മനോഹരമായി കഥ പറയുന്ന സന്തോഷ് ഏച്ചിക്കാനത്തിൻ്റെ ആദ്യ നോവൽ സംരംഭമായ മാതംഗലീല സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ അതിജീവനവും പകയും പ്രതികാരവും ഒടിവിദ്യകളും ചേർന്ന ഒരു മാന്ത്രിക യാഥാർത്ഥ്യത്തെ വായനക്കാരനെ അനുഭവിപ്പിക്കുന്നുണ്ട്.
/indian-express-malayalam/media/media_files/uploads/2018/12/santhosh-echikkanam-.jpg)
ഫ്യൂഡൽ ജാതി വ്യവസ്ഥയിൽ മറ്റുള്ളവരാൽ നിർണ്ണയിക്കപ്പെട്ട് ജീവനും ജീവിതവും നഷ്ടപ്പെടുന്ന ദളിതരുടെയും സ്ത്രീകളുടെയും കഥ അച്ചാറും പച്ചടിയും കൂട്ടി ജാതി പ്രമാണിത്തം പച്ചച്ചാണകം തീറ്റിച്ചപ്പോൾ ജീവിതത്തിൽ നിന്നിറങ്ങിപ്പോയി ഒടിയനായിത്തീർന്ന തെച്ചോരൻ്റെ കഥ ചിത്തിര സെൽവിയുടെയും പച്ചോലയുടെയും താഴമ്പൂവിൻ്റെയും കഥ സുഭദ്രയുടെയും പാർവ്വതിയുടെയും കഥ ആനയായിത്തീർന്ന ആനബാലൻ്റെ കഥ അതാണ് മാതംഗലീല.
പെരുമഴയത്ത് നിന്ന്കത്തുന്ന പച്ചക്കാടുകൾ കണ്ട് തരിച്ച് നിന്ന് പോയ എഴുപതുകളിലെ കേരള രാഷ്ട്രീയവും
പാലക്കാടൻ ജീവിതവുമാണ് നോവലിൻ്റെ പ്രമേയ പരിസരം. സവർണ്ണ ജാതിബോധം ചവുട്ടി മെതിച്ച ജീവിതങ്ങൾ ചോര കൊണ്ട് തന്നെ പക വീട്ടാനുറച്ചപ്പോൾ ചുവന്നൊഴുകിയ കാലത്തെ മാതംഗലീലയിലൂടെ വായിച്ച് പോകാം.
താൻ ജീവിത സഖിയാക്കാൻ കൊതിച്ച ചിത്തിര സെൽവിയെന്ന തമിഴ് നാടോടി പെൺകുട്ടിയെ പഞ്ചസാരയിട്ട് കത്തിച്ച പോലീസുകാരെ ചവുട്ടിക്കൊല്ലാനാണ് തിരുമിറ്റക്കോട് ബാലകൃഷ്ണൻ ഒടിവിദ്യക്ക് ശിഷ്യപ്പെട്ട്
ആന ബാലനായിത്തീരുന്നത്. ആനത്താരകളിലൂടെ നടക്കുമ്പോൾ ആനയുടെ ചൂരും വീറും ദാഹവും പ്രണയവും നമ്മളിലേക്കും പടരുന്നുണ്ട് മുളങ്കാടുകൾ ചവുട്ടിയൊടിച്ച് ചിന്നം വിളിച്ച് നിൽക്കുന്ന ഒരൊറ്റക്കൊമ്പൻ്റെ
പകയുണ്ട് നീതി നിഷേധിക്കപ്പെട്ട എല്ലാ മനുഷ്യരുടെയും കണ്ണിൽ.
മനുഷ്യരും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യമാണ് മാതംഗലീലയിൽ മാജിക്കൽ റിയലിസത്തിൻ്റെ എലമെൻ്റുകൾ കൊണ്ടുവരുന്നത് . പരസ്പരം സംസാരിക്കുന്ന മനുഷ്യനും മൃഗങ്ങളും പക്ഷികളും മരങ്ങളും തമ്മിലുള്ള സംഭാഷണങ്ങൾ കഥയെ സ്വാഭാവികമാക്കി തീർക്കുന്നിടത്താണ് മാന്ത്രികത പ്രവർത്തിക്കുന്നത്. ഉറക്കം നഷ്ടപ്പെട്ട് ഓർമ്മകൾക്ക് വേണ്ടി പൊരുതുന്ന മക്കൊണ്ടോയിലെ മനുഷ്യരെ ഏകാന്തതയുടെ നൂറുവർഷങ്ങളിൽ മാർക്കസ് വരച്ച് വെച്ചത് പോലെ ജീവിതം നഷ്ടപ്പെട്ട മനുഷ്യർ പ്രകൃതിയിലൂടെ അതിജീവിക്കുന്നതിൻ്റെ നിരവധി ഉദാഹരണങ്ങൾ മാതംഗലീലയിൽ കാണാം. മാംസദാഹികളായ നാട്ടു പ്രമാണിമാരിൽ നിന്ന് ചിത്തിര സെൽവിയെ കാത്തുസൂക്ഷിക്കുന്ന മൂരിയൻ എന്ന മൂർഖൻ പാമ്പ് വിപ്ലവ പാർട്ടികൾക്ക് പോലും തലവേദനയായ കടമ്പനെന്ന മയിൽ നാട്ടുപ്രമാണിമാരുടെ കോട്ടേഷെനേറ്റെടുത്ത് ഹൈദരലിയെ ഒടിവിദ്യയിലൂടെ പോത്തായി രൂപംമാറി കൊല്ലാൻ പോയി പരാജയപ്പെട്ട് ശിഷ്ട ജന്മം ഹൈരാലിയുടെ പോത്തായി ജീവിക്കേണ്ടി വന്ന വെള്ളാങ്കിരി
അങ്ങനെ നിരവധി കഥാപാത്രങ്ങൾ നേരും കിനാവും പോലെ കെട്ടു പിണഞ്ഞ് കിടക്കുന്നുണ്ട്.

ജാതീയതക്കെതിരെ കൊച്ചോരൻ നടത്തുന്നത് ഒറ്റയാൾ പോരാട്ടമാണെങ്കിൽ താഴമ്പൂ തൊഴിലാളികളെ സംഘടിപ്പിച്ചാണ് പൊരുതിയത് ആര്യയുടെ ആയുധം പ്രണയമായിരുന്നു തൻ്റെ മുലക്കണ്ണുകൾ കടിച്ച് പറിച്ച പണിക്കരുടെ തലയെടുക്കാൻ അവൾ ഹൈദരലിയുടെ പെണ്ണായി മാറുകയായിരുന്നു ദുശ്ശാസനൻ്റെ രക്തം കൊണ്ട്
ദ്രൗപതിയുടെ മുടികെട്ടിയ ഭീമ സേനനെപ്പോലെ ഹൈദരലി പണിക്കരുടെ തല ആര്യക്ക് സമ്മാനിക്കുകയും ചെയ്തു പിന്നീടാ തല ഒരു നെല്ലി മരമാക്കിയും മാറ്റുന്നുണ്ട്.
രതിയും വിശപ്പും പകയും പ്രതികാരവും കടുംമ്പാറ പോലെ ഉറച്ച ജാതിബോധങ്ങളും അതിനെതിരായ മനുഷ്യൻ്റെ പോരാട്ടങ്ങളും ഉൾച്ചേർന്ന് വികസിക്കുന്ന മാതംഗലീല തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ തന്നെ.
മാതംഗലീല (നോവല്)
രചന : സന്തോഷ് ഏച്ചിക്കാനം
പ്രസാധനം : മാതൃഭൂമി ബുക്സ്
വില : 425 രൂപ







ആസ്വാദനം നന്നായി 👏👍