Skip to main content

ഇവിടെ നിന്ന് എവിടേക്ക്?

അതൊരു പതിവു സൽക്കാരമായിരുന്നുവെങ്കിലും ഉമയുടെ ആതിഥ്യം അതിന് പുതുമയേകി. അതിഥികളായെത്തിയ സുഹൃത്തുക്കളെല്ലാം പഴയവരായിരുന്നു. ഒട്ടുമിക്കവരുടെയും വേഷം കുർത്തയും പൈജാമയുമായിരുന്നു. പഴയ കാര്യങ്ങൾ തന്നെയാണ് അവരുടെ ചർച്ചാവിഷയം. വാസ്തുശില്പികളുടെ കരവിരുതിന്റെ അടയാളമായ കറുത്ത മരത്തൂണുകളിൽ ചാരിനിന്നുകൊണ്ടായിരുന്നു അവരുടെ വെടിപറച്ചിൽ. പഴയകാലത്തെ കൊട്ടാരങ്ങളെയും ക്ഷേത്രങ്ങളെയും ഓർമിപ്പിക്കുന്നവയായിരുന്നു ആ തൂണുകൾ. അത്രമാത്രം പ്രൗഢി വിളിച്ചറിയിച്ചിരുന്നു അവ. അതിഥികൾക്ക് പ്രത്യേക പരിചരണമൊന്നും ആവശ്യമില്ലായിരുന്നു. കാരണം, ഉമയുടെ ഭർത്താവായ സുരേഷ് കുറുപ്പിന്റെ ഉറ്റമിത്രങ്ങളും അവരുടെ ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന അഭ്യുദയകാംക്ഷികളായിരുന്നു അവരെല്ലാം. ഇന്ത്യയുടെ പല ഭാഗങ്ങളിൽനിന്ന് എത്തിയവരാണവർ. കർണാടകക്കാരിയായ ഉമ അവരെ ആഗോള ബന്ധുക്കൾ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ഇന്ത്യൻ പ്രതിരോധവകുപ്പ് മന്ത്രിയുടെ ബഹുമാനാർഥം സംഘടിപ്പിച്ച വിരുന്നുസൽക്കാരത്തിൽ ചുവന്ന പട്ടുസാരിയിൽ പൊതിയപ്പെട്ട നിലയിലായിരുന്നു ഉമ പ്രത്യക്ഷപ്പെട്ടത്. അതിമനോഹരമായിരുന്നു ആ വേഷം. അതിപരിചിതരായ സുഹൃത്തുക്കൾപോലും രണ്ടാമതൊന്നു നോക്കാനോ ഒളിക്കണ്ണിട്ടു നോക്കാനോ അഭിലഷിച്ചു. സാരിയുടെ മുന്താണിയിൽ ചേർത്തിരിക്കുന്ന മയിലിന്റെ ചിത്രത്തയ്യൽ പീലിവിടർത്തി ഉടനെ നൃത്തം ചെയ്യുമോയെന്നു തോന്നിച്ചു. മന്ത്രി തന്റെ സന്ദർശനം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതിനാൽ സൽക്കാരം ദീപാലങ്കാരങ്ങളുടെ മായികപ്രഭയിൽ കാൽപ്പനികമായ താളത്തിൽ പുരോഗമിച്ചു. അതോടൊപ്പം തുടങ്ങാനിരിക്കുന്ന ബിസിനസിലെ നിക്ഷേപസാധ്യതകളും ലാഭത്തിന്റെ കണക്കുകളും ചർച്ചാവിഷയമായി.

ആത്മീയകാര്യങ്ങളോട് ആഭിമുഖ്യമുള്ള ഉമ, ബിസിനസുകാരനായ തന്റെ ഭർത്താവിനെപ്പോലെ ധിക്കാരിയായിരുന്നില്ല. കഴിഞ്ഞ ഇരുപതു വർഷമായി ഒരാചാരംപോലെ അവർ ഈ വിരുന്നിൽ പങ്കെടുക്കുന്നു. ഉമയുടെ നേതൃത്വത്തിൽ നടക്കുന്ന കോക്ടെയ്ൽ പാർട്ടിക്ക് എന്തോ പ്രത്യേകതയുള്ളതായി എല്ലാവർക്കും തോന്നി. മുഖത്തെ കറുത്ത മറുക് അവരെ ഒന്നുകൂടി സുന്ദരിയാക്കിയതായി തോന്നും. സദാ നിറഞ്ഞുനിൽക്കുന്ന പുഞ്ചിരി ക്ഷീണം മറച്ചു. അതിഥികളിലൊരാളുമായി അവർ ഊഷ്മളമായ സംഭാഷണത്തിന് തുടക്കമിട്ടു. അതവസാനിക്കുന്നതിനുമുന്നേ തന്നെ അടുത്ത ഓരോരുത്തരുമായും കുശലാന്വേഷണം നടത്തി തന്നിലേക്ക് ആകർഷിച്ചു. താൻ സംസാരിക്കുന്ന ഓരോ വ്യക്തിയുമായും അവൾ ഗാഢമായി ഇടപഴകാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ചുവരിൽ അമ്പാടിക്കണ്ണനായ ശ്രീകൃഷ്ണന്റെ മൈസൂർ ശൈലിയിലുള്ളൊരു ചിത്രമുണ്ടായിരുന്നു. ഉമയുടെ വൃത്താകൃതിയിലുള്ള മുഖം ബാലനായ ശ്രീകൃഷ്ണന്റെ മുഖത്തിന് സദൃശമായിരുന്നു. അവരുടെ പുരികങ്ങൾ കണ്ണുകൾക്കുമീതെ കമാനങ്ങൾപോലെ വിടർന്നു. അമ്പതാം വയസ്സിലും അവരുടെ നടത്തം ചെറുപ്പത്തിൽ താനൊരു നർത്തകിയായിരുന്നുവെന്ന് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. കുറുപ്പിനെപ്പോലെ ഒരാളുമായി എങ്ങനെയാണ് അവർക്ക് പ്രണയത്തിലാകാൻ കഴിയുന്നതെന്നോർത്ത് സുഹൃത്തുക്കൾ അതിശയിച്ചു. സത്യസന്ധനായൊരുദ്യോഗസ്ഥനായിരുന്നു അയാൾ. എങ്കിലും സ്വകാര്യനിമിഷങ്ങളിൽപ്പോലും അയാൾക്ക് തന്നിലേക്ക് തിരിച്ചുവരാനായിരുന്നില്ല. അതുകൊണ്ടാണ് ഗത്യന്തരമില്ലാതെ ഉമ ആത്മീയതയുടെ പാത തിരഞ്ഞെടുത്തത്.

ഉമയുടെ നേട്ടങ്ങൾക്കുപിന്നിൽ മൈസൂരിലെ ഒരു ഗുരുവര്യനായിരുന്നു. കാലത്തുണർന്നാലുടനെ ധോത്തി ധരിച്ച് ത്രിഭംഗരൂപത്തിൽ നിൽക്കുന്ന തന്റെ ഗുരുവിന്റെ ഫോട്ടോയ്ക്കുമുന്നിൽ സാഷ്ടാംഗം പ്രണമിക്കും. പാരീസ്, ബെർലിൻ, മോസ്കോ തുടങ്ങിയ ആഗോളനഗരങ്ങളെല്ലാം സ്വന്തം കൈത്തലത്തിൽ കാണുംവിധം “കരാഗ്രേ വസതേ ലക്ഷ്മീ, കരമധ്യേ സരസ്വതീ…” എന്ന വാക്യം പതിവായി ചൊല്ലും. സുഹൃത്തുക്കൾ ഈ പതിവുരീതിയിൽ അവരെ പരിഹസിക്കാനുള്ള അവസരം പാഴാക്കാറില്ല.

വൈകുന്നേരത്തെ ചടങ്ങുകളുടെ ഭാഗമായി അതിഥികൾ തന്റെ നൃത്തത്തെക്കുറിച്ച് ചർച്ചചെയ്തേക്കുമോയെന്ന് ഉമ ആശങ്കപ്പെടുന്നുണ്ടെന്ന് ഭർത്താവിന് അറിയാമായിരുന്നു. സൗന്ദര്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അവൾക്ക് വലിയ താൽപ്പര്യമില്ലെന്നും അയാൾക്കറിയാമായിരുന്നു. ഉമയുടെ അസ്വസ്ഥതകൾ അയാൾക്ക് സ്വയം അനുഭവിക്കുന്നതായിത്തോന്നി. അത്ര മാത്രം അവളുമായി മാനസികൈക്യമുണ്ടായിരുന്നു അയാൾക്ക്.

പാരീസിൽ ഏറെ കഴിവുള്ള നർത്തകരുണ്ടെന്ന് ഉമ പലപ്പോഴും ഭർത്താവിനോട് പറയാറുണ്ടായിരുന്നു. എന്നാൽ ഭർത്താവ് അംബാസഡറായതുകൊണ്ട് എല്ലാവരും അവരെ ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്തു. ഉമയെ സംബന്ധിച്ചിടത്തോളം അത് നാണക്കേടുണ്ടാക്കുന്നതായിരുന്നു. ജെ.എൻ.യു. അവളെ പഠിപ്പിച്ച സാംസ്കാരികപാഠം അതായിരുന്നു. എന്നിരുന്നാലും അവളുടെ എളിമ അയാൾക്കുപകാരപ്രദമായിരുന്നു.

ആ വൈകുന്നേരത്തെ പാർട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി മഹാരാഷ്ട്രയിൽനിന്നുള്ള വ്യവസായി ദേശ്പാണ്ഡെയായിരുന്നു. അദ്ദേഹം ഒരു തൂണിൽ ചാരി വൈൻ നുകരുകയായിരുന്നു. കുറുപ്പ് ഉമയെ ആയുധവ്യാപാരികൾക്ക് മിതമായ ഭാഷയിൽ പരിചയപ്പെടുത്തി. ഉമ കരുതിയതുപോലെത്തന്നെ അയാൾ പറഞ്ഞു.

“ഉമ ഇന്ത്യയിലെ പ്രശസ്തയായ നർത്തകിയാണ്. നൃത്തത്തിൽ തുടരാൻ അവർ ഐ.എ.എസ്. ഓഫീസർ കരിയർ ഉപേക്ഷിച്ചുവെന്ന് ഞാൻ പറഞ്ഞാൽ ഉമ സമ്മതിക്കില്ല. ഭർത്താവിന് താൻ ജോലി ചെയ്യുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടാണെന്ന് അവർ പറയും. പക്ഷേ, നിങ്ങൾക്കറിയാമോ? ഓരോ വിജയിയായ പുരുഷന്റെയും പിന്നിൽ ഒരു സ്ത്രീയുണ്ട്! ഇവിടെ പാരീസിൽപോലും അവർ ഏതാനും ഫ്രഞ്ച് പെൺകുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്.”

ഗുജറാത്തിൽനിന്നുള്ളൊരു വ്യവസായി അവരുടെ സംഭാഷണത്തിൽ പങ്കുചേർന്നു. ആയുധവ്യാപാരിയുടെ അൽപ്പം തടിച്ച, നീലക്കണ്ണുകളുള്ള ഭാര്യയെ കണ്ടപ്പോൾ ഈ സംഭാഷണത്തിൽ പങ്കുചേരാൻ അദ്ദേഹത്തിന് പ്രോത്സാഹനമായി.

“ഉമയും ഭർത്താവും ജെ.എൻ.യു.വിൽ സഹപാഠികളായിരുന്നു. ഞാനും അവരോടൊപ്പം പഠിച്ചിരുന്നു. കുറുപ്പ് ഐ.എഫ്.എസ്. നേടി; ഉമ ഐ.എ.എസ്. നേടി. ആ കാലത്ത് അവരിരുവർക്കും വിപ്ലവകരമായ ആശയങ്ങളുണ്ടായിരുന്നു. നക്സൽ അനുഭാവികളായിരുന്നു. അവർ അമേരിക്കയെ എതിർത്തു. പിന്നെ അവരെങ്ങനെ മാറിയെന്ന് എനിക്കറിയില്ല. അവർ ശരിക്കും മാറിയോ എന്നും അറിയില്ല! യൗവനത്തിൽ വിപ്ലവകാരിയാകാത്തവൻ ഹൃദയശൂന്യനാണ്. യൗവനം കഴിഞ്ഞിട്ടും വിപ്ലവകാരിയായി തുടരുന്നവൻ വിഡ്ഢിയാണെന്നു പറയുന്നൊരു പഴഞ്ചൊല്ലുണ്ടോ? നമ്മുടെ കാലത്ത് വലിയ സ്ഥാനങ്ങൾ അലങ്കരിക്കുന്നവരെല്ലാം നക്സൽ അനുഭാവികളായിരുന്നു. മെഡൽ ധരിക്കുന്നതുപോലെയായിരുന്നു അതെന്നറിയണം.”

സംഭാഷണം ആസ്വദിച്ചുകൊണ്ടിരുന്ന കുറുപ്പ് ഉമയെ വിളിച്ചുപറഞ്ഞു.

“നമ്മുടെ ഗുജറാത്ത് സഹപാഠി പഴയ അലമാരയിൽനിന്ന് അസ്ഥികൂടങ്ങൾ പുറത്തെടുക്കുകയാണ്. അവൻ നമ്മുടെ ബിസിനസ് നശിപ്പിക്കാനാണോ ഭാവം!”

ആയുധവ്യാപാരി അതേ ആവേശത്തോടെ തുടർന്നു.

“ഇല്ല, ഇല്ല. ഞങ്ങളുടെ പൂർവികർ വിപ്ലവകാരികളായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ ഒരു കഥ പ്രചാരത്തിലുണ്ട്. അവർ ഫ്രഞ്ച് വിപ്ലവത്തിൽ പങ്കെടുത്തുവെന്ന്.”

കുറുപ്പ് പറഞ്ഞു:

“ഉമ എന്നെപ്പോലെയല്ല. അവൾക്ക് ഭൗതികകാര്യങ്ങളിൽ താൽപ്പര്യം കുറവാണ്. എങ്കിലും നിങ്ങളെയും എന്നെയും സ്വന്തമാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മളൊക്കെ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത്.”

ആയുധവ്യാപാരിയുടെ സ്വപ്നതുല്യമായ നീലക്കണ്ണുകളുള്ള ഭാര്യ ഗൗരവത്തോടെ പറഞ്ഞു:

“എന്റെ ഭർത്താവിന്റെ ബിസിനസിൽ ഞാനും ഒരോഹരിയുടമയാണ്. എങ്കിലും ഞങ്ങളുടെ താൽപ്പര്യങ്ങൾ വ്യത്യസ്തമാണ്. ഈയിടെയായി ഈ ബിസിനസ് ഇടപാടുകളിൽ എനിക്ക് വലിയ മടുപ്പാണ്. ഇന്ത്യയുമായുള്ള ഈ ബിസിനസിൽ എനിക്കൊരു രഹസ്യതാൽപ്പര്യമുണ്ട്. ആൽബർട്ട്, ഞാനവരോട് പറയട്ടെ?” അവൾ ഭർത്താവിന്റെ നേരെ തിരിഞ്ഞുചോദിച്ചു.

ഉമയുടെ കണ്ണുകൾ ഗൗരവമാർന്നതായി കുറുപ്പ് ശ്രദ്ധിച്ചു. ആൽബർട്ടും ഭാര്യയും അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർ കസേരകൾ വലിച്ചുവെച്ച് വൈൻ ഗ്ലാസുകൾ നിറച്ച് സ്വസ്ഥമായി ഇരുന്ന് സംസാരിക്കാൻ തുടങ്ങി. ആൽബർട്ടിന്റെ ഭാര്യ കസേരയിൽ കാലുകൾ ഉയർത്തിവെച്ചിരിക്കുന്നത് കണ്ടാൽ ഏതോ യോഗാസനസ്ഥിതിയിലാണോ എന്നു തോന്നും. അവർ ഉമയെ നോക്കി ആരാധനയോടെ പറഞ്ഞു:

“എന്നെ മേരി എന്നു വിളിക്കൂ. എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു. എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ നടത്തത്തിലും നോട്ടത്തിലും ഒരു ദിവ്യപ്രഭാവലയമുണ്ട്. നിങ്ങളൊരു നർത്തകിയാണെന്നു പറഞ്ഞു. നിങ്ങൾ ജോലി ഉപേക്ഷിച്ചുവെന്നും പറഞ്ഞല്ലോ. നിങ്ങളുടെ സൗന്ദര്യത്തിൽ ഇന്ത്യ പൂർണമായും നിഴലിച്ചിട്ടുണ്ട്!”

ഉമ കണ്ണുകളിലൂടെ നന്ദി പ്രകടിപ്പിച്ചു. കുറുപ്പിന്റെ മുഖഭാവം ഇരുണ്ടു. പെട്ടെന്ന് ലഘുവായ പരിഹാസത്തിന് അറുതിയായി.

മേരി ചോദിച്ചു:

“താങ്കൾ ഇപ്പോഴും നൃത്തം പഠിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. ഇന്ത്യയിൽ ഒരു ആർട്സ് സ്കൂൾ തുറക്കാൻ നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാമോ?”

“തീർച്ചയായും. എന്റെ ഗുരു മൈസൂരിലാണ്. അദ്ദേഹം എനിക്ക് ദൈവത്തെപ്പോലെയാണ്.”

“ഞങ്ങൾക്ക് ഏകദേശം 20 ഏക്കർ ഭൂമി ആവശ്യമാണ്. കാടും കുന്നും നിറഞ്ഞ സ്ഥലം. പരമ്പരാഗതശൈലിയിലുള്ള കോട്ടേജുകൾ. മൺഭിത്തികൾ. ടൈൽ പാകിയ മേൽക്കൂരകൾ. തുടങ്ങിയവ നിർമിക്കണം. പുരാതനകാലത്തെ ആശ്രമംപോലെ തോന്നിക്കണം. ഒരു ഗുരുകുലംപോലെയിരിക്കണം.”

തൽക്ഷണമുള്ള ഉമയുടെ മറുപടിയിൽ കുറുപ്പ് അത്ഭുതപ്പെട്ടു. അത്തരമൊരവസരത്തിനായി ജീവിതകാലം മുഴുവൻ കാത്തിരുന്നതുപോലെ തോന്നി.

“എന്റെ മാതാപിതാക്കളുടെ ഏകമകളാണ് ഞാൻ. അവർ മൈസൂരിലാണ് താമസിക്കുന്നത്. ഞങ്ങൾക്ക് ചിക്കമംഗളൂരുവിൽ 21 ഏക്കർ കൃഷിയിടമുണ്ട്. മലനാട് ഭാഗത്തായി. അതൊരു കാപ്പിത്തോട്ടമാണ്. പക്ഷേ, ആ സ്ഥലം പരിപാലിക്കാൻ ആരുമില്ലാത്തതിനാൽ അത് കാടുപിടിച്ചുകിടക്കുകയാണ്. വനസദൃശമെന്നുതന്നെ പറയാം. നമുക്ക് അവിടെത്തന്നെ ഗുരുകുലം ആരംഭിക്കാം. പഠിക്കാനാഗ്രഹിക്കുന്ന കുട്ടികൾക്ക് ഫെലോഷിപ്പ് നൽകേണ്ടത് അനിവാര്യമാണ്. ഫണ്ടിങ്ങിന്റെ കാര്യമോ? ലാഭമുണ്ടാകാത്ത ബിസിനസ് ആരാണ് തുടങ്ങുക? അതും ഇക്കാലത്ത്!”

“അത് എനിക്കു വിടൂ,” മേരി പറഞ്ഞു. “എന്റെ ഭർത്താവ് ആൽബർട്ടിനെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ആയുധങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നൊരു രാക്ഷസനാണയാൾ… മറക്കരുത്.”

മേരി ‘രാക്ഷസൻ’ എന്ന വാക്ക് ഉപയോഗിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു. ആൽബർട്ടിന്റെ നല്ല തടിയുള്ള ശരീരവും മുഖവും ആ പരാമർശത്തോടെ വിടർന്നു. സാൾട്ട് ആൻഡ് പെപ്പർ താടിയിൽ വിരലുകൾ പായിച്ചുകൊണ്ട് അയാൾ പറഞ്ഞു:

“ഇതിഹാസങ്ങളുടെ തലത്തിൽ പരിഗണിക്കുകയാണെങ്കിൽ ഞാൻ അസുരന്മാരുടെ കൂടെയാണ്. മാലാഖമാർക്ക് എതിരാണ്. ക്ഷമിക്കണം. എന്തുകൊണ്ടെന്ന് ഞാൻ വിശദീകരിക്കാം. അസുരന്മാരുടെ തെറ്റുകൾ എന്താണെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിയില്ല. അവർ അത്യധികം അഹങ്കാരികളാണ്. മാലാഖമാർ ബുദ്ധിമതികളും സ്വാർത്ഥരുമാണ്. ഈ മാലാഖമാർ അമേരിക്കയുടെ അനുഗ്രഹം ആസ്വദിക്കുന്ന രാഷ്ട്രങ്ങളെപ്പോലെയാണ്. അവർ വിഷ്ണുവിൽനിന്നോ ശിവനിൽനിന്നോ ശക്തി നേടുന്നു. നമ്മുടെ ഇതിഹാസങ്ങളിലെ സൂപ്പർഹീറോകളിലേക്ക് വരുമ്പോൾ, എല്ലായ്പ്പോഴും തന്ത്രത്തിലൂടെയാണ് ആയുധങ്ങൾ നേടിയത്. ഗദ, സുദർശനചക്രം, പാശുപതാസ്ത്രം, ഏറ്റവും ശക്തമായ ബ്രഹ്മാസ്ത്രം എന്നിവയൊക്കെ അതിൽപ്പെടുന്നു. ഇന്ത്യൻ നാഗരികത എപ്പോഴും പുതിയ ആയുധങ്ങളിൽ താൽപ്പര്യം കാണിച്ചിട്ടില്ലേ? അല്ലെങ്കിൽ അവർ ഏറ്റവും പുതിയ തോക്കിനായി എന്റെ അടുത്ത് വരുമോ? അസുരന്മാർക്കുപോലും ആയുധമുണ്ട്. പക്ഷേ, മാലാഖമാർ എല്ലായ്പ്പോഴും അവരുടെ തപസ്സിന്റെ ശക്തിയാലാണ് മികച്ച ആയുധങ്ങൾ നേടുന്നത്. അതിനാൽ അസുരന്മാർ പരാജയപ്പെടുന്നു. രാമായണം മനുഷ്യരെയും രാക്ഷസന്മാരെയും കുറിച്ചുള്ളതാണ്. മഹാഭാരതം സഹോദരന്മാരുടെ ശത്രുതയിലൂന്നിയതാണ്. വിജയം സത്യത്തിനുവേണ്ടി മാത്രമല്ല; അത് അത്യാധുനിക ആയുധങ്ങളുള്ളവരുടെ കഥ കൂടിയാണ്. നിങ്ങൾ സമ്മതിക്കുമോ?”

ആൽബർട്ട് ഏറെ സൗഹൃദഭാവത്തിലാണ് അത്രയും പറഞ്ഞത്. കുറുപ്പാകട്ടെ ആവേശത്തോടെ കേൾക്കുകയും ചെയ്തു.

“പാകിസ്ഥാൻ അമേരിക്കയിൽനിന്ന് വാങ്ങുന്ന ആയുധങ്ങളെക്കാൾ മികച്ചതാണ് നിങ്ങളുടെ ആയുധങ്ങളെന്നതിന് എന്താണുറപ്പ്?”

“പാകിസ്ഥാൻ ഇതേ തോക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിങ്ങളുടെ രാജ്യത്തിന് അറിയില്ലേ? നമ്മൾ ഇന്ത്യയുമായി ഒരു കരാറിൽ ഒപ്പുവെച്ചാൽ നമുക്ക് ആ തോക്കുകൾ അവർക്ക് വിൽക്കാൻ കഴിയില്ല. ശരി, നിങ്ങളുടെ പുരാണങ്ങളിൽപ്പോലും അങ്ങനെയല്ലേ? ശിവൻ നിരന്തരം ഉടമ്പടികളെ അവഹേളിക്കുകയും വിഷ്ണുവിന് നിരന്തരശല്യമായി മാറുകയും ചെയ്യുന്നു…”

ഒരു ഫ്രഞ്ചുകാരനിൽനിന്ന് ഇത്തരമൊരു കാഴ്ചപ്പാട് കുറുപ്പ് പ്രതീക്ഷിച്ചിരുന്നില്ല.

“ആൽബർട്ട്, നീ ഇതെല്ലാം എപ്പോഴാണ് വായിച്ചത്?”

“അഞ്ചു വർഷം ഞാൻ കാശിയിൽ സംസ്കൃതം പഠിച്ചു. രാമായണവും മഹാഭാരതവുമാണ് എന്റെ പ്രിയപ്പെട്ട ഗ്രന്ഥങ്ങൾ.”

ബനാറസ് എന്നല്ല, കാശി എന്നു പറഞ്ഞതിൽ ഉമയ്ക്ക് വലിയ സന്തോഷമായി. കുറുപ്പ് ഗംഗ എന്നു പറയുമ്പോൾ ഉമ കുറഞ്ഞത് അഞ്ചു തവണയെങ്കിലും ഗംഗയെന്ന് ഉരുവിടുമായിരുന്നു. ഇരുദമ്പതികളും സംഭാഷണത്തിലേർപ്പെട്ടപ്പോൾ സുഹൃത്തുക്കൾ ആതിഥേയരാകാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് മറ്റു അതിഥികൾക്ക് ഒരു ‘റീഫിൽ’ വിളമ്പി. കൂടെ രുചികരമായ ഭക്ഷണവും ഉമയുടെ സ്പെഷ്യൽ കോസംബരിയും കൊണ്ടുവന്നു.

“ഞങ്ങളുടെ പൂർവികർ ഫ്രഞ്ച് വിപ്ലവത്തിൽ പങ്കാളികളായിരുന്നുവെന്ന് എന്റെ കുടുംബം വിശ്വസിക്കുന്നു. വിപ്ലവം സംഭവിച്ചിട്ടില്ലാത്തൊരു രാജ്യത്ത് ബിസിനസ് വളർച്ചയുണ്ടാകില്ല. ഉദാഹരണത്തിന്, ചൈന. കഴിഞ്ഞ മൂന്നു തലമുറകളായി ഞങ്ങൾ ആയുധങ്ങൾ നിർമിക്കുന്നു. ഇന്ത്യയിലെ ചില ഇടതുപക്ഷക്കാർ എന്റെ സുഹൃത്തുക്കളാണ്. നിങ്ങളുടെ പ്രതിരോധമന്ത്രിയും ഇടതുപക്ഷക്കാരനാണ്. അദ്ദേഹം എന്റെ പഴയ സുഹൃത്താണ്.”

സംഭാഷണം ആ ദിശയിലേക്ക് നീങ്ങാൻ മേരി ആഗ്രഹിച്ചില്ല.

“ഉമയെപ്പോലുള്ളൊരു ദേവത നമ്മുടെ കൂടെ ഇരിക്കുമ്പോൾ നമുക്ക് മറ്റെന്തെങ്കിലും ചർച്ച ചെയ്യാമോ?” അവർ പറഞ്ഞു.

“ഇപ്പോൾ ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചാൽ എന്റെ ബിസിനസ് മെച്ചപ്പെടുത്താൻ കരുതിക്കൂട്ടി ചെയ്തൊരു തന്ത്രമാണിതെന്ന് നമ്മുടെ അംബാസഡർ സുഹൃത്ത് കരുതിയേക്കാം. അതുകൊണ്ട് ഞാൻ നിശ്ശബ്ദനാവുകയാണ്.”

“ദയവായി കാത്തിരിക്കാമോ?” അത്രയും പറഞ്ഞ് ഉമ തന്റെ കിടപ്പുമുറിയിലേക്ക് പോയി. അവൾക്ക് ടോയ്‌ലറ്റിൽ പോകണമെന്ന് തോന്നി. കിടപ്പുമുറിയിലെ ടെലിവിഷനിൽ അപ്പോൾ ഒരു ഇന്ത്യൻ ചാനൽ പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. ടോയ്‌ലറ്റിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ടെലിവിഷനിൽ പരിചിതമായൊരു മുഖം കണ്ടു. പെട്ടെന്ന് നിന്നു! വിപ്ലവം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നിരുന്ന ജെ.എൻ.യു. ദിനങ്ങളിൽ ഈ ബംഗാളി സുഹൃത്ത് നക്സൽ പ്രസ്ഥാനത്തിൽ ചേരാൻ പഠനം ഉപേക്ഷിച്ചു. കാട്ടിലേക്ക് ഒളിച്ചോടിയ അയാൾ ഒരു ജമീന്ദാറിനെ കൊലപ്പെടുത്തി. കുറച്ചുവർഷങ്ങൾക്കുശേഷം അയാൾ നിരാശനായി പ്രസ്ഥാനത്തിൽനിന്നകന്നു. സ്വന്തം ആളുകൾതന്നെ കൊല്ലുമെന്ന് ഭയന്ന് ദൂരദേശങ്ങളിൽ അലഞ്ഞു.

ഐ.എ.എസ്. പൂർത്തിയാക്കിയ ഉമയ്ക്ക് ഒറീസയിലെ വനമേഖലയിലൊരു താൽക്കാലിക ഓഫീസുണ്ടായിരുന്നു. ഒരിക്കൽ അർധരാത്രി കഴിഞ്ഞപ്പോൾ ആരോ വാതിലിൽ മുട്ടുന്നതുപോലെ അവൾക്ക് തോന്നി. വാതിൽ തുറന്നപ്പോൾ തന്റെ സഹപാഠിയായ നക്സൽ സുഹൃത്ത് മുന്നിൽ നിൽക്കുന്നു! അയാളുടെ മുഖത്ത് ഭയപ്പാടുണ്ടായിരുന്നു. നന്നായി വിയർക്കുന്നുമുണ്ടായിരുന്നു. അയാൾ ഉമയുടെ കൈകളിൽ പിടിച്ചു.

“ദയവായി എന്നെ രക്ഷിക്കൂ. ഞാൻ പ്രസ്ഥാനം ഉപേക്ഷിച്ചു. ഇപ്പോൾ പ്രാണരക്ഷാർഥം ഇവിടെ അഭയം തേടിയതാണ്,” അയാൾ കിതച്ചുകൊണ്ട് പറഞ്ഞു.

ഉമ അവന് ചോറും തൈരും വിളമ്പി. കുളിക്കാൻ ചൂടുവെള്ളം നൽകി.

“നക്സലൈറ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു എന്റെ ജോലി. ഇന്ന് ഞാൻ നക്സലിസത്തെ അനുകൂലിക്കുന്നില്ല. നാളെ നീ സ്വയം കീഴടങ്ങിയെന്ന് പറഞ്ഞ് ഞാനൊരു റിപ്പോർട്ട് തയ്യാറാക്കും. ഇനി ദയവായി ഉറങ്ങൂ.”

അവൾ അടുക്കളയിൽ അവനായി കിടക്ക വിരിച്ചു. അതെല്ലാം സംഭവിച്ചിട്ട് ഏതാണ്ട് 15 വർഷം കഴിഞ്ഞു.

ഒറീസയിലെ ഒരു ഗ്രാമത്തിൽ അയാൾ തൂങ്ങിമരിച്ചതായി വാർത്താചാനൽ റിപ്പോർട്ട് ചെയ്യുകയാണ്. അക്രമം ഉപേക്ഷിച്ച് കീഴടങ്ങിയതിനുശേഷം അഹിംസയുടെ തത്ത്വങ്ങൾ അടിസ്ഥാനമാക്കി ഒരു ജനാധിപത്യപ്രസ്ഥാനം ആരംഭിച്ചു. സ്വന്തം സുഹൃത്തുക്കൾപോലും ഇതിലയാളെ പരിഹസിക്കുകയുണ്ടായി. രാജ്യദ്രോഹിയെന്നും പിന്തിരിപ്പനെന്നും മുദ്രകുത്തി. ഏകാകിയും നിസ്സഹായനുമായിത്തീർന്ന അയാൾ പിന്നീട് തികഞ്ഞ മൗനിയായി മാറി. ഒരു പുൽക്കുടിലിലായിരുന്നു പിന്നീട് താമസം. കട്ടിലില്ല. തറയിൽ ഉറങ്ങുകയും മൺപാത്രത്തിൽ കഞ്ഞിവെക്കുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനായ ബംഗാൾ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പഴയ സുഹൃത്തായിരുന്നു. നല്ലൊരു വീട്ടിലേക്ക് താമസം മാറ്റാൻ മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. പക്ഷേ, അത് സ്നേഹപൂർവം നിരസിക്കപ്പെട്ടു. എല്ലാ സംഘടനകളിൽനിന്നും അകലം പാലിച്ചു. രഹസ്യമായി ശേഖരിച്ച തോക്കുകളുപയോഗിച്ച് നക്സലൈറ്റുകൾ നിരപരാധികളെ കൊലപ്പെടുത്തുന്നതുകണ്ട് അയാൾ ഏറെ വേദനിച്ചിരുന്നു. പ്രത്യയശാസ്ത്രങ്ങൾ അടിസ്ഥാനതലത്തിൽത്തന്നെ പിന്തിരിപ്പനാകുന്നതും ധാർമികമായി പരാജയപ്പെടുന്നതും കണ്ട് നിരാശനായി. അത് തീവ്രമായപ്പോൾ സ്വയം ജീവനൊടുക്കിയതാകണം.

ഒരുമിച്ചു പഠിച്ചിരുന്ന കാലത്ത് അവർ രാത്രി മുഴുവൻ ഉണർന്നിരുന്ന് ചർച്ചകളിലേർപ്പെടാറുണ്ടായിരുന്നു. പാറിപ്പറക്കുന്ന മുടിയുള്ള സ്വപ്നതുല്യനായ അവനോടൊപ്പം കാന്റീനിൽ താൻ എത്ര കപ്പ് കാപ്പി കുടിച്ചിട്ടുണ്ടെന്ന് ഉമ ഓർത്തെടുക്കാൻ ശ്രമിച്ചു. അത്താഴത്തിനുശേഷം അവനൊപ്പം ഐസ്‌ക്രീം നുണയുന്നത് മറ്റൊരു പതിവായിരുന്നു.

“നിനക്ക് വിപ്ലവം ഉപേക്ഷിക്കാം; പക്ഷേ, ഐസ്‌ക്രീം ഉപേക്ഷിക്കാൻ കഴിയില്ലല്ലോ, അല്ലേ?” എന്നു പറഞ്ഞ് അവനെ കളിയാക്കുന്നതും ഉമയോർത്തു.

ആ രാത്രി അയാൾ അവളുടെ വാതിലിൽ മുട്ടുകയും ആകാംക്ഷയോടെ തുറന്ന് അപ്രതീക്ഷിതമായി കാണുകയും ചെയ്തപ്പോൾ അയാളുടെ ഭയം നിറഞ്ഞ കണ്ണുകളിൽ ജീവിക്കാനുള്ള ആഗ്രഹം അവൾക്ക് കാണാൻ കഴിഞ്ഞിരുന്നു. ആ സംഭവം ഓർത്തോർത്ത് അവൾ വിതുമ്പിപ്പോയി.

ഉമ ഐ.എ.എസിനായി തയ്യാറെടുക്കുന്ന ദിവസങ്ങളിൽ അവൻ അവളെ “പെറ്റിബൂർഷ്വാ” എന്ന് പരിഹസിച്ചു. ഒടുവിൽ ഉദ്യോഗത്തോട് അവൾക്ക് വിരസത തോന്നി. കുറുപ്പിനെ വിവാഹം കഴിച്ചു. മൈസൂരിൽ ഗുരുവിനു കീഴിൽ നൃത്തം പഠിക്കുമ്പോഴും കുടുംബത്തിന്റെയും മാതൃത്വത്തിന്റെയും ഉത്തരവാദിത്തങ്ങൾ അവൾ ഏറ്റെടുത്തു.

സൽക്കാരച്ചടങ്ങുകളിലേക്ക് തിരിച്ചുവന്നപ്പോൾ ഉമ സങ്കടപ്പെട്ടു. സംസാരിക്കാനുള്ള മൂഡിലായിരുന്നുവെങ്കിലും ആൽബർട്ടിന്റെ പ്രസംഗം കേൾക്കാൻ അവൾ നിർബന്ധിതയായി.

“നിങ്ങളോട് എന്തെങ്കിലും പറയാൻ ഞാൻ മടിക്കേണ്ടതില്ലെന്ന് മേരി പറഞ്ഞു. മുൻജന്മങ്ങളിൽനിന്നുള്ള എന്തെങ്കിലും ബന്ധം നിങ്ങൾ രണ്ടുപേരും തമ്മിൽ ഉണ്ടായിരിക്കണം. ഇത് ആയുധങ്ങൾ വിൽക്കാനുള്ള പദ്ധതിയാണെന്ന് ദയവായി കരുതരുത്. പക്ഷേ, നമ്മുടെ ശത്രുക്കൾ അങ്ങനെ കരുതിയേക്കാം. അങ്ങനെയാകട്ടെ. ഒരു സാമൂഹികമനുഷ്യൻ പൂർണമായും ശുദ്ധനാവുക പ്രയാസമാണ്. അതു ശരിയായ വഴിയല്ലതാനും. മാവോയിസത്തിന്റെ പേരിൽ ചൈനീസ് ഏജന്റുമാർക്ക് നിങ്ങളുടെ ബന്ധം നഷ്ടപ്പെടുത്താനാകുമോ? അവരുടെ ദുഷ്ടതയാർന്ന തത്ത്വചിന്ത പ്രചരിപ്പിക്കുന്നത് തോക്കിൽനിന്നാണ് അധികാരം ജനിക്കുന്നതെന്നാണ്. മനുഷ്യചരിത്രത്തിൽ ആയുധങ്ങളിൽ താൽപ്പര്യക്കുറവുണ്ടായിരുന്ന കാലമുണ്ടായിട്ടില്ല. പ്രാകൃതമനുഷ്യൻ കല്ലുകൾക്ക് മൂർച്ച കൂട്ടുകയും അത് തന്റെ ആയുധമാക്കുകയും ചെയ്തു. അതിനാൽ, തോക്കുകൾ വിൽക്കുന്നത് എന്റെ പ്രത്യേക അവകാശവും വാങ്ങുന്നത് നിങ്ങളുടേതുമാണ്. നാഗരികതയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ തോക്കുകൾ കൈവശംവെക്കുമ്പോൾ സർക്കാരിനെ അധികാരപ്പെടുത്തേണ്ടതല്ലേ? എന്നാൽ നാഗരികതയ്ക്ക് ആവശ്യമായിട്ടുള്ളത് ഇതൊന്നുമല്ല. ആയുർവേദത്തിൽ എനിക്കെന്നപോലെ ഇന്ത്യൻ കലകളിൽ മേരിയും ഏറെ താൽപ്പര്യമുള്ളവളാണ്. ഗുരുകുലസമ്പ്രദായത്തിൽ നിങ്ങളുടെ നാട്ടിലൊരു കലാവിദ്യാലയം പണിയേണ്ടതുണ്ട്. നമ്മൾ ഔഷധസസ്യങ്ങൾ വളർത്തുകയും ഒരു ഗവേഷണകേന്ദ്രമാരംഭിക്കുകയും വേണം. മരുന്നുകൾ തയ്യാറാക്കി അന്താരാഷ്ട്രവിപണിയിൽ വിൽക്കണം. ലാഭോദ്ദേശ്യമില്ലാതെ നല്ല ആരോഗ്യം വളർത്താൻ താൽപ്പര്യമുള്ള ഗവേഷണം പുതിയ നാഗരികതയ്ക്ക് ജന്മം നൽകും. കുറഞ്ഞത് ആയുധം നിർമിക്കുന്ന ഈ രാക്ഷസനെങ്കിലും അങ്ങനെ വിശ്വസിക്കുന്നു. എല്ലാ ചെലവുകളും ഞാൻ വഹിക്കും. നിങ്ങളുടെ പ്രതിരോധമന്ത്രിക്കും ഞാൻ സൂചന നൽകിയിട്ടുണ്ട്. അദ്ദേഹം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഉമ തന്റെ ഭൂമി നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചതിനാൽ അവർ ഈ ആശ്രമത്തിന്റെ സി.ഇ.ഒ. ആയിരിക്കും. നിങ്ങൾക്കറിയാമോ… ഈ രാക്ഷസൻ ഇന്ത്യയുമായി ബിസിനസ് ആരംഭിച്ചതുമുതൽ നിശ്ശബ്ദമായി ഗവേഷണം നടത്തിവരികയാണ്. എന്റെ ചാരപ്രവർത്തനങ്ങളിലൂടെ! ഉമ ഒരു കലാപ്രേമിയാണെന്ന് ഞാൻ മനസ്സിലാക്കി. അവർ തന്റെ കരിയർ ഉപേക്ഷിച്ചുവെന്നും അക്രമത്തെ എങ്ങനെ വെറുക്കാൻ തുടങ്ങിയെന്നും ഒരു ഗാന്ധിയൻ സോഷ്യലിസ്റ്റായി എങ്ങനെ മാറിയെന്നും എനിക്കറിയാം. കുറുപ്പിന്റെ കസിനൊരു ആയുർവേദവിദഗ്ധനാണെന്നും ഞങ്ങൾ കണ്ടെത്തി. അദ്ദേഹത്തിന്റെ മറ്റൊരു കസിൻ കേരളീയകലകളിൽ വിദഗ്ധനാണ്. ഉമ തന്റെ ഭൂമി ഞങ്ങൾക്ക് വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ഈ 20 ഏക്കറിൽ ലോകത്തിന് പുരാതനകലയുടെയും ആയുർവേദത്തിന്റെയും കേന്ദ്രം ലഭിക്കട്ടെയെന്ന് ആശിക്കുന്നു.”

എല്ലാവരും കൈയടിച്ചു. ഉമ കണ്ണീരൊതുക്കി ഒരു ദേവതയെപ്പോലെ ശോഭിച്ചു.

“പക്ഷേ, മേരിക്ക് ഞാനൊരു ആയുധക്കച്ചവടക്കാരൻ മാത്രമാണ്.”

“വെറുമൊരു ഉദ്യോഗസ്ഥനാകുന്നതിൽനിന്ന് എന്നെ രക്ഷിക്കുന്നത് ഉമയാണ്.”

കുറുപ്പ് തന്റെ നിലപാട് വ്യക്തമാക്കി.

ഉമ അസ്വസ്ഥയായി.

എന്താണ് ഈ ബന്ധം?

തോക്കുകൾ, കലാവിദ്യാലയം, ആയുർവേദം—ഇവയ്ക്കു തമ്മിൽ എന്താണ് ബന്ധം?

നക്സലൈറ്റുകളെ നിഷ്‌കരുണം അടിച്ചമർത്തുകയും ആദിവാസികളെ ഭവനരഹിതരാക്കുകയും ചെയ്യുന്ന ഈ തോക്കുകൾ!

എന്താണ് ബന്ധം?

ദരിദ്രരുടെ വിശപ്പ് ശമിപ്പിക്കുമെന്ന് വികസനം വിശ്വസിക്കുന്നു. ആയുധവ്യാപാരം ആഗോളമൂലധനത്തെ പോഷിപ്പിക്കുന്നു.

ഞാൻ—മേരി—കുറുപ്പ്; എന്താണ് ബന്ധം?

ഒരു ബഹുരാഷ്ട്ര സമ്മേളനത്തിൽ അതിഥികളെ രസിപ്പിക്കാൻ അവതരിപ്പിക്കുന്ന നൃത്തവും നർത്തകി തന്റെ നൃത്തവുമായി താദാത്മ്യം പ്രാപിക്കുന്ന കലയും തമ്മിലുള്ള ബന്ധമെന്താണ്?

ആയുർവേദം അതിന്റെ വിവിധ പച്ചമരുന്നുകൂട്ടുകളിലൂടെ രോഗശാന്തി വരുത്തുന്നു. ആയുർവേദത്തിലെ ലളിതവും മൃദുവുമായ പരിചരണത്തിലൂടെ വൃദ്ധന്മാരുടെ ലൈംഗികത വീണ്ടെടുക്കാൻ സാധിക്കും. എന്താണ് ബന്ധം?

അവളുടെ യൗവനകാലത്ത് അവളെ അഗാധമായി സ്നേഹിച്ചിരുന്ന, കുറുപ്പുമായുള്ള അവളുടെ ബന്ധം സഹിക്കാൻ കഴിയാതെപോയ ഒരു പുരുഷൻ നിരാശയോടെ പറഞ്ഞു:

“എന്താണ് ബന്ധം?”

“അത് അത്യധികമായ അസൂയയിൽ പറഞ്ഞതാണോ? അതോ സ്വന്തം സ്വത്വത്തെക്കാൾ വലിയൊരു സ്നേഹത്തിൽനിന്നാണോ അതുണ്ടായത്?” ഉമയ്ക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

“നൃത്തത്തിന്റെ മൂർത്തീഭാവമാകാൻ കഴിയുന്ന ഒരു നർത്തകനല്ല നിങ്ങൾ. നിങ്ങൾക്ക് വേണ്ടത് വിജയകരമായ ജീവിതത്തിന്റെ സ്വാസ്ഥ്യമാണ്.”

അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ഇപ്പോൾ ബാംഗ്ലൂരിൽ ലക്ചററാണ്. അവിടെയൊരു വീടു പണിതിട്ടുണ്ട്. തന്റെ കരിയറിന് ഒരു ദോഷവും വരുത്താതെ, നക്സൽ ലക്ഷ്യത്തോട് അനുഭാവമുള്ള ലേഖനങ്ങൾ എഴുതുന്നു.


Dr U R Ananthamurthy (@DrURananthamurthy) - Photos | Facebook

യു. ആർ. അനന്തമൂർത്തി (1932–2014)

കന്നഡ സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരനും ചിന്തകനും വിമർശകനുമായിരുന്ന ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി (യു. ആർ. അനന്തമൂർത്തി) കന്നഡയിലെ നവ്യസാഹിത്യ പ്രസ്ഥാനത്തിന്റെ മുഖ്യ വക്താക്കളിലൊരാളാണ്. 1932 ഡിസംബർ 21-ന് കർണാടകയിലെ തീർത്ഥഹള്ളിക്കടുത്തുള്ള മേലിഗെയിൽ ജനിച്ച അദ്ദേഹം നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നിരൂപകൻ, വിദ്യാഭ്യാസചിന്തകൻ എന്നീ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഇന്ത്യൻ സമൂഹത്തിലെ ജാതിവ്യവസ്ഥ, മതാചാരങ്ങൾ, പാരമ്പര്യം, ആധുനികത, വ്യക്തിസ്വാതന്ത്ര്യം എന്നിവയെ വിമർശനാത്മകമായി സമീപിച്ച അദ്ദേഹത്തിന്റെ രചനകൾ ഇന്ത്യൻ സാഹിത്യത്തിൽ സവിശേഷമായ സ്ഥാനം നേടിയിട്ടുണ്ട്.

സംസ്കാര, ഭാരതീപുര, അവസ്ഥെ, ഭവ തുടങ്ങിയ നോവലുകൾ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. 1994-ൽ ജ്ഞാനപീഠ പുരസ്കാരവും 1998-ൽ പത്മഭൂഷൺ ബഹുമതിയും ലഭിച്ചു. ജ്ഞാനപീഠ പുരസ്കാരം നേടിയ ആറാമത്തെ കന്നഡ സാഹിത്യകാരനാണ് അദ്ദേഹം. 1987 മുതൽ 1991 വരെ കേരളത്തിലെ മഹാത്മാഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു. സാഹിത്യരംഗത്തും വിദ്യാഭ്യാസമേഖലയിലും പൊതുജീവിതത്തിലും സജീവമായി ഇടപെട്ടിരുന്ന അനന്തമൂർത്തി 2014 ഓഗസ്റ്റ് 22-ന് ബെംഗളൂരുവിൽ അന്തരിച്ചു. പാരമ്പര്യത്തെയും ആധുനികതയെയും വിമർശനാത്മക സംവാദത്തിന് വിധേയമാക്കിയ അദ്ദേഹത്തിന്റെ സാഹിത്യദർശനം ഇന്ത്യൻ ബൗദ്ധികചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.