രാവിലേ
പത്രത്താളിൽ നിന്നും
എൻ നേർക്ക് നോക്കുന്നു,
ആ അമേരിക്കൻ സ്വപ്നദർശിയുടെ
സ്ഥിരശാന്തമായ മുഖം,
എല്ലാമറിയുന്ന കണ്ണുകൾ.
എങ്ങനെ സ്വപ്നങ്ങൾ
സാക്ഷാൽക്കരിക്കാം
എന്നു കണ്ടവൻ,
ചൈനീസ് വിപ്ലവത്തിൻ്റെ
തീയേറ്റുവാങ്ങി
അതിനോടൊപ്പം
പേനകൊണ്ട് പോരാടിയോൻ.
അതു നേരു തന്നെ,
അവൻ ഏറെ
സഹിച്ചു.
അതത്ര എളുതായിരുന്നില്ല,
വന്യമായ
വടക്കുപടിഞ്ഞാറൻ
ഉന്നതഭൂമികളിൽ
ചെമ്പടയെ,
അന്ന്
കൊന്നൊടുക്കേണ്ട കൊള്ളക്കാരെന്നു
ലോകം വിളിച്ചിരുന്ന ചെമ്പടയെ,
തേടിപ്പോകുന്നത്;
അവരുടെ സമരഗാഥയെ,
ലോകമെമ്പാടും
എല്ലാ മുഖ്യഭാഷയിലും
അലയടിക്കും വിധം
നിപുണമായാലേഖനം
ചെയ്യുന്നത്.
സമ്പന്നനായൊന്നുമല്ല
ഈ നല്ലവനായ
അമേരിക്കക്കാരൻ
അന്തരിച്ചത്,
അരിഷ്ടിച്ചു കഴിഞ്ഞു;
എങ്കിലും എന്നും
സാധാരണക്കാരോടൊപ്പം,
ശതലക്ഷക്കണക്കായ
സാധാരണക്കാരോടൊപ്പം.
അവർ അവൻ്റെ വാക്കുകളിൽ
പിടിച്ചു തൂങ്ങി,
അവയിൽ നിന്ന്
അനിതരസാധാരണമായ
സ്പഷ്ടതയാർജ്ജിച്ചു.
ശരീരത്താൽ മാത്രം
നമ്മിൽ നിന്നു യാത്രയായി,
തൻ്റെ എഴുത്തുകളിൽ
ജീവിക്കുന്ന ആത്മാവുള്ളാരാൾ,
പോരാടുന്നവരുമായി
ഹൃദയം പങ്കിട്ടൊരാൾ.
അവൻ്റെ നേർക്ക്,
‘ചൈനയ്ക്കു മേലേ
രക്തതാരകം’ എന്ന
ആ മഹാഗ്രന്ഥത്തിൻ്റെ പേരിൽ,
ഭാവിയിലെ യുവാക്കൾ
കൃതജ്ഞതയോടെ
ഉറ്റുനോക്കും.
അതല്ലോ അവൻ്റെ നക്ഷത്രം;
കൂടുതൽ ഉന്മാദമുക്തമായ,
വെടിപ്പുറ്റ
ഒരു ലോകം
സാധ്യമാണെന്ന അവൻ്റെ
പ്രത്യാശയുടെ.
***
കവിപരിചയം :

റെവി ആലി
ന്യൂസിലൻഡിൽ ജനിച്ച സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു റെവി ആലി.
ജീവിതത്തിന്റെ ഭൂരിഭാഗവും ചൈനയിൽ ചെലവഴിച്ച് തൊഴിലാളികളുടെയും ഗ്രാമീണരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ചു. ചൈനയുടെ വ്യവസായ-വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും അന്താരാഷ്ട്ര സൗഹൃദം വളർത്തുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ചൈനീസ് ജനതയുടെ ആത്മസുഹൃത്തായി അദ്ദേഹം ഇന്നും ആദരിക്കപ്പെടുന്നു.
എഡ്ഗർ സ്നോ
അമേരിക്കൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു എഡ്ഗർ സ്നോ. ചൈനീസ് വിപ്ലവത്തെ ലോകത്തിന് അടുത്തറയാൻ സഹായിച്ച ആദ്യ പാശ്ചാത്യരിൽ ഒരാൾ. മാവോ സേതുങുമായുള്ള അഭിമുഖങ്ങളും Red Star Over China എന്ന ഗ്രന്ഥവും അദ്ദേഹത്തെ പ്രശസ്തനാക്കി. സത്യത്തോടുള്ള പ്രതിബദ്ധതയും ജനങ്ങളുടെ പോരാട്ടങ്ങളോടുള്ള ഐക്യദാർഢ്യവും അദ്ദേഹത്തിന്റെ എഴുത്തിന്റെ മുഖമുദ്രയായിരുന്നു.








No Comments yet!