ജീവിതം നല്ല നല്ല മുഹൂർത്തങ്ങളിലൂടെ ആണ് കടന്നു പോയത്, എങ്കിലും പരാജയങ്ങളാണ് താരതമ്യം ചെയ്യുമ്പോൾ കൂടുതലും എന്നെ പിടികൂടിയത് എന്ന് പറയാം, എന്തിലും സന്തോഷം കണ്ടെത്തുന്ന ഒരു മനസ് പ്രശ്നങ്ങളെ സാധൂകരിക്കാൻ എന്നും എന്നെ സഹായിച്ചിരുന്നു. 1988- മുതലാണ് ഞാൻ ബോംബെയിൽ താമസം ആരംഭിച്ചത്. 1985 മുതൽ 1988 വരെ ചെന്നൈയിൽ മൂന്നു വർഷത്തെ ജീവിതം അതും വളരെയധികം സന്തോഷം നിറഞ്ഞതായിരുന്നു, നാട്ടിൽ വോളിബോൾ മാച്ച് കളിച്ചും, ഗാന്ധി യൂണിവേഴ്സിറ്റി ഇൻ്റർസിറ്റി കളിച്ചും വോളിബോളിൽ ഒരു നല്ല കളിക്കാരനായി മാറി, മദ്രാസ് നെല്ലായി ഫ്രണ്ട്സിൽ മൂന്ന് വർഷം വോളിബോൾ കളിച്ചു പ്രശസ്തരായ ഇന്ത്യൻ താരങ്ങൾ, അതിൽ ചിത്രപാണ്ഡ്യന്റെ പരിശീലനത്തിലായിരുന്നു കളികൾ, പല പല കമ്പനികളിലേക്കും ജോലിക്കായി വിളികൾ വന്നു, എന്നാൽ ഭാഗ്യം എന്നെ തുണച്ചില്ല, അങ്ങിനെയിരിക്കെ വെസ്റ്റേൺ റെയിൽവേയിൽ നിന്നും ഒരു വിളി വന്നു, മുംബൈ ചർച്ച് ഗേറ്റ് സ്റ്റേഷനിൽ എത്തണം ഇൻ്റർവ്യൂ ഉണ്ട് പങ്കെടുക്കണം എന്നായിരുന്നു, നല്ല റെക്കമെന്റേഷനും ഉണ്ട്, ഇൻ്റർവ്യൂ കഴിഞ്ഞു, പറഞ്ഞ പോലെ സെക്കൻഡ് ഗ്രേഡിൽ ഇപ്പം വേക്കൻസി ഇല്ല, ഫോർത്ത് ഗ്രേഡിൽ ജോയിൻ ചെയ്യാൻ പറഞ്ഞു, അതിനെ കുറിച്ച് അന്വേഷിച്ചു, പിന്നെ വേണ്ടെന്നു വെച്ചു.

വൈകുന്നേരം 5 മണിയായി കാണും ചർച്ച് ഗേറ്റ് സ്റ്റേഷനിലെ ചാരു ബെഞ്ചിൽ വെറുതെ അല്പനേരം ഇരുന്നു, ട്രയ്നുകൾ വരുന്നു അപ്പോൾ തന്നെ തിരിച്ചു പോകുന്നു നാല് പ്ലാറ്റ് ഫോമിലും ഇത് തന്നെ സ്ഥിതി, ആളുകൾ ട്രെയിൻ വരുമ്പോൾ തന്നെ ഒടിക്കയറന്നു, ചാടിക്കയറന്നു, ചിലർ വീഴുന്നത് കാണാം, പിന്നെയും ഓടുന്നു, ചിലർക്ക് ട്രെയിൻ കിട്ടാത്തതിൻ്റെ വിഷമം, ആ നിമിഷം തന്നെ സമയത്തിൻ്റെ വില ഞാനറിഞ്ഞു, വെറുതെ നഷ്ടപ്പെട്ട നിമിഷങ്ങൾ അതിൻ്റെ മൂല്യം എത്ര വലുതാണെന്ന് മനസ്സിലാക്കി, ചിന്തകളുണർന്നു, ജീവിക്കാൻ വേണ്ടി പരക്കം പായുന്ന മനുഷ്യർ, അതിലൊരാളായ് ഞാനും മാറി, ജീവിതത്തോട് മത്സരിക്കാൻ തന്നെ തീരുമാനിച്ചു,
വളരെ എളുപ്പത്തിൽ എനിക്ക് ഒരു ജോലി കിട്ടി, എന്റെ ഒരു സുഹൃത്ത് തരപ്പെടുത്തി തന്നു, ബോംബെ ഓപ്പേര ഹൗസിൽ പ്രസാദ് ചേംബറിൽ 12-ാം നിലയിൽ ആണ് ഓഫീസ്, ഇത് ഡൈമണ്ട് മാർക്കറ്റ് ആണ്, അടുത്തു തന്നെ 25 നിലയിൽ പഞ്ചരത്നാ ബിൽഡിംഗ്, അന്നത്തെ ഏറ്റവും വലിയ ബിൽഡിംഗ്, പിന്നീട് 40തും 50തും നിലകളുള്ള അനേകം ബിൽഡിങ്ങുകൾ വന്നു, ബോംബെയുടെ മുഖച്ഛായ തന്നെ മാറി, രാഷ്ട്രീയം മാറി, ബോംബേ മുംബൈ ആയി മാറി.

നീണ്ട 35 വർഷത്തെ ജീവിതത്തിൽ പലതും തരണം ചെയ്യേണ്ടി വന്നു, മൂന്നു പ്രളയങ്ങൾ, ഭയാനകമായ മൂന്നു ബോംബാക്രമണങ്ങൾ, രാഷ്ട്രീയമായ പ്രശ്നങ്ങൾ, ബോംബെയുടെ നെഞ്ചോടു ചേർന്നു നിന്നവരെ മുംബൈ ഒരിക്കലും കൈവിടില്ല, ഏതു വിധത്തിലും കരകയറി വരാനുള്ള മാർഗ്ഗങ്ങൾ ശ്രീ മഹാലക്ഷിയും സിദ്ധിവിനായകനും ശ്രീ അയ്യപ്പനും നമുക്ക് കാട്ടിത്തന്നിരുന്നു, ഒരിക്കലും ഒരാളെയും മുംബൈ കൈ വിട്ടിട്ടില്ല. ഉറപ്പാണത് ദൈവ കാരുണ്യം കൊണ്ട് രക്ഷപെട്ട ഒന്ന് രണ്ടു അനുഭവം രേഖപ്പെടുത്തുന്നു, ഞാൻ താമസിച്ചിരുന്നത് താനെ വർത്തക്ക് നഗറിലാണ്, മൂന്നു വെള്ളപ്പൊക്കത്തിലും മുംബൈയിൽ നിന്നും താനെയിൽ വരെ നടന്നു ആണ് എത്തിയത് മനുഷ്യർ ഉറുമ്പുകളെപ്പോലെ ഒന്നിന് പുറകെ ഒന്നായി കൈപിടിച്ച് നടക്കുന്നു, പലരുടെയും തലകൾ മാത്രമേ കാണാൻ കഴിയുന്നുള്ളൂ, പരസ്പര സ്നേഹം നമുക്ക് അവിടെ കാണാൻ കഴിയും, പ്രശ്നങ്ങളിൽ എല്ലാവരും ഒന്നായി മാറും, ഒന്നിച്ചു നേരിടും, മുംബൈയിൽ ജോലി ചെയ്യുന്നവരിൽ 90% ആളുകൾ രണ്ടും
മൂന്നും ദിവസം കഴിഞ്ഞാണ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്, താമസം ഭക്ഷണം എല്ലാം എല്ലാവർക്കും സമീപവാസികൾ ലഭ്യമാക്കി കൊടുത്തു
ഞങ്ങളുടെ കമ്പനിയുടെ ആവശ്യം പ്രകാരം ഒട്ടുമിക്ക ദിവസങ്ങളിലും ഞാൻ ഷെയ്ൻ മാർക്കറ്റിനടുത്തുള്ള യൂണിയൻ ബാങ്കിൽ പോകുമായിരുന്നു കമ്പനിയുടെ മെയിൻ അക്കൗണ്ട് ആ ബാങ്കിൽ ആയിരുന്നു, ഷെയർ മാർക്കറ്റിനും ബാങ്കിനും ഇടയിൽ ഉള്ള ഗല്ലിയിൽ ഉച്ചഭക്ഷണം വിൽക്കുന്നവരുടെ ഒരു നിരതന്നെയുണ്ട്, ഊണ്, ജ്യൂസ്, സാൻഡ്വിച്ച് അങ്ങിനെ എന്ത് വേണമെങ്കിലും അവിടെ കിട്ടും, അസാദ്ധ്യ തിരക്കായിരിക്കും, ഞങ്ങൾ സ്ഥിരം ഭക്ഷണം കഴിക്കുന്നത് അവിടെ നിന്നാണ്, ദൈവകൃപയാൽ അന്നേ ദിവസം ഞാനവിടെ പോയില്ല, മുംബൈയെ നടുക്കിയ ആ ബോംബ് സ്ഫോടനം അവിടെ സംഭവിച്ചു, അനേകം പേർ മരണപ്പെട്ടു, ആ ഗല്ലിയിൽ കച്ചവടം നടത്തിയ ആരും തന്നെ ശേഷിച്ചില്ല, എല്ലാവരും ചിന്ന ഭിന്നമായി ചിതറി, കിടക്കുന്ന കാഴ്ചയായിരുന്നു, ദൈവത്തിന് നന്ദി പറഞ്ഞു, അതുപോലെ കസബിൻ്റെ ഹോട്ടൽ ടാജിലുണ്ടായ ആക്രമണം, ട്രെയിനിൽ ഉണ്ടായ ബോംബാക്രമണം എല്ലാം സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു, മുംബൈ എല്ലാം ഉൾകൊണ്ട് വീണ്ടും മുന്നോട്ട് പോയി.

വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന എല്ലാം തന്നെ മുംബൈയിൽ ഉണ്ട്, എലിഫൻ്റാ കേവ് യാത്ര ഒരു നല്ല വിനോദം തന്നെയാണ്, കുളാബാ, ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ് ഹോട്ടലിന്റെ സൗന്ദര്യം, മറൈൻ ഡ്രൈവ്, ചോപ്പാട്ടി ബീച്ച്, ധനികരുടെ കേന്ദ്രമായ മലബാർ ഹിൽസ്, ഹാങ്ങിങ്ങ് ഗാർഡൻ, മൃഗശാല, നെഹ്റു പ്ലാനറ്റോറിയം, സീലിങ് റോഡിലൂടെ ഉള്ള യാത്ര, കടലിന്നടിയിലൂടെയുള്ള യാത്രകൾ, മഹാലക്ഷ്മി മന്ദിർ, ഹാജി ഗല്ലി, സിദ്ധി വിനായക മന്ദിർ, ഫൈവ് സ്റ്റാർ സെവൻ സ്റ്റാർ ഹോട്ടലുകൾ ഇവയുടെയെല്ലാം തലയെടുപ്പുകൾ, ഏഷ്യയിലെ ഏറ്റവും വലിയ ഡൈമണ്ട് മാർക്കറ്റായ ബാന്ദ്ര കുർള കോംപ്ലക്സ്, എയർ പോർട്ട്, ജുഹു ബീച്ച് അങ്ങനെ അങ്ങനെ മനുഷ്യ മനസ്സുകളിൽ സ്ഥാനം പിടിക്കുന്ന എല്ലാം നമ്മുടെ മുംബൈയുടെ ഹൃദയം മനോഹാരിതയാണ്, നമ്മുടെ മോഹൻലാൽ ഒരൊറ്റ ദിവസം കൊണ്ട് ഒരു ഗല്ലിയെ ഒഴിപ്പിച്ചു കൊടുത്ത ധാരാവി, റെഡ് സ്ട്രീറ്റ്, അങ്ങിനെ ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരു പോലെ ആസ്വദിച്ചു ജീവിക്കാൻ പറ്റിയ ഒരു നഗരം, മനുഷ്യർ കൈകോർക്കുന്ന കൂട്ടായ്മകൾ ഉള്ള നഗരം,
എനിക്ക് പലപ്പോഴും ദൈവത്തെ നേരിൽ കണ്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റു പ്രയാസങ്ങളും അനുഭവപ്പെടുബോൾ മുംബൈയെ കാത്ത് നില കൊള്ളുന്ന ശ്രീ മഹാലക്ഷ്മി മന്ദിരത്തിൽ പോയി ദേവിയോട് മനസ്സുരുകി പ്രാർത്ഥിക്കും രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ദേവിയുടെ അനുഗ്രഹംൾത്താൽപണം വന്നു നിറയും, അത് പോലെ വിഘ്നേശരനും മുംബൈ നിവാസികളെ എന്നും കാത്ത് കൊള്ളുന്നു, മുബാദേവിയുടെ അനുഗ്രഹത്താൽ മുംബൈ നഗരം ധനസമൃദ്ധിയോടെയും ഐശ്വര്യത്തോടും കൂടി നിലകൊള്ളുന്നു, നിവാസികളെ പൊന്നു പോലെ കാക്കുന്ന മുംബൈ എന്നും ഓർമ്മയിൽ തങ്ങി നിൽക്കും, എന്നും സ്മരിക്കാം, നന്ദി… നന്ദി മാത്രം!







No Comments yet!