രാധിക പടിപ്പുരയുടെ കവിത സമാഹാരത്തിന്റെ പേരാണ് “ജനിക്കാതെ മരിച്ചവൾ”.
പ്രഥമദൃഷ്ട്യാ തന്നെ വൈരുധ്യം നിറഞ്ഞ തികച്ചും വ്യത്യസ്തമായൊരു ശീർഷകം തിരഞ്ഞെടുക്കാൻ രാധികയെ പ്രേരിപ്പിച്ചത് എന്തായിരിയ്ക്കാം. വായനയുടെ വാതായനങ്ങൾ തുറക്കാൻ പര്യാപ്തമായ ശീർഷകം തെരഞ്ഞടുത്ത കവി ആസ്വാദകനെ അക്ഷരങ്ങളുടെ ഹരിത ഭൂമിയിൽ അലയാൻ പ്രേരിപ്പിയ്ക്കുന്നു. 36 കവിതകളാണ് 56 പേജുകളിലായി ആസ്വാദക സമക്ഷം ഹാജരാവുന്നത്. കവിതകളുടെ എണ്ണമോ പേജുകളുടെ വലിപ്പമോ അല്ല , ജീവനുള്ള കവിതകളുടെ അനസ്യൂത നടനമാണ് നമുക്ക് മുന്നിൽ ദൃശ്യമാകുന്നത്.
പരാജയപ്പെടാൻ മനസ്സില്ലാതെ ജീവിതത്തോട് മല്ലടിച്ച് നേടിയ കണിക്കൊന്ന പൂക്കളുടെ വസന്തോത്സവ നിറകതിരുകളാണ് ഈ പുസ്തകത്തിലെ കവിതകളെന്ന് രാധിക സ്വയം സാക്ഷ്യപ്പെടുത്തുന്നു.
അനുഭവത്തിന്റെ തീഷ്ണതയാണ് ഏതൊരു എഴുത്തിന്റേയും ചാലകശക്തിയായി നിലകൊള്ളുന്നത്.
ചുറ്റുപാടുകളിൽ നിന്ന് കരഗതമാക്കിയ അതിജീവനത്തിൻ്റെ വിജയഗാഥകൾ നാളത്തെ അരുണോദയത്തെക്കുറിച്ചുള്ള പ്രതീക്ഷകളുടെ പൊൻകതിരുകളെ സ്വപ്നം കാണുന്നുണ്ട്.
വലിയൊരു വൃത്തം വരച്ച് അതിനകത്തിരുന്ന് കവി കവിതയുമായി ഏറ്റുമുട്ടുന്നു. പ്രതീക്ഷയുടെ പൂവിളിക്കായി കാതോർക്കുന്നുണ്ടെങ്കിലും തോൽവിയുടെ ഊഷരഭൂമികയിലൂടെ സ്വയം അലയാൻ കവി വിധി കല്പിയ്ക്കുന്നുണ്ട്.
കാലത്തിനൊപ്പമാണ് കവിത എന്ന് പറയുമ്പോൾ കാലത്തിന്റെ സന്തതിയായി കവി മാറുന്നു. വല്ലാത്തൊരു വീർപ്പ്മുട്ടൽ ഒരോ കവിതകളിലും കാണാം . ഒറ്റപ്പെടൽ സ്നേഹം, പ്രണയം, മരണം എന്നിങ്ങനെ പോകുന്ന ജീവിതയാത്രയിൽ കവി തന്നിലേക്ക് തന്നെ ഒതുങ്ങി കൂടുന്നു.

തന്റെ പ്രതിഷേധത്തിനും, പ്രതിരോധത്തിനും കവി തേടുന്ന ഉപാധിയാണ് കവിത. കവിതയിലൂടെ ജീവിച്ച് മരണത്തെ തൃണവല്കരിക്കുന്നു. അവിടെ വാക്കൊരു ശരമാകുന്നു. കീഴടങ്ങും മുമ്പേ അവസാനത്തെ ശരം തൊടുത്ത് വിട്ട് തന്റെ വെളിപാടുകൾ ഇതാക്കെയാണെന്ന് പറഞ്ഞ് പോവുന്നുണ്ട്. മറ്റെല്ലാം മറികടക്കുമ്പോൾ ജീവിതത്തിൽ ഇരയാക്കപ്പെടുന്ന അവസ്ഥ ഭീകരമാണെന്നുള്ള തിരിച്ചറിവാണ് കവിയുടെ വിജയത്തിന്നടിസ്ഥാനം.
ഉപ്പ്, ഇര, വിധി, വെളിപ്പെടുത്തൽ, ഒളിച്ചോട്ടം, ജീവിതം, ദക്ഷിണ, മരണാനന്തരം, കറുത്തപൂക്കൾ, നിഴൽ.. ഇങ്ങനെ പോകുന്നു കവിതകളുടെ ജീവൻ. എഴുത്തിൻ്റെ ഗിരിശൃംഖങ്ങൾ കീഴടക്കാനുള്ള യാത്രയ്ക്ക് പാഥേയമായി ജീവിതത്തിലെ പരുക്കൻ യാഥാർഥ്യങ്ങൾ കൂട്ടായുണ്ട്. കവിതയുടെ മഴക്കാടുകളിൽ തീവ്രമായി അലയാൻ എല്ലാവിധ ആശംസകളും.
ജനിക്കാതെ മരിച്ചവര്‍
രചന : രാധിക പടിപ്പുര
പ്രസാധനം : ചിത്രരശ്മി ബുക്‌സ്
വില : 120 രൂപ







No Comments yet!