ഒരിക്കൽ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കെ അതിൽ ഒബ്ളോമോവിസം എന്നൊരു വാക്കു കണ്ടു. അതിന്റെ അർത്ഥം തിരഞ്ഞു. ഒബ്ളോമോവ് എന്നത് ഇവാൻ ഗോൺചരോവ് എന്ന റഷ്യൻ എഴുത്തുകാരന്റെ ഒരു നോവലാണ്. ലോക ക്ളാസിക്കുകളിൽ ഒന്നായി ഇന്നതു കരുതപ്പെടുന്നു. നോവലിന്റെ കഥാ സംഗ്രഹവും ഒബ്ളൊമോവിസം എന്ന വാക്കിന്റെ ഉത്പത്തിയും ഗ്രഹിച്ചെടുക്കാനായി. കടുത്ത അലസതയും ശാരീരികമോ മാനസികമോ ആയ പ്രയത്നങ്ങളോടുള്ള വിമുഖതയും കാരണം പൂർണ്ണ നിഷ്ക്രിയനായ ഇല്യ ഇലിയിച്ച് ഒബ്ളോമോവ് എന്ന യുവാവാണതിലെ നായകൻ. അയാളുടെ ഈ മടി മൂലം അയാൾക്ക് പലവിധ നാശങ്ങളും നഷ്ടങ്ങളും സംഭവിക്കുന്നു. സുഹൃത്തുക്കൾ ചൂഷണം ചെയ്യുന്നു. പ്രണയം നഷ്ടപ്പെടുന്നു. ഈ നോവൽ റഷ്യൻ സംസ്കാരത്തിൽ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമാണ് ഒബ്ളോമോവിസം എന്ന വാക്ക്. വിട്ടുമാറാത്ത മടി, നിസ്സംഗത, യഥാർത്ഥ്യങ്ങളെ നേരിടാനുള്ള വിമുഖത എന്നിവയെ സൂചിപ്പിക്കാനുപയോഗിക്കുന്ന വാക്കായി പിന്നെയത്.
ഒരാളിൽ മടി, അലസത, ഉത്തരവാദിത്വബോധമില്ലായ്മ എന്നിവ വളരുന്നതിനടിസ്ഥാന കാരണങ്ങളിൽ ഒന്നായി മനശാസ്ത്രജ്ഞർ പറയുന്നത് ബാല്യത്തിൽ അവർക്ക് ലഭിക്കുന്ന അമിത സംരക്ഷണമാണ്. ഒബ്ളോമോവിന്റെ കഥ തന്നെയെടുക്കാം. അയാൾക്ക് ബാല്യത്തിൽ ഷൂസ് ധരിപ്പിക്കാൻ വരെ പരിചാരകരുണ്ടായിരുന്നു. അതിനാൽ അയാൾ ഇതൊന്നും തന്നെക്കൊണ്ടാകില്ല എന്നൊരു നിസ്സഹയതാവസ്ഥ വളർത്തിയെടുത്തു. അതിനൊപ്പം അയാൾക്ക് അമ്മയുടെ അമിത സംരക്ഷണവും ബാല്യത്തിൽ ലഭിച്ചിരുന്നു. ഒബ്ളോമോവ് വളർന്നപ്പോഴും ഇങ്ങനെയൊരു അമ്മ സംരക്ഷണമാണു പങ്കാളിയിൽ നിന്നു തേടുന്നത്. ഇതെല്ലാം മൂലം ഇത്തരം വ്യക്തികൾ അമിത വൈകാരികതയുള്ളവരാകും എന്നും മനശാസ്ത്രജ്ഞർ പറയുന്നുണ്ട്. ആ വൈകാരികത അവരെ എല്ലാതിൽ നിന്നും ഉൾവലിയാൻ പ്രേരിപ്പിക്കും എന്നും. കാരണം ഒരു ചെറിയ തെറ്റുപോലും അവരെ ഭയപ്പെടുത്തും. അവരുടെ അഹംബോധത്തെ വൃണപ്പെടുത്തും. ബാല്യത്തിൽ അമിത വിമർശനങ്ങൾ നേരിടേണ്ടി വന്നവരിലും പിന്നെ ഇങ്ങനെയൊരു അവസ്ഥയുണ്ടാകാം എന്നും മനശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഞാനെന്തു ചെയ്താലും എന്റെ അവസ്ഥയിലൊരു മാറ്റവുമുണ്ടാകില്ല എന്ന ചിന്ത അവരുടെ മനസിൽ ഉറയ്ക്കും. അതിനാൽ എന്തിനെയെങ്കിലും നേരിടേണ്ടി വരുമ്പോൾ അവർ സ്വയം സുരക്ഷിതമെന്നു കരുതുന്നിടത്തേക്ക് ഉൾവലിയും. അതൊരു മുറിയോ കട്ടിലോ ഒക്കെയാകാം. അവിടെ ഒതുങ്ങിക്കൂടാൻ ശ്രമിക്കും. ഇത്തരം മടികളെ മനശാസ്ത്രജ്ഞർ അവൊളീഷൻ എന്നു വിളിക്കുന്നുണ്ട്. അതായത് ഇത്തരം അവസ്ഥയിലുള്ളവർക്കും (രോഗികൾക്കും) ചിലതെല്ലാം പ്രവർത്തിക്കണം എന്ന് ഉള്ളിൽ തീവ്രമായ ആഗ്രഹമുണ്ടാകുമെങ്കിലും ആ ആഗ്രഹത്തെ പ്രവൃത്തിയിലെക്കു മാറ്റാനുള്ള തലച്ചോറിന്റെ കോഗ്നിറ്റീവ് കണക്ഷൻ പൂർണ്ണമായും തകരാറിലായിട്ടുണ്ടാകും. അവൊളീഷൻ പക്ഷേ ഒബ്ലോമോവിസമാണെന്ന് തീർത്തു പറയാനാകില്ല. ചെറിയ വ്യത്യാസങ്ങളുണ്ട്. കാരണത്തിലും ചെയ്തികളിലും ആ വ്യത്യാസങ്ങൾ കാണാം. എന്നാൽ മടി, അതായത് സാധാരണ മടി, അദ്ധ്വാനിക്കുന്നതിനു പകരം സ്വന്തം ഇഷ്ടപ്രകാരം സുഖസൗകര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു ബോധപൂർവ്വമുള്ള തീരുമാനമാണ്. അതിനെ ഒബ്ളോമോവിസമെന്നോ അവൊളീഷനെന്നോ വിളിക്കാനാകുമെന്നു തോന്നുന്നില്ല.

ചില നോവലുകളിലെ കഥാപാത്രങ്ങൾ ഇങ്ങനെ ചില മനശാസ്ത്രാന്വേഷണങ്ങളിലേക്കെന്നെ കൊണ്ടെത്തിക്കാറുണ്ട്. എന്തുകൊണ്ടയാൾ ഇങ്ങനെയായി എന്ന ചോദ്യം ചോദിപ്പിക്കാറുണ്ട്. അത്തരത്തിൽ സമൂഹത്തിലിന്നു കാണാവുന്നതെങ്കിലും സാധാരണയുള്ളതിൽ നിന്നു വ്യത്യസ്തമായ ഒരു കഥാപാത്രത്തെ മുൻനിർത്തിയാണ് സുരേന്ദ്രൻ മങ്ങാട്ട് ഉരഗം എന്ന നോവലിലെ കഥ പറയുന്നത്. ആ മാനസികാവസ്ഥ അല്ലെങ്കിൽ അത്തരം കഥാപാത്രങ്ങളെ നമ്മൾ ശ്രദ്ധിക്കേണ്ടതാണെന്ന് നോവൽ പറയുന്നു. അതായത് നേരത്തെ നമ്മൾ ചർച്ച ചെയ്ത ഒബ്ളോമോവിസത്തെ. അവോളീഷൻ എന്ന മാനസികാവസ്ഥയെ.
ഉരഗങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവയുടെ ശീതരക്തമാണ്. സ്വന്തമായി ശരീരതാപമുത്പാദിപ്പിക്കാൻ അവയ്ക്കാകില്ല. പുറത്തുനിന്നുള്ള സൂര്യപ്രകാശം വേണമവയ്ക്ക്. അത്തരത്തിൽ സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള ആന്തരിക പ്രേരണയില്ലാത്തവനാണ് ഈ നോവലിലെ നായകനയ ഭൂപൻ. മടിയും ഉറക്കവും ആത്മവിശ്വാസക്കുറവും സ്ഥായീഭാവമായുള്ളവൻ. ഉരഗത്തെപ്പോലെ ഇഴഞ്ഞു നീങ്ങുന്നവൻ. ഉയർന്ന് നിൽക്കാനോ നടക്കാനോ കഴിയാത്തവൻ, അഥവാ (ഭുപനിലേക്കെത്തുമ്പോൾ) അതിനു താത്പര്യമില്ലാത്തവൻ. ജീവിതത്തിലെ ഉത്തരവാദിത്വങ്ങളെ നിവർന്ന് നിന്നു നേരിടുന്നതിനു പകരം എപ്പോഴും തിരശ്ചീനമായി കിടക്കാൻ താത്പര്യപ്പെടുന്നവൻ. അയാൾക്ക് ജീവനുണ്ട്. എന്നാൽ അയാളുടെ ചിന്തകളും പ്രവർത്തനങ്ങളും പൂർണ്ണമായും നിശ്ചലങ്ങളാണ്.
എഴുപത്തിനാലുവയസ്സുവരെ കഠിനാദ്ധ്വാനം ചെയ്ത ഒരച്ഛന്റെ മകനാണ് ഭൂപൻ. അച്ഛൻ ആദ്യം ഗൾഫിൽ ജോലി ചെയ്തു. സമ്പാദ്യമെല്ലാം പലവഴിക്കൊഴുകി പോയി. അതിൽ അവസാനകാലങ്ങളിൽ തുടക്കമിട്ട ഒരു വ്യാപരത്തിന്റെ തകർച്ചയുമുണ്ട്. പിന്നെ ചെയ്തുകൊടുത്ത പരസഹായങ്ങളുടെ പേമാരിപ്പെയ്ത്തുകളും. അങ്ങനെയുള്ള പരസഹായങ്ങളിൽ സ്വയം ചെയ്തതും ഭാര്യവഴിയുള്ളതുമുണ്ട്. ഉരഗത്തിലെ കഥപറയുമ്പോൾ ഈ അച്ഛനെഴുപത്തിയെട്ടു വയസ്സ്. രോഗിയാണ്. പരസഹായമില്ലാതെ നടക്കാനാകില്ല. സാമ്പത്തിക തകർച്ചയെ അതിജീവിക്കാൻ, കടം വന്ന പണം കൊടുത്തു തീർക്കാൻ, പട്ടണത്തിലുണ്ടായിരുന്ന വീടും പുരയിടവും വിറ്റ് ദൂരെ കടലിനരികിലൊരിടത്തൊരു പഴയ വീടു വാങ്ങി താമസമാക്കിയിരിക്കുന്നു. ഒപ്പം ഭൂപൻ എന്ന മകൻ. വിവാഹിതൻ. പിന്നെ ഭാമ എന്ന മകൾ. ഉദ്യോഗസ്ഥയാണ്. ഭാമയുടെ മകൾ റിമ. ഭാമയുടെ ഭർത്താവിനെ അവർ ആർ. ഡി. എന്നു വിളിക്കുന്നു. അയാൾ യു.കെയിലാണ്. പിന്നെയുള്ളത് ഭാമയുടേയും ഭൂപന്റേയും അമ്മ. ഭൂപന്റെ ഭാര്യ, ചാരുലതയും ഉദ്യോഗസ്ഥയാണ്. പക്ഷേ അവർ ഭൂപനോടൊപ്പമല്ല താമസം. ഭൂപനിലെ മടി അഥവാ ജോലിയൊന്നും ചെയ്യാതിരിക്കുക, ഉത്തരവാദിത്വബോധമെന്നൊന്നില്ലാതിരിക്കുക എന്നതാണവർ വിട്ടുപോയതിനടിസ്ഥാന കാരണം.
അമ്മ, ഭാമ, ചാരുലത എന്നീ മൂന്ന് ശക്തമായ സ്ത്രീ കഥാപാത്രങ്ങളുണ്ടീ നോവലിൽ. നോവൽ കാതലാക്കുന്നത് ഭൂപന്റെ മാനസികാവസ്ഥയാണെങ്കിലും, അതിന്റെ അനന്തിരഫലങ്ങളാണെങ്കിലും, കഥയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ മാത്രമല്ല, ഈ മാനസികാവസ്ഥയെ വിശദീകരിക്കുന്നതിലും ഇന്നും നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സ്ഥാനമെന്തെന്നടയാളപ്പെടുത്തുന്നതിലും ഇവർ വലിയ പങ്കുവഹിക്കുന്നുണ്ട്. കഥയിലേക്കു കയറിവരുന്ന ചില കഥാപാത്രങ്ങൾ പിന്നെയുമുണ്ട്. ഭാമയുടെ ചില സുഹൃത്തുക്കൾ, ചാരുലതയുടെ ഓഫീസിലെ മാനേജർ അങ്ങനെയങ്ങനെ.
ഭൂപന്റെ മുറിയിലേക്ക്, അകത്തേക്കു മാത്രം തുറക്കുന്ന ജാലകത്തിലൂടെ, രാത്രിയിൽ വരുന്ന ഒരു കഥാപാത്രത്തെയും നമുക്ക് കാണാം. അതു ഭൂപന്റെ ചിന്തകളിൽ രൂപപ്പെട്ടതാണ്. തന്റെ ചെയ്തികളെ ന്യായീകരിക്കുക, താൻ ചെയ്യാനൊരുങ്ങുന്നതിനു ന്യായവാദങ്ങൾ കണ്ടെത്തുക, ഈ ലോകം ഇങ്ങനെയൊക്കെയാണെന്നുറപ്പിക്കുക, ഇതിനെല്ലാം പശ്ചാത്തലമായുള്ള ഗോത്രപ്പെരുമ കണ്ടെത്തുക, എന്നിങ്ങനെ ആ ആത്മാവിന്റെ ചെയ്തികൾ ദീർഘങ്ങളാണ്. ഒബ്ളോമോവിസ്റ്റായ ഭൂപനെ സമൂഹവുമായി ബന്ധപ്പെടുത്തി നിർത്താൻ അയാളുടെ സ്വത്വം നടത്തുന്ന ശ്രമങ്ങളും നമുക്ക് ഈ ആത്മാവുമൊത്തുള്ള സംഭാഷണങ്ങളിൽ കാണാനാകും. ചിലതെല്ലാം നിർമ്മിക്കപ്പെടുന്നത് അടിസ്ഥാനമില്ലായ്മയിൽ നിന്നാണെന്നും ഒപ്പമുണ്ടെന്ന് ഗോത്രത്തെ ബോധ്യപ്പെടുത്തുന്നതിലാണു കാര്യമെന്നും ആ ആത്മാവ് ഭൂപനെ ഉപദേശിക്കുന്നുണ്ട്. കറുത്ത രൂപമായി ആ അത്മാവെത്തുമ്പോഴെല്ലാം ഭൂപനിലേക്കൊരു ഊർജ്ജപ്രവാഹമുണ്ടാകുന്നു എന്ന് നോവലിലൊരിടത്തു പറയുന്നു. കഥാവസാനത്തിലേക്കെത്തുമ്പോൾ അമ്മയെ വശീകരിച്ച് വീടിന്റെ ആധാരമെടുപ്പിക്കാനും, ആ ആധാരം പണയം വച്ചു ലഭിച്ച പണം വിദേശത്തേക്കാളെയെടുക്കുന്നതെന്നു പറയപ്പെട്ട ഒരു ഏജൻസി തട്ടിയെടുത്തപ്പോൾ എല്ലാം അച്ഛനറിയുന്നതിനു മുമ്പ് അച്ഛനെ തന്നെ ഇല്ലാതാക്കിയാലോ എന്ന ചിന്ത വരുത്തുന്നതും ഇതേ ആത്മാവു തന്നെ. മറ്റൊരാളോട് ഒന്നാലോചിക്കുക പോലും ചെയ്യാതെ, അതിനു വേണ്ട മാനസികോർജ്ജമെങ്കിലും സജ്ജീകരിക്കാതെ, സ്വരൂപിക്കാതെ, അതിനാകാതെ, എല്ലാം സ്വന്തം ഉള്ളിൽ നിന്നു പൊട്ടിമുളക്കുകയും, ഉള്ളിൽ തന്നെ വട്ടം കറങ്ങി അതു തന്നെ ശരിയെന്നു തീരുമാനിക്കുകയും ചെയ്യുക എന്നത് അവോളിസം അഥവാ ഒബ്ളോമോവിസം സ്വഭാവവിശേഷമായവരുടെ പ്രത്യേകാൽ ലക്ഷണമാണ്. അവർ അതനുസരിച്ച് മുന്നോട്ടു നീങ്ങാൻ ശ്രമിക്കും. പരാജയപ്പെട്ടാൽ കൂടുതൽ വെപ്രാളപ്പെടും. മറ്റുള്ളവരുടെ സഹായം കൊണ്ടൊരു വഴി കണ്ടെത്തിയാലുടൻ അതു തനിക്കു യോജിച്ചതല്ലെന്ന തീരുമാനത്തിലെത്തുകയും ചെയ്യും. ഇതൊക്കെ തന്നെയാണ് ഭൂപന്റെ ജീവിതത്തിലും സംഭവിക്കുന്നത്. ഉരഗത്തിലെ കഥ പറയുകയല്ല ഉദ്ദേശം എന്നതിനാൽ എല്ലാ സംഭവങ്ങളും ഇവിടെ വിവരിക്കുന്നില്ല.
നോവലിലെ ശക്തരായ മൂന്നു സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചു സൂചിപ്പിക്കുകയുണ്ടായല്ലോ. രണ്ടു തലമുറക്കാർ എന്നിവരെ വിളിക്കാം. ഒന്നാം തലമുറയിലേത് അമ്മയാണ്. സുമാത്രൻ എന്ന അച്ഛൻ കഥാപാത്രം വർഷങ്ങളോളം ഗൾഫിൽ ജോലി ചെയ്തപ്പോൾ ലഭിച്ച വരുമാനത്തിൽ നിന്ന് മറ്റുള്ളവരെ സഹായിച്ച അമ്മ. മകനെ തന്റെ ചിറകിനടിയിൽ സംരക്ഷിച്ചു നിർത്തിയ അമ്മ. അമ്മയുടെ പരസഹായസ്വഭാവം ഒരളവുവരെയെങ്കിലും പിൽക്കാലത്തെ സാമ്പത്തികക്ളേശങ്ങൾക്കാധാരമായി എന്ന് നോവലിൽ സൂചനകാണാം. അച്ഛനടക്കം പലരും മകൻ ഭൂപനു ജോലികൾ ശരിയാക്കി എങ്കിലും എവിടേയും ഉറച്ചു നിൽക്കാതെ വീട്ടിൽ ഉച്ചവരെ ഉറങ്ങുക, നിലത്തു കിടന്ന്, കാലുകൾ കട്ടിലിലേക്കു കയറ്റി വച്ച് ഉറങ്ങുക, എന്ന ശീലം വളർത്തിയ മകനെ അവസാന നിമിഷത്തിലും ഒപ്പം നിർത്താൻ ശ്രമിക്കുന്നത്, അവന്റെ ഇംഗിതങ്ങൾക്കൊപ്പം നിൽക്കുന്നത് ഈ അമ്മയാണ്. പണയം വയ്ക്കാൻ അച്ഛനോട് വീടിന്റെ ആധാരം ചോദിക്കുന്നുണ്ട് മകൻ. അച്ഛൻ നിഷേധിച്ചപ്പോൾ മകൻ അമ്മയോട് പരാതിപ്പെടുന്നു. അച്ഛൻ എനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നു പരാതിപ്പെടുന്നു. അമ്മ അച്ഛനറിയാതെ ആധാരമെടുത്തുകൊടുക്കുന്നു. വിദേശത്തൊരു ജോലിക്കുവേണ്ടി ആധാരം പണയപ്പെടുത്തിയ ഭൂപൻ വഞ്ചിക്കപ്പെടുന്നു. അപ്പോഴും ഭൂപന്റെ മനസ്സിൽ അച്ഛൻ തനിക്കു വേണ്ടി എന്തു ചെയ്തു എന്ന ചോദ്യം വരുന്നുണ്ട്. ആധാരം നഷ്ടപ്പെട്ടത് അച്ഛനറിയരുത്, വീട്ടിലെ മറ്റുള്ളവരറിയരുത് എന്ന ചിന്തയും വരുന്നുണ്ട്. ആ ചിന്തയാണയാളിലെ അപരനെക്കൊണ്ട് അച്ഛന്റെ ജീവിതത്തിനു പൂർണ്ണവിരാമമിടുവിക്കുക എന്ന ഉപദേശം നൽകിക്കുന്നത്. ഭൂപൻ അതു പ്രാവർത്തികമാക്കുന്നതിലാണല്ലോ കഥയവസാനിക്കുന്നത്. പറഞ്ഞുവന്നത് അമ്മയെക്കുറിച്ചാണ്. കുട്ടികളിൽ ഇത്തരം സ്വഭാവങ്ങൾ വളർത്തുന്നതിൽ മാതാപിതാക്കൾക്കുള്ള പങ്കിനെക്കുറിച്ചാണ്. ദാരിദ്ര്യമോ കഷ്ടപ്പാടോ താനറിഞ്ഞിട്ടില്ല എന്ന് ഭൂപന്റെ മനസ്സ് നോവലിലൊരിടത്തു പറയുന്നു. അങ്ങനെയൊരു ഗതകാലം ഓർമ്മയിലില്ല എന്ന്. സമൃദ്ധിയുടെ നടുവിലായിരുന്നു എന്നും എന്ന്. അതിനാൽ ചുറ്റുമുള്ള ലോകത്തെ അറിയേണ്ടതായി തോന്നിയിട്ടില്ല എന്ന്. താൻ താമസിക്കുന്ന സമൂഹത്തെ ബാല്യം മുതൽ അറിയാൻ ശ്രമിച്ചില്ലെങ്കിൽ വരാൻ സാധ്യതയുള്ളതാണ് ഭൂപനിൽ കാണുന്ന ഒബ്ളോമോവിസം പോലെയുള്ള മനോരോഗങ്ങൾ. ഇത്തരം മടിയും സാധാരണ മടിയും ഉത്തരവാദിത്വബോധമില്ലായ്മയും മനോരോഗമായി തന്നെ കാണണമല്ലോ. അതു ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം, സ്നേഹം പങ്കുവയ്ക്കുന്നതുപോലെ തന്നെ, മാതാപിതാക്കൾക്കുണ്ട്. അമ്മയ്ക്ക് മകൻ മകനാണ്. അവൻ സ്വന്തം കാലിൽ നിൽക്കുന്നില്ലെങ്കിലും അതിനവൻ തയ്യാറാകുന്നില്ലെങ്കിലും മകൻ മകനാണ്. അതിനാലാണാരുമറിയാതെ വീണ്ടും മകന്റെ ഇംഗിതം നിറവേറ്റാൻ ആധാരം മോഷ്ടിച്ചെടുക്കുന്നത്. മകൻ തന്നെ കളർ ഫോട്ടോസ്റ്റാറ്റ് തിരിച്ചു തന്നു വഞ്ചിക്കുകയായിരുന്നു എന്നൊന്നും അമ്മ അറിയുന്നില്ല. അങ്ങനെ മകൻ തന്നെ വഞ്ചിച്ചേക്കും എന്നു ചിന്തിക്കാൻ അമ്മയ്ക്കാകുന്നില്ല എന്നതാണു സത്യം. അതു തന്നെയാണിത്തരം സ്വഭാവക്കാരുടെ വിപരീത ചിന്തകളെ, അലസതകളെ, ഊട്ടിവളർത്തുന്നതും. പക്ഷേ അമ്മ നിഷ്കളങ്കയാണെന്ന്, മറ്റുള്ളവർക്ക് നന്മ ചെയ്യുന്നവളാണെന്ന് നോവൽ പലയിടത്തും സൂചിപ്പിക്കുന്നു. അങ്ങനെയൊക്കെയാകുമ്പോഴും, മറ്റുള്ളവരെയെല്ലാം സ്നേഹിക്കുമ്പോഴും അവർക്കായി ജീവിതം സമർപ്പിക്കുമ്പോഴും, നമ്മൾ കണ്ണു തുറന്നു തന്നെ പിടിക്കണം എന്ന ഉപദേശം തരികയാണീ നോവൽ ഈ അമ്മ എന്ന കഥാപാത്രത്തിലൂടെ.

ഭൂപന്റെ സഹോദരി ഭാമ കടന്നുപോകുന്നത് മറ്റൊരു തരം ജീവിതത്തിലൂടെ. ഭാമ കവിതയെഴുതും, ചിത്രം വരയ്ക്കും. ഭാമയാണവരുടെ വീടു മുന്നോട്ടു കൊണ്ടുപോകുന്നത്. ആർ. ഡി. എന്നവർ വിളിക്കുന്ന ഭർത്താവാകട്ടെ മറ്റൊരു ദ്രുവത്തിലാണ്. അയാൾക്ക് ഭാര്യയുടെ കഴിവുകളെ, ഇഷ്ടങ്ങളെ, പ്രകീർത്തിക്കാൻ പോകട്ടെ, അംഗീകരിക്കാൻപോലുമാകുന്നില്ല എന്നു മാത്രമല്ല, കഴിവതും പരിഹസിക്കുകയോ വിലകുറച്ചു കാണുകയോ ചെയ്യുന്നു. ഭാമയുടെ സ്വകാര്യ ഡയറിക്കുറിപ്പുകളും അവയിലെ കവിതകളും ഭൂപൻ മോഷ്ടിച്ചു വായിക്കുന്നുണ്ട്. അങ്ങനെ ഭാമയുടെ ലോകത്തിൽ ആർ.ഡിയല്ലാതെ ഒരു പുരുഷനുണ്ടോ എന്നുപോലും അയാൾ സംശയിക്കുന്നു. അതിനു കാരണം ആർ.ഡിയും ഭാമയും തമ്മിലുള്ള ഈ പൊരുത്തക്കേടുകൾ തന്നെ. ഇതേ പൊരുത്തക്കേടുകൾ മൂലം തന്റെ സ്വന്തം ഭാര്യയെക്കുറിച്ചും ഭൂപൻ ഇത്തരത്തിൽ ചിന്തിക്കുന്നതു കാണാം. അതുപക്ഷേ ഓഫീസിലെ ഒരു മേലുദ്യോഗസ്ഥനുമായി ബന്ധപ്പെടുത്തിയാണ്. ചാരുലതയ്ക്ക് ഭൂപന്റെ ചെയ്തികൾ, അലസത, നിഷ്ക്രിയത്വം, ഉത്തരവാദിത്വബോധമില്ലായ്മ മനസിലാകുന്നില്ല. അതിന്റെ കാരണം. കിടപ്പറയിൽ പോലും കാണിക്കുന്ന നിസ്സംഗത. അതിനാൽ അവർ അയാളെ ഇട്ടെറിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്നു. ജോലിക്കു പോകാൻ അതാണു സൗകര്യം എന്നതാണു കാരണം പറയുന്നത്. എന്നിരുന്നാലും ഭൂപന്റെ അത്യാവശ്യങ്ങൾക്കായി അവൾ പണം കൊടുക്കുന്നു. പിടിച്ചു നിർത്താൻ ശ്രമിക്കുന്നു. കുറ്റപ്പെടുത്തലുകളില്ല എന്നല്ല. ആ കുറ്റപ്പെടുത്തലുകൾക്ക് ഉപദേശങ്ങളുടെ, തന്റെയവസ്ഥകൂടി പരിഗണിച്ച് മറ്റൊരു ജീവിതം, അദ്ധ്വാനിക്കുന്ന ജീവിതം, തുടങ്ങണം എന്ന അഭ്യർത്ഥനയുണ്ട്. പക്ഷെ പോകെപോകെ ഭൂപൻ അതിലെ വിപരീതങ്ങൾ മാത്രം കാണുന്നു. അച്ഛന്റെ ഒരു കൂട്ടുകാരനേയും അമ്മയേയും ഇതുപോലെ ബന്ധപ്പെടുത്താനും ഭൂപന്റെ മനസ്സു വെമ്പുന്നുണ്ട്. ആ സുഹൃത്ത് വീട്ടിലെടുത്തിരുന്ന സ്വാതന്ത്ര്യം അതിനു കാരണമാകുന്നു. അതിനാൽ തന്റെ അച്ഛൻ യഥാർത്ഥത്തിൽ അച്ഛൻ തന്നെയാണോ എന്നുപോലും ഭൂപൻ സംശയിക്കുന്നതു കാണാനാകും. അവസാനം വരെ ആ സംശയം നിലനിൽക്കുന്നുമുണ്ട്.
ഇന്നും നമുക്ക് ചുറ്റിലും അനേകം ഭൂപന്മാരെ കാണാനാകും. അവരുടെ മാനസിക വ്യാപാരങ്ങളെ അതിലളിതമായ ഭാഷയിൽ ഒട്ടും വലിച്ചു നീട്ടലുകളില്ലാതെ, അനാവശ്യ ജ്ഞാനോപദേശങ്ങളോ, അറിവുപങ്കുവയ്ക്കലുകളോ ഇല്ലാതെ, ചിത്രീകരിച്ചിരിക്കുകയാണ് സുരേന്ദ്രൻ മങ്ങാട്ട് ഈ നോവലിലൂടെ. ഈ നോവൽ അതിനാൽ സമൂഹത്തിനൊരു ഓർമ്മക്കുറിപ്പു കൂടിയാണ്. നമ്മൾ ഇങ്ങനെയാകാതെ ശ്രദ്ധിക്കണം എന്ന ഓർമ്മക്കുറിപ്പ്. നമ്മൾ ഒരു സുരക്ഷാവലയം തീർത്ത് അതിനകത്തൊതുങ്ങി നിൽക്കേണ്ടവരല്ല എന്നതിനൊരു ഓർമ്മക്കുറിപ്പ്. നമുക്കും ഉത്തരവാദിത്വങ്ങളുണ്ട് എന്നതിനൊരു ഓർമ്മക്കുറിപ്പ്. മറ്റുള്ളവരെ ബുദ്ധിമുട്ടുകളറിയിക്കാതിരിക്കുക, മറ്റുള്ളവർക്ക് അമിത സംരക്ഷണം നൽകുക എന്നിവ ആ ഉത്തരവാദിത്വങ്ങളുടെ ഭാഗമാകുന്നില്ല അഥവാ അവ അവയുടേതായ പരിമിതികളിൽ നിന്ന്, പരിധികളിൽ നിന്ന് മാത്രമേ ചെയ്യാവൂ അല്ലെങ്കിൽ ആർക്ക് വേണ്ടിയാണോ അതു ചെയ്യുന്നത് അവർക്കത് പിന്നീട് ഹാനികരമാകും, അവർ പിന്നെ എല്ലാം കൊണ്ടും തെറ്റായ വഴിക തിരഞ്ഞെടുത്തേക്കും, എന്നതിനൊരു ഓർമ്മക്കുറിപ്പ്.
ഒരു നോവൽ വായിച്ചാൽ എനിക്കു ലഭിക്കണമെന്നാഗ്രഹിക്കുന്ന ചിലതുണ്ട്. അതിലൊന്ന് കഥാപാത്രങ്ങൾക്കെന്നിലുണ്ടാക്കാൻ കഴിയുന്ന സ്വാധീനമാണ്. പുസ്തകം വായിച്ചവസാനിപ്പിച്ചാലും ആ കഥാപാത്രങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും പോരാട്ടങ്ങളും മനസ്സിൽ തങ്ങി നിൽക്കണം. രണ്ടാമത്തേത് ആഖ്യാനത്തിന്റെ വേഗതയാണ്. കഥാപാത്രങ്ങളുടെ ലോകത്തിനൊപ്പം എനിക്കും ചലിക്കാനാകാണം. അങ്ങനെ വേഗമുണ്ടാകണമെങ്കിൽ ഭാഷയും പറയുന്ന വിഷയവും തമ്മിലൊരു പൊരുത്തവും സമവായവുമുണ്ടാകണം. ആശയപരമായ ആഴം മറ്റൊന്നാണ്. ഇംഗ്ളീഷിൽ തീമാറ്റിക് ഡപ്ത് എന്നു വിളിക്കുന്നത്. ഒരു നല്ല നോവൽ ഉപദേശ രൂപേണയല്ലാതെ തന്നെ മനുഷ്യസ്വഭാവം, സമൂഹം, ധാർമ്മികത എന്നിവയിലേതെങ്കിലും ഒന്നിനെയെങ്കിലും സ്പർശിക്കണം. പിന്നെയുള്ളത് നോവലിന്റെ സവിശേഷമായ കലാപരമായ വ്യക്തിത്വമാണ്. കൃത്യമായ കഥപറച്ചിൽ രീതിയും പുതിയ പദപ്രയോഗങ്ങളും ഭാഷാ ശൈലിയും ഇതിന്റെ ഭാഗമാണെന്ന് കരുതുന്നു. പുതിയ പദപ്രയോഗങ്ങൾ, ഭാഷാശൈലി എന്നിവയിലേക്കധികമാഴത്തിലിറങ്ങാൻ ഈ നോവലിനായിട്ടുണ്ടെന്ന് ഒരു വായനക്കാരനെന്ന നിലയിൽ അവകാശപ്പെടുന്നില്ല. പക്ഷേ മറ്റിടങ്ങളിൽ ഈ നോവൽ ഒട്ടും നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല, ആകർഷിക്കുകയും ചെയ്തു.
എന്റെ വായനയെ സംഗ്രഹിച്ചാൽ ഇനിയും ഭൂപന്മാരുണ്ടാകാതിരിക്കട്ടെ എന്നതിനൊരു ഓർമ്മക്കുറിപ്പാണീ നോവൽ.
സുരേന്ദ്രൻ മങ്ങാട്ട്
തൃശ്ശൂർ ജില്ലയിലെ അരിമ്പൂർ പഞ്ചായത്തിലുള്ള എറവ് ദേശത്ത് ജനനം. കൊമേഴ്സിൽ ബിരുദവും, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 1998-ൽ പോലീസ് വകുപ്പിൽ കോൺസ്റ്റബിളായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് 2003-ൽ സബ് ഇൻസ്‌പെക്ടറായി നിയമനം ലഭിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ സർക്കിൾ ഇൻസ്‌പെക്ടറായും കോഴിക്കോട് ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റിൽ ഡിവൈഎസ്പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്. ഉരഗം; രാജമുദ്ര കേസ് ഡയറി; ദൈവത്തിന്റെ നോക്കെത്താദൂരങ്ങൾ; കാളമനച്ചെപ്പേടുകൾ; സർവം കാലകൃതം; കാലത്തിന്റെ തലേവരകൾ; മണൽ വീടുകൾ എന്നിങ്ങനെ ഒട്ടനവധി കൃതികൾ രചിച്ചിട്ടുണ്ട്. കൂടാതെ അനേകം ഹൃസ്വ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.
ഉരഗം
രചന : സുരേന്ദ്രന്‍ മങ്ങാട്ട്
പ്രസാധനം : മാതൃഭൂമി ബുക്‌സ്
വില : 200 രൂപ







No Comments yet!