Skip to main content

പട്രീഷ്യോ ഗൂസ്മാന്‍ – ആറ്റക്കാമ മണലാരണ്യത്തില്‍ നിന്നും ചരിത്രം കുഴിച്ചെടുത്തവന്‍

ചിലിയന്‍ രാഷ്ട്രീയത്തിന്റെ ഹൃദയമിടിപ്പുകളെ അഭ്രപാളിയില്‍ ആലേഖനം ചെയ്ത സംവിധായകനായിരുന്നു Patricio Guzmán Lozanes. ഇക്കഴിഞ്ഞ ദിവസം തന്റെ എണ്‍പത്തിയഞ്ചാം വയസ്സില്‍ അദ്ദേഹം സിനിമയുടെ വെള്ളിവെളിച്ചങ്ങള്‍ ഇല്ലാത്ത മറ്റൊരു ലോകത്തിലേക്ക് യാത്രയായി. രാഷ്ട്രീയ വിചാരണകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള ഉപാധിയാക്കി സിനിമയെ മാറ്റിയ ഏറ്റവും പ്രമുഖ ലാറ്റിനമേരിക്കന്‍ സംവിധായകനും തിരക്കഥാകൃത്തും ഡോക്യുമെന്ററി നിര്‍മ്മാതാവുമായിരുന്നു പട്രീഷ്യോ ഗൂസ്മാന്‍. സാല്‍വദോര്‍ അലന്‍ഡേയുടെ സോഷ്യലിസ്റ്റ് ഭരണത്തെ അട്ടിമറിച്ചുകൊണ്ട് അമേരിക്കയുടെ പിന്തുണയോടെ അഗസ്റ്റോ പിനോഷയുടെ നേതൃത്വത്തില്‍ ചിലിയില്‍ ഉയര്‍ന്നുവന്ന ഏകാധിപത്യ ഭരണകൂടത്തിനെതിരെ സിനിമയിലൂടെയും ഡോക്യുമെന്ററികളിലൂടെയും രാഷ്ട്രീയ പ്രതിരോധത്തിന്റെ സര്‍ഗ്ഗാത്മക വിപ്ലവങ്ങള്‍ തീര്‍ത്ത സിനിമാ പ്രവര്‍ത്തകനായിരുന്നു പട്രീഷ്യോ ഗൂസ്മാന്‍. ഭൂതകാലത്തിലൂടെ വര്‍ത്തമാനത്തിന്റെ പൊരുളുകള്‍ തേടിയ സംവിധായകനായിരുന്നു ഗൂസ്മാന്‍. ലക്ഷകണക്കിന് ചിലിയന്‍ യുവാക്കളെയാണ് പിനോഷയുടെ പട്ടാളം കുഴിച്ചുമൂടിയത്. ആ ധീര രക്തസാക്ഷികളുടെ ആത്മാക്കളെ മണ്ണിനടിയിലും ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കിടയിലും ക്യാമറയിലൂടെ കണ്ടെത്താന്‍ ശ്രമിച്ചവനായിരുന്നു പട്രീഷ്യോ ഗൂസ്മാന്‍. സാല്‍വദോര്‍ അലന്‍ഡേയുടെ അട്ടിമറിയിലേക്ക് നയിച്ച രക്തരൂക്ഷിതമായ ചിലിയന്‍ പട്ടാള വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ഗൂസ്മാന്‍ എടുത്ത ‘Battle of Chile: The Struggle of an Unarmed People’ എന്ന Trilogy യാണ് ലാറ്റിനമേരിക്കന്‍ സിനിമാ ചരിത്രത്തില്‍ ഗൂസ്മാന് ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു സ്ഥാനമുറപ്പിച്ചത്. ലാറ്റിനമേരിക്കയുടെ ഡോക്യുമെന്ററി വസന്തത്തിന്റെ ആദ്യ നാമ്പുകള്‍ മുളപ്പിച്ചത് പട്രീഷ്യോ ഗൂസ്മാന്റെ Battle of Chile യാണ്.

The Battle of Chile: Part I (1975) - IMDb

സ്‌പെയിനില്‍ പോയി സിനിമ പഠിച്ചു തിരിച്ചുവന്ന യുവാവായ ഗൂസ്മാന്‍ തിരിച്ചു ചിലിയില്‍ വരുന്നത് സാല്‍വദോര്‍ അലന്‍ഡേയുടെ സോഷ്യലിസ്റ്റ് ഭരണകാലത്താണ്. കമ്യൂണിസം ഉയര്‍ത്തിയ പുതുയുഗത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍, അതിനായുള്ള കൂട്ടായ ജനകീയ മുന്നേറ്റങ്ങള്‍, അധീശവര്‍ഗ്ഗങ്ങളെ തകര്‍ക്കാന്‍ കഴിയുമെന്ന പ്രത്യാശകള്‍ എല്ലാം ചേര്‍ന്നുണ്ടാക്കിയ ഒരു പുതിയ സോഷ്യലിസ്റ്റ് ഭാവുകത്വത്തിലേക്കാണ് ഗൂസ്മാന്‍ എത്തിച്ചേരുന്നത്. റൊമാന്റിക് ഭാവനകളെ ഉള്‍ക്കൊള്ളുന്ന സിനിമകളുടെ നിര്‍മ്മാണമെന്ന സ്വപ്നത്തെ കൈവിട്ടുകൊണ്ട് താന്‍ ജീവിക്കുന്ന സമൂഹത്തെ അതിന്റെ ഏറ്റവും മൂര്‍ത്തമായ ഭാവത്തില്‍ ചിത്രീകരിക്കുകയാണ് തന്റെ കര്‍ത്തവ്യമെന്ന് ഗൂസ്മാന്‍ തിരിച്ചറിഞ്ഞപ്പോഴാണ് അദ്ദേഹം ഡോക്യുമെന്ററികളുടെ ലോകത്തിലേക്ക് പ്രവേശിക്കുന്നത്. സിനിമയുടെ കാല്‍പ്പനികതയെ കൈവിട്ടുകൊണ്ട് രാഷ്ട്രീയത്തിന്റെ വാസ്തവികതയെ പിന്തുടരാനുള്ള പട്രീഷ്യോ ഗൂസ്മാന്റെ തീരുമാനം ബോധപൂര്‍വ്വമായ ഒരു തിരഞ്ഞെടുപ്പായിരുന്നു. ഏകാധിപത്യ ഭരണകൂടം ചവച്ചുതുപ്പിയ മനുഷ്യരുടെ എല്ലുകള്‍ ഒളിപ്പിച്ചുവെച്ച അറ്റക്കാമ മരുഭൂമികളിലൂടെ സഞ്ചരിച്ച അമ്മമാരുടെ വിയര്‍പ്പിനെ, അവരുടെ ഒടുങ്ങാത്ത കണ്ണുനീരിനെ, അവരുടെ വേദനകളെ സിനിമയുടെ ഭാഷകൊണ്ട് ഒപ്പിയെടുക്കുകയായിരുന്നു ഗൂസ്മാന്‍ തന്റെ സിനിമകളിലൂടെ ചെയ്തത്.

Battle of Chile director Patricio Guzmán dies aged 85 | Movies | The Guardian

ചിലിയുടെ പൊളിറ്റിക്കല്‍ ഇക്കോണമിയുടെ ഓര്‍മ്മകളെ കണ്ടെത്താനും പുനര്‍ ജീവിപ്പിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളായിരുന്നു ഗൂസ്മാന്റെ മിക്ക സിനിമാ സംരംഭങ്ങളും. അന്തരീക്ഷവും കവിതയും എങ്ങനെയാണോ ലോകം മുഴുവന്‍ നിറഞ്ഞുകിടക്കുന്നത് അതുപോലെയാണ് മനുഷ്യജീവിതത്തില്‍ രാഷ്ട്രീയവും എന്ന നിലപാടായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ചിലിയന്‍ രാഷ്ട്രീയത്തില്‍ നിന്നും വേറിട്ടൊരു അസ്തിത്വം ഗൂസ്മാന്റെ സിനിമകള്‍ക്ക് ഉണ്ടായിരുന്നില്ല. പിനോഷയുടെ വന്യതകളെ ജീവിച്ചിരിക്കുന്നവരുടെ ഓര്‍മ്മകളിലൂടെ തുരന്നെടുക്കുന്ന ആര്‍ക്കിയോളജിക്കല്‍ രീതീശാസ്ത്രമായിരുന്നു ഗൂസ്മാന്‍ തന്റെ തിരക്കഥകളില്‍ അവലംബിച്ചത്. ”ഓര്‍മ്മകളുടെ പെട്ടി” (Memory Box) എന്നാണ് പട്രീഷ്യോയുടെ സിനിമകളെ Steve Stern വിശേഷിപ്പിച്ചത്. അദ്ധേഹത്തിന്റെ സിനിമകളും ഡോക്യുമെന്ററികളും ചിലിയന്‍ ദേശീയതയുടെ വിശാലമായ ക്യാന്‍വാസിനകത്താണ് ഇതള്‍വിരിഞ്ഞതെങ്കിലും ആ വിശാലമായ ആഖ്യാനയിടത്തില്‍ ഏറ്റവും വൈദഗ്ദ്യത്തോടെ വ്യക്തികളുടെ വേദനകളെ അവരുടെ ചിന്തകളെ ഉള്‍ച്ചേര്‍ത്ത് വയ്ക്കാന്‍ ഗൂസ്മാന് കഴിഞ്ഞു എന്നതാണ് അദ്ധേഹത്തിന്റെ സിനിമകളുടെ വിജയം. ഡോക്യുമെന്ററി സിനിമകളുടെ പരിമിതികളെ മുഴുവന്‍ മറികടന്നുകൊണ്ട് സാധ്യതകളുടെ വലിയൊരു ലോകത്തെ കാഴ്ചക്കാരുടെ മുന്‍പില്‍ ഗൂസ്മാന്‍ തുറന്നിടുന്നുണ്ട്. വ്യക്തികളുടെ ലോകവും സമൂഹത്തിന്റെ ലോകത്തെയും കൂട്ടിയിണക്കുന്ന മാജിക്കാണ് ഗൂസ്മാന്‍ സിനിമകള്‍. ഡോക്യുമെന്ററികള്‍ ഇല്ലാത്ത സമൂഹങ്ങള്‍ കുടുംബആല്‍ബം ഇല്ലാത്തവരെപ്പോലെയാണ് എന്ന് ഗൂസ്മാന്‍ പറയുമ്പോള്‍ അത് ഓര്‍മ്മകളുടെ, ചരിത്രപരതയുടെ രാഷ്ട്രീയപ്രാധാന്യത്തെ ഉറപ്പിക്കുകയാണ്. ചരിത്രകാരന്മാരുടെ ഉപദാനങ്ങളെ അവലംബിച്ചുകൊണ്ട് സിനിമയുടെ സങ്കേതങ്ങളിലൂടെ ചിലിയുടെ വേദനിപ്പിക്കുന്ന സാമൂഹ്യഓര്‍മ്മകളെ രാഷ്ട്രീയമായി പുനര്‍വായിക്കാനും വ്യാഖ്യാനിക്കാനുമുള്ള ധീരമായ ശ്രമങ്ങളാണ് ഗൂസ്മാന്റെ ഓരോ സിനിമയും.

Ha fallecido el cineasta Patricio Guzmán director de La Batalla de Chile | werken rojo

ചിലിയുടെ രാഷ്ട്രീയ ശരീരത്തിലേറ്റ ഓരോ മുറിവുകളെയും ഒരു ഫോറന്‍സിക് സര്‍ജന്റെയും ആര്‍ക്കിയോളജിസ്റ്റിന്റെയും കരവിരുതോടെ സൂക്ഷമമായി അവലോകനം ചെയ്യുകയാണ് ഗൂസ്മാന്‍ ചെയ്തത്. ഭൂതകാലത്തെ നിരീക്ഷിക്കുകയും വര്‍ത്തമാനത്തോട് നിരന്തരമായി സംവദിക്കുകയും ചെയ്യുകയെന്ന ചരിത്രപരമായ ദൌത്യമാണ് ഗൂസ്മാന്‍ സിനിമകള്‍ ഏറ്റെടുത്തത്. വികസനവും വര്‍ഗ്ഗവൈരുധ്യവും തമ്മിലുള്ള പോരാട്ടത്തെ തൊഴിലാളി സൌഹൃദ സാഹിത്യത്തിലൂടെയും സിനിമയിലൂടെയും നാടകങ്ങളിലൂടെയും മുന്നോട്ടുകൊണ്ടുപോയ അമ്പതുകളിലെ ചിലിയന്‍ സര്‍ഗ്ഗാത്മക കൂട്ടായ്മകളുടെ ചേരിയിലേക്ക് ഗൂസ്മാനും കണ്ണിചേരുകയാണ് ഉണ്ടായത്. നഗരകേന്ദ്രീകൃതമായി വളര്‍ന്നുവന്ന ഭരണകൂട പിന്തുണയുള്ള പ്രോപഗണ്ടാ സിനിമകളുടെ വര്‍ഗ്ഗ പക്ഷപാതത്തെ പരസ്യമായി എതിര്‍ത്തുകൊണ്ടാണ് ചിലിയില്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ നവ സിനിമ ഉയര്‍ന്നുവന്നത്. എഴുപതുകളില്‍ പട്രീഷ്യോ ഗൂസ്മാന്‍ ഈ പാതയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. സാല്‍വദോര്‍ അലന്‍ഡേയുടെ ഭരണകൂടത്തിന്റെ ഡോക്യുമെന്ററി വിഭാഗത്തിന്റെ തലവനായി ഗൂസ്മാനെ അവര്‍ നിയമിക്കുകയാണ് ഉണ്ടായത്. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഇടതുപക്ഷമെന്ന വിശാലമായ ക്യാന്‍വാസില്‍ എല്ലത്തരത്തിലുമുള്ള ആശയങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. Battle of Chile യുടെ ഷൂട്ടിങ്ങിന്റെ അവസാന നാളുകളിലാണ് അഗസ്റ്റോ പിനോഷ പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തുന്നത്. അറസ്റ്റിലായ ഗൂസ്മാന്‍ പതിനഞ്ചു ദിവസത്തിനു ശേഷം മോചിതനാവുകയും സ്വീഡിഷ് എംബസിയുടെ സഹായത്തോടെ ഫിലിം ക്യൂബയിലേക്ക് കടത്തുകയും ചെയ്തു.പിന്നീട് ക്യൂബയില്‍ വെച്ചാണ് സിനിമയുടെ എഡിറ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

Chile, Obstinate Memory (1997) - IMDb

മൂന്നു ഭാഗങ്ങളായാണ് ഈ സിനിമ പുറത്ത് വന്നത്. ഒന്നാമത്തെ ഭാഗത്തിന്റെ പേര് ‘The Insurrection of the Bourgeoisie’ എന്നും രണ്ടാമത്തെ ഭാഗത്തിന്റെ പേര് ‘The Coup d’État’; എന്നും മൂന്നാമത്തെ ഭാഗത്തിന്റെ പേര് ‘Popular Power.’ എന്നുമായിരുന്നു. മൂന്നും മൂന്ന് സ്വതന്ത്ര സിനിമകളായി നില്‍ക്കുമ്പോള്‍ തന്നെ അവയുടെ കൂട്ടായ്മയില്‍ ചിലിയന്‍ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ കയറ്റിറക്കങ്ങളെ അനാവരണം ചെയ്യുകയായിരുന്നു. ഏകാധിപത്യത്തിനു ശേഷമുള്ള ചിലിയുടെ ജനാധിപത്യ അന്തരീക്ഷത്തില്‍ ഓര്‍മ്മകളെ രാഷ്ട്രീയമായി വീണ്ടെടുക്കുകയാണ് Chile, memoria obstinada (1997), El caos Pinochet (2001), and Salvador Allende (2004) യിലൂടെയൊക്കെ ഗൂസ്മാന്‍ ചെയ്തത്. ഗൂസ്മാന്റെ ആദ്യ സിനിമയായ ‘Battle of Chile: The Struggle of an Unarmed People’ പിനോഷയുടെ ഭരണകൂടം നിരോധിക്കുകയാണ് ഉണ്ടായത്. എന്നാല്‍ പില്‍ക്കാലത്ത് ഗൂസ്മാന്‍ തന്നെ ചിലിയുടെ പലഭാഗത്തും ഈ സിനിമ പ്രദര്‍ശിപ്പിക്കുകയും പിനോഷയുടെ ഭരണകൂട ഭീകരതയ്ക്ക് വിധേയരായ ആളുകളുമായി സംവദിക്കുകയും ചെയ്തതിലൂടെ സിനിമയിലൂടെ പുനര്‍സൃഷ്ടിച്ച ഓര്‍മ്മകളെ കൂടുതല്‍ തെളിമയുള്ളതാക്കിമാറ്റി. ജീവിതവും സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഇഴപിരിക്കാനാവാത്ത ചിലിയന്‍ അനുഭവങ്ങളെ കടഞ്ഞെടുക്കുകയായിരുന്നു ഗൂസ്മാന്റെ ഓരോ സിനിമയും.
പിനോഷയെ കടന്ന് ചിലി ജനാധിപത്യത്തിലേക്ക് കടന്നു എന്നത് ഒരു മിത്ത് മാത്രമാണ് എന്ന് കരുതുന്ന ആളുകളുമുണ്ട്. പിനോഷ ഉണ്ടാക്കിയ ബൂര്‍ഷ്വാ ലിബറല്‍ ഇക്കോണമിക്ക് തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിക്കാന്‍ ഒത്താശ ചെയ്യുന്നതിനപ്പുറം ചിലിയുടെ എകാധിപത്യാനന്തര ജനാധിപത്യത്തിന് മറ്റൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ലെന്ന് പറയുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഗൂസ്മാന്‍ ഒരു അവസരവാദിയും മാറിയ സാഹചര്യത്തെ തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്തയാള്‍ മാത്രമായിരുന്നു.
തത്വചിന്തകനായ വാള്‍ട്ടര്‍ ബെഞ്ചമിന്‍ ‘History decays into images’ എന്നൊരു ചിന്ത മുന്നോട്ട് വയ്ക്കുന്നുണ്ട്.

Prime Video: Salvador Allende

ചരിത്രമെന്നത് ഭൌതീകമായ നശിക്കലിനും ബോധപൂര്‍വ്വമായ നശിപ്പിക്കലിനും മറവികള്‍ക്കും നിരന്തരം വശംവദമായിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന Emil Cioran ന്റെ ആശയത്തെ ‘History decays into images’ എന്ന ആശയവുമായി കൂട്ടിവായിക്കാവുന്നതാണ്. ചരിത്രത്തിലെ വന്യതകളിലേക്ക് അവയുണ്ടാക്കിയ വലിയ മുറിവുകളിലേക്ക് അവയുടെ അവശേഷിപ്പുകളിലേക്ക് പലരും ക്യാമറ പായിച്ചിട്ടുണ്ട്. Alain Rensais’s Night and Fog, Claude Lanzmann’s Shoah, Michael Chanan and Steinmetz’s Detroit: Ruin of a City, Spike Lee’s When the Levees Broke: A Requiem in Four Acts, Florian Borchmeyer and Matthias Hentschler’s Havana- New Art of Making Ruins ഒക്കെ നഷ്ടാവശിഷ്ടങ്ങളെ അധികരിച്ച് ഓര്‍മ്മകളെ പുനര്‍സൃഷ്ടിച്ച സിനിമകളായിരുന്നു. ചരിത്രത്തിന്റെ അനുസ്യൂതതയെ അവശേഷിക്കുന്ന ചരിത്രാവശിഷ്ടങ്ങളില്‍ നിന്നും പുനര്‍സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ ഉയര്‍ത്തുന്ന പ്രായോഗികവും താത്വികവുമായ വെല്ലുവിളികളെ മറികടന്നുകൊണ്ടാണ് പട്രീഷ്യോ ഗൂസ്മാന്‍ തന്റെ സിനിമകളെ നിര്‍മ്മിച്ചിട്ടുള്ളത്. പിനോഷയുടെ ഏകാധിപത്യം ഉല്‍പ്പാദിപ്പിച്ച വന്യതകളേയും ഓര്‍മ്മകളെയും തന്റെ സിനിമാ ഫ്രെയിമിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഗൂസ്മാന്‍ നടത്തിയത്. നിറം മങ്ങിയ ഒരു ഫോട്ടോഗ്രാഫോ, തകര്‍ന്ന ഒരു വീടോ, പൊളിഞ്ഞു വീഴാറായ ജയിലറയോ, അറ്റക്കാമ മരുഭൂമിയിലൂടെ കൊല്ലപ്പെട്ടവരുടെ അവശിഷ്ടങ്ങള്‍ തേടി നടക്കുന്ന അമ്മമാരുടെ കാലടികളോ ഒക്കെ ഓര്‍മ്മകളെ ഹിംസയുടെ വേദനകളെ പുനര്‍സൃഷ്ടിക്കാനുള്ള ഉപാധികളായി ഗൂസ്മാന്‍ മാറ്റുകയാണ് അദ്ധേഹത്തിന്റെ സിനിമകളില്‍. ഭൂതകാലത്തിലെ ഏതോ ഒരു നിമിഷത്തില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ഇമേജിലൂടെ ഒരു വസ്തുവിലൂടെ ചിലിയുടെ സോഷ്യലിസ്റ്റ് കാലത്തെയും പിനോഷയുടെ ഏകാധിപത്യ കാലത്തെയും എകാധിപത്യാനന്തര കാലത്തെ ജനാധിപത്യവല്‍ക്കരണത്തേയും സിനിമയുടെ സങ്കേതങ്ങള്‍ കൊണ്ട് ജീവന്‍ വെപ്പിക്കുകയാണ് ഗൂസ്മാന്‍. ഭൂതകാലത്തിന് ജീവന്‍ കൊടുക്കുന്ന മാന്ത്രികതയാണ് ഗൂസ്മാന്‍ സിനിമകളുടെ സത്ത. രാജ്യത്തിന്റെ ഭൂതകാലം എങ്ങനെയാണ് വര്‍ത്തമാന കാലത്ത് ജീവിക്കുന്ന മനുഷ്യരുടെ ജീവിതവുമായി ഇഴപിരിയാതെ കിടക്കുന്നത് എന്നുറപ്പിച്ചു പറഞ്ഞവയാണ് ഗൂസ്മാന്‍ സിനിമകള്‍. ആ നൈരന്തര്യത്തെ തന്റെ കാണികളെ ഓര്‍മ്മിപ്പിക്കുകയാണ് തന്റെ കലാജീവിതത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്ന് അദ്ദേഹം എപ്പോഴും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. തന്റെ തന്നെ അനുഭവങ്ങളെ സഹജീവികളുടെ അനുഭവങ്ങളുമായി കൂട്ടിയിണക്കാനും അവകളെ സാമൂഹ്യാനുഭവമാക്കി മാറ്റാനുമുള്ള അനിതരസാധാരണമായ ശേഷികള്‍ ഉണ്ടായിരുന്ന സംവിധായകനാണ് ഗൂസ്മാന്‍. രാഷ്ട്രീയ സിനിമകളിലൂടെ മുന്നോട്ടുപോയ ഗൂസ്മാന്‍ അവസാന കാലത്ത് തത്വചിന്താപരമായ സിനിമകളും എടുത്തിട്ടുണ്ട് ( Nostalgia for the Light, The Pearl Button and The Cordillera of Dreams ). ഏറ്റവും ഒടുവിലായി പുറത്തുവന്ന അദ്ധേഹത്തിന്റെ കലാസൃഷ്ടി My Imaginary Country ചിലിയില്‍ നടന്ന യുവാക്കളുടെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

Le cas Pinochet (2001) - IMDb

അവസാനകാലം വരെയും സക്രിയമായ സിനിമാ ജീവിതം നയിച്ച ഗൂസ്മാന്റെ സിനിമകള്‍ ചരിത്രത്തെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്താനും അവയ്ക്ക് തനതായ ഉത്തരങ്ങള്‍ മുന്നോട്ട് വയ്ക്കാനും ശ്രമിച്ചവയായിരുന്നു. ചരിത്രത്തിന്റെ പുനര്‍ നിര്‍മ്മിതിയില്‍ ചരിത്രാവശിഷ്ടങ്ങള്‍ക്കും, ഓര്‍മ്മകള്‍ക്കും ഉള്ള പങ്കിനേയും അവയുടെ സാധ്യതകളേയും പരിമിതികളെയും ഒരുപോലെ നേരിട്ട സംവിധായകനായിരുന്നു ഗൂസ്മാന്‍. അദ്ധേഹത്തിന്റെ വേര്‍പാട് ചിലിയന്‍ സിനിമയ്ക്ക് മാത്രമല്ല ലോക സിനിമയ്ക്ക് തന്നെ വലിയൊരു നഷ്ടമാണ്. ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കിടയിലോ അറ്റക്കാമ മണലാരണ്യത്തിലോ അദ്ധേഹത്തിന്റെ ചൈതന്യം നാളെ മറ്റൊരു സിനിമാ സംവിധായകന്‍ കണ്ടെത്തട്ടെ.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.