വി.എം. ഗിരിജയുടെ “അണലിപ്പാമ്പ് കണക്കെ” എന്ന കവിത മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം അടയാളപ്പെടുത്തുന്ന രചനയാണ്. ആധുനിക ജീവിതത്തിന്റെ യാന്ത്രികതയിൽ മനുഷ്യന് നഷ്ടമാകുന്ന ആർദ്രതകളെയും സ്നേഹനിമിഷങ്ങളെയും കവി ഇതിൽ ഓർമ്മിപ്പിക്കുന്നു. കാൽപ്പനിക ഭാവുകത്വം തുളുമ്പുന്ന വരികളിലൂടെ പ്രകൃതിയുടെ നിഗൂഢതകളെയും വന്യസൗന്ദര്യത്തെയും വായനക്കാരിലേക്ക് എത്തിക്കാനാണ് കവി ശ്രമിക്കുന്നത്. മാഞ്ഞുപോകുന്ന നന്മകളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ കവിതയുടെ കേന്ദ്ര൦.
കവിതയുടെ തുടക്കത്തിൽ വാക്കുകളുടെ തിരോധാനത്തെക്കുറിച്ചുള്ള ആകുലതകളാണ് കവി പങ്കുവെക്കുന്നത്. ഒരു മഴപോലെ പെയ്തു മണ്ണും മനസ്സും കുളിർപ്പിച്ച, വിരഹത്തിന്റെ നിമിഷങ്ങളിൽ കണ്ണുകളിൽ മധുരമുള്ള കണ്ണീരായി മാറിയ വാക്കുകൾ എങ്ങോട്ടാണ് മറഞ്ഞുപോകുന്നത് എന്ന് കവി ചോദിക്കുന്നു. മനുഷ്യർക്കിടയിലെ ആത്മാർത്ഥമായ ആശയവിനിമയം നഷ്ടമാകുന്നതിനെയാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്. ഒരു രാത്രിയിൽ ഒത്തുചേർന്ന് മഴത്തുള്ളികൾ മാലപോലെ കോർത്ത പഴയകാല ഓർമ്മകൾ വരികളിൽ തെളിയുന്നുണ്ട്.
പ്രകൃതിയിലെ ജീവന്റെ തുടർച്ചയെയും പ്രണയത്തെയും സ്ഥിര ബിംബങ്ങളിലൂടെയാണ് കവി അവതരിപ്പിക്കുന്നത്. ഇണക്കുരുവികളും ജലാശയങ്ങളും ഒന്നാകുന്ന വേളയിൽ പ്രാണനിൽ വന്നുനിറയുന്ന ആനന്ദം കവിതയിൽ ദർശിക്കാം. കാറ്റിലുലയുന്ന ഇലകളുടെ ശബ്ദം കാലിലെ ചിലമ്പൊലിപോലെയാണ് കവിക്ക് അനുഭവപ്പെടുന്നത്. കടൽത്തീരത്തെ വെൺമണൽത്തരികളും കാടുമുഴുവൻ പൂത്തുനിൽക്കുന്ന മയിൽപ്പീലി കാഴ്ചകളും പ്രകൃതിയുടെ ലോലഭാവങ്ങളെ തൊട്ടുണർത്തുന്നു. ഇളം വെയിലിൽ തിളങ്ങുന്ന പുൽക്കൊടികളും തളിരിടുന്ന ചെറുപൊന്തകളും മലരിന്റെ മൃദുവായ ചിപ്പിയിൽ ഒളിച്ചിരിക്കുന്ന സുഗന്ധം പോലെ പ്രകൃതിയുടെ അതിസൂക്ഷ്മമായ വിസ്മയങ്ങളാണ്. എന്നാൽ ഈ സുന്ദര നിമിഷങ്ങളെല്ലാം ഒരു അണലിപ്പാമ്പ് മിന്നിമറയുന്നതുപോലെ എത്ര വേഗത്തിലാണ് അപ്രത്യക്ഷമാകുന്നത് എന്ന് കവി അത്ഭുതപ്പെടുന്നു.
പണ്ട് ഒരേ പാത്രത്തിൽ സ്നേഹം പങ്കിട്ട മനുഷ്യരും ഒരേ വഴിയിലൂടെ മഴ നനഞ്ഞു നടന്നവരും ഇന്ന് പരസ്പരം അകന്നുപോയിരിക്കുന്നു. അവർ കൃത്യമായ സമദൂരം പാലിച്ച് സ്വാർത്ഥമായ വഴികളിലൂടെ മാത്രമാണ് ഇന്ന് സഞ്ചരിക്കുന്നത്. പ്രകൃതിയെ ഭയഭക്തിയോടെ ആരാധിച്ചിരുന്ന മനുഷ്യന്റെ പഴയ ആത്മീയബന്ധം നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള വ്യസനം കവിതയിൽ ഉടനീളമുണ്ട്. മനുഷ്യന്റെ ഭാവനകൾ കാത്തുവെച്ചിരുന്ന പാലപ്പൂക്കളുള്ള പൂങ്കുടിലുകളിൽ നിന്നും യക്ഷിമാരും ആകാശപ്പന്തലിൽ നിന്ന് കിളികളും ദൂരേക്ക് മറഞ്ഞുപോയതായി കവി വിലപിക്കുന്നു. മനുഷ്യനിലെ ഭാവനയും കാരുണ്യവും വറ്റിപ്പോകുന്നതിനെയാണ് കവി ഇതിലൂടെ ഓർമ്മിപ്പിക്കുന്നത്. പണ്ട് കോർത്തുപിടിച്ച കൈകളും പരസ്പരം ചേർത്തുവെച്ച ചുണ്ടുകളും നന്മ നിറഞ്ഞ നിലാവിന്റെ നേർമകളും എങ്ങോട്ടാണോ മറഞ്ഞുപോയത് അവിടെപ്പോയി ഇല്ലാതാകാൻ കവി ആഗ്രഹിക്കുന്നു. യാന്ത്രികമായ ഈ ലോകത്തേക്കാൾ സ്നേഹമുള്ള ആ പഴയ ലോകത്തേക്ക് പോകാനാണ് കവി കൊതിക്കുന്നത്.
ഈ കവിതയിൽ പ്രകൃതിയുടെ വന്യതയിലേക്കും പ്രാണന്റെ സ്പന്ദനങ്ങളിലേക്കും മനുഷ്യൻ സ്വയം അലിഞ്ഞുചേരുന്ന ഒരു നിരന്തരമായ ആയിത്തീരൽ ദർശിക്കാൻ സാധിക്കും. മനുഷ്യൻ തന്റെ നിശ്ചിതവും സ്ഥിരവുമായ അസ്തിത്വത്തിൽ നിന്നും മാറി പ്രകൃതിയുമായും മറ്റ് ജീവജാലങ്ങളുമായും ലയിച്ചുചേരുന്ന ഈ അവസ്ഥ കവിതയിൽ കാല്പനികതയുടെ ഊറ്റം വർദ്ധിപ്പിക്കുന്നു. കോർത്ത കൈകളും ചേർത്തുവെച്ച ചുണ്ടുകളും നിലാവിന്റെ നേർമകളും എവിടെയാണോ മറഞ്ഞുപോയത് അവിടേക്ക് പോകാൻ കവി കൊതിക്കുന്നത് തന്റെ വ്യക്തിപരമായ അസ്തിത്വം പൂർണ്ണമായി ഇല്ലാതാക്കി പ്രകൃതിയുടെ പ്രാണനിൽ ലയിച്ചുചേരാനാണ്. യാന്ത്രികമായ ചുറ്റുപാടുകളിൽ നിന്നും മോചനം നേടി പ്രകൃതിയെന്ന അനന്തമായ മാറ്റത്തിന്റെ ഒഴുക്കിലേക്ക് സ്വയം സമർപ്പിക്കുന്ന ഒരു മനുഷ്യ മനസ്സിന്റെ ആവിഷ്കാരമാണിത്.
മനുഷ്യൻ ഭയത്തോടും അറപ്പോടും കൂടി തള്ളിക്കളയാൻ ആഗ്രഹിക്കുന്ന അറപ്പി പൂർണ്ണമായി അവതരിപ്പിക്കാൻ ഈ കവിതയ്ക്ക് കഴിയുന്നില്ല എന്നത് ശ്രദ്ധേയമാണ്. കവിതയിൽ പാമ്പും വനവും ചതുപ്പുമെല്ലാം കടന്നുവരുന്നുണ്ടെങ്കിലും അവയൊന്നും മനുഷ്യനിൽ ഒരു അസ്വാസ്ഥ്യമോ ഭയമോ ഉണ്ടാക്കുന്നില്ല. കവി ഈ ഘടകങ്ങളെയെല്ലാം വളരെ “സുന്ദര”വും കാലപനികാകൃതിയിലുമാണ് വായനക്കാരിലേക്ക് എത്തിക്കുന്നത്. പ്രകൃതിയുടെ വന്യതയെപ്പോലും ഒരു സൗന്ദര്യാത്മക അനുഭവമാക്കി മാറ്റാനാണ് കവി ഇവിടെ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഉള്ളിലെ ജൈവികമായ ഭീതികളെയോ അസ്തിത്വപരമായ അറപ്പിനെയോ ഈ വരികൾ തൊടുന്നില്ല.
ഇവിടെ കാൽപ്പനികതയുടെ വെളിച്ചമാണ് മനുഷ്യനെ അസ്തിത്വ പരമായ അറപ്പിൽ നിന്ന് രക്ഷിക്കുന്നത് എന്ന് പറയാം. കാല്പനികത എപ്പോഴും പ്രകൃതിയെയും മനുഷ്യന്റെ വികാരങ്ങളെയും ആർദ്രതയോടെയും വശ്യതയോടെയുമാണ് ദർശിക്കുന്നത്. ഭയപ്പെടുത്തുന്നതോ വെറുപ്പുണ്ടാക്കുന്നതോ ആയ യാഥാർത്ഥ്യങ്ങളെപ്പോലും കാല്പനികമായ ഭാവനകൾ കൊണ്ട് മനോഹരമാക്കാൻ കവിക്ക് സാധിക്കുന്നു. അണലിപ്പാമ്പിന്റെ വിഷത്തെക്കുറിച്ചോ അതിന്റെ അപകടത്തെക്കുറിച്ചോ ചിന്തിക്കാതെ അതിന്റെ മിന്നിമറയുന്ന വേഗതയെയും വശ്യതയെയും മാത്രമാണ് കവിത സ്വീകരിക്കുന്നത്. ഈ കാൽപ്പനിക വീക്ഷണം മനുഷ്യന്റെ ഉള്ളിലെ ഭയങ്ങളെയും അസ്വാസ്ഥ്യങ്ങളെയും ഇല്ലാതാക്കുകയും അവയെ ആനന്ദകരമായ അടച്ചുറപ്പിലേക്ക് മാറ്റുകയും ചെയ്യുന്നു.
ഇത് വൈകാരികതയിൽ സ്വയം സ്ഥാ പിക്കുന്ന അവസ്ഥ യാണ്. ഇതിൽ മനുഷ്യർ മുൻവിധികളിൽ നിന്നും ഭയങ്ങളിൽ നിന്നും പൂർണ്ണമായി വിമുക്തമാകുകയാണ് ചെയ്യുന്നത്. പ്രകൃതിയിലെ ഒരു ജീവിയെയും മനുഷ്യൻ അറപ്പോടെയോ ഭയത്തോടെയോ നോക്കിക്കാണുന്നില്ല. പാമ്പോ പുഴുവോ ചെളിയോ ഒക്കെയായി സ്വയം ലയിച്ചുചേരുമ്പോൾ അവിടെ മനുഷ്യർ അസ്തിത്വപരമായ അതിരുകൾ ഭേദിക്കുന്നു. ഭയപ്പെടുത്തുന്ന ഒന്നിനെപ്പോലും തന്റെ പ്രാണന്റെ ഭാഗമായി സ്വീകരിക്കാൻ മനുഷ്യർ കഴിയുന്നത് ഈ വൈകാരികതയുടെ നിമിഷങ്ങളിലാണ്.
എങ്കിലും ഒരു വലിയ ചോദ്യം ഈ കവിത ബാക്കിവെക്കുന്നുണ്ട്. ഈ കാൽപ്പനികത മനുഷ്യനെ വർത്തമാനകാല യാഥാർത്ഥ്യങ്ങളെ ചോദ്യംചെയ്യാൻ പര്യാപ്തമാക്കുന്നുണ്ടോ? ആധുനിക ലോകത്തിലെ ക്രൂരതകളെയും മൂല്യച്യുതികളെയും നേരിടാൻ വെറുമൊരു പലായനം കൊണ്ട് സാധിക്കുമോ? പ്രകൃതിയുടെ വന്യതയെ കേവലം ഭാവനാത്മകമായി സുന്ദരമാക്കുന്നത് വർത്തമാനകാലത്തിന്റെ അസ്വാസ്ഥ്യങ്ങളെ മറച്ചുപിടിക്കലാവില്ലേ? യാഥാർത്ഥ്യത്തിൽ നിന്നും കണ്ണടച്ച് പഴയകാല സൗന്ദര്യത്തിലേക്ക് മടങ്ങാൻ കൊതിക്കുന്നത് ഒരു പ്രതിരോധമാണോ അതോ തോറ്റോടലാണോ എന്ന ചോദ്യം പ്രസക്തമാണ്.
ഒരു അണലിപ്പാമ്പ് ഒട്ടും പ്രതീക്ഷിക്കാത്ത വേഗതയിൽ പെട്ടെന്ന് വന്ന് മിന്നിമറയുന്നത് പോലെയാണ് ഈ കവിതയിലെ നിമിഷങ്ങളും. ആ ഓർമ്മകൾ മനസ്സിൽ മധുരം നിറയ്ക്കുമ്പോഴും അവ ഇന്ന് നഷ്ടപ്പെട്ടുപോയി എന്ന യാത്ഥാർത്ഥ്യം ഒരു പാമ്പുകടിയേറ്റതുപോലെ നോവിക്കുന്നുണ്ട്. സുഖമുള്ള ഓർമ്മകൾ നൽകുന്ന വശ്യതയും അത് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന മാരകമായ വിഷാദവും ശീർഷകത്തെ അന്വർത്ഥമാക്കുന്നു.
ഈ കവിത മനുഷ്യന്റെ ഭീതിദമായ അവസ്ഥകളെ മാറ്റിനിർത്തുന്നത് അതിലെ ‘കാൽപ്പനി’കമായ ശുഭാപ്തിവിശ്വാസം കൊണ്ടാണ്. പ്രകൃതിയുമായി ഒന്നാകാൻ കൊതിക്കുന്ന കവിയുടെ മനസ്സ് എല്ലാ വന്യതകളെയും സ്നേഹത്തോടെയാണ് ചേർത്തുപിടിക്കുന്നത്. അവിടെ ഭയത്തിന് പകരം പ്രകൃതിയോടുള്ള ആത്മബന്ധം മാത്രമാണ് അവശേഷിക്കുന്നത്. അങ്ങനെ പ്രകൃതിയെ പ്രണയിക്കുന്ന ഒപ്പം നഷ്ടപ്പെട്ടുപോയ സ്നേഹത്തെ ഓർത്ത് വിതുമ്പുന്ന ഒരു കാൽപ്പനിക ‘ചിത്ര’മായി ഈ കവിത നിലകൊള്ളുന്നു.







No Comments yet!