Skip to main content

കോര്‍പ്പറേറ്റ് സൗഹൃദം, സോഷ്യലിസ്റ്റ് വിരുദ്ധം

വനിതാ അവകാശ പോരാട്ടങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗ്ലോറിയ സ്റ്റെയ്നിം 92 ാം വയസ്സില്‍ എന്നെന്നേക്കുമായി വിടപറഞ്ഞു. സ്ത്രീകളെ ഗൃഹഭിത്തികള്‍ക്കകത്ത് ഒതുക്കിയ 1960- കളില്‍ അവര്‍ ലിംഗപരമായ വാര്‍പ്പുമാതൃകകളെ വെല്ലുവിളിക്കുകയും സമത്വം, സഹോദരത്വം, പ്രത്യുല്‍പാദന സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങള്‍ക്കുവേണ്ടി വാദിക്കുകയും ചെയ്തു. അങ്ങനെ വിവിധ തലമുറകളെ പ്രചോദിപ്പിച്ചു. ഒടുവില്‍ അത്തരം അവകാശ പ്രസ്ഥാനത്തിന്റെ പര്യായമായി. ആ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലുടനീളവും ലോകമെമ്പാടും കൂടുതല്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനവും അവസരങ്ങളും ലഭിച്ചു. 2013- നവംബര്‍ 20-ന് വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ സ്റ്റീനമിന്റെ ആക്ടിവിസത്തോടുള്ള പ്രതിബദ്ധതയ്ക്ക് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം സമ്മാനിച്ചപ്പോള്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞത്, സ്ത്രീകള്‍ സ്വയം ചിന്തിക്കുന്ന രീതി അവര്‍ മാറ്റിമറിച്ചുവെന്നാണ്. 1934 മാര്‍ച്ച് 25 ന് ഒഹായോയിലെ ടോളിഡോയില്‍ റൂത്തിന്റെയും ലിയോ സ്റ്റെയ്നിന്റെയും മകളായി ജനിച്ചു. സഞ്ചാരിയായ പുരാതനവസ്തു വ്യാപാരിയായിരുന്ന അച്ഛന്‍. 1952-ല്‍ വാഷിങ്ണിലെ വെസ്റ്റേണ്‍ ഹൈസ്‌കൂളിനുശേഷം വനിതാ ലിബറല്‍ ആര്‍ട്‌സ് സ്‌കൂളായ സ്മിത്ത് കോളേജില്‍ ചേര്‍ന്ന് ബിരുദം നേടി.

Gloria Steinem was a force of nature. A fierce advocate for women's rights and human rights, she was a deeply empathetic leader and friend. Gloria will be remembered around the world as

ജനീവയിലും ഓക്സ്ഫഡിലും ചെലവഴിച്ച് ഫി ബീറ്റ കപ്പ കീ നേടി ചെസ്റ്റര്‍ ബൗള്‍സ് ഫെലോഷിപ്പ് ഇന്ത്യയിലെത്തിച്ചു. രണ്ട് വര്‍ഷത്തോളം താന്‍ സ്‌നേഹിക്കാന്‍ തുടങ്ങിയ ജനതയുടെ സംസ്‌കാരത്തില്‍ മുഴുകി, ആദ്യം ഗവണ്‍മെന്റ് ഗൈഡ്ബുക്കായ ദി 1000 ഇന്ത്യാസിലും പിന്നീട് അടിത്തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീ പ്രസ്ഥാനത്തിന് ഗാന്ധിയന്‍ തത്വങ്ങളുടെ പ്രസക്തിയെക്കുറിച്ചുള്ള സമാഹാരങ്ങളിലും എഴുതി. ജാതി അതിക്രമത്തിനെതിരായ മുന്നേറ്റത്തില്‍ അണിചേരുകയും ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങളില്‍ എഴുതുകയുംചെയ്തു. – ആ അനുഭവങ്ങളാണ് അമേരിക്കയിലെ ആക്ടിവിസത്തെ രൂപപ്പെടുത്തിയതെന്ന് അവര്‍ സൂചിപ്പിക്കുകയുണ്ടായി. 1958-ല്‍ ജന്മദേശത്തേക്ക് മടങ്ങിയപ്പോള്‍ മസാച്യുസെറ്റ്സിലെ കേംബ്രിജിലേക്ക് താമസം മാറി. യൂറോപ്പില്‍ നടന്നിരുന്ന യുവജനോത്സവങ്ങളില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കാന്‍ ശ്രമിച്ച സിഐഎ പിന്തുണയുണ്ടായ ഇന്‍ഡിപെന്‍ഡന്റ് റിസര്‍ച്ച് സര്‍വീസ് ഗ്രൂപ്പിന്റെ ഭാഗമായി. പിന്നീട് ചില ഫെമിനിസ്റ്റുകള്‍ അതൊരു തര്‍ക്കവിഷയമാക്കി. 1960-കളില്‍ ന്യൂയോര്‍ക്കില്‍ സ്റ്റെയ്നിം ഫ്രീലാന്‍സ് ജേണലിസ്റ്റായി. സ്ത്രീകള്‍ ഗൗരവമുള്ള പത്രപ്രവര്‍ത്തകരല്ല, മറിച്ച് ഗാല്‍ ഫ്രൈഡേകളും ഗോസിപ്പ് കോളമിസ്റ്റുകളുമായിരിക്കണമെന്ന് കണക്കാക്കിയിരുന്ന കാലം. ഹാര്‍വി കുര്‍ട്ട്സ്മാന്‍ എഡിറ്ററും വില്യം ഗെയിന്‍സ് പ്രസാധകനുമായി 1952- ആഗസ്തില്‍ ചേര്‍ന്ന് സ്ഥാപിച്ച മാഡ് ആക്ഷേപഹാസ്യ മാസികയുടെ പുതിയ പ്രോജക്റ്റായ ഹെല്‍പ്പില്‍ ജോലിയെടുത്തു. കോണ്ടെ മോണ്‍ട്രോസ് നാസ്റ്റ് 1939 ഏപ്രിലില്‍ ആദ്യ ലക്കമിറക്കിയ ഗ്ലാമര്‍ ഓഫ് ഹോളിവുഡ് എന്നറിയപ്പെട്ട ഡിജിറ്റല്‍ വനിതാ ഫാഷന്‍ മാസിക ഗ്ലാമര്‍, 1883 ഫെബ്രുവരിയില്‍ സൈറസ് എച്ച് കെ കര്‍ട്ടിസ് സ്ഥാപിച്ച് ഭാര്യ ലൂയിസ നാപ്പ് കര്‍ട്ടിസ് എഡിറ്റുചെയ്ത ലേഡീസ് ഹോം ജേണല്‍ തുടങ്ങിയവയിലേക്ക് ലേഖനങ്ങള്‍ സംഭാവന ചെയ്തു. -സംസ്‌കാരം, നാടകം, സിനിമ കല എന്നിവയ്ക്കായി 1961-ല്‍ തുടക്കമിട്ട ഷോ മാഗസിനില്‍ നിന്ന് 1963-ല്‍ നൈറ്റ്ക്ലബ്ബുകളുടെയും റിസോര്‍ട്ടുകളുടെയും ശൃംഖലയായിരുന്ന മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ പ്ലേബോയ് ക്ലബ്ബ് മുന്‍നിര്‍ത്തിയുള്ള പ്രശസ്ത അന്വേഷണാത്മക കൃതി ‘എ ബണ്ണീസ് ടെയില്‍’ ശ്രദ്ധേയമായി.

1985 TV MOVIE PROMO AD's KIRSTIE ALLEY in A BUNNY'S TALE ~ GLORIA STEINEM STORY | eBay

എ ബണ്ണീസ് ടെയില്‍

അക്കാലത്ത് വാര്‍ത്താ മുറികള്‍ പുരുഷകേന്ദ്രിതമായിരുന്നു. വനിതകള്‍ക്ക് സാധാരണയായി റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവാദമുള്ള വിഷയങ്ങള്‍ പരിമിതങ്ങള്‍. അവര്‍ക്കും നിരവധി സ്ത്രീകള്‍ക്കും നിലവിലുള്ള മാഗസിനുകളില്‍ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് എഴുതാന്‍ കഴിഞ്ഞില്ല. ഭക്ഷണം, മേക്കപ്പ്, കുഞ്ഞുങ്ങള്‍, സെലിബ്രിറ്റികള്‍ എന്നിവയില്‍ ഒതുക്കി. എന്നാലും ആ പരിമിതികള്‍ കഠിനമായ അന്വേഷണാത്മക കഥകള്‍ പിന്തുടരുന്നതില്‍ നിന്ന് തടയാന്‍ അനുവദിച്ചില്ലെന്നാണ് 2020 ല്‍ എന്‍പിആറിന് നല്‍കിയ അഭിമുഖത്തില്‍ ഓര്‍മിച്ചത്. ഹ്യൂ ഹെഫ്നറുടെ നിശാക്ലബ്ബുകളില്‍ ഒന്നില്‍ രഹസ്യമായി കയറിയാണ് ‘എ ബണ്ണീസ് ടെയില്‍’ വെളിപ്പെടുത്തല്‍. കോക്ക്‌ടെയില്‍ വെയിട്രസുമാര്‍ അനുഭവിക്കുന്ന ലൈംഗികതയെയും കുറഞ്ഞ വേതനത്തെയും തുറന്നുകാട്ടി അത്. ന്യൂയോര്‍ക്ക് മാസികയില്‍ സ്ഥാപക എഡിറ്ററായും എഴുത്തുകാരിയായും സേവനമനുഷ്ഠിച്ചു. 1972-ല്‍ സ്വന്തം പ്രസിദ്ധീകരണം മിസ് മാഗസിന്‍ ആരംഭിച്ചു; സ്ത്രീകള്‍ക്കായി നടത്തിയ ആദ്യ ദേശീയ മാസിക. ഗര്‍ഭഛിദ്രം, ലെസ്ബിയനിസം, ഗാര്‍ഹിക പീഡനം, ലിംഗപരമായ വേഷങ്ങള്‍ തുടങ്ങിയ പരിധിക്ക് പുറത്തുള്ള വിഷയങ്ങള്‍ മാഗസിന്‍ ധൈര്യപൂര്‍വം അഭിസംബോധന ചെയ്തു. ലൈംഗിക പീഡനത്തെക്കുറിച്ചുള്ള 1977 ലെ കവര്‍ സ്റ്റോറി വളരെക്കാലമായി നിശബ്ദമായിരുന്ന വിഷയം ദേശീയ ശ്രദ്ധയിലെത്തിച്ചു. പിന്നീട് ഡോളി പാര്‍ട്ടണ്‍ അഭിനയിച്ച് കോളിന്‍ ഹിഗ്ഗിന്‍സ് ഒരുക്കി 1980 ഡിസംബര്‍ 19 ന് റിലീസായ കോമഡി ഹിറ്റ് ചിത്രം 9 ടു 5 ന്റെ അടിസ്ഥാനമായി അത് മാറി.
പത്രപ്രവര്‍ത്തനത്തിനപ്പുറം സ്റ്റെയ്നിം ആക്ടിവിസ്റ്റും രാഷ്ട്രീയ സംഘാടകയുമായിരുന്നു. 1971- ല്‍ നാഷണല്‍ വിമന്‍സ് പൊളിറ്റിക്കല്‍ കോക്കസ് രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങി. അത് രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കി. 22-ാം വയസ്സില്‍ നിയമവിരുദ്ധ ഗര്‍ഭഛിദ്രം നടത്തിയതിന്റെ സ്വന്തം അനുഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അവര്‍ക്ക് ഏറ്റവും പ്രധാന നിയമനിര്‍മാണ വിഷയങ്ങളില്‍ പ്രത്യുല്‍പാദന സ്വാതന്ത്ര്യവും ഉള്‍പ്പെട്ടിരുന്നു. 2015-ല്‍ ഇറങ്ങിയ ‘മൈ ലൈഫ് ഓണ്‍ ദി റോഡ് ‘ ഓര്‍മക്കുറിപ്പ് അതിന് സഹായിച്ച ഇംഗ്ലീഷ് ഡോക്ടര്‍ക്കാണ് സമര്‍പ്പിച്ചത്. താന്‍ ഒരിക്കലും ഡ്രൈവിങ് പഠിച്ചിട്ടില്ലെന്ന് അവര്‍ ആ സമയത്ത് പറഞ്ഞു. വിമാനത്താവളങ്ങളില്‍നിന്നോ ട്രെയിന്‍ സ്റ്റേഷനുകളില്‍നിന്നോ കൂട്ടിക്കൊണ്ടുപോകുന്ന ആതിഥേയരുമായി സംസാരിക്കാനുള്ള കഴിവ് എടുത്തുകളയുമെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ടാക്‌സി ഡ്രൈവര്‍മാരുമായി സംസാരിക്കാന്‍ എപ്പോഴും ഇഷ്ടപ്പെട്ടു. വീട്ടില്‍ വിവാഹനിശ്ചയം ഉപേക്ഷിച്ചത് അജ്ഞാതമായ വിധിതേടിയാണെന്ന് മാത്രം അറിയാമായിരുന്നിട്ടും അവന്‍ പറഞ്ഞു, നീ എനിക്ക് രണ്ട് കാര്യങ്ങള്‍ വാഗ്ദാനം ചെയ്യണം. ആദ്യം നീ എന്റെ പേര് ആരോടും പറയരുത്. രണ്ടാമതായി നിന്റെ ജീവിതം കൊണ്ട് കഴിയുന്നത് ചെയ്യേണ്ടതുമുണ്ട്. എന്റെ ജീവിതം കൊണ്ട് പരമാവധി ചെയ്തിട്ടുണ്ട്. ഈ പുസ്തകം നിങ്ങള്‍ക്കുള്ളതാണ് എന്നാണ് ആമുഖം. 2022- ല്‍ സുപ്രിം കോടതി റോയ് vs വേഡ് കേസില്‍ ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാ അവകാശം റദ്ദാക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തീരുമാനം റദ്ദാക്കിയാലും പ്രത്യുല്‍പാദന നീതിയെക്കുറിച്ചുള്ള തന്റെയും മറ്റുള്ളവരുടെയും പ്രവര്‍ത്തനങ്ങള്‍ വെറുതെയായെന്ന് കരുതുന്നില്ലെന്ന് സ്റ്റെയ്നിം പറഞ്ഞു. സ്വന്തം ശരീരത്തിന്മേല്‍ – സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും – തീരുമാനമെടുക്കാനുള്ള അധികാരം ഉണ്ടെന്നോ അല്ലെങ്കില്‍ ജനാധിപത്യമില്ലെന്നോ ഉള്ള അടിസ്ഥാന വസ്തുതയെ അത് മാറ്റില്ല. യഥാര്‍ഥ മാറ്റം മരം പോലെയാണെന്ന് വര്‍ഷങ്ങളായി മനസ്സിലാക്കിയതായും വിശദീകരിച്ചു.

സ്ത്രീവാദത്തിന്റെ രണ്ടാം തരംഗം

രണ്ടാം തരംഗ സ്ത്രീവാദത്തിന്റെ നേതാവായ ഗ്ലോറിയ സ്റ്റെയ്നിം മാറ്റത്തിനുവേണ്ടി ജീവിതകാലം മുഴുവന്‍ അക്ഷീണം പ്രവര്‍ത്തിച്ചു. സ്വയം പുറംനാട്ടുകാരിയാണെന്നും ജൂതന്മാരാണ് പ്രധാന വിഭാഗമെന്നും കരുതി ജൂതത്വവുമായി താദാത്മ്യം പ്രാപിച്ചു. 1960-കളില്‍ പത്രപ്രവര്‍ത്തഴയന്ന നിലയില്‍ ഗര്‍ഭഛിദ്രത്തെക്കുറിച്ചുള്ള പൊതു ഹിയറിങ്ങിനെക്കുറിച്ചുള്ള കവറേജ് വനിതാ പ്രസ്ഥാനത്തിലേക്ക് നയിച്ച വഴിത്തിരിവായിരുന്നു. 1969-ല്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ യഥാര്‍ഥ വക്താവായി മാറി, കാമ്പസുകളിലും തെരുവ് റാലികളിലും സംസാരിക്കുകയും വംശീയ, ലിംഗ ജാതി വ്യവസ്ഥകളുടെ പൊതുവായ ഉത്ഭവത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു; സ്ത്രീ വിമോചന ലക്ഷ്യം മുന്നോട്ട് കൊണ്ടുപോവാന്‍ തലമുറയെ അണിനിരത്തി. ഫെമിനിസ്റ്റായി മാറിയപ്പോള്‍ മതത്തിലുണ്ടായ ചെറിയ താല്‍പ്പര്യം നഷ്ടപ്പെട്ടു. ദൈവം എപ്പോഴും ഭരണവര്‍ഗത്തെപ്പോലെ കാണപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാന്‍ തുടങ്ങി. രണ്ടാം തരംഗം എന്നറിയപ്പെടുന്ന വനിതാ പ്രസ്ഥാനത്തിന്റെ സത്തയെ (വോട്ടവകാശ പ്രചാരണത്തിന് വിപരീതമായി ഒന്നാം തരംഗം) ചരിത്രകാരന്മാര്‍ പലപ്പോഴും രണ്ട് പേരുകളില്‍ ഉള്‍ക്കൊള്ളിച്ചു. -ബെറ്റി ഫ്രീഡന്‍, ഗ്ലോറിയ സ്റ്റെയ്നിംണ്. സ്റ്റെയ്നവും മൂത്ത സഹോദരി സൂസനും ജൂതവിരുദ്ധതയുടെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കുകയും ഹോളോകോസ്റ്റിന്റെ ഭയാനക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ പത്രപ്രവര്‍ത്തക റൂത്ത് സ്റ്റെയ്നം ശ്രമിച്ചു. എട്ടാം വയസ്സില്‍ നാസികളുടെ കീഴിലെ ജൂത പീഡനങ്ങളെപറ്റി റേഡിയോ നാടകവല്‍ക്കരണവും കൊച്ചു പെണ്‍കുട്ടിക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാത്ത കഥയും കേള്‍ക്കാന്‍ അമ്മ പ്രോത്സാഹിപ്പിച്ചതായി സ്റ്റെയ്നം ഓര്‍ത്തെടുത്തു.

Women's History Month: A Truly Fab 1965 Gloria Steinem Story

അന്വേഷണ വൈദഗ്ധ്യവും ഉണ്ടായിരുന്നിട്ടും താല്‍പ്പര്യമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എഡിറ്റര്‍മാരെ പ്രേരിപ്പിക്കാന്‍ സ്റ്റെയ്നിം പൂര്‍ണമായും വിജയിച്ചില്ല. എന്നാലും ഭക്ഷണത്തിന്റെയും ഫാഷന്റെയും പെണ്‍കുട്ടികളുടെ കൂട്ടത്തിലേക്ക് തരംതാഴ്ത്തപ്പെടുന്നതിനുപകരം നോവലിസ്റ്റും തിരക്കഥാ രചയിതാവും നാടകകൃത്തുമായ ട്രൂമാന്‍ കാപോട്ട്, എഴുത്തുകാരനും പൗരാവകാശ പ്രവര്‍ത്തകനും ഗോ ടെല്‍ ഇറ്റ് ഓണ്‍ ദി മൗണ്ടന്‍( 1953-) പ്രശസ്ത നോവലിന്റെ കര്‍ത്താവുമായ ജെയിംസ് ബാള്‍ഡ്വിന്‍ തുടങ്ങിയവരുടെ പ്രൊഫൈലുകള്‍ എഴുതി. അതേസമയം സീസര്‍ ഷാവേസിന്റെ യുണൈറ്റഡ് ഫാം വര്‍ക്കേഴ്‌സ്, റോബര്‍ട്ട് എഫ് കെന്നഡിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം എന്നിവയില്‍ മുഴുകുകയുമുണ്ടായി. 1968- ഏപ്രില്‍ എട്ടിന് ന്യൂയോര്‍ക്ക് മാസികയുടെ സ്ഥാപക എഡിറ്ററായി ദി സിറ്റി പൊളിറ്റിക് എന്ന പംക്തി കൈകാര്യം ചെയ്തു. നാക്കില്ലാത്തവരുടെ ശബ്ദമായും മാറ്റത്തിനായുള്ള ശക്തിയായും സ്ഥാപിച്ച പംക്തിയിലൂടെ എഴുത്തിനെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിച്ചു. പെട്ടെന്ന് മാഗസിന്‍ മറ്റ് ഉത്തരവാദിത്തങ്ങള്‍ നല്‍കി. രാഷ്ട്രീയ പ്രൊഫൈലുകള്‍, 1968 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ മത്സരം, പൗരാവകാശങ്ങള്‍, യുദ്ധവിരുദ്ധ, കുടിയേറ്റ തൊഴിലാളി പ്രസ്ഥാനങ്ങള്‍, ചന്ദ്രനിലെ ആദ്യ ലാന്‍ഡിങ് – തുടങ്ങിയവ.

എണ്ണമറ്റ മാസികകള്‍

1969-ല്‍ സ്റ്റെയ്നിം വനിതാ പ്രസ്ഥാനത്തിന്റെ വക്താവായി രണ്ടാമത്തെ കരിയര്‍ ആരംഭിച്ചു. പലപ്പോഴും ആഫ്രിക്കന്‍-അമേരിക്കന്‍ സുഹൃത്തുക്കളില്‍ ഒരാളും ഫെമിനിസ്റ്റ് , ശിശുക്ഷേമ വക്താവ്, പൊതുപ്രഭാഷക, എഴുത്തുകാരി തുടങ്ങിയ നിലകളില്‍ പ്രശസ്തയായ – ഡൊറോത്തി പിറ്റ്മാന്‍ ഹ്യൂസ്, പൗരാവകാശ അഭിഭാഷകയും ആക്ടിവിസ്റ്റുമായിരുന്ന ഫ്‌ലോറിന്‍സ് റേ കെന്നഡി, കറുത്ത വര്‍ഗക്കാരിയായ ഫെമിനിസ്റ്റും മിസ് മാസികയുടെ ആദ്യകാല എഡിറ്റxറുമായിരുന്ന മാര്‍ഗരറ്റ് സ്ലോണ്‍-ഹണ്ടര്‍ എന്നിവരുമായി – കാമ്പസുകളിലും കമ്യൂണിറ്റി സെന്ററുകളിലും യൂണിയന്‍ ഹാളുകളിലും കോര്‍പ്പറേറ്റ് ബോര്‍ഡ് റൂമുകളിലും സിറ്റ്-ഇന്നുകളിലും തെരുവ് റാലികളിലും സംസാരിച്ചു. വംശീയ, ലിംഗ ജാതി വ്യവസ്ഥകളുടെ പൊതുഉത്ഭവം, പുരുഷത്വത്തിന്റെ സാംസ്‌കാരിക സമവാക്യം അക്രമത്തിന്റെ വേരുകളെ പോഷിപ്പിക്കുന്നത്, ലൈംഗിക നിയമങ്ങള്‍ കുട്ടികളുടെ വികസനത്തെ മുരടിപ്പിക്കുന്നത് തുടങ്ങിയ വിഷയങ്ങളില്‍ ഊന്നി. ശേഷമുള്ള ദശകങ്ങളില്‍ അമേരിക്കയിലും അന്തര്‍ദേശീയമായും എഴുത്ത് എണ്ണമറ്റ മാസികകള്‍, പത്രങ്ങള്‍, സമാഹാരങ്ങള്‍, ടെലിവിഷന്‍ വ്യാഖ്യാനങ്ങള്‍, രാഷ്ട്രീയ പ്രചാരണങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവയില്‍ പ്രത്യക്ഷപ്പെട്ടു. നിരവധി മാധ്യമ പ്രൊഫൈലുകളുടെ വിഷയമായ അവര്‍ ന്യൂസ് വീക്ക്, മക്കോള്‍സ്, പീപ്പിള്‍, ന്യൂ വുമണ്‍, മിസ്, പരേഡ് എന്നിവയുടെ കവറില്‍ ഇടംനേടി. സ്ത്രീ ശാക്തീകരണവും ഐക്യദാര്‍ഢ്യവും, വംശീയവും സാമ്പത്തികവുമായ സമത്വം, പ്രത്യുല്‍പാദന സ്വാതന്ത്ര്യം, ലിംഗഭേദമില്ലാത്ത കുട്ടികളെ വളര്‍ത്തല്‍, ബഹുസാംസ്‌കാരിക വിദ്യാഭ്യാസം, അക്രമം തടയല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള പീഡനം, തദ്ദേശീയ സംസ്‌കാരങ്ങള്‍ സംരക്ഷിക്കുകയും ലിംഗപ്രകൃതി സന്തുലിതാവസ്ഥയെയും കുറിച്ചുള്ള പാഠങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുകയെന്ന കടമകള്‍ മുന്‍നിര്‍ത്തി എഴുതി. പുസ്തകങ്ങളുടെ ശീര്‍ഷകങ്ങള്‍ പ്രത്യയശാസ്ത്ര പരിണാമത്തെയും ആ സമയത്തെ മാനസികാവസ്ഥയെയും സൂചിപ്പിക്കുന്നു. പ്ലേബോയ് ബണ്ണി കഥ മുതല്‍ ഇഫ് മെന്‍ കുഡ് മെന്‍സ്ട്രുവേറ്റ് ആക്ഷേപഹാസ്യ ക്ലാസിക് വരെയുള്ള രണ്ട് ദശാബ്ദത്തെ ഏറ്റവും നിലനില്‍ക്കുന്നതും ശക്തവുമായ വാദമുഖങ്ങളുടെ ശേഖരമാണ് ഔട്രേജിയസ് ആക്ട്‌സ് ആന്‍ഡ് എവരിഡേ റിബല്‍യന്‍സ് (1983). പട്രീഷ്യ നിക്‌സണും ജാക്വലിന്‍ കെന്നഡി ഒനാസിസും തമ്മിലുള്ള അന്വേഷണാത്മക അഭിമുഖങ്ങള്‍ മുതല്‍ അമ്മയ്ക്കുള്ള ആദരാഞ്ജലിയായ ‘റൂത്ത്‌സ് സോങ്’ വരെയുള്ള ലേഖനങ്ങള്‍. മെര്‍ലിന്‍ മണ്‍റോയുടെ ജീവിതത്തിന്റെ ഊഷ്മളവും സഹാനുഭൂതി നിറഞ്ഞതുമായ ചിത്രീകരണമാണ് നോര്‍മ ജീന്‍ (1986). ഫെമിനിസ്റ്റ് വിശകലനത്തിന്റെ വീക്ഷണകോണില്‍ പുനരവലോകനം ചെയ്യുകയാണത്. റെവല്യൂഷന്‍ ഫ്രം വിത്തിന്‍: എ ബുക്ക് ഓഫ് സെല്‍ഫ്-എസ്റ്റീം (1992) ആന്തരികവും ബാഹ്യവുമായ മാറ്റങ്ങളെ വിപ്ലവത്തിന്റെ പൂര്‍ണ വൃത്തത്തിലേക്ക് ബന്ധിപ്പിക്കാനുള്ള സ്റ്റെയ്നിമിന്റെ ശ്രമങ്ങളാണ്. മൂവിങ് ബിയോണ്ട് വേഡ്‌സ് (1994) ഫ്രോയിഡിന്റെ പ്രസംഗം മുതല്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കവിത വരെ.
സ്ത്രീകളുടെ പ്രശ്നങ്ങളിലും പദ്ധതികളിലും വിവര-സാങ്കേതിക സഹായത്തിനായുള്ള ആദ്യത്തെ ദേശീയ ക്ലിയറിങ് ഹൗസായ വിമന്‍സ് ആക്ഷന്‍ അലയന്‍സ് (1971) മറ്റൊരു സംഭാവന. സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുന്ന പദ്ധതികള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്ന മിസ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ (1972), തൊഴിലാളി പ്രസ്ഥാനത്തില്‍ വനിതകളുടെ സ്ഥാനം തുല്യമാക്കുന്നതിന് സമര്‍പ്പിച്ച ലേബര്‍ യൂണിയന്‍ വുമണ്‍ (1974),പ്രത്യുല്‍പാദന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ വോട്ടേഴ്സ് ഫോര്‍ ചോയ്സ് (1979) തുടങ്ങിയവ ഇതര സംരംഭങ്ങള്‍. 1975 ല്‍ മെക്‌സിക്കോ സിറ്റിയില്‍ നടന്ന ഐക്യരാഷ്ട്രസഭാ വനിതാ സമ്മേളനത്തിലെ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ, സ്ത്രീകള്‍ക്കായുള്ള ഭരണഘടനാ കണ്‍വെന്‍ഷനായി ബെല്ല അബ്‌സുഗും മറ്റുള്ളവരും വിളിച്ചുചേര്‍ത്ത 1977 ലെ ദേശീയ വനിതാ സമ്മേളനം എന്നിവയുള്‍പ്പെടെ നിരവധി പ്രധാന പൊതു പരിപാടികളില്‍ പ്രധാന പങ്ക് വഹിച്ചു. 2004 ഏപ്രിലില്‍ സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ ആക്രമണങ്ങള്‍ക്കെതിരെ ശബ്ദിച്ച മാര്‍ച്ച് ഫോര്‍ വിമന്‍സ് ലൈവ്‌സ് ബഹുജന റാലിയില്‍ വാഷിങ്ണ്‍ ഡിസിയില്‍ ബെറ്റി ഫ്രീഡനൊപ്പം ചേര്‍ന്നു. സ്റ്റെയ്നിമിന്റെ സഹോദരിയും രത്‌നശാസ്ത്രജ്ഞയുമായ സൂസന്‍ ഒരിക്കല്‍ നാസികളുടെ ഇരകളുടെ ആഭരണങ്ങളുടെ കാറ്റലോഗ് കണ്ടു, യഥാര്‍ഥ ഉടമകളെയോ അവകാശികളെയോ കണ്ടെത്താന്‍ കഴിയാത്തപ്പോള്‍ ജൂത അതിജീവിതരെ സഹായിക്കുന്നതിന് ലേലം ചെയ്തു. ആ കാറ്റലോഗ് വാഷിങ്ടണ്‍ ഡിസിയിലെ ഹോളോകാസ്റ്റ് മെമ്മോറിയല്‍ മ്യൂസിയ ലൈബ്രറിയിലുണ്ട്. അതിന്റെ ബുക്ക്പ്ലേറ്റില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: സൂസണും ഗ്ലോറിയ സ്റ്റെയ്നും പോളിന്‍ പെര്‍ല്‍മട്ടര്‍ സ്റ്റീനമിന്റെ ബഹുമാനാര്‍ഥം സംഭാവന ചെയ്തത്. പുരുഷന്റെ ഒപ്പില്ലാതെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനും മുമ്പ് വിലക്കുണ്ടായിരുന്ന ഐവി ലീഗ് സ്‌കൂളുകളില്‍ പ്രവേശനം നേടാനും അമേരിക്കയില്‍ നിയമപരമായി ഗര്‍ഭഛിദ്രം നടത്താനും കഴിയുംവിധം പെണ്ണവകാശങ്ങളെ സമൂലമായി മാറ്റിയ പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു ഗ്ലോറിയ സ്റ്റെയ്നിം.

Buy Gloria Steinem: A Life in American History (Woman Making History) Book Online at Low Prices in India | Gloria Steinem: A Life in American History (Woman Making History) Reviews & Ratings -

66-ാം വയസ്സിലെ വിവാഹം

2000 സെപ്തംബര്‍ മൂന്നിന് 66-ാം വയസ്സില്‍, അഭിഭാഷകനും സംരംഭകനും നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ലിന്റെ അച്ഛനുമായ ഡേവിഡ് ബെയ്ലിനെ സ്റ്റെയ്നിം വിവാഹംചെയ്തു. ബന്ധങ്ങളെ തകര്‍ക്കുന്ന സ്ഥാപനമായി സ്റ്റീനം വളരെക്കാലമായി ദാമ്പത്യത്തെ തള്ളിക്കളഞ്ഞിരുന്നുവെന്നത് പലരെയും അത്ഭുതപ്പെടുത്തി. 2004 ജനുവരിയില്‍ അദ്ദേഹം മരിച്ചു. ഞാന്‍ മാറിയിട്ടില്ല, വിവാഹം മാറിയിരിക്കുന്നുവെന്ന് കരുതി. ഡേവിഡും ഞാനും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചു, ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഗ്രീന്‍ കാര്‍ഡ് ആവശ്യമായിരുന്നു. ഒക്ലഹോമയിലെ ചെറോക്കി ചടങ്ങിലായിരുന്നു വിവാഹം. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രെയിന്‍ ലിംഫോമ ബാധിച്ചു. മരിക്കുംവരെ പരിചരിച്ചു. 1992-ല്‍ വ്യക്തിഗത വികസനത്തെ കേന്ദ്രീകരിച്ച ‘റെവലൂഷന്‍ ഫ്രം വിത്തിന്‍: എ ബുക്ക് ഓഫ് സെല്‍ഫ്എസ്റ്റീം’ പുസ്തകമിറത്തിറക്കി. സാമൂഹിക തലത്തില്‍ മാറ്റം വരുത്താന്‍ വ്യക്തികള്‍ക്ക് ആന്തരിക ശക്തി ആവശ്യമാണ് എന്നതാണ് അതിലെ ആശയം പക്ഷേ ചില നിരൂപകര്‍ അതിനെ ആക്ടിവിസത്തില്‍നിന്ന് തെന്നിമാറാനുള്ള വഴിയായി വിലയിരുത്തി. 2020 സെപ്തംബറില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ വിമര്‍ശനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് സ്റ്റെയ്നിം ഓര്‍മിപ്പിക്കുകയുണ്ടായി. ഏറ്റവും വേദനാജനകമായ വിമര്‍ശനങ്ങളോ ആക്രമണങ്ങളോ വരുന്നത് നിങ്ങളുടെ മൂല്യങ്ങള്‍ പങ്കിടുന്നവരില്‍ നിന്നാണ്, അല്ലാത്തവരില്‍ നിന്നല്ല, അദ്ദേഹം എന്നെക്കുറിച്ച് നല്ലത് പറഞ്ഞാല്‍ ഞാന്‍ സ്വയം വെടിവയ്ക്കും എന്നാണ് ന്യൂയോര്‍ക്ക് ടൈംസിനോട് വ്യക്തമാക്കിയത്. 2020 ല്‍ ഹുലുവില്‍ സംപ്രേഷണം ചെയ്ത ‘മിസിസ് അമേരിക്ക’ എഫ്എക്‌സ് മിനിസീരീസില്‍ ഉള്‍പ്പെടെ അവരുടെ ജീവിതം ഒട്ടേറെ പ്രാവശ്യം സ്‌ക്രീനില്‍ ചിത്രീകരിച്ചു. സൊസൈറ്റി ഓഫ് പ്രൊഫഷണല്‍ ജേണലിസ്റ്റുകളുടെ ലൈഫ് ടൈം അച്ചീവ്മെന്റ് ഇന്‍ ജേണലിസം അവാര്‍ഡ് ഉള്‍പ്പെടെ പത്രപ്രവര്‍ത്തനത്തില്‍ നിരവധി അംഗീകാരങ്ങളും നേടി. 2017 ജനുവരി 21-ന് ചരിത്രപ്രസിദ്ധമായ വനിതാ മാര്‍ച്ചിനായി ലക്ഷക്കണക്കിന് സ്ത്രീകള്‍ പിങ്ക് നിറത്തിലുള്ള പുസി തൊപ്പികള്‍ ധരിച്ച് വാഷിങ്ടണില്‍ ഒത്തുകൂടിയപ്പോള്‍ ഏറ്റവും ആവേശഭരിതയായ മുഖ്യ പ്രഭാഷകയായത് അവര്‍. ഞാന്‍ ആരാണെന്ന് അവര്‍ക്ക് അറിയാം എന്നതല്ല, മറിച്ച് അവര്‍ ആരാണെന്ന് അവര്‍ക്ക് അറിയാം എന്നതാണ് പ്രധാനമെന്നായിരുന്നു പ്രസംഗത്തിലെ ഈന്നല്‍. വനിതാ ആക്ഷന്‍ അലയന്‍സിന് നേതൃത്വം നല്‍കിയിട്ട് അര നൂറ്റാണ്ടിലേറെയായി. ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിന് സമര്‍പ്പിച്ചിരിക്കുന്ന ഗ്രൂപ്പായിരുന്നു അത്, മൂന്ന് സഹസ്ഥാപകരില്‍ ഒരാളായ സ്റ്റെയ്നിം 20-ാം നൂറ്റാണ്ടിന്റെ ശേഷിച്ച കാലയളവില്‍ അമേരിക്കന്‍ സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ മുഖമായി മാറി. ജീവിതകാലത്ത് കാണാന്‍ ആഗ്രഹിച്ച മാറ്റങ്ങള്‍ കൈവരിക്കുന്നതിന് പ്രചാരണം തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ശക്തമായ ഓര്‍മപ്പെടുത്തലുകളായിരുന്നു ആ ജീവിതമാകെ. ഏറ്റവും വ്യക്തവും ലളിതവുമായ മാറ്റം സ്വന്തം ശാരീരിക വ്യക്തിത്വത്തിന്റെ വിധി നിര്‍ണയിക്കാന്‍ കഴിയുകയെന്നതാണ്. അതുവഴി ഏത് കാലത്ത് കുട്ടികളുണ്ടാവണം, എപ്പോള്‍ പാടില്ലെന്നും തീരുമാനിക്കാം. ശാരീരിക വ്യക്തിത്വം എന്തുതന്നെയായാലും ബുദ്ധിമുട്ട് അവിടെനിന്നാണ് ആരംഭിക്കുന്നത്, നമുക്ക് ഗര്‍ഭപാത്രമുണ്ട്, പുരുഷന്മാര്‍ക്ക് അത് ഇല്ലാത്തതിനാല്‍ ഗര്‍ഭപാത്രത്തെ നിയന്ത്രിക്കാനുള്ള ആഗ്രഹം പലപ്പോഴും ഏറ്റവും മാരകമായ ശ്രമമാണെന്നും സ്വേച്ഛാധിപത്യ സംവിധാനങ്ങളുടെ കേന്ദ്രബിന്ദുവാണെന്നും സ്റ്റെയ്നിം എഴുതി. അമേരിക്കയില്‍ സ്ത്രീകള്‍ക്ക് പ്രത്യുത്പാദന അവകാശങ്ങള്‍ ലഭ്യമാകുന്നത് കൂടുതല്‍ പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ ലാറ്റിനമേരിക്കയിലെ ചിലര്‍ നിയമപരമായ ഗര്‍ഭഛിദ്രത്തിനുള്ള അവകാശത്തിന് വിജയകരമായി പ്രചാരണം നടത്തിയിട്ടുണ്ട്, ജീവിതത്തില്‍ എണ്ണമറ്റ തെരുവ് പ്രകടനങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന സ്റ്റെയ്നം അവരുടെ ദൃഢനിശ്ചയമുള്ള പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. നമ്മുടെ ശബ്ദങ്ങള്‍ ഉപയോഗിക്കുക, ശരീരത്താല്‍ പ്രതിഷേധിക്കുക, മറ്റ് സ്ത്രീകളെ പിന്തുണയ്ക്കുക എന്നതാണ് വിപ്ലവം കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രത്യുല്‍പാദന സ്വാതന്ത്ര്യം

പ്രത്യുല്‍പാദന സ്വാതന്ത്ര്യം സംസാര സ്വാതന്ത്ര്യത്തെക്കാള്‍ അടിസ്ഥാനപരമാണ്, പുരുഷന്മാര്‍ പുതിയ ലിംഗപരമായ റോളുകളുമായി പൊരുത്തപ്പെടുന്നതിനാല്‍ അവര്‍ക്കായി വിപ്ലവം സൃഷ്ടിക്കേണ്ടത് സ്ത്രീകളുടെ ഉത്തരവാദിത്തമല്ല. ചിലര്‍ വീട്ടുജോലിക്കാരാണ്. ആരാണ് കുട്ടികളെ വളര്‍ത്തുന്നത്? അത്താഴം ഉണ്ടാക്കുന്നത്? പാത്രങ്ങള്‍ കഴുകുന്നത് എന്നതെല്ലാം നിര്‍ണായകം. പുരോഗതിയുണ്ടായിട്ടുണ്ട്, പക്ഷേ പോരാ. ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കപ്പെടുന്നത് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമേലുള്ള സമ്മര്‍ദ്ദത്തെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നുമായിരുന്നു പ്രഖ്യാപനം. സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ ഇരുപത്തിരണ്ടുകാരി മഹ്സ അമിനി മരിച്ചതിനെ തുടര്‍ന്ന് ഹിജാബ് കത്തിച്ച് സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന് മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങി ഇറാനികള്‍ നടത്തിയ പ്രതിഷേധങ്ങളെ സ്വയം നിര്‍ണയാവകാശത്തിനായുള്ള പോരാട്ടമായും സ്ത്രീവാദ വിപ്ലവമായും അവര്‍ കണക്കാക്കി. 1970 കളില്‍ കറുത്ത വര്‍ഗ രാഷ്ട്രീയ പ്രവര്‍ത്തക ആഞ്ചല ഡേവിസുമായി അടുത്തു പ്രവര്‍ത്തിച്ചു. സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള സ്ത്രീകളുടെയും ആഫ്രിക്കന്‍ അമേരിക്കക്കാരുടെയും പോരാട്ടത്തിന്റെ പ്രതീകമായി മാറി അങ്ങനെ. എന്നിട്ടും പാശ്ചാത്യ സ്ത്രീവാദം അവര്‍ വേണ്ടത്ര ഉള്‍ക്കൊണ്ടില്ലെന്ന് വിമര്‍ശിച്ചിട്ടുണ്ട് ലോകമെമ്പാടുമുള്ള പലരും. ഈ രാജ്യം വംശീയതയെ നേരിടുകയാണ്. പ്രത്യേക പ്രശ്നങ്ങള്‍ ബാധിച്ച എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് അറിയാമോ. സംസ്‌കാരം റദ്ദാക്കാന്‍ അനുവദിക്കരുത്. അത് റദ്ദാക്കാന്‍ നാം വഴങ്ങുന്നതും അപകടകരം. സെന്‍സര്‍ഷിപ്പ് പോലുള്ള സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ ഇപ്പോഴും ആളുകളെ നിശബ്ദരാക്കുകയാണ് എന്നായിരുന്നു മറുപടി. മിമിയോഗ്രാഫ് എന്ന പ്രാകൃത ഡ്യൂപ്ലിക്കേറ്റിങ് മെഷീനില്‍ കൈപ്പുസ്തകങ്ങളും ആഹ്വാനങ്ങളും നല്‍കിയിരുന്ന നാളുകളെ സ്റ്റെയ്നിം ഓര്‍ത്തെടുക്കുകയുണ്ടായി. പകര്‍ച്ചവ്യാധിയുടെ ഫലമായി വിദൂരമായി ബന്ധപ്പെടാനും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുമുള്ള അവസരങ്ങള്‍ ആവോളം സ്വീകരിച്ചു. ഇന്റര്‍നെറ്റിന്റെ പ്രശ്‌നം അത് വിവേചനപരമാണെന്നതാണ്, കാരണം എല്ലാവര്‍ക്കും കംപ്യൂട്ടര്‍ സ്വന്തമാക്കാന്‍ കഴിയില്ല; സാങ്കേതികവിദ്യ മനസ്സിലാക്കാനും ഏറെ പ്രയാസം. അല്ലെങ്കില്‍ വെബില്‍ സ്വയം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ല. അത് ആശങ്കാജനകമാണ്; സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്ക് സാങ്കേതികവിദ്യയില്‍ കൂടുതല്‍ പ്രാപ്യതയുള്ളതിനാല്‍ എന്നാണ് കൂട്ടിച്ചേര്‍ത്തതും. ലിംഗപരമായ റോളുകള്‍ പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍ പുരുഷന്മാരെ മാറ്റത്തിലേക്ക് നയിക്കാന്‍ സഹായിക്കുന്നതില്‍ ഫെമിനിസത്തിന്റെ പോരായ്മ ചിലര്‍ ചൂണ്ടിക്കാണിച്ചേക്കാം. സ്റ്റെയ്നിമിനെ സംബന്ധിച്ച് പുരുഷന്മാരെ അവരുടെ വിപ്ലവവും അത്താഴവുമാക്കുക എന്നത് സ്ത്രീകളുടെ ഉത്തരവാദിത്തമല്ല. ചില പുരുഷന്മാര്‍ സ്ത്രീവാദത്തെ നിരസിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതാണ്, കാരണം പുരുഷത്വം ഉപയോഗിച്ച് ആധിപത്യം സ്ഥാപിക്കുന്നവര്‍ക്ക് അത് പ്രയോജനകരമല്ല. മാറ്റം സ്വന്തം വീടുകളില്‍ നിന്നാണ് ആരംഭിക്കേണ്ടത്. അവിടെയാണ് ജനാധിപത്യത്തിന്റെ അഭാവം, നമുക്കെല്ലാവര്‍ക്കും വരുത്താന്‍ കഴിയുന്ന മാറ്റത്തിന്റെ തുടക്കസ്ഥലം. എന്റെ സ്വീകരണമുറിയെ സംസാരിക്കാനുള്ള സ്ഥലമാക്കി മാറ്റി. നിങ്ങള്‍ക്കറിയാമോ, വിപ്ലവം വ്യത്യസ്ത പാത്രങ്ങളിലേക്ക് ഒഴിക്കപ്പെടുന്ന ദ്രാവകം പോലെയാണ്. അത് അതിന്റെ രൂപം മാറ്റുന്നു, പക്ഷേ അത് ഇപ്പോഴും ഒരേ ദ്രാവകമാണെന്ന് വ്യക്തമാക്കിയ അവരുടെ ആക്ടിവിസത്തിന് പുരുഷന്മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും ഒരുപോലെ പ്രതികരണങ്ങളും അശ്ലീലം പോലെ ഭയപ്പെടുത്തുന്നതുമായ പീഡനങ്ങളും ഉണ്ടായി.പ്രശസ്തിയും കുപ്രസിദ്ധിയും തുടര്‍ന്നെങ്കിലും എഡിറ്റര്‍മാര്‍ തന്നെ ഗൗരവമായി എടുക്കാന്‍ പാടുപെടുന്നതായി കണ്ടെത്തി.

ന്യൂയോര്‍ക്ക് ടൈംസ് അഭിമുഖം

2008-ല്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റെയ്നിം തന്റെ ജീവിതത്തെക്കുറിച്ച് പ്രതികരിച്ചു. എനിക്ക് ഏറ്റവും സംതൃപ്തിയും സന്തോഷവും തോന്നുന്നത് എന്താണെന്ന് നിങ്ങളോട് പറയട്ടെ, ഒരാള്‍ വിമാനത്തിലോ തെരുവിലോ മറ്റെവിടെയെങ്കിലുമോ അടുത്ത് വന്ന് വനിതാ പ്രസ്ഥാനം കാരണം അവരുടെ ജീവിതം എങ്ങനെ മാറിയെന്ന് പറയുമ്പോഴാണത്. നവലിബറല്‍ ഫെമിനിസത്തിന്റെ ഗോഡ് മദര്‍ ആയിരുന്നു അവരെന്നാണ് ചിലരുടെ വിധിതീര്‍പ്പ്. സിഐഎയുടെ പ്രിയപ്പെട്ട തീവ്ര ഫെമിനിസ്റ്റെന്നും മുദ്രകുത്തപ്പെട്ടു. പിന്തിരിപ്പന്‍ പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിന് ആ അമേരിക്കന്‍ ചാര സംവിധാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സ്ത്രീ വിമോചന പ്രസ്ഥാനത്തെ കോര്‍പ്പറേറ്റ് സൗഹൃദപരവും സോഷ്യലിസ്റ്റ് വിരുദ്ധവുമായ ദിശയിലേക്ക് നയിക്കാന്‍ സഹായിക്കുകയും ചെയ്തുവെന്നാണ് നിരീക്ഷണം. സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ ഒരിക്കലും പങ്കുവെച്ചിട്ടില്ലാത്ത അവര്‍ അര നൂറ്റാണ്ട് ആ ധാരയെ പ്രതിനിധാനം ചെയ്തത് ലജ്ജാകരമാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ അവരെ പ്രശംസിച്ചു, വാള്‍സ്ട്രീറ്റ് ജേണലും ന്യൂയോര്‍ക്ക് ടൈംസും അതിനായി നന്നായി ഉത്സാഹിക്കുകയുണ്ടായി. സ്ത്രീ പ്രസ്ഥാനത്തിന്റെ വ്യക്തിത്വം എന്ന് വിശേഷിപ്പിക്കുകയും ബോര്‍ഡ് റൂം മുതല്‍ കോടതിമുറി തൊട്ട് കിടപ്പുമുറി വരെയും അമേരിക്കന്‍ ജീവിതത്തിന്റെ മിക്കവാറും എല്ലാ വശങ്ങളിലും വ്യാപകമായ സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ സഹായിച്ചതിന് ടൈംസ് പുകഴ്ത്തുകയുംചെയ്തു.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.