എസ് ജോസഫിന്റെ “പുറപ്പാടി”ലെ വ്യക്തി ഒരു നിശ്ചല ബിന്ദുവല്ല; നിരന്തരം സഞ്ചരിക്കുന്ന ഒരു ജീവിയാണ് അയാൾ. അതുകൊണ്ടു തന്നെ അയാളുടെ സഞ്ചാരത്തിൽ സഞ്ചാരരേഖ വ്യക്തമായി കാണാം. മനുഷ്യന് ഒരു സ്ഥലത്തു തങ്ങിനിൽക്കാനാവില്ല . സ്വയം വരയ്ക്കുന്ന വഴികളിലൂടെ മുന്നേറാനാണ് കഴിയുക. കവിതയുടെ ആരംഭത്തിൽ കാണുന്ന ശൂന്യത ജീവനറ്റതല്ല, വഴികൾക്കായി കാത്തിരിക്കുന്ന ഒരു അവസ്ഥയാണ്. വീട് പൂട്ടി ഇറങ്ങുന്ന നിമിഷം അയാൾ ആ കെട്ടുപാടുകളുടെ ഭാഗമാകുന്നു.ജീവിതവും പരിസരവും തമ്മിലുള്ള നെയ്ത്തിലേക്ക് പ്രവേശിക്കുന്നു. കൂടെക്കൂട്ടുന്ന പുസ്തകങ്ങളും തുണികളും മരുന്നുകളും അയാൾ വരയ്ക്കുന്ന വരകളുടെ തുടർച്ചയായി മാറുന്നു.

വണ്ടിയും റോഡും മഴയും വേറിടാതെ, അവയെല്ലാം ഒന്നായി ചേരുന്ന അനുഭവമാണ് ഇതിലെ ചലനരേഖ. മനുഷ്യൻ പരിസ്ഥിതിയിലൂടെ വെറുതെ കടന്നുപോകുകയല്ല ചെയ്യുന്നത്.അതിലൂടെ പുതിയ അർത്ഥങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ദുല്യൂസിയ൯ സ്ഥിരാന്തരപരിണാമം (Becoming) ഇവിടെ നടക്കുന്നു. ശരീരം രോഗാതുരമായി മാറുമ്പോൾ, കവി ഒരു സ്ഥിരമായ ഐഡന്റിറ്റിയിൽ നിൽക്കാതെ രോഗാതുരതയിലൂടെയും അദൃശ്യതയിലൂടെയും കടന്നുപോകുന്നു.
കൂടാതെ മരവിച്ച വ്യവസ്ഥിതികളിൽ നിന്നുള്ള തെന്നി മാറലും ഇവിടെ സംഭവിക്കുന്നുണ്ട്. അടച്ചിട്ട വീടും നിശ്ചലമായ അവസ്ഥയും ഉപേക്ഷിക്കുന്ന ഈ വിടുതൽ പെങ്ങളുടെ വീട്ടിലേക്കുള്ള യാത്ര മാത്രമല്ല, നിലവിലുള്ള അവസ്ഥയിൽ നിന്നുള്ള മോചനം കൂടിയാണ്. ഉറക്കത്തിന്റെ അവസാന സ്റ്റോപ്പ് എന്നത് ഒരു നിശ്ചലമായ ഒടുക്കമല്ല; മരണവും ജീവിതവും തമ്മിലുള്ള അതിർ വരമ്പുകൾ മാഞ്ഞുപോകുന്ന പുതിയൊരു സ്ഥിരാന്തര-അപരത്വമാണ്. പെങ്ങളും കുഞ്ഞുങ്ങളും ആ മാറ്റത്തിൽ അയാളോടൊപ്പം ചേരുന്നു.
മഴയും കരിമേഘവും കറുത്ത തുള്ളികളും വെറും കാഴ്ചകളല്ല, അവ ശരീരവുമായി കലരുന്ന ഘടകങ്ങളാണ്. അതിലൂടെ മനുഷ്യനും പ്രകൃതിയും തമ്മിൽ വേർതിരിവില്ലാത്ത സ്ഥിരാന്തരലയം രൂപപ്പെടുത്തുന്നു. ശരീരത്തിലെ വ്രണവും വേദനയും മാറാത്ത സംഗതികളല്ല, തുടർ പ്രവർത്തനങ്ങളാണ്. ഈ ലയത്തിലൂടെയാണ് വ്യക്തി പുതിയൊരു തലത്തിലേക്ക് പ്രവേശിക്കുന്നത്; ഇതൊരു പാരിസ്ഥിതിക ജീവിതം കൂടിയാണ്.
യാത്ര എന്നത് ബിന്ദു എ യിൽ നിന്ന് ബിന്ദു ബി യിലേക്കുള്ള സഞ്ചാരം മാത്രം അല്ല. ആ പോക്കിൽ വ്യക്തി ഇല്ലാതാകുന്നില്ല, മറിച്ച് അയാൾ ചുറ്റുപാടുകളിലേക്ക് പടരുകയാണ് ചെയ്യുന്നത്. അവസാന സ്റ്റോപ്പിലെ കാത്തിരിപ്പ് ഒരു സ്ഥിരമായ ഇടം കണ്ടെത്തലല്ല, ഒരു പുതിയ ലയനത്തിന്റെ ആരംഭമാണ്. കവിത അവസാനിക്കുമ്പോഴും ആ സഞ്ചാരം തുടർന്നുകൊണ്ടിരിക്കുന്നു.
ആത്യന്തികമായി അത് സ്വയം ഒരു ‘പാഴ്’ (Abject) ആയി മാറലാണ്. കവിതയിൽ പ്രതിപാദിക്കുന്ന ഉണങ്ങാത്ത വ്രണങ്ങളും എല്ലുകടിയും തളർന്ന ശരീരവും വ്യക്തിയെ സ്വന്തം ദേഹത്തിൽ നിന്നുതന്നെ അന്യവൽക്കരിക്കുന്നു. വ്രണത്തിൽ നിന്ന് ഒലിച്ചിറങ്ങുന്ന സ്രവങ്ങൾ അകവും പുറവും തമ്മിലുള്ള അതിരുകൾ ലംഘിക്കുമ്പോഴാണ് ശരീരം പാഴ് ആയി മാറുന്നത്.
ഇവിടെ ശരീരം ഒരു പൂർണ്ണമായ രൂപമല്ല, ദ്രവിക്കുന്നതും ചിതറുന്നതുമായ ഒരു ഭൗതിക ദ്രവ്യമാണ്. ഈ അവസ്ഥയിൽ വ്യക്തിക്ക് സ്വയം ഭാരമായും ഉപേക്ഷിക്കപ്പെടേണ്ട ഒന്നായും അനുഭവപ്പെടുന്നു.
എന്നാൽ ഇത് പ്രകൃതിയിൽ നിന്നുള്ള വേർപെടലല്ല, പരിസ്ഥിതിയിലേക്ക് ശരീരം അലിഞ്ഞുചേരുന്നതിന്റെ നിസ്സഹായാവസ്ഥയാണ്. ഇവിടെ വ്രണവും വേദനയും കേവലം രോഗലക്ഷണങ്ങളല്ല, അവ ശരീരവും ചുറ്റുപാടും തമ്മിലുള്ള അതിരുകൾ തകരുന്നതിന്റെ തെളിവുകളാണ്.
പെങ്ങളുടെ വിളി വരുമ്പോൾ ഈ അവസ്ഥയിലുള്ള ശരീരം വീണ്ടും ചലിക്കാൻ തുടങ്ങുന്നു. കരിമേഘങ്ങളും കറുത്ത മഴത്തുള്ളികളും ശരീരത്തിൽ പതിക്കുമ്പോൾ പാഴ് ശരീരവും പാഴ് അന്തരീക്ഷവും ഒന്നായി തീരുകയാണ് ചെയ്യുന്നത്.
ഉറക്കത്തിന്റെ അവസാന സ്റ്റോപ്പിലേക്ക് നീങ്ങുമ്പോൾ ശരീരം പൂർണ്ണമായും പാഴ് ആയിത്തീരലിലേക്ക് കടക്കുന്നു. സ്വയം ഇല്ലാതായിക്കൊണ്ട് മറ്റൊന്നായി മാറാനുള്ള തയ്യാറെടുപ്പായ ഈ പോക്ക് പാഴ് ആയി മാറുന്നതിന്റെ പരകോടിയാണ്. ഇത് ഒരു ഒടുക്കമല്ല, പുതിയൊരു സ്ഥിരാന്തരാവസ്ഥയിലേക്ക് പ്രവേശിക്കാനുള്ള വഴിയാണ്.
അങ്ങനെ വരുമ്പോൾ കവിതയെ സ്ഥലപരമായ യാത്രയായി മാത്രം കാണാനാവില്ല. അത് മനുഷ്യശരീരവും ചുറ്റുപാടും തമ്മിൽ നിരന്തരം നടത്തുന്ന സങ്കീർണ്ണമായ ഇടപെടലുകളുടെ രേഖപ്പെടുത്തലായി മാറുന്നു. കവി വരച്ചിടുന്ന വഴിയിലൂടെയുള്ള ഈ പോക്ക് ഒരേ സമയം ഭൗതികവും സൂക്ഷ്മവുമായ പ്രവർത്തനമാണ്.
ഇവിടെ വ്യക്തിയും പ്രകൃതിയും തമ്മിൽ വേർതിരിവുകളില്ല; മനുഷ്യൻ താൻ ജീവിക്കുന്ന ചുറ്റുപാടിലേക്ക് പടർന്നു പന്തലിക്കുകയാണ് ചെയ്യുന്നത്. വീട് പൂട്ടി ഇറങ്ങുന്ന നിമിഷം മുതൽ അയാൾ സാമ്പ്രദായിക വ്യവസ്ഥകളിൽ നിന്ന് പൂർണ്ണമായി വിടുതി നേടുന്നു. പ്രകൃതിയിലെ ഓരോ ഘടകവും അയാളുടെ യാത്രാവഴികളുമായി പിരിയാനാവാത്ത വിധം ചേർക്കപ്പെടുന്നു.
ശരീരം നേരിടുന്ന രോഗവും വാർദ്ധക്യവും മാറ്റമില്ലാത്ത അവസ്ഥകളല്ല, അത് നിരന്തരമായ അപചയത്തിലൂടെയും അപരവൽക്കരണത്തിലൂടെയുമുള്ള കടന്നുപോക്കാണ്. സ്വന്തം ശരീരം തന്നെ അപരിചിതമായ വസ്തുവായി മാറുന്ന ഈ അനുഭവം ജീവന്റെ നിസ്സഹായാവസ്ഥയെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും, ഈ തകർച്ച നിർജ്ജീവമായ ഒരു അവസാനമല്ല.

ഉറക്കത്തിന്റെ അവസാന സ്റ്റോപ്പ് സർവ്വവും അവസാനിക്കുന്ന ഇടമല്ല എന്നതാണ് ഒരു പ്രത്യേകത. ഭൗതിക അതിരുകളെ ഭേദിച്ച് എത്തിച്ചേരുന്ന പുതിയൊരു ഇടമാണ് അത്. മരണവും ജീവിതവും പരസ്പരം വേർതിരിക്കാനാവാത്ത വിധം ഒന്നായി മാറുന്ന ഇടം. പെങ്ങളും കുഞ്ഞുങ്ങളും കാത്തുനിൽക്കുന്ന ആ ഇടം സ്നേഹത്തിന്റെ പുനർജനിയാണ്.
പുറപ്പാട് എന്നത് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കുള്ള കേവലമായ മാറ്റമല്ല; അത് ജീവന്റെയും ശരീരത്തിന്റെയും നിരന്തരമായ പടർച്ചയാണ്. ഭൗതികമായ ഭാരങ്ങളെയും വ്യാധികളെയും ഉപേക്ഷിച്ച്, പ്രകൃതിയും അപരനും തമ്മിൽ ചേരുന്നതിന്റെ അടയാളവും…







No Comments yet!