ജപ്പാനിലെ സ്റ്റുഡിയോ ഗിബ്ലിയും ഫ്രാന്‍സിലെ വൈല്‍ഡ് ബഞ്ച്, പ്രിമ ലീനിയ പ്രൊഡക്ഷന്‍സ് തുടങ്ങിയ നിര്‍മാണ കമ്പനികളും ചേര്‍ന്ന് ഒരുക്കിയ അന്താരാഷ്ട്ര സഹനിര്‍മ്മാണ ആനിമേഷന്‍ ചിത്രമാണ് ദി റെഡ് ടര്‍ട്ടില്‍ (The Red Turtle, 2016), (സംവിധാനം: മൈക്കല്‍ ഡുഡോക് ഡി വിറ്റ്, തിരക്കഥ: മൈക്കല്‍ ഡുഡോക് ഡി വിറ്റ് (Michael Dudok de Wit), പാസ്കല്‍ ഫെറാന്‍ (Pascale Ferran). സ്റ്റുഡിയോ ഗിബ്ലിയുടെ ക്വാളിറ്റി സിനിമാസ്വാദകര്‍ക്ക് പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യമില്ല. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് നേടിയ ഏക അനിമേ എന്ന നിലയിലുള്ള സ്പിരിറ്റഡ് എവേ (2001) എന്ന ചിത്രം സ്റ്റുഡിയോ ഗിബ്ലിയുടെ മികച്ച വര്‍ക്കുകളിലൊന്നാണ്.

എന്തു കൊണ്ടായിരിക്കും ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് ഇത്രത്തോളം പ്രാധാന്യം കൈ വരുന്നത്? സാധാരണ ലൈവ് ആക്ഷന്‍ സിനിമ പൂര്‍ത്തീകരിക്കാന്‍ എടുക്കുന്നതിനെക്കാളേറെ സമയവും പ്രയത്നവും ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് വേണ്ടി വരുന്നുണ്ട്.ബഡ്ജറ്റ് കൂടാം, കൂടുതല്‍ ആനിമേഷന്‍ ആര്‍ട്ടിസ്റ്റുകളെ ആവശ്യമായി വന്നേക്കാം. എന്നിട്ടും ആനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു, റിലീസ് ചെയ്യപ്പെടുന്നു, മികച്ച നിരൂപക പ്രശംസ ലഭിക്കുന്നു, ബോക്സ് ഓഫീസില്‍ വന്‍വിജയം നേടുന്നു. ആനിമേഷന്‍ എന്ന കല തരുന്ന സ്വാതന്ത്ര്യം തന്നെയായിരിക്കാം സംവിധായകര്‍ക്കും, എഴുത്തുകാര്‍ക്കുമുള്ള പ്രധാന ഉത്തേജനം. സ്വാതന്ത്രമായി തങ്ങളുടെ ചിന്തകള്‍ അവര്‍ക്ക് ഈ കലയിലൂടെ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്നു.
ഇത്തരത്തില്‍ വളരെ ക്രിയാത്മകമായി നിര്‍മ്മിക്കപ്പെട്ട ആനിമേഷന്‍ ചിത്രമാണ് ദി റെഡ് ടര്‍ട്ടില്‍. സംഭാഷണം തീരെയില്ലാതെയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. പക്ഷെ ഇത് ഒരു കുറവായി പ്രേക്ഷകന് ഒരിക്കലും അനുഭവപെടുകയില്ല. വളരെയധികം വിശദീകരിച്ചു കൊണ്ടാണ് ഓരോ ഭാഗങ്ങളും നിര്‍മ്മിച്ചിട്ടുള്ളത്. ഭൂപ്രകൃതി,കഥാപാത്രങ്ങളുടെ മുഖഭാവങ്ങള്‍, കടല്‍ ജീവികളുടെ ആവാസ വ്യവസ്ഥ എന്നിവ മികച്ച രീതിയില്‍ സംവിധായകന് ആവിഷ്ക്കരിച്ചിരിക്കുന്നു. കടലിന്റെ ശബ്ദം, കാറ്റിന്റെ ശബ്ദം, മഴയുടെ ശബ്ദം, ഇടിയുടെ ശബ്ദം തുടങ്ങിയെല്ലാം മികച്ച സൗണ്ട് ക്വാളിറ്റിയോട് കൂടി തന്നെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നു. മുന്‍പ് സൂചിപ്പിച്ച പോലെ ഡയലോഗ് ഇല്ലാത്തതിന്റെ കുറവ് പ്രേക്ഷകന് തിരിച്ചറിയുകയില്ല.അതാണ് ആ സംവിധായകന്റെയും ആനിമേഷന്‍ ആര്‍ട്ടിസ്റ്റുകളുടെയും വിജയം.

ഫാന്റസി – സര്‍വൈവല്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഈ ആനിമേഷന്‍ ചിത്രത്തില്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ മാജിക്കല്‍ റിയലിസം, ഫാന്റസി എലമെന്റുകളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്.ദ്വീപില്‍ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യന്റെ അതിജീവനം പ്രമേയമാക്കി നിരവധി കൃതികളും സിനിമകളും ഉണ്ടായിട്ടുണ്ട്. ഗളിവേഴ്സ് ട്രാവല്‍സ് (Gulliver’s Travels), റോബിന്‍സണ്‍ ക്രൂസോ (Robinson Crusoe) എന്നീ കൃതികളും കാസ്റ്റ് എവേ (Cast Away, 2000) എന്ന സിനിമയും ഉദാഹരണമാണ്.

ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു ശൈലിയിലാണ് ദി റെഡ് ടര്ട്ടിലില് കഥ അവതരിപ്പിക്കുന്നത്. ഒരു അപകടത്തില്‍ ദ്വീപില്‍ എത്തിപ്പെടുന്ന കേന്ദ്ര കഥാപാത്രം അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ഒരു വലിയ ചുവന്ന ആമ അതിനെയെല്ലാം പരാജയപ്പെടുത്തുന്നതുമാണ് സിനിമയുടെ ആദ്യ ഭാഗത്ത് കാണാന്‍ കഴിയുക. ഈ ചുവന്ന ആമയ്ക്ക് സിനിമയില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. ഏകാന്തനായി കഴിയുന്ന കേന്ദ്ര കഥാപാത്രത്തിന് കൂട്ട് നല്‍കുന്നത് ഈ ആമയാണ്. ജപ്പാനിലെ പാരമ്പര്യ കഥകളില്‍ ആമ മനുഷ്യ രൂപം സ്വീകരിക്കുന്ന രീതിയിലുള്ള കഥകളുണ്ട്. ഉരാഷിമ താറോ (Urashima Taro) എന്ന കഥയില്‍ ആമ സുന്ദരിയായ യുവതിയായി രൂപാന്തരപ്പെടുന്നു. ഈ യൊരു കഥയിലെ പോലെ തന്നെ ഈ ആനിമേഷന്‍ ചിത്രത്തിലെ ആമ സുന്ദരിയായ യുവതിയായി രൂപാന്തരം പ്രാപിക്കുന്നു. മാജിക്കല്‍ റിയലിസമായി ചിത്രത്തിന് ഇത് മികവ് നല്കുന്നു. എങ്കിലും സംവിധായകന് സിനിമയിലെ ഇത്തരം സംഭവങ്ങള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കുന്നില്ല. ഏകാന്തനായി ദ്വീപില്‍ കഴിയുന്ന ഒരാളുടെ മനസ്സിലെ സങ്കല്പ്പങ്ങളാവാം ഇതെല്ലാം എന്ന നിലയില്‍ ചിന്തിച്ചാലും അത് സിനിമയുമായി ഒത്തുപോകുന്നു. ദ്വീപ് തന്നെ മനുഷ്യന്റെ ഒരു ഏകാന്ത സങ്കല്‍പ്പത്തിന്റെ ബിംബമാണ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം എങ്ങനെ അപകടത്തില്‍പെടുന്നു എന്ന് അവതരിപ്പിക്കാത്തതും ഇതൊരു വിചിത്ര കല്പനയാണ് എന്നുള്ള വാദങ്ങള്‍ക്ക് അടിത്തറ നല്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ദ്ര കഥാപാത്രത്തിനും, യുവതിക്കും ഒരു ആണ്‍കുട്ടി ജനിക്കുന്നു. ഈ കുഞ്ഞ് അപകടത്തില്‍ കടലിലേക്ക് വീഴുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. കേന്ദ്രകഥാപാത്രവും യുവതിയും ഇത് കണ്ട് പരിഭ്രാന്തരായി നില്ക്കുന്ന സമയത്ത് ആ കുഞ്ഞ് അവിടെ നിന്ന് സ്വയം നീന്തി വരുന്നു. സിനിമയുടെ തുടക്കത്തില്‍ കടലില്‍ അകപ്പെട്ട് പരിഭ്രാന്തനായ കേന്ദ്ര കഥാപാത്രത്തില്‍ നിന്ന് വ്യത്യസ്തമായി തന്റെ ജീവിത സാഹചര്യങ്ങളും അന്തരീക്ഷവുമായി ആ കുഞ്ഞ് അനുരൂപപ്പെട്ടു വന്നതായി ഇത് അവതരിപ്പിക്കപ്പെടുന്നു. ഈ കുഞ്ഞ് വളര്‍ന്ന് യുവാവായി മാറിയ രംഗങ്ങളാണ് പിന്നീട് അവതരിപ്പിക്കുന്നത്. ഒരു രംഗത്തില്‍ കടല്‍ തീരത്തേക്ക് ആഞ്ഞടിച്ച ശക്തമായ തിരമാലയില്‍ കാണാതായ കേന്ദ്ര കഥാപാത്രത്തെ അതായത് അവന്റെ അച്ഛനെ കാണിച്ചു കൊടുക്കുന്നത് കുറച്ചു കടലാമകളാണ്. ഇങ്ങനെ ആമ സിനിമയിലുടനീളം ഒരു ബിംബമായി പ്രവര്‍ത്തിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര സഹകരണം എത്രത്തോളം ആവശ്യമാണെന്ന് ഇത്തരം രംഗങ്ങള്‍ വ്യക്തമാക്കുന്നു.
കേന്ദ്ര കഥാപാത്രത്തിന്റെയും യുവതിയുടേയും മകനായ യുവാവ് തന്റെ ജീവിതം തെരഞ്ഞെടുക്കുന്നു.കടലാമകളുടെ കൂടെ അവന് കടലിലേക്ക് പോകുന്നു. കേന്ദ്ര കഥാപത്രവും അദ്ദേഹത്തിന്റെ പങ്കാളിയായ യുവതിയും കൂടെ അവനെ വിഷമിച്ചു കൊണ്ട് യാത്രയാക്കുന്നു. സ്വന്തം ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ തങ്ങളുടെ മകന് നല്‍കുകയാണ്. ഇവിടെ ചിത്രത്തിലെ ജീവിത ചക്രം പൂര്‍ത്തീകരിക്കുകയാണ്. ആമയില്‍ നിന്ന് യുവതി രൂപാന്തരം പ്രാപിച്ചു തുടങ്ങിയ ഈ ചക്രം തങ്ങളുടെ മകനെ തിരികെ പ്രകൃതിക്ക് അതായത് കടലാമകള്‍ക്കായി നല്കി കൊണ്ട് പൂര്‍ത്തീകരിക്കുന്നു.
സിനിമയുടെ അവസാന ഭാഗത്ത് വാര്‍ധക്യ കാലത്ത് ജീവിക്കുന്ന കേന്ദ്ര കഥാപാത്രത്തെയും യുവതിയേയും കാണാം. കേന്ദ്ര കഥാപാത്രം ഒരു ദിവസം മരണപ്പെടുന്നു. യുവതി വളരെയധികം വിഷമിച്ച്, അവസാനം വീണ്ടും ഒരു വലിയ ചുവന്ന കടലാമയായി രൂപാന്തരപ്പെടുകയും കടലിലേക്ക് തിരികെ പോകുകയും ചെയ്യുന്നതാണ് സിനിമയുടെ ക്ലൈമാക്സ് രംഗം. പ്രേക്ഷകന്റെ മനസ്സിലുണ്ടാകുന്ന ചോദ്യങ്ങളുടെ എണ്ണം ഈ ക്ലൈമാക്സ് രംഗത്തോടു കൂടി ഇരട്ടിയാവുകയാണ് ചെയ്യുക.
ലേഖനത്തില്‍ മുന്‍പ് സൂചിപ്പിച്ച പോലെ ഒരു പക്ഷെ എല്ലാം കേന്ദ്ര കഥാപത്രത്തിന്റെ ഭാവനകളായിരിക്കാം. ഏകാന്തതയുടെ വലയില്‍ അയാള്‍ നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍!. അല്ലെങ്കില്‍ ഇതെല്ലാം ആ ദ്വീപില്‍ നടന്നതാവാം. ഏകാന്തനായി അവിടെ എത്തിപ്പെടുന്ന ഒരു മനുഷ്യന് പ്രകൃതി നല്കുന്ന കൂട്ടാവാം ആ ചുവന്ന ആമ, പ്രതീക്ഷയുടെ കൂട്ട്, അതിനേക്കാള്‍ ഉപരി പ്രത്യാശയുടെ കൂട്ട്. വീണ്ടും ആമയായി മാറിയ യുവതി തന്റെ പൂര്‍വ്വ കാലങ്ങള്‍ മറന്നിരിക്കാം. പുതിയ ഒരാള്‍ എത്തിപ്പെടുമ്പോള്‍ വീണ്ടും ഇതുപോലെ അത് കൂട്ട് നല്‍കാം. അങ്ങനെ എത്രപേര്‍ക്ക് അത് കൂട്ട് നല്കിയിട്ടുണ്ടാകാം, പ്രതീക്ഷ നല്കിയിട്ടുണ്ടാകാം, എത്ര മങ്ങിയ ജീവിതങ്ങള്‍ക്ക് ആ ജീവി പ്രകാശം നല്കിയിട്ടുണ്ടാകാം.ഇവയെല്ലാം അവതരിപ്പിച്ചുകൊണ്ട് സിനിമ അടിസ്ഥാനമായി കേന്ദ്രീകരിക്കുന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ തന്നെയാണ്. അതിന് ആമയെ ഒരു ശക്തമായ പ്രതീകമായി അവതരിപ്പിക്കുകയാണ്. പ്രകൃതിയെ നശിപ്പിക്കാതെ എങ്ങനെ സംരക്ഷിച്ചു കൊണ്ട് ജീവിതങ്ങള്‍ കെട്ടിപ്പെടുക്കാം എന്ന ആശയം വളരെ മികച്ച രീതിയില്‍ ഈ ആനിമേഷന്‍ സിനിമ അവതരിപ്പിക്കുന്നു.
ലേഖക പരിചയം :

ഉബൈദ് പി. ബി.
മലയാളത്തിൽ സിനിമയും കായികവും ആസ്പദമാക്കി എഴുതുന്നു. ട്രൂ കോപ്പി തിങ്ക് വെബ്സീൻ, ചെണ്ട ഓൺലൈൻ, ജ്ഞാനഭാഷ മൾട്ടി ഡിസിപ്ലിനറി ഓൺലൈൻ ജേർണൽ, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവയിൽ ലേഖനങ്ങളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി, മലപ്പുറം സെന്ററിൽ ബി.എഡ്. രണ്ടാം വർഷ വിദ്യാർത്ഥിയാണ്.







No Comments yet!