Skip to main content

വാക്കുകളില്‍ തീര്‍ത്ത ചലനചിത്രങ്ങള്‍

”ഓ … എന്റെ പൊന്നോ… മലേക്കുരിശു മുത്തപ്പാ… ആ സീനൊണ്ടല്ലോ, മറക്കത്തില്ലെടാ… ഒരു സിനിമാക്കാരനും ഒണ്ടാക്കാന്‍ പറ്റാത്തതാ… വല്യോപ്പോളുടെ അന്നേരത്തെ മൊഖമൊണ്ടല്ലോ എന്നതാ… ഇപ്പോഴും മേല് പൂത്തൂ കേറുവാ…” രാജേഷ് കെ നാരായണന്റെ ‘കരിമീന്‍’ എന്ന കഥയില്‍ ഇങ്ങനെ ഒരു സംഭാഷണം നാം വായിക്കുന്നുണ്ട്. താന്‍ എഴുതിക്കൊണ്ടിരിക്കുന്ന കഥ ചലച്ചിത്രത്തിന്റെ തിരക്കഥയുടെ രൂപഭാവങ്ങള്‍ സ്വീകരിക്കുന്നുവെന്നു തോന്നിയ ഒരു സന്ദര്‍ഭത്തില്‍ കഥാകാരന്‍ സ്വാനുഭവത്തെ കഥയിലേക്കു തന്നെ സന്നിവേശിപ്പിച്ചതാകാം, ഈ വാക്കുകള്‍. ചലച്ചിത്രാന്തം കവിത്വം എന്നു പറയാവുന്ന സ്ഥിതിയിലേക്കു നാം നീങ്ങിക്കൊണ്ടിരിക്കുന്നുവോ എന്ന സന്ദേഹം പിടിപെട്ടിരിക്കുന്ന കാലയളവാണല്ലോ ഇത്. കാലഘട്ടത്തിന്റെ കലയായി, ജനസഹസ്രങ്ങളെ ആകര്‍ഷിക്കുന്ന കലയായി ചലച്ചിത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇതര വ്യവഹാരങ്ങളില്‍ അതിന്റെ സ്വാധീനം വലിയ സാദ്ധ്യതയാണ്. ഇപ്പോള്‍, കഥ ചലച്ചിത്രത്തെ എത്തിപ്പിടിക്കാന്‍ ശ്രദ്ധിക്കുന്നുവോയെന്ന്, അത് കഥയുടെ കുറവോ പരാധീനതയോ ആയി മാറിത്തീരുന്നുണ്ടോയെന്ന് നാം ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുന്നു!

ചലച്ചിത്രകല നിരവധി മേഖലകളിലെ വ്യവഹാരങ്ങളില്‍ നിന്നും ഊര്‍ജ്ജം നേടിയിട്ടുണ്ട്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഫോട്ടോഗ്രാഫിയുടെയും ചിത്രകലയുടെയും സംഗീതത്തിന്റെയും വ്യത്യസ്ത നൃത്തരൂപങ്ങളുടെയും നാടകത്തിന്റെയും വിവിധ സാഹിത്യരൂപങ്ങളുടെയും കഴിവുകള്‍ ചലച്ചിത്രകലയില്‍ സമ്മേളിക്കുന്നതും അതിനു നല്ലകൂട്ടായി തീരുന്നതും നാം കാണുന്നു. ഈ സമ്മേളനങ്ങള്‍ക്കിടയിലും ചലച്ചിത്രകല ഈ വ്യവഹാരങ്ങളില്‍ നിന്നെല്ലാം മാറി വ്യത്യസ്തമായി മറ്റൊന്നായിത്തീര്‍ന്ന് നിലനില്‍ക്കുകയും അതിന്റെ തനതായ സൗന്ദര്യശാസ്ത്രവും ചലനനിയമങ്ങളും നിര്‍മ്മിക്കുകയും നിരന്തരം പുതുക്കിപ്പണിയുകയും ചെയ്യുന്നുമുണ്ട്. മറിച്ച്, ഇങ്ങനെ രൂപം കൊള്ളുന്ന ചലച്ചിത്രകല ഇതര കലാരൂപങ്ങളെയും സാഹിത്യരൂപങ്ങളെയും സ്വാധീനിക്കുന്നതിലും അസ്വാഭാവികതകളൊന്നുമില്ല. കഥാസാഹിത്യം മാത്രം ചലച്ചിത്രത്തിന്റെ സ്വാധീനത്തില്‍ നിന്നും മാറി നില്‍ക്കുമെന്നു കരുതുന്നതില്‍ അനൗചിത്യമുണ്ട്. എന്നാല്‍, ചലച്ചിത്രം പല കലാരുപങ്ങളെയും കീഴടക്കി നില്‍ക്കുന്നുവോയെന്ന സന്ദേഹമുണര്‍ത്തുന്ന നിലയിലേക്ക് അതു മാറിയിട്ടുണ്ട്. ഒരു വ്യവഹാരം മറ്റൊന്നിനെ സ്വാധീനിക്കുന്നതില്‍ പ്രശ്നകരമായി എന്താണുള്ളത്? തത്ത്വചിന്ത സാഹിത്യത്തെയും ശാസ്ത്രത്തെയും സ്വാധീനിക്കുന്നതില്‍, ആധുനികശാസ്ത്രം തത്ത്വചിന്തയെ സ്വാധീനിക്കുന്നതില്‍, സാഹിതീയചിന്ത ശാസ്ത്രത്തെ സ്വാധീനിക്കുന്നതില്‍ പിശകുകളുണ്ടോ? അവ പരസ്പരം കൊണ്ടും കൊടുത്തും അവയുടെ അര്‍ത്ഥോല്‍പ്പാദനശ്രമങ്ങളെ വികസിതമാക്കുന്നതും നിലനിര്‍ത്തുന്നതും എതിര്‍ക്കപ്പെടേണ്ടതല്ല. ചലച്ചിത്രം കഥയെ കീഴ്പ്പെടുത്തുന്നു എന്നാണ് ആരോപണമെങ്കില്‍ അത് തീര്‍ച്ചയായും പരിഗണിക്കേണ്ട കാര്യം തന്നെ! ചലച്ചിത്രാത്മകത കഥാത്മകതയെ കീഴ്പ്പെടുത്തുന്നുവെങ്കില്‍ കഥാകാരന്മാര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു! കഥാവ്യവഹാരങ്ങളുടെ സങ്കല്‍പ്പനലോകത്തെ അതു തകര്‍ക്കും. എന്നാല്‍, കൂടുതല്‍ വസ്തുനിഷ്ഠമാകുന്നതു മൂലം സഹൃദയന്റെ ഭാവനാസഞ്ചാരങ്ങളെ പരിമിതപ്പെടുത്തുന്ന ചലച്ചിത്രദൃശ്യങ്ങള്‍ക്ക് അതേ സഹൃദയനെ ഭാവനാലോകത്തു നിരന്തരം ചലിപ്പിക്കുന്ന കഥയുടെ വാങ്മയദൃശ്യങ്ങളുടെ കരുത്ത് ലഭ്യമാക്കുക അസാദ്ധ്യമാണ്. ഇവിടെ, രാജേഷ് കെ നാരായണന്റെ കഥയിലെ ചലച്ചിത്രസ്വാധീനം അതിന്റെ തനതുമൂല്യത്തെ നഷ്ടപ്പെടുത്തുന്നില്ല. മറിച്ച്, അതിനു പുതിയ മാനങ്ങള്‍ നല്‍കുന്നുവെന്നു പറയണം. രാജേഷിന്റെ കഥാത്മകതയുടെ സങ്കല്‍പ്പനങ്ങള്‍ക്ക് അതു കൂട്ടായിരിക്കുകയും കരുത്തു നല്‍കുകയും ചെയ്യുന്നു.

രണ്ടു മതവിഭാഗങ്ങളില്‍ പെട്ടവര്‍, വ്യത്യസ്ത സാമൂഹികവര്‍ഗ്ഗങ്ങളീല്‍ പെട്ടവര്‍, ആണും പെണ്ണും പ്രണയിക്കുന്നു. പെണ്ണിന്റെ വീട്ടുകാര്‍ പ്രണയത്തെ എതീര്‍ക്കുമെന്ന സ്ഥിതിയില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകര്‍ വീടുകളില്‍ നിന്നു പുറപ്പെട്ടുപോകുകയും വിവാഹിതരാകുകയും ചെയ്യുന്നു. ആറു വര്‍ഷത്തിനുശേഷം അവരുടെ ജീവിതം ഏതാണ്ട് വേരുപിടിച്ചു കഴിഞ്ഞ ഒരു സന്ദര്‍ഭത്തില്‍ യാഥാസ്ഥിതികരുടെ പ്രതികാരം കാമുകനെ വേട്ടയാടുന്നു. വളരെ സാധാരണമെന്നു പറയാവുന്ന ഒരു പ്രമേയമാണ് രാജേഷ് നാരായണന്റെ കഥയിലുള്ളത്. എന്നാല്‍ കഥ അസാധാരണമായ അനുഭവമാണ് വായനക്കാര്‍ക്കു നല്‍കുന്നത്. കഥയെന്നത് കഥയുടെ തച്ചുതന്നെയാണെന്ന് ആരേയും ബോദ്ധ്യപ്പെടുത്താന്‍ കഴിയുന്ന ആഖ്യാനമായി രാജേഷിന്റെ ഈ രചനയെ എടുത്തു പറയാന്‍ കഴിയും. കഥയ്ക്കുള്ളില്‍ ഒരു കഥയെന്ന മട്ടിലാണ് കഥ എഴുതപ്പെടുന്നത്. കഥാപാത്രങ്ങള്‍ പറയുന്ന സംഭാഷണങ്ങളിലൂടെ തുടക്കം മുതല്‍ കഥ തെളിഞ്ഞു തെളിഞ്ഞുവരുന്നു.

കഥ പറയപ്പെടുന്നത് ഒരു ബാര്‍ ഹോട്ടലിലെ മേശയ്ക്കു ചുറ്റുമിരിക്കുന്നവര്‍ക്കിടയിലാണ്. മൂന്നുപേര്‍ ചേര്‍ന്നാണ് കഥ പറയുന്നത്. കഥയുടെ സ്ഥലരാശി – പാലയിലെ കടപ്പാട്ടൂരു മുതല്‍ കൂത്താട്ടുകുളം, ഊന്നുകല്‍, നേര്യമംഗലം, റാണിക്കല്ല് വളവ്, ചീയപ്പാറക്കുത്ത്, വാളറക്കുത്ത്, അടിമാലി, മാങ്കുളം വരെ എത്തുന്ന പ്രദേശങ്ങള്‍ – ആ മേശയ്ക്കു ചുറ്റും വാക്കുകളിലൂടെ രേഖപ്പെടുന്നു. മദ്യപിക്കാനായി മേശയ്ക്കു ചുറ്റും ഇരിക്കുന്നവരില്‍ ഒരാള്‍ നിശബ്ദനാണ്. അയാള്‍ കഥ കേള്‍ക്കുന്നതേയുള്ളൂ. കഥ ഒളിഞ്ഞു കേള്‍ക്കുന്നുവെന്നു പറയാവുന്ന ഒരു കഥാപാത്രവും കഥയിലുണ്ട്. ഹോട്ടലിലെ സപ്ലയറാണ് അയാള്‍. ആ കഥാപാത്രമാണ് കഥയിലെ സത്യത്തിനുവേണ്ടി നിലകൊള്ളുന്നത്. കേട്ട കഥയിലെ സത്യം ഗ്രഹിച്ചാണ് അയാള്‍ പ്രണയിതാക്കള്‍ക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്നത്. പക്ഷേ, അയാള്‍ കോടതിയില്‍ പറയുന്ന കഥയിലെ സത്യം നീതിപീഠം തള്ളിക്കളയുന്നു. കഥയിലെ സത്യത്തെ കള്ളമാക്കി മാറ്റാന്‍ പറ്റുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടിരുന്നു. കഥയായി പറയുന്ന സത്യമല്ല, കൊലയാളിയും കൂട്ടാളികളും ആസൂത്രിതമായി നിര്‍മ്മിക്കുന്ന രേഖകളാണ് കോടതിക്കു മുമ്പില്‍ തെളിവുകളായി വരുന്നത്. സത്യാനന്തരകാലത്ത് കഥയിലെ സത്യം, പ്രത്യക്ഷാനുഭവം, ആത്മസത്യം എന്നിവയ്ക്കൊന്നും മൂല്യമില്ല. കൃത്രിമമായി നിര്‍മ്മിക്കപ്പെടുന്ന രേഖകള്‍ കോടതിയില്‍ ‘സത്യം’ പറയുകയും ജഡ്ജിയുടെ സത്യത്തെ നിശ്ചയിക്കുകയും ചെയ്യും.

No photo description available.

‘കരിമീന്‍’എന്നാണ് കഥയുടെ ശീര്‍ഷകം. കരിമീന്‍ ഒരു രൂപകമായി കഥയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ രൂപകം കഥയുടെ വലിയ സാഫല്യമായി സഹൃദയര്‍ തിരിച്ചറിയും. നാലാം നമ്പര്‍ ടേബിളിലിരുന്ന് കരിമീന്‍ ഓര്‍ഡര്‍ ചെയ്യുന്ന കഷണ്ടിക്കാരനാണ് കരിമീനിനെ കുറിച്ച് വിശദമായി പറയുന്നത്. അത് ഇങ്ങനെയാണ്. ”കരിമീനുകള്‍ തെളിഞ്ഞ വെള്ളത്തിലേ ജീവിക്കൂ…. എപ്പഴും കണ്ടുകൊണ്ടിരിക്കാന്‍ പറ്റിയ തെളിഞ്ഞ വെള്ളം. കണ്ടു കണ്ട് പരസ്പരം ഇണകള്‍ ആയാല്‍ പിന്നെ, തങ്ങളുടെ ശക്തമായ ചുണ്ടുകളുപയോഗിച്ച് മരത്തിന്റെ വേരോ അതുപോലുള്ള കടുപ്പമുള്ള പാറയോ പരുവപ്പെടുത്തി എടുക്കുന്നു. പെണ്‍മത്സ്യം ഒരു വേരില്‍ മുട്ട ഒട്ടിച്ചു വെക്കും. ഇത് കണ്ടുകൊണ്ട് ഭര്‍ത്താവു മത്സ്യം ഒരു ബീജത്തെ അണ്ഡത്തിനു മുകളില്‍ ചേര്‍ത്തുവയ്ക്കുന്നു. ഒരു പ്രത്യേക രീതിയില്‍ ഇതു തുടരുന്നു. അതു കഴിഞ്ഞാല്‍ രണ്ടുപേരും തങ്ങളുടെ മുട്ടകള്‍ക്കു കാവല്‍ നില്‍ക്കുകയായി. കുറേ ദിവസം ഭക്ഷണം തേടിപ്പോകാതെ തപസ്സിരിക്കും. കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്നതോടെ ഒരാള്‍ കുഞ്ഞുങ്ങള്‍ക്കു കാവലിരിക്കും. മറ്റേയാള്‍ ഭക്ഷണം തേടി പോകും. എത്രയും വേഗം തിരിച്ചെത്താനുള്ള വെപ്രാളമാകും ഇര തേടിപ്പോയയാള്‍ക്ക്. അത്രയ്ക്ക് പരസ്പരം കാണാതിരിക്കാനാവാത്ത പ്രണയമാണവര്‍ക്ക്. ഈ നേരത്താകും കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം തേടിപ്പോയയാള്‍ ഏതെങ്കിലും മനുഷ്യന്റെ വലയില്‍ കുടുങ്ങുക. കാത്തിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പ്രണയിനിക്കും അടുത്തേക്കെത്താനുള്ള വെപ്രാളത്തിലാണ് വലയില്‍ കുടുങ്ങിയത് ” കരിമീനിന്റെ ജീവിതചരിത്രത്തിനു സമാന്തരമായ ഒരു ജീവിതചരിത്രമാണ് ബെറ്റിയുടെയും പവിത്രന്റെയും പ്രണയജീവിതത്തില്‍ നടക്കുന്നത്. ഒരിക്കലും വേര്‍പിരിയാത്ത പ്രണയിതാക്കള്‍ – അവരെ വേര്‍പിരിക്കാന്‍ ഒരാള്‍ എത്തിച്ചേരുന്നു, അവരുടെ പ്രണയത്തോടുള്ള പ്രതികാരവുമായി. കത്തിക്കുത്തേറ്റു പിടയുന്ന പവി പറയുന്നത് ”ബെറ്റിയുടെ വീട്ടീന്ന് ആദ്യായിട്ട് വന്നതല്ലേ? അവക്ക് വല്യ ആഗ്രഹാരുന്നു, ആരെങ്കിലും വരണമെന്ന്. വരൂന്ന് എപ്പഴും പറയാറൂംണ്ട്” എന്നാണ്. തന്നെ കുത്തിയവനെ ആക്രമിക്കുന്ന സുഹൃത്തുക്കളെ പവി തടയുന്നത് ഈ വാക്കുകള്‍ കൊണ്ടാണ്. ”തിരിച്ചു വരാത്ത ഇണയെ കാത്തിരിക്കുന്ന കരിമീന്‍ പിന്നീടൊരിക്കലും മറ്റൊരു ഇണയെ സ്വീകരിക്കില്ല. അത് പിന്നീട് എന്നും തനിച്ചായിരിക്കും.” എന്നിങ്ങനെ കരിമീനെ കുറിച്ചു പറഞ്ഞ് മറഞ്ഞുപോകുന്ന അടുത്തയാളെ കണ്ടെത്താന്‍ പോലീസിനും കഴിയുന്നില്ല. സപ്ലയര്‍ ബിബിന്‍ പറഞ്ഞ പാതി കഷണ്ടിയും കുറ്റി മുടിയും ഉള്ള ആള്‍ ബാറില്‍ വന്നിട്ടില്ലെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. അയാള്‍ ആരാണെന്ന് ബെറ്റിക്ക് അറിയുമായിരിക്കുമെന്ന് ആഖ്യാതാവ് സൂചിപ്പിക്കുന്നുണ്ട്. അന്നേദിവസം തന്നെ ബെറ്റിയുടെ പപ്പ മരിക്കുന്നതായും കഥ എഴുതുന്നു. സംഭവദിവസം തന്റെ വീടിനു മുന്നില്‍ ‘ബെറ്റി നിവാസ്’ എന്ന ബോര്‍ഡ് വായിച്ചു പിന്തിരിഞ്ഞു നടന്ന പപ്പയെ ബെറ്റി സ്വപ്നം കാണുന്നുണ്ട്. അപ്പോള്‍, കടപ്പാട്ടൂരില്‍ ജോണ്‍ സാറിന്റെ മൃതദേഹസംസ്‌കാരച്ചടങ്ങുകള്‍ നടക്കുകയായിരുന്നു. പപ്പ അവള്‍ക്കായി മണിമലയാറ്റിന്റെ തീരത്ത് നിര്‍മ്മിച്ചു നല്‍കാന്‍ ആഗ്രഹിച്ച വീട് ബെറ്റി നിവാസ് ആയിരുന്നു. എന്നാല്‍, വീടുവിട്ട അവള്‍ പവിയോടൊപ്പമാണ് ബെറ്റി നിവാസ് നിര്‍മ്മിച്ചത്. കടപ്പാട്ടൂര്‍ അമ്പലത്തിനപ്പുറത്തെ വഴിയിലൂടെ പപ്പക്കൊപ്പം നടന്നുപോകുന്ന തന്റെ സ്‌കൂള്‍കാലത്തെ ബെറ്റിക്ക് ഓര്‍മ്മവരുന്നു. ജോണ്‍ സാര്‍ അവളോട് കരിമീനിന്റെ ജീവിതകഥയായിരുന്നു പറഞ്ഞു കൊടുത്തിരുന്നതെന്നും കഥാകാരന്‍ എഴുതുന്നു.

കഥയില്‍ അതിഭൗതികമൂലകങ്ങള്‍ സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് കഥയുടെ സ്വാഭാവികതയ്ക്ക് വിഘ്നങ്ങള്‍ നിര്‍മ്മിക്കുന്നുമുണ്ട്. കഥയിലേക്ക് യുക്തിയെ സന്നിവേശിപ്പിക്കുന്നത് പലപ്പോഴും യാന്ത്രികതയെ ഉല്‍പ്പാദിപ്പിക്കുന്നതു പോലെ നിഗൂഢതയുടെ മൂലകങ്ങള്‍ വിതറുന്നത് സ്വാഭാവികതയെയും തടയുന്നു. അതിഭൗതികമൂലകങ്ങള്‍ ആഖ്യാനത്തിനു വ്യാഖ്യാനസാദ്ധ്യത നല്‍കുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നതു ശരി തന്നെ! ഇവിടെ അങ്ങനെ സംഭവിക്കുന്നില്ല. പ്രേതസദൃശമായ ബന്ധങ്ങള്‍ക്ക് സ്ഥൂലലോകത്ത് സാംഗത്യമില്ല. ബെറ്റി പവിയുമൊത്ത് വീടുവിട്ടു പോയെങ്കിലും അവള്‍ക്കും പപ്പയ്ക്കുമിടയില്‍ വൈരമോ പ്രതികാരബുദ്ധിയോ നിലനിന്നിരുന്നില്ലെന്നു വേണം കരുതാന്‍, പപ്പയുടെ സമീപനം കഥയില്‍ രേഖപ്പെടുന്നില്ലെങ്കില്‍ കൂടിയും. പപ്പയോടുള്ള ബെറ്റിയുടെ സ്നേഹവും പപ്പയ്ക്കു അവളെ കുറിച്ചുണ്ടായിരുന്ന ആശകളും പപ്പ തന്റെ വീടു സന്ദര്‍ശിക്കണമെന്ന അവളുടെ ആഗ്രഹവും സൃഷ്ടിക്കുന്ന ഉല്‍ക്കണ്ഠാകുലമായ മനസ്സായിരിക്കണം തന്റെ വീടു കണ്ടുപോകുന്ന പപ്പയെ സ്വപ്നം കാണാന്‍ ബെറ്റിയുടെ ഉപബോധമനസ്സിനു പ്രേരണയാകുന്നത്. സമൂഹത്തെ കീഴ്പ്പെടുത്തി നില്‍ക്കുന്ന അന്ധവിശ്വാസങ്ങളും വരേണ്യബോധവും വ്യക്തിജീവിതത്തില്‍ ഏല്‍പ്പിക്കുന്ന മുറിവുകളെയും അതു സൃഷ്ടിക്കുന്ന ദുരന്തങ്ങളെയും ഈ കഥാഖ്യാനം ഉള്‍ക്കണ്ണില്‍ കാണുന്നുണ്ട്.

ചലച്ചിത്രത്തില്‍ കാണാനാവുന്നതു പോലെ വാക്കുകളിലെഴുതിയ ദൃശ്യങ്ങളില്‍ കഥ രേഖപ്പെടുന്നു. തിരനാടകങ്ങള്‍. എന്നിട്ടും തുറന്നിരിക്കുന്ന കഥയുടെ ഘടന വ്യത്യസ്തമായ വ്യാഖ്യാനപാഠങ്ങളിലേക്കു നയിക്കുന്നു.


കരിമീന്‍ (കഥാസമാഹാരം)
രചന : രാജേഷ് കെ. നാരായണന്‍
പ്രസാധനം : ഡി.സി. ബുക്‌സ്
വില : 180 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.