Skip to main content

ആകാശം തൊടുമ്പോൾ അറിയുന്ന ഭൂമി

​സച്ചിദാനന്ദന്റെ കാവ്യപ്രപഞ്ചം എപ്പോഴും മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള ദാർശനികമായ ചോദ്യങ്ങളാൽ സമ്പന്നമാണ്. കാലം, പ്രകൃതി, മരണം, അതിജീവനം എന്നിവ അദ്ദേഹത്തിന്റെ കവിതകളിൽ നിരന്തരം കടന്നുവരുന്ന പ്രമേയങ്ങളാണ്. വ്യക്തിപരമായ അനുഭവങ്ങളെ സാർവലൗകികവും സാമൂഹികവുമായ തലങ്ങളിലേക്ക് ഉയർത്തുന്നതാണ് അദ്ദേഹത്തിന്റെ രചനാശൈലി. “ഭൂമിയും ആകാശവും” എന്ന കവിതയും ഈ കാവ്യജീവിതത്തിന്റെ തുടർച്ചയായി വായിക്കാവുന്ന ഒന്നാണ്. പ്രകൃതിയുടെ ജൈവികമായ താളത്തെയും അതിൽ മനുഷ്യൻ വഹിക്കുന്ന പങ്കിനെയും ഈ കവിത അടയാളപ്പെടുത്തുന്നു.

​മനുഷ്യ ജീവിതത്തിലെ ഏറ്റവും നിഗൂഢവും ഒഴിവാക്കാനാവാത്തതുമായ യാഥാർത്ഥ്യമാണ് മരണം. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും മരണം സുനിശ്ചിതമാണ്. എന്നാൽ മരണത്തെക്കുറിച്ച് നിരന്തരം വ്യസനിക്കുന്നത് മനുഷ്യർ മാത്രമാണ്. ഈ ഭയം ഒരു വ്യക്തിയുടെ അന്ത്യത്തെക്കുറിച്ചുള്ള ചിന്തയിൽ മാത്രംഒതുങ്ങുന്നതല്ല. അത് താൻ ജീവിച്ചിരുന്ന ലോകത്തിന്റെ ഇല്ലാതാകലിനെക്കുറിച്ചുള്ള ആകുലത കൂടിയാണ്. ഭൂമിയും ആകാശവും എന്ന കവിതയിൽ ഈ മരണഭയവും അതിനോടൊപ്പമുള്ള പ്രത്യാശയും വളരെ ആഴത്തിൽ അവതരിപ്പിക്കപ്പെടുന്നു.

​കവിതയുടെ അവസാന വരികളിൽ ഈ ആകുലത കൃത്യമായി അനുഭവപ്പെടുന്നുണ്ട്. “എങ്കിലും കഴിച്ചിടാം മധുരമൽപ്പം, നാളെപ്പിന്നെയുമുദിച്ചാലോ പ്രബുദ്ധം നരവംശം” എന്ന വരികൾ മനുഷ്യന്റെ നിസ്സഹായതയെയും പ്രതീക്ഷയെയും ഒരുപോലെ കാണിക്കുന്നു. വരാനിരിക്കുന്ന വലിയ വിപത്തിനെക്കുറിച്ചുള്ള ഭയം ഇവിടെയുണ്ട്. അതേസമയം തന്നെ മനുഷ്യവംശം തിരിച്ചറിവു നേടി അതിജീവിക്കും എന്ന പ്രത്യാശയും ഈ വരികൾ പങ്കുവെക്കുന്നു. ദുരന്തമുഖത്തു നിൽക്കുമ്പോഴും ജീവിതത്തിന്റെ ചെറിയ മധുരങ്ങളെ ആസ്വദിക്കാൻ മനുഷ്യൻ ശ്രമിക്കുന്നത് ഈ പ്രത്യാശ കൊണ്ടാണ്.

കെ സച്ചിദാനന്ദൻ | ഡിസി ബുക്സ്
കെ. സച്ചിദാനന്ദന്‍

​ഈ കവിതയിലെ ജീവിതാനുഭവങ്ങളെ മനസ്സിലാക്കാൻ ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞനായ ടിം ഇൻഗോൾഡിന്റെ സിദ്ധാന്തങ്ങൾ സഹായിക്കും. ജീവിതം എന്നത് ഉറച്ച ഒരു ബിന്ദുവല്ല എന്ന് ഇൻഗോൾഡ് പറയുന്നു. അത് തുടർച്ചയായി നീങ്ങുന്ന രേഖകളുടെ ഒരു സമഗ്ര രൂപമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഇത്തരം രേഖകളിലൂടെയാണ് രൂപപ്പെടുന്നത്. കവിതയിലെ കുട്ടിക്കാലത്തെ ഓർമ്മകളും മഴയും കാറ്റും വർത്തമാനകാലത്തിലേക്ക് നീളുന്ന രേഖകളാണ്. ഈ രേഖകൾ മനുഷ്യന്റെ ജീവിതാവസ്ഥകളെയും പരിസ്ഥിതിയുമായുള്ള അവന്റെ ആത്മബന്ധത്തെയും പ്രതിഫലിപ്പിക്കുന്നു.

​ഷീൽ ദുല്യൂസിന്റെ സ്ഥിരാന്തരപരിണാമം എന്ന ആശയം ഈ പഠനത്തിൽ പ്രധാനമാണ്. മനുഷ്യൻ എന്നത് പൂർണ്ണമായി നിശ്ചയിക്കപ്പെട്ട ഒരു അവസ്ഥയല്ല. അത് എപ്പോഴും മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പ്രക്രിയയാണ്. ഇതിനെയാണ് ദുല്യൂസ് ബികമിങ്-സ്ഥിരാന്തര പരിണാമം- എന്ന് വിളിക്കുന്നത്. കവിതയിൽ പ്രകൃതിയും മനുഷ്യനും തമ്മിൽ നടക്കുന്ന പരസ്പര മാറ്റങ്ങൾ ഈ ആശയത്തോട് ചേർന്നുനിൽക്കുന്നു. അതിർത്തിലംഘനം എന്ന ദുല്യൂസിയൻ സങ്കൽപ്പം വ്യക്തിഗതമായ അഹന്തകളെ മറികടന്ന് പ്രകൃതിയുടെ വലിയ താളത്തിലേക്ക് ലയിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

​ആ അർത്ഥത്തിൽ ആത്മകഥാപരമായ വരികൾ കവിതയ്ക്ക് പുതിയൊരു ആഴവും നൽകുന്നുണ്ട്. കവിയുടെ വ്യക്തിപരമായ ഓർമ്മകളും ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളും കവിതയിൽ കടന്നുവരുന്നു. നരയ്ക്കുന്ന വാക്കും മുടിയും പ്രായമാകുന്നതിന്റെ സൂചനകളാണ്. എന്നാൽ ഇത് കവിയുടെ മാത്രം അനുഭവമല്ല. എല്ലാ മനുഷ്യരുടെയും ജീവിത യാത്രയുടെ ഭാഗമാണ്. വ്യക്തിപരമായ അനുഭവം പ്രപഞ്ചത്തിന്റെ പൊതുവായ നിയമമായി ഇവിടെ മാറുന്നു. അസ്തിത്വവാദപരമായ തത്ത്വചിന്തകൾ കവിതയിലെ ഓരോ വരിയിലും അന്തർലീനമായി കിടക്കുന്നു.

​ഈ ലേഖനം കവിതയെ വിശകലനം ചെയ്യുന്നത് പ്രകൃതിയുടെയും മനുഷ്യന്റെയും പരസ്പരബന്ധത്തെ മുൻനിർത്തിയാണ്. ഭാവിയെക്കുറിച്ചുള്ള ഭയവും പ്രതീക്ഷയും തമ്മിലുള്ള സംഘർഷമാണ് കവിതയുടെ കാതൽ. പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവും സമകാലിക ലോകം നേരിടുന്ന വലിയ ഭീഷണികളാണ്. പഴയ കാലത്തെ യമന്റെ സങ്കൽപ്പത്തിൽ നിന്ന് മാറി മനുഷ്യൻ തന്നെ ഉണ്ടാക്കിയ വിപത്തുകളാണ് ഇന്ന് മരണമായി അവതരിക്കുന്നത്. ഈ യാഥാർത്ഥ്യത്തെ കവിത വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.

​ഗവേഷണ പാതയിൽ ഈ പഠനം മുന്നോട്ടുവെക്കുന്നത് ചില പ്രധാന ചോദ്യങ്ങളാണ്. മരണഭയം മനുഷ്യനിൽ ഉണ്ടാക്കുന്ന ഭാവമാറ്റങ്ങൾ എന്തൊക്കെയാണ്? പ്രകൃതിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുമ്പോൾ മനുഷ്യൻ നേരിടുന്ന അസ്തിത്വ പ്രതിസന്ധി എത്രത്തോളമുണ്ട്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് തുടർന്നുള്ള ഭാഗങ്ങളിൽ ശ്രമിക്കുന്നത്. സാഹിത്യവും തത്ത്വചിന്തയും പരിസ്ഥിതി പഠനവും ഒന്നിക്കുന്ന ഒരു തലത്തിലാണ് ഈ വിശകലനം നടക്കുന്നത്.

​കവിത ആരംഭിക്കുന്നത് ആകാശവും ഭൂമിയും തമ്മിലുള്ള നിഗൂഢമായ ആത്മബന്ധത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ്. ആകാശം എന്നത് കേവലം ശൂന്യതയല്ല. അത് വിതച്ച വിത്തുകൾക്ക് ജീവൻ നൽകുന്ന മേഘങ്ങളുടെ ഉറവിടമാണ്. മഴയായി പെയ്യുന്ന ആകാശം വരണ്ട ഭൂമിയെ പച്ചപ്പിലേക്ക് നയിക്കുന്നു. ഈ ജൈവികമായ മാറ്റം കവിയുടെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് വഴിതുറക്കുന്നു. സ്കൂൾ മുറ്റത്തെ മാവിൻചോട്ടിൽ മഴ നനഞ്ഞു നിന്ന ബാല്യം വർത്തമാനകാലത്തിലേക്ക് നീളുന്ന പ്രധാനപ്പെട്ട ഒരു കണ്ണിയാണ്. കുടയില്ലാതെ വാനിൻ കീഴിൽ നിന്ന ആ നിമിഷം പ്രകൃതിയും മനുഷ്യനും തമ്മിൽ നടക്കുന്ന നേരിട്ടുള്ള വിനിമയത്തെ കാണിക്കുന്നു.

​കാലത്തിന്റെ പ്രവാഹത്തിൽ പലതും മാറിമറയുന്നുണ്ട്. നക്ഷത്രങ്ങൾ ഉദിച്ചുയരുന്നതും പൂക്കൾ വിരിയുന്നതും പ്രകൃതിയുടെ മാന്ത്രികതയാണ്. ഈ മാറ്റങ്ങൾക്കിടയിലും മനുഷ്യൻ തന്റെ അഹന്തകളുമായി ജീവിക്കുന്നു. വേനലിലും വസന്തത്തിലും പ്രകൃതി അതിന്റെ രീതികൾ തുടരുക തന്നെ ചെയ്യുന്നു. പട്ടുടുത്ത് പിറന്നാൾ ആഘോഷിക്കുമ്പോഴും നാം പ്രകൃതിയുടെ മുന്നിൽ നിസ്സാരരാണ്. ഈ തിരിച്ചറിവ് മനുഷ്യന്റെ ഉള്ളിൽ ഒരു വിനയം സൃഷ്ടിക്കേണ്ടതാണ്. എന്നാൽ മനുഷ്യൻ ആ തിരിച്ചറിവിൽ നിന്ന് പലപ്പോഴും അകന്നുപോകുന്നു. കവിതയിലെ വരികൾ ഈ അകൽച്ചയെയും അടുപ്പത്തെയും ഒരുപോലെ അടയാളപ്പെടുത്തുന്നു.

​വഴിപോക്കന്റെ ചൂടിന് തണൽ മരം പോലെയാണ് പ്രകൃതിയുടെ സാന്നിദ്ധ്യം. അത് മനുഷ്യനെ എപ്പോഴും കൂടെച്ചേർത്തു പിടിക്കുന്നു. കടലുകൾ താണ്ടി അനേകം രാത്രികളും പകലുകളും പിന്നിട്ട് മനുഷ്യവംശം മുന്നോട്ടു സഞ്ചരിച്ചു. ഈ നീണ്ട യാത്രയിൽ സുഹൃത്തുക്കൾ ശത്രുക്കളായും ശത്രുക്കൾ സുഹൃത്തുക്കളായും മാറി. ബന്ധങ്ങളുടെ ഈ അസ്ഥിരത മനുഷ്യന്റെ നിസ്സഹായതയെ വർദ്ധിപ്പിക്കുന്നു. അർത്ഥങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ഭാഷയായി ജീവിതം മാറുന്നു. പ്രകൃതിയുടെയും ജീവിതത്തിന്റെയും അർത്ഥങ്ങൾ കണ്ടെത്താനുള്ള ശ്രമം മനുഷ്യൻ തുടർന്നുകൊണ്ടേയിരിക്കുന്നു.

​പ്രായമാകുന്നതിന്റെ സൂചനകൾ ശരീരത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോൾ മരണത്തെക്കുറിച്ചുള്ള ചിന്തകൾ കൂടുതൽ ശക്തമാകുന്നു. മുടിയും വാക്കും നരയ്ക്കുന്നത് കാലത്തിന്റെ മാറ്റത്തെയാണ് കാണിക്കുന്നത്. ആകാശവും സൂര്യനും മഞ്ഞും മഴക്കാറും മാറിമറിയുന്നതുപോലെ മനുഷ്യശരീരവും നശീകരണത്തിലേക്ക് നീങ്ങുന്നു. നാം കെട്ടിപ്പടുത്ത പലതും ഉപേക്ഷിച്ച് പോകേണ്ടിവരും എന്ന ഭീതി ഇവിടെ നിഴലിക്കുന്നു. ഇന്നലെകളിൽ കൂടെയുണ്ടായിരുന്നവർ പലരും പോയ്ക്കഴിഞ്ഞു. നാളെ നമ്മളും ഈ ലോകത്തുനിന്ന് മാഞ്ഞുപോകും എന്ന യാഥാർത്ഥ്യം കവിതയിൽ തെളിഞ്ഞുനിൽക്കുന്നു.

​പരമ്പരാഗതമായി മനുഷ്യൻ വിശ്വസിച്ചിരുന്ന മരണസങ്കൽപ്പങ്ങൾക്ക് കവിത മാറ്റം വരുത്തുന്നുണ്ട്. പഴയകാലത്ത് യമൻ പോത്തിന്റെ പുറത്താണ് വന്നിരുന്നത്. എന്നാൽ ഇന്ന് ആ സങ്കൽപ്പം മാറിമറിഞ്ഞു. ചൂടുപിടിച്ചു തിളയ്ക്കുന്ന സമുദ്രങ്ങളും ഉരുകുന്ന ധ്രുവമഞ്ഞുകളും കാട്ടുതീകളുമാണ് ഇന്നത്തെ യമന്മാർ. മനുഷ്യൻ സ്വന്തം സ്വാർത്ഥത കൊണ്ട് ഉണ്ടാക്കിവെച്ച പരിസ്ഥിതി നാശമാണ് ഇന്ന് മരണമായി അവതരിക്കുന്നത്. സാങ്കേതികവിദ്യയുടെയും വികസനത്തിന്റെയും പേരിൽ വനങ്ങളും പുഴകളും നശിപ്പിക്കപ്പെടുമ്പോൾ മനുഷ്യൻ തന്റെ സ്വന്തം നാശത്തെത്തന്നെയാണ് വിളിച്ചുവരുത്തുന്നത്.

​ഈ വലിയ വിപത്തിന്റെ മുന്നിലും മനുഷ്യർ പ്രത്യാശ കൈവിടുന്നില്ല. ലോകം അവസാനിക്കാൻ പോവുകയാണെങ്കിൽ പോലും ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളെ ചേർത്തുപിടിക്കാൻ അവർ ആഗ്രഹിക്കുന്നു. ഭാവി അനിശ്ചിതത്വത്തിലാണെങ്കിലും വരാനിരിക്കുന്ന തലമുറ പ്രബുദ്ധരാകും എന്ന ചിന്ത അവ൪ക്ക് ആശ്വാസം നൽകുന്നു. പ്രകൃതിയോടും സഹജീവികളോടും കാരുണ്യമുള്ള ഒരു പുതിയ മനുഷ്യവംശം നാളെ പുലരും എന്ന പ്രതീക്ഷ കവിത നൽകുന്നു. മരണത്തിന്റെ നിഴൽ വീണ അന്തരീക്ഷത്തിലും മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഈ ഒരേയൊരു പ്രത്യാശ മാത്രമാണ്.

​കവിതയുടെ അവസാന ഭാഗത്തേക്കടുമ്പോൾ പ്രമേയം കൂടുതൽ ദാർശനികവും അസ്തിത്വപരവുമായ തലത്തിലേക്ക് വികസിക്കുന്നു. അവസാനത്തെ രണ്ടു വരികൾ കവിതയുടെ ആകെത്തുകയായി നിലകൊള്ളുന്നു. “എങ്കിലും കഴിച്ചിടാം മധുരമൽപ്പം, നാളെപ്പിന്നെയുമുദിച്ചാലോ പ്രബുദ്ധം നരവംശം “എന്ന പ്രഖ്യാപനം വലിയൊരു അനിശ്ചിതത്വമാണ് വായനക്കാരിൽ പ്രസരിപ്പിക്കുന്നത്. ഈ വരികൾ കേവലം ഒരു ശുഭപ്രതീക്ഷ മാത്രമല്ല നൽകുന്നത്,വരാനിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ചുള്ള ഭയവും അതിൽ നിന്ന് ഉത്ഭവിക്കുന്ന നിസ്സഹായതയുമാണ്.

​അവസാനിക്കാനിരിക്കുന്ന ലോകത്തിന്റെ അതിരിൽ നിന്നുകൊണ്ട് മനുഷ്യർ അനുഭവിക്കുന്ന മാനസികാവസ്ഥയാണ് ഇവിടെ കാണാൻ കഴിയുന്നത്. മധുരം കഴിക്കുക എന്നത് ജീവിതത്തിലെ ആനന്ദങ്ങളുടെയും ശാന്തതയുടെയും പ്രതീകമാണ്. നാളെ എന്ത് സംഭവിക്കും എന്ന് വ്യക്തതയില്ലെങ്കിലും ഈ നിമിഷത്തിലെ സന്തോഷത്തെ അനുഭവിക്കാൻ മനുഷ്യൻ ശ്രമിക്കുന്നു. അപായം തൊട്ടുമുന്നിൽ നിൽക്കുമ്പോഴും മനുഷ്യൻ ജീവിതത്തെ തള്ളിപ്പറയുന്നില്ല. അത് മനുഷ്യന്റെ ജീവിതാഭിലാഷത്തിന്റെ ആഴത്തെ കാണിക്കുന്നു. മരണത്തിന്റെ തണലിൽ നിൽക്കുമ്പോഴും മധുരം നുണയാനുള്ള ഈ വെമ്പൽ മനുഷ്യസഹജമായ അതിജീവനതൃഷ്ണയാണ്.

​നാളെ ഉദിച്ചേക്കാവുന്ന പ്രബുദ്ധമായ നരവംശത്തെക്കുറിച്ചുള്ള ചിന്തയിൽ വലിയൊരു ചോദ്യചിഹ്നം ഒളിഞ്ഞിരിപ്പുണ്ട്. ഈ പ്രബുദ്ധത എപ്പോൾ ഉണ്ടാകും എന്നതിന് കൃത്യമായ ഉത്തരമില്ല. അറിവും സാങ്കേതികവിദ്യയും വളർന്നിട്ടും മനുഷ്യർ വിവേകമുള്ളവരായി മാറിയിട്ടില്ല എന്ന വിമർശനം ഇതിലുണ്ട്. ലോകം മുഴുവൻ നശിച്ചു കഴിയുമ്പോഴാണോ മനുഷ്യർ പ്രബുദ്ധനാകുന്നത് എന്ന ആകുലത കവി പങ്കുവെക്കുന്നു. പ്രകൃതിയെയും സഹജീവികളെയും നശിപ്പിച്ചു മുന്നേറുന്ന ഇന്നത്തെ മനുഷ്യവംശത്തിന് ഇതൊരു മുന്നറിയിപ്പാണ്.

​ഈ ആകുലത വ്യക്തിഗതമായ ഭയമല്ല. വരാനിരിക്കുന്ന തലമുറയുടെ ഭാവിയെക്കുറിച്ചുള്ള സാമൂഹികമായ ആകുലതയാണ്. നമ്മൾ ജീവിക്കുന്ന ഭൂമി ഇല്ലാതായാൽ പിന്നെ വംശത്തിന്റെ നിലനിൽപ്പിന് സാധ്യതയില്ല. ഈ തിരിച്ചറിവാണ് കവിതയെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്. ഇവിടെ മരണം എന്നത് ഒരു വ്യക്തിയുടെ അന്ത്യമാകാതെ നാഗരികതയുടെ അന്ത്യമായി മാറുന്നു. ആ ഭയങ്കരമായ യാഥാർത്ഥ്യത്തിന് മുന്നിലാണ് പ്രബുദ്ധത എന്ന പ്രതീക്ഷയെ കവി പ്രതിഷ്ഠിക്കുന്നത്.

​പ്രതീക്ഷയും ഭയവും തമ്മിലുള്ള ഈ സംഘർഷമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. നാളെ ഒരു പുതിയ പുലരി ഉണ്ടാകുമെന്നും മനുഷ്യർ തിന്മകളിൽ നിന്ന് പിന്മാറുമെന്നും കരുതാനാണ് നമുക്കിഷ്ടം. ആ പ്രതീക്ഷ നിലനിൽക്കുന്നതുകൊണ്ടാണ് മനുഷ്യർ തുടർന്നും ജീവിക്കുന്നത്. കവിതയിലെ ഈ അവസാന വരികൾ വായനക്കാരിൽ അസ്വസ്ഥതയും ചിന്തയും ഒരുപോലെ ഉണർത്തുന്നു. ദുരന്തത്തിന്റെ അരികിൽ നിൽക്കുമ്പോഴും പ്രത്യാശ കൈവിടാതിരിക്കുക എന്ന ദാർശനിക സന്ദേശത്തോടെയാണ് ഈ ഭാഗം അവസാനിക്കുന്നത്.

​ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ ടിം ഇൻഗോൾഡിന്റെ നിരീക്ഷണങ്ങൾ മനുഷ്യ ജീവിതത്തെയും പ്രകൃതിയെയും പുനർവ്യാഖ്യാനിക്കാൻ പുതിയൊരു വഴി തുറക്കുന്നു. ജീവിതം എന്നത് മുൻകൂട്ടി നിശ്ചയിച്ച ചില നിശ്ചല ബിന്ദുക്കളുടെ കൂട്ടമല്ല എന്ന് ഇൻഗോൾഡ് വാദിക്കുന്നു. അതിനുപകരം, ജീവിതം എന്നത് നിരന്തരം മുന്നോട്ട് സഞ്ചരിക്കുന്ന രേഖകളുടെ ഒരു സമഗ്ര സമുച്ചയമാണ്. ജീവജാലങ്ങൾ ഭൂമിയിൽ ജീവിക്കുന്നത് അടഞ്ഞ ഇടങ്ങളിലല്ല, സഞ്ചാര പാതകളിലൂടെ രൂപപ്പെടുന്ന തുറന്ന അനുഭവങ്ങളിലൂടെയാണ്. ഈ ആശയത്തെ സച്ചിദാനന്ദന്റെ ഭൂമിയും ആകാശവും എന്ന കവിതയോട് ചേർത്തു വായിക്കുമ്പോൾ കവിതയുടെ കാവ്യാത്മകതയ്ക്ക് പുതിയൊരു തത്ത്വചിന്താപരമായ ആഴവും ലഭിക്കുന്നു.

​കവിതയിലെ ഓർമ്മകൾ കേവലം കഴിഞ്ഞുപോയ സംഭവങ്ങളുടെ ശേഖരമല്ല. അവ വർത്തമാനകാലത്തിലേക്ക് നീളുന്ന ജീവസ്സുറ്റ രേഖകളാണ്. കവിയുടെ ബാല്യകാല ഓർമ്മകളിൽ തെളിയുന്ന സ്കൂൾ മുറ്റവും മാവിൻചോടും ഈ രേഖീയ സഞ്ചാരത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. മഴത്തുള്ളികൾ മേഘത്തിൽ നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന വരികളായി അനുഭവപ്പെടുന്നു. കുടയില്ലാതെ വാനത്തിന് കീഴിൽ നിൽക്കുന്ന കുട്ടി പ്രകൃതിയുടെ ഈ താളവുമായി നേരിട്ട് ബന്ധപ്പെടുകയാണ്. ഈ സമ്പർക്കം ഒരു വഴിത്തിരിവായി മാറാതെ ജീവിതമെന്ന രേഖയുടെ സ്വാഭാവികമായ വികാസമായി തുടരുകയാണ് ചെയ്യുന്നത്.

​ഇൻഗോൾഡിന്റെ കാഴ്ചപ്പാടിൽ മനുഷ്യർ പ്രകൃതിയിൽ നിന്ന് വേറിട്ടുനിൽക്കുന്ന നിരീക്ഷകരല്ല. പ്രകൃതി എന്ന തയ്യലിലെ അല്ലെങ്കിൽ നെയ്ത്തിലെ ഒരു നൂലിഴ മാത്രമാണ്. ആകാശത്തുനിന്ന് വന്ന് ഭൂമിയെ പച്ചയാക്കുന്ന മഴയും, അതിൽ നനഞ്ഞു നിൽക്കുന്ന മനുഷ്യരും തമ്മിൽ വേർതിരിക്കാനാവാത്ത ഐക്യമുണ്ട്. കാലം കടന്നുപോകുമ്പോൾ അനേകം രാത്രികളും പകലുകളും കടലുകളും നാം താണ്ടുന്നു. ഈ യാത്രകളെല്ലാം ഭൂപ്രകൃതിയിൽ മനുഷ്യർ വരച്ചുചേർക്കുന്ന രേഖകളാണ്. നക്ഷത്രങ്ങളുടെ ഉദയവും പൂക്കളുടെ വിരിയലും മനുഷ്യരുടെ ആന്തരിക സഞ്ചാരങ്ങൾക്ക് സമാന്തരമായി നീളുന്ന മറ്റ് രേഖകളായി മാറുന്നു.

​ജീവിതത്തിന്റെ തുടർച്ചയിൽ സംഭവിക്കുന്ന മാറ്റങ്ങളും ഭീഷണികളും ഇത്തരം രേഖകളുടെ ഗതിയെ ബാധിക്കുന്നുണ്ട്. വനങ്ങളും പുഴകളും നശിപ്പിക്കുമ്പോൾ, തിളച്ചു മറിയുന്ന കടലുകളും ഉരുകുന്ന ധ്രുവ മഞ്ഞുകളും രൂപപ്പെടുമ്പോൾ ഈ ജൈവിക രേഖകൾ മുറിഞ്ഞു പോകുന്നു. പ്രകൃതിയുടെ സ്വഭാവികമായ ഒഴുക്കിന് തടസ്സം നിൽക്കുമ്പോഴാണ് മരണവും വിനാശവും ഭയമായി മനുഷ്യരെ വേട്ടയാടാൻ തുടങ്ങുന്നത്. ഇൻഗോൾഡ് ചൂണ്ടിക്കാണിക്കുന്ന ജീവന്റെ രേഖകൾ മുറിയാതെ കാത്തുസൂക്ഷിക്കാനുള്ള ആകുലതയാണ് ഈ കവിതയിൽ കാണാൻ കഴിയുന്നത്.

​അവസാന വരികളിൽ പരാമർശിക്കുന്ന മധുരം കഴിക്കലും പ്രബുദ്ധമായ നാളെയെക്കുറിച്ചുള്ള പ്രത്യാശയും പുതിയൊരു വഴി വെട്ടിത്തുറക്കാനുള്ള ശ്രമമാണ്. നശീകരണത്തിന്റെ അരികിൽ നിൽക്കുമ്പോഴും ജീവന്റെ രേഖകളെ മുന്നോട്ട് നീട്ടാൻ മനുഷ്യർ ആഗ്രഹിക്കുന്നു. പൂർവ്വകാല ഓർമ്മകളിൽ നിന്ന് തുടങ്ങി ഭാവി തലമുറയുടെ പ്രതീക്ഷകളിലേക്ക് നീളുന്ന ഒരു അതിജീവന രേഖയായി ഈ കവിത മാറുന്നു. ജീവിതം എന്നത് അവസാനിക്കുന്ന ഒരു ബിന്ദുവാകാതെ പ്രകൃതിയോടൊപ്പം തുടരുന്ന ഒരു നീണ്ട രേഖയാണെന്ന തിരിച്ചറിവാണ് ഇൻഗോൾഡിന്റെ സിദ്ധാന്തത്തിലൂടെ കവിത നൽകുന്നത്.

​മനുഷ്യൻ എന്നത് നിരന്തരം മാറ്റങ്ങൾക്ക് വിധേയനായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ജൈവലോകവും മനുഷ്യരും തമ്മിലുള്ള പരസ്പര ഇടപെടലുകളിലൂടെയാണ് അത് സംഭവിക്കുന്നത്.
​കവിതയിലെ ഓർമ്മകളിൽ മനുഷ്യശരീരവും പ്രകൃതിയും വെവ്വേറെയായി നിലകൊള്ളുന്നില്ല. മഴ പെയ്യുമ്പോൾ അത് ഭൂമിയെ മാത്രമല്ല പച്ചയാക്കുന്നത്, മനുഷ്യരുടെ ആന്തരിക അനുഭവങ്ങളെക്കൂടിയാണ്. മഴ തോരുമ്പോൾ കുടയില്ലാതെ ആകാശത്തിന് കീഴിൽ നിൽക്കുന്ന കുട്ടി പ്രകൃതിയുടെ ഭാഗമായി മാറുകയാണ്. ഇവിടെ മനുഷ്യർ പ്രകൃതിയിലേക്ക് പരകായപ്രവേശം നടത്തുകയോ അതിലേക്ക് ലയിക്കുകയോ ചെയ്യുന്നു. ഇത് ദുല്യൂസിന്റെ ‘സ്ഥിരാന്തര പ്രകൃതി’ എന്ന സങ്കൽപ്പത്തിന് ഉദാഹരണമാണ്. വ്യക്തിഗതമായ അഹന്തകളിൽ നിന്ന് മാറി പ്രകൃതിയുടെ ജൈവികതയിലേക്ക് ശരീരം വഴങ്ങിക്കൊടുക്കുന്ന അവസ്ഥയാണിത്.

​അതിർത്തിലംഘനം ( ‘ഡിടെറിട്ടോറിയലൈസേഷൻ’) എന്ന ആശയവും ഈ കവിതയിൽ കാണാം. മനുഷ്യർ കെട്ടിപ്പടുത്ത ഉറച്ച അതിരുകളെയും സങ്കൽപ്പങ്ങളെയും പ്രകൃതിയും കാലവും ചേർന്ന് ഇല്ലാതാക്കുന്നു. പരമ്പരാഗതമായി നാം വച്ചുപുലർത്തുന്ന അർത്ഥങ്ങളും സങ്കൽപ്പങ്ങളും മാറിക്കൊണ്ടിരിക്കുന്നു. വാക്കും മുടിയും നരയ്ക്കുന്നതോടെ സ്ഥിരതയുള്ള അവസ്ഥ ഇല്ലാതാകുന്നു. പഴയ അർത്ഥങ്ങൾ മാറി പുതിയ അർത്ഥങ്ങൾ രൂപപ്പെടുന്നു. അർത്ഥങ്ങൾ മാറിമറിയുന്ന അസ്തിത്വത്തെക്കുറിച്ച് കവി പറയുന്നത് ദു ല്യൂസിയൻ അസ്ഥിരതയുടെ വ്യക്തമായ തെളിവാണ്. മനുഷ്യർ തന്നെ സ്ഥാപിച്ച അതിരുകൾ തകരുമ്പോഴാണ് അവർ പുതിയ തിരിച്ചറിവുകളിലേക്ക് എത്തുന്നത്.

​പരിസ്ഥിതി നാശത്തിന്റെ ചിത്രീകരണത്തിലും ഈ സ്ഥിരാന്തരപരിണാമം പ്രകടമാണ്. പഴയ കാലത്തെ മരണസങ്കൽപ്പമായ യമൻ പോത്തിന്റെ പുറത്തുനിന്ന് മാറി, ഇന്നത്തെ പ്രകൃതിദുരന്തങ്ങളിലേക്കു ചുവടുവെക്കുന്നു. സമുദ്രങ്ങൾ തിളച്ചുമറിയുന്നതും ധ്രുവമഞ്ഞുകൾ ഉരുകുന്നതും കേവലം ബാഹ്യമായ സംഭവങ്ങളല്ല. അത് പ്രകൃതിയും മനുഷ്യരും ഒന്നിച്ച് നേരിടുന്ന ഒരു പരിണാമ ഘട്ടമാണ്. വിനാശകരമായ ഈ മാറ്റത്തിലൂടെ മനുഷ്യർ തങ്ങളുടെ നാശത്തെത്തന്നെ അനുഭവിക്കുന്നു. ഇവിടെ മരണം എന്നത് പെട്ടെന്ന് സംഭവിക്കുന്നതല്ല, പ്രകൃതിക്ക് ഉണ്ടാകുന്ന നാശത്തോടൊപ്പം സംഭവിക്കുന്ന തുടർച്ചയായാണ്.

​അവസാന വരികളിൽ മധുരം കഴിക്കുന്നതിനെക്കുറിച്ച് പറയുമ്പോഴും ഈ പരിണാമം തുടരുന്നുണ്ട്. ദുരന്തമുഖത്തു നിൽക്കുമ്പോഴും മനുഷ്യർ നിശ്ചലരാകുന്നില്ല. നാളെ പുതിയൊരു പ്രബുദ്ധതയിലേക്ക് നരവംശം മാറിയേക്കാം എന്ന ചിന്ത സ്ഥിരാന്തരപരിണാമം എന്ന സങ്കൽപ്പത്തിന്റെ തുടർച്ചയാണ്. നശീകരണത്തിൽ നിന്ന് പുതിയൊരു തലത്തിലേക്ക് മനുഷ്യർ മാറും എന്ന പ്രതീക്ഷ മാറ്റത്തിന്റെ അപരിമേയമായ സാധ്യതയെയാണ് കാണിക്കുന്നത്. അങ്ങനെ കവിതയിലെ ഓരോ മാറ്റവും ദുല്യൂസിന്റെ തത്ത്വചിന്തയെപ്പോലെ സ്ഥിരമായ ഒന്നിലേക്ക് എത്തുന്നതിനേക്കാൾ, നിരന്തരമായ രൂപാന്തരപ്പെടലായി മാറുന്നു.

സച്ചിദാനന്ദനന്റെ കവിതകളിൽ ആത്മകഥാംശവും തത്ത്വചിന്തയും പരസ്പരം വേർപെടുത്താനാവാത്തവിധം ചേർന്നുനിൽക്കുന്നു. സ്വന്തം ജീവിതാനുഭവങ്ങളെയും ഓർമ്മകളെയും മുൻനിർത്തിയാണ് കവി ലോകത്തിന്റെ പൊതുവായ യാഥാർത്ഥ്യങ്ങളിലേക്ക് വാതിൽ തുറക്കുന്നത്. ഒരു വ്യക്തിയുടെ അനുഭവ ലോകം എങ്ങനെ പ്രപഞ്ചത്തിന്റെ ദാർശനിക തലമായി മാറുന്നു എന്നതിന്റെ തെളിവാണ് ഭൂമിയും ആകാശവും എന്ന കവിത. വ്യക്തിപരമായ ഓർമ്മകളിൽ നിന്ന് തുടങ്ങി സർവ്വമനുഷ്യരുടെയുംജീവജാലങ്ങളുടെയു ഭാവിയെക്കുറിച്ചുള്ള ആകുലതകളിലേക്ക് കവിത വളരുന്നു.

​കവിതയുടെ ആദ്യഭാഗത്ത് കടന്നുവരുന്ന ബാല്യകാല സ്മരണകൾ കവിയുടെ സ്വന്തം അനുഭവമണ്ഡലത്തിൽ നിന്നുള്ളതാണ്. സ്കൂൾ മുറ്റവും മാവിൻചോടും മഴ നനഞ്ഞുനിന്ന നിമിഷങ്ങളും തികച്ചും വ്യക്തിഗതമായ കാഴ്ചകളാണ്. എന്നാൽ ഈ സ്വകാര്യ അനുഭവങ്ങൾ ഓർമ്മ പുതുക്കലിൽ മാത്രം ഒതുങ്ങുന്നില്ല. പ്രകൃതിയുമായുള്ള മനുഷ്യരുടെ ജൈവികമായി അറ്റുപോകാനിടയില്ലാത്ത ബന്ധത്തെ ഓർമ്മിപ്പിക്കാൻ ആത്മകഥാപരമായ വരികൾക്ക് കഴിയുന്നു. കവിയുടെ അനുഭവത്തിൽ നിന്ന് വായനക്കാർ സ്വന്തം ബാല്യത്തിലേക്കും പ്രകൃതിബന്ധത്തിലേക്കും കടന്നുപോകുന്നു.

​ശരീരത്തിനുണ്ടാകുന്ന വാർദ്ധക്യവും മാറ്റങ്ങളും കവിതയിൽ വളരെ സൂക്ഷ്മമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്. നരയ്ക്കുന്ന വാക്കും മുടിയും കവിയുടെ സ്വന്തം ശരീരത്തിന്റെ പരിണാമങ്ങളാണ്. എന്നാൽ ഈ ആത്മകഥാപരമായ സൂചന വ്യക്തിപരമായ സങ്കടത്തിനപ്പുറം അസ്തിത്വവാദപരമായ വലിയൊരു ചിന്തയായി മാറുന്നു. സമയം കടന്നുപോകുന്നു എന്ന യാഥാർത്ഥ്യവും മനുഷ്യായുസ്സിന്റെ പരിമിതിയും ഈ വാർദ്ധക്യ സൂചനകളിലൂടെ വെളിപ്പെടുന്നു. നശിച്ചുപോകുന്ന ശരീരവും അപ്രത്യക്ഷമാകുന്ന വാക്കും മനുഷ്യരുടെ അസ്ഥിരമായ അസ്തിത്വത്തെയാണ് അടയാളപ്പെടുത്തുന്നത്.

​ആത്മകഥാപരമായ ഈ യാത്രയിലാണ് മരണത്തെക്കുറിച്ചുള്ള തത്ത്വചിന്ത കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. സ്വന്തം അന്ത്യത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് മനുഷ്യർ ലോകത്തിന്റെ അന്ത്യത്തെക്കുറിച്ചും ചിന്തിച്ചു തുടങ്ങുന്നത്. കവിയുടെ ആത്മകഥാപരമായ വ്യാകുലതകൾ ക്രമേണ മനുഷ്യവംശത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഭയമായി മാറുന്നു. പ്രകൃതിക്ക് സംഭവിക്കുന്ന നാശം സ്വന്തം ശരീരത്തിന് സംഭവിക്കുന്ന തകർച്ചയായി കവി അനുഭവിക്കുന്നു. അങ്ങനെ വ്യക്തിഗതമായ അസ്തിത്വ ചിന്ത സാർവലൗകികമായ പരിസ്ഥിതി തത്ത്വചിന്തയായി പരിണമിക്കുന്നു.

​അവസാന വരികളിൽ മധുരം കഴിക്കാൻ ആഗ്രഹിക്കുന്ന കവി ഒരേസമയം സ്വന്തം ആഗ്രഹത്തെയും മനുഷ്യരാശിയുടെ പൊതുവായ ആഗ്രഹത്തെയുമാണ് ആവിഷ്കരിക്കുന്നത്. വിനാശത്തിന്റെ വക്കിൽ നിൽക്കുമ്പോഴും അതിജീവനത്തിനായി കൊതിക്കുന്നത് മനുഷ്യരുടെ പൊതുവായ സ്വഭാവമാണ്. ആത്മകഥാപരമായ ഈ വരികൾ കവിതയ്ക്ക് ആത്മാർത്ഥതയും വൈകാരികമായ ആഴവും നൽകുന്നു. സ്വന്തം അനുഭവത്തിൽ നിന്ന് രൂപപ്പെടുത്തിയ ഇത്തരം തത്ത്വചിന്തകൾ പാരായണ ചിന്തകളെ സ്വാധീനിക്കുകയും ജീവിതത്തെ പുതിയൊരു കോണിലൂടെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

​സച്ചിദാനന്ദന്റെ ഭൂമിയും ആകാശവും മനുഷ്യാ സ്തിത്വത്തെയും ഭാവിയെക്കുറിച്ചുള്ള ആകുലതകളെയും ആഴത്തിൽ തുറന്നുകാട്ടുന്നു. മരണത്തെക്കുറിച്ചുള്ള ഭയവും അതിനെ മറികടക്കാനുള്ള പ്രത്യാശയും തമ്മിലുള്ള നിരന്തരമായ സംഘർഷമാണ് ഈ കവിതയുടെ കേന്ദ്ര പ്രമേയം. പ്രകൃതിയുടെ ജൈവികമായ വീണ്ടെടുപ്പുകളിൽ നിന്ന് തുടങ്ങി മനുഷ്യവംശത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളിലേക്ക് നീളുന്ന ഒരു വലിയ കാവ്യസഞ്ചാരമാണിത്. കേവലം വ്യക്തിപരമായ ഒരു അനുഭവത്തിനപ്പുറം സകല ജീവജാലങ്ങളുടെയും അതിജീവനവുമായി കവിത ബന്ധപ്പെട്ടിരിക്കുന്നു.

​ ജീവിതം എന്നത് അവസാനിക്കുന്ന ബിന്ദുവല്ല. പ്രകൃതിയോടും ഓർമ്മകളോടും ചേർന്നുനിൽക്കുന്ന തുടർ പാതകളാണ്. ബാല്യകാല സ്മരണകളിൽ തുടങ്ങി വർത്തമാനകാല പ്രകൃതിനാശത്തിലൂടെ സഞ്ചരിച്ച് ഭാവിയിലേക്ക് നീളുന്ന ഒരു അതിജീവന രേഖയായി കവിത മാറുന്നു. മനുഷ്യർ പ്രകൃതിയുടെ ഭാഗമായി മാറി സഞ്ചരിക്കുമ്പോൾ മാത്രമാണ് ജീവ- രേഖകൾക്ക് അർത്ഥമുണ്ടാകുന്നത്.

​ മനുഷ്യർ സ്ഥിരമായ ഒരു വ്യവസ്ഥയല്ല, പ്രകൃതിയുമായുള്ള ബന്ധത്തിൽ നിരന്തരം മാറിമറിയുന്ന പ്രക്രിയയാണ്. പഴയ സങ്കൽപ്പങ്ങളെ അതിലംഘിച്ച് പ്രകൃതി നേരിടുന്ന പരിസ്ഥിതി നാശത്തെത്തന്നെ തങ്ങളുടെ നാശമായി അനുഭവിക്കുന്ന ഇടത്തേക്ക് മനുഷ്യർ മാറുന്നു. ഈ മാറ്റത്തിലൂടെ സമകാലിക ലോകത്തിന്റെ ദുരന്തമുഖങ്ങളെ കവിത തുറന്നുകാട്ടുന്നു.

​ആത്മകഥാപരമായ വരികൾ കവിതയ്ക്ക് പവിത്രതയും ആത്മാർത്ഥതയും നൽകുന്നു. കവിയുടെ സ്വന്തം വാർദ്ധക്യവും അനുഭവങ്ങളും സർവ്വമനുഷ്യരുടെയും ഭയമായി മാറുന്ന കാഴ്ച ഇവിടെ കാണാം. നരയ്ക്കുന്ന വാക്കും മുടിയും മനുഷ്യായുസ്സിന്റെ അസ്ഥിരതയെ കാണിക്കുമ്പോൾ, അവസാന വരികളിലെ മധുരം കഴിക്കലും പ്രബുദ്ധമായ നാളെയെക്കുറിച്ചുള്ള ചിന്തയും മനുഷ്യവംശത്തിന്റെ ഒന്നാകെയുള്ള പ്രത്യാശയായി മാറുന്നു. അസ്വസ്ഥതകൾക്കിടയിലും നാളെയുടെ പുലരിയിൽ വിശ്വസിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത് ഈ ഒരേയൊരു പ്രതീക്ഷ മാത്രമാണ്.

​ ഭൂമിയും ആകാശവും എന്ന കവിത പരിസ്ഥിതിയും മനുഷ്യനും തത്ത്വചിന്തയും ഒന്നിക്കുന്ന ഒരു രചനയാണ്. സാങ്കേതിക വിദ്യയും വികസനവും പ്രകൃതിയെ തകർത്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കവിത മുന്നോട്ടുവെക്കുന്ന മുന്നറിയിപ്പ് വളരെ വലുതാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയും വരാനിരിക്കുന്ന തലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത കവിത അടിവരയിടുന്നു. വിനാശത്തിന്റെ വക്കിലും പ്രതീക്ഷ കൈവിടാതിരിക്കുക എന്ന മഹത്തായ സന്ദേശത്തെ കവിത ഓർമിപ്പിക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2026 സെപ്റ്റംബർ 06-12

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.