്റ് വിവാഹിതനായി. ഏതാണ്ട് പത്തുവർഷത്തിനിടയിൽ, ക്ഷയരോഗബാധിതയായി ഭാര്യ മരിക്കുന്നതുവരെയും, അവരെ മോഡലാക്കി അനേകം ചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ട്.

ഒരു ചിത്രകാരനെന്ന നിലയിൽ വിജയിച്ച ഒരാളായിരുന്നുവെങ്കിലും സാമ്പത്തികബുദ്ധിമുട്ടുകൾ പലപ്പോഴും അദ്ദേഹത്തെ അലട്ടിയിരുന്നതായി റെംബ്രാന്റിന്റെ ചില ജീവചരിത്രകാരന്മാർ പറയുന്നുണ്ട്. പ്രശസ്തരായ മുൻകാലചിത്രകാരന്മാരുടെ ചിത്രങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള കാലാവസ്തുക്കളും മറ്റും ശേഖരിക്കുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നു,. ചിലവേറിയ ഈ ജീവിതമായിരുന്നു സാമ്പത്തികബുദ്ധിമുട്ടുകൾക്ക് കാരണം. ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലും ഒരു ചിത്രകാരൻ എന്ന നിലയിൽ സജീവമായിരുന്ന അദ്ദേഹം 1669 ൽ നിര്യാതനായി.

‘സുവർണ്ണയുഗ’ത്തിലെ താരം

എന്നും ഒരു നല്ല വിദ്യാർഥിയായിരുന്നു റെംബ്രാൻറ്. കരവാജിയോയെയും റാഫേലിനേയും ടിഷ്യനെയും പോലെയുള്ള ഇറ്റാലിയൻ മാസ്റ്റർമാരുടെയും ഡച്ച് – ഫ്ലെമിഷ് മാസ്റ്റർമാരുടേയുമെല്ലാം സ്വാധീനം റെംബ്രാന്റിന്റെ ആദ്യകാലചിത്രങ്ങളിൽ കാണാനുണ്ട്. അക്കാലത്തു യൂറോപ്പിൽ വലിയ പ്രചാരമുണ്ടാകാൻ സാധ്യതയില്ലാത്ത ഇന്ത്യൻ – മുഗൾ മിനിയേച്ചറുകൾ വരെ അദ്ദേഹം പഠനവിധേയമാക്കിയിട്ടുണ്ട്. എന്നാൽ അധികം വൈകാതെതന്നെ അദ്ദേഹം തനതുവ്യക്തിത്വവും ശക്തിയുമുള്ള ഒരു രചനാരീതി വികസിപ്പിച്ചെടുത്തു.

An Etching

എണ്ണച്ചായമായിരുന്നു റെംബ്രാന്റിന്റെ പ്രധാന മാധ്യമം. എങ്കിലും, എച്ചിങ്ങുകളും ഡ്രോയിങ്ങുകളും അദ്ദേഹം ധാരാളമായി ചെയ്തിട്ടുണ്ട്. റെംബ്രാന്റ് ചിത്രങ്ങളുടെ എടുത്തുപറയേണ്ട ഒരു സവിശേഷത അവയിൽ പൊതുവായി കാണുന്ന വെളിച്ചത്തിന്റെയും നിഴലിന്റെയും നാടകീയമായ ഉപയോഗമാണ്. ‘Chiaroscuro’ എന്ന ഇറ്റാലിയൻ വാക്ക് ഈ കാര്യത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. ഭാവത്തിന്റെ തീവ്രതയെ ആവിഷ്കരിക്കാൻ സഹായകമായ തരത്തിലാണ് റെംബ്രാൻറ് ചിത്രങ്ങളിൽ വെളിച്ചത്തിന്റെയും നിഴലിന്റെയും ആവിഷ്കാരം. വെളിച്ചത്തിൽനിന്ന് ഇരുളിന്റെ പശ്ചാത്തലത്തിലേയ്ക്ക് അരികുകൾ ലയിച്ച് ഇല്ലാതാകുന്നതുപോലെയാണ് രൂപങ്ങൾ കാണപ്പെടുന്നത്.

A Sketch

ചിത്രങ്ങളിലൂടെ

ലോകത്തിലെ പ്രമുഖ മ്യൂസിയങ്ങളിൽ റെംബ്രാന്റിന്റെ ഏതാണ്ട് മുന്നൂറോളം പെയിന്റിങ്ങുകൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ നൂറുകണക്കിന് എച്ചിങ്ങുകളും ഡ്രോയിങ്ങുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഛായാചിത്രങ്ങൾ (Portrait) പ്രകൃതി ദൃശ്യങ്ങൾ, സ്വതന്ത്ര വിഷയങ്ങൾ, ചരിത്ര – മിത്തോളജി സംബന്ധിയായ ചിത്രങ്ങൾ , ബൈബിൾ പ്രമേയമാകുന്ന ചിത്രങ്ങൾ… ഇങ്ങനെ വിവിധ വിഷയങ്ങൾ അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളിൽ കാണാനുണ്ട്. ഈ ചിത്രങ്ങളിൽ പലതും കാലാഭിജ്ഞരായ ആളുകളുടെ ആവശ്യപ്രകാരം കമ്മീഷൻ ജോലികളായി ചെയ്തിട്ടുള്ളവയാണ്.

The Night Watch

റെംബ്രാന്റ് അദ്ദേഹത്തിന്റെ ജീവിതകാലത്തിനിടയിൽ പല ഘട്ടങ്ങളിലായി ഏതാണ്ടു നാല്പതോളം സെൽഫ് പോർട്രെയ്റ്റുകൾ ചെയ്തിട്ടുണ്ട്. ഡ്രോയിങ്ങുകളും എച്ചിങ്ങുകളുംകൂടി ഉൾപ്പെടുത്തിയാൽ സെൽഫ് പോർട്രെയ്റ്റുകളുടെ എണ്ണം നൂറിനടുത്തെത്തും. സ്വകാര്യ വ്യക്തികളുടെ പോർട്രെയ്റ്റുകളും അദ്ദേഹം ധാരാളമായി ചെയ്തിട്ടുണ്ട്. 1640 – 42 കാലഘട്ടത്തിൽ റെംബ്രാൻറ് ചെയ്ത പ്രശസ്തമായ പെയിന്റിങ്ങാണ് ‘The Night watch’. യഥാർത്ഥത്തിൽ ഇത് ഒരു സൈനിക സംഘത്തിന്റെ ഗ്രൂപ്പ് പോർട്രൈറ്റ് ആയി ചെയ്യപ്പെട്ടതാണെങ്കിലും ശൈലീപരമായി ഡച്ചുകലയുടെ സുവർണ്ണകാലഘട്ടത്തിന്റെ പ്രതീകമായി പിൽക്കാലത്തു വിലയിരുത്തപ്പെട്ടിട്ടുണ്ട്. The Return of the Prodigal son, The Jewish Bride തുടങ്ങിയ ശ്രദ്ധേയമായ പല ചിത്രങ്ങളും എടുത്തുപറയാനുണ്ട്. ‘Slaughtered Ox’ എന്നറിയപ്പെടുന്ന സ്തോഭജനകമായ പെയിന്റിങ്, പ്രഥമദൃഷ്ട്യാ നോക്കുമ്പോൾ മാട്ടിറച്ചിയുടെ ഒരു നിശ്ചലദൃശ്യം (Still life) ആണെന്ന് പറയാമെങ്കിലും, പിൽക്കാലത്തു പലതരം വ്യാഖ്യാനങ്ങൾക്ക് വിധേയമായിട്ടുണ്ട്. പെയിന്റിങ്ങുകൾ പോലെത്തന്നെ ദൃശ്യവിഭവങ്ങൾകൊണ്ട് സമൃദ്ധമാണ് റെംബ്രാന്റിന്റെ എച്ചിങ്ങുകളും ഡ്രോയിങ്ങുകളും. പ്രകൃതിദൃശ്യങ്ങളുടെയും മൃഗങ്ങളുടെയും മനുഷ്യരുടേയുമെല്ലാം മനോഹരമായ ധാരാളം സ്കെച്ചുകളും അക്കൂട്ടത്തിൽ കാണാനുണ്ട്.

Slaughtered Ox

റെംബ്രാന്റും ബാരോക്‌ (Baroque) പ്രസ്ഥാനവും

നവോതഥാനത്തിനു ശേഷമുള്ള യൂറോപ്പിൽ, കുറേക്കൂടി കൃത്യമായി പറഞ്ഞാൽ പതിനേഴാം നൂറ്റാണ്ടുമുതൽ ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ, സജീവമായിരുന്ന ഒരു ശൈലിയാണ് അഥവാ കലാപ്രസ്ഥാനമാണ് ബാരോക്‌. കാഴ്ചക്കാരനിൽ വിസ്മയം ജനിപ്പിക്കുന്നതരത്തിലുള്ള നാടകീയമായ അവതരണം, വെളിച്ചത്തിന്റെയും നിഴലിന്റെയും തീക്ഷ്ണമായ ആവിഷ്കാരം, ക്ലാസ്സിസിസത്തിന്റെ ആദർശാത്മകത ഇല്ലാത്ത പരുക്കൻ രൂപഭാവങ്ങൾ (പ്രത്യേകിച്ചും മനുഷ്യരൂപങ്ങളിൽ) ഇതെല്ലാം ബാരോക്‌ ശൈലിയുടെ പൊതുവായ പ്രവണതകളായി പറയാം. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റോം കേന്ദ്രമായി കരാവാജിയോയുടെയും മറ്റും നേതൃത്വത്തിൽ വികസിച്ചുവന്ന ഈ ശൈലിയുടെ ഹോളണ്ടിലെ തനതുവ്യക്തിത്വമുള്ള, ശക്തനായ പ്രതിനിധിയായിരുന്നു റെംബ്രാൻറ്. വെളിച്ചത്തിന്റെയും നിഴലിന്റെയും സൂക്ഷ്മതയും തീക്ഷ്ണതയുള്ള ആവിഷ്‌കാരംകൊണ്ട്‌ നാടകീയത സൃഷ്ടിക്കുന്നതിൽ റെംബ്രാൻറ് അദ്വിതീയനായിരുന്നു. വൈകാരികത തുടിക്കുന്ന ഒരുതരം റിയലിസം സ്വാതന്ത്രസ്വഭാവമുള്ള അദ്ദേഹത്തിന്റെ പല പെയിന്റിങ്ങുകളിലും കാണാനുണ്ട്.

The Jewish Bride

റെംബ്രാന്റും പിൽക്കാല ചിത്രകാരന്മാരും

വലിയ ഒരു ശിഷ്യസമ്പത്തുണ്ടായിരുന്നു റെംബ്രാന്റിന്. അവരിൽ പ്രതിഭാസമ്പന്നരായ പല ശിഷ്യന്മാരുടെയും രചനകൾ റെംബ്രാന്ഡിന്റെ രചനകളായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ കലാപണ്ഡിതന്മാർക്കിടയിൽ ഗവേഷണങ്ങൾതന്നെ നടന്നിട്ടുണ്ട്. Pilate Washing His Hands പോലെയുള്ള പല പെയിന്റിംഗുകളെ സംബന്ധിച്ചും അവ വരച്ചത് റെംബ്രാൻറ് ആണോ അതോ അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആരെങ്കിലുമാണോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കമുണ്ട്.

The Return of the Prodigal Son

സമകാലീനരും പതിനേഴാം നൂറ്റാണ്ടിനിശേഷം വരച്ചുതുടങ്ങിയവരും ഉൾപ്പെടെ കലാകാരന്മാരുടെ തലമുറകളെ റെംബ്രാന്റിന്റെ കല ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെ സ്വാധീനം ഉൾക്കൊണ്ടിട്ടുള്ളവരിൽ ഗോയയെയും വിൻസെന്റ് വാന്ഗോഗിനെയും പോലെയുള്ള പ്രതിഭാശാലികൾ മുതൽ ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ ചിത്രകാരൻ ഫ്രാൻസിസ് ബേക്കൺ വരെ ഉൾപ്പെടുന്നു.


റെംബ്രാന്റ് വാൻ റിജിൻ

ജനനം: 1606
മരണം: 1669

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.