കറുത്ത കാലത്തെ അഭിസംബോധന ചെയ്ത ലോകസാഹിത്യത്തെപ്പോലെ, ഇരുളാണ്ട ഇന്ത്യന്‍ പരിസരത്തിലൂടെ മലയാളകവിതയും കടന്നുപോവുന്നുണ്ട്. ജാതീയമായ തീണ്ടായ്മകളേയും, അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്വാതന്ത്ര്യ അസമത്വങ്ങളേയും ആശാന്‍കവിത അഭിമുഖീകരിക്കുന്നതു കാണാം. ‘കൂരിരുട്ടിന് കോട്ടയെങ്ങും ചവിട്ടിനിരത്തുവാന്’ ‘ഞങ്ങളെപ്പൊക്കുക’ എന്ന് ‘സ്വാതന്ത്ര്യഗാഥ’യില്‍ ആശാന് ഉയര്‍ത്തുന്നുണ്ട്.
/indian-express-malayalam/media/media_files/uploads/2017/07/balan-vg-thampy-fi.jpg)
‘കണ്ണൊന്നടച്ചിട്ടു തുറന്നിടുമ്പോള്‍
നാം കണ്ട ലോകം നവലോകമായി!
കുന്നാകവേ വന്കുഴിയായിമാറി,
കുന്നായി ഗര്ത്തങ്ങളുയര്ന്നുപൊങ്ങീ’
എന്ന് ചങ്ങമ്പുഴ എഴുതുന്നത് 1932-ലാണ്.
‘ഇരുളുന്നു ചുറ്റിലു,മറിയാതായ് വെവ്വേറെ-
ത്തളിരും മലരും കരിയിലയും
അറിയാറായൊ,ന്നതാ ചൊകെചൊകെ മിന്നുന്നു
നരിയുടെ നിര്‍ദ്ദയക്കണ്‍കള്‍ മാത്രം!’
എന്നിങ്ങനെ ഇടശ്ശേരിയുടെ ‘ബുദ്ധനും ഞാനും നരിയും’ 1951-ല്‍ പുറത്തുവരുന്നു. 1954-ലാണ് ഇടശ്ശേരി, ‘കുറ്റിപ്പുറം പാലം’ എഴുതുമ്പോള്‍, ‘ഇരവിലെ ഭീകരമൂകതകള്’ എന്നൊക്കെ പ്രയോഗിക്കുന്നത്. എന്നാല്‍ 1963-ല്‍ അദ്ദേഹം ‘അമ്പാടിയിലേയ്ക്കു വീണ്ടും’ എന്ന കവിതയില്‍,
‘എനിക്കു രസമീ നിമ്ന്നോന്നതമാം
വഴിക്കു തേരുരുള്‍ പായിക്കല്‍,
ഇതേതിരുള്‍ക്കുഴിമേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെ’
എന്ന് ഇരുളിനെ മുറിച്ചുകടക്കുന്നതും കാണാം.
‘ഇരുളെത്രതാന് പൊറുത്തതിനെയെതിരേല്ക്കാന്
കരളില്‍ തെച്ചിപ്പൂവിന് കുടയേന്തി’
നില്ക്കുന്ന ഒരുചിത്രം വൈലോപ്പിള്ളിയും വരയ്ക്കുന്നുണ്ട്. എന്നിട്ടും,
‘ചപ്പിലകളില്‍ സൈ്വരം ചൂടെഴുമനുരാഗ-
സ്വപ്നവും കണ്ടങ്ങനെ ചുരുളും മൂര്ഖന്പാമ്പേ,
എന്റെ കാല്പെരുമാറ്റം കേട്ടുണര്‍ന്നു നീ ചീറ്റി-
യന്തകഹസ്തം പോലാം നിന്പത്തി വിരുത്തുന്നുവോ?’
എന്ന ആശങ്ക വൈലോപ്പിള്ളി പങ്കുവെക്കുന്നതും കാണാം.
ഈ ആശങ്ക, ഇരുള്ബോധം, ഒട്ടും ആശാസ്യമല്ലല്ലോ കാണുന്നതൊന്നും എന്ന വ്യഥയും രോഷവും പുതിയവരിലും ഒഴിയാബാധയോടെ കുടിയേറുന്നുണ്ട്.
‘എന്‍ കിനാവിന് ശവവും പേറി
നില്പ്പൂ ഞാനിരുളില്‍’
എന്ന് ആര്. രാമചന്ദ്രന് എഴുതിവെക്കുന്നു.
‘ഒന്നുമി,ല്ലൊന്നുമില്ല
മീതെ പകച്ചുനില്ക്കുമംബരം മാത്രം
താഴെ കരളുറഞ്ഞേപോകും പാരിടം മാത്രം’
എന്ന ‘ഒന്നുമില്ലായ്മ’യില്‍ കവി അന്തിച്ചുനില്‍ക്കുകയാണ്.
‘എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെന്‍ കയ്യുകള്‍ നൊന്തീടുകയാ-
ണെങ്ങോ മര്‍ദ്ദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു’
എന്നിങ്ങനെ എന്‍.വി. കൃഷ്ണവാരിയരെ ചൂഴ്ന്ന ആത്മവേദന, സ്വയംപീഡ അതുതന്നെയാണ് ആധുനികരായ കവികളെ മുന്നോട്ടുനയിച്ചതെന്ന് വരുംകാലം അടയാളപ്പെടുത്തുന്നതു കാണാം.
‘ഉണ്ണുമ്പോളുരുളയില് ചോര-
ഞാനിടവഴി താണ്ടുമ്പോളിറച്ചിയില്
കാല്‍തടഞ്ഞുളുക്കുന്നു’
എന്ന് ആറ്റൂര്‍ രവിവര്‍മ്മ അനുഭവിക്കുന്നത് ഈ ആത്മപീഡയാണ്. ഇവിടെയാണ് ‘ഇരുള്വഴിയില് പെരുവഴി നല്ലൂ’ എന്ന് എന്‍.എന്‍. കക്കാട് തിരഞ്ഞെടുക്കുന്നത്. ‘നിന്നുപോയ വാച്ചുകളില്‍ നേരം ശരിയാക്കുവിന്‍’ എന്ന് കെ.ജി. ശങ്കരപ്പിള്ള ശഠിക്കുന്നത്.
‘നടവഴിയില്‍ നാലുകെട്ടില്‍
നാട്ടിലെല്ലാം നടപ്പുദീന’മെന്ന് സച്ചിദാനന്ദന് ‘നാവുമര’ത്തിലൂടെ കാണുന്നത്.
‘നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?’യെന്ന് കടമ്മനിട്ടയുടെ ‘കുറത്തി’ ചോദിക്കുന്നത്. ‘മരവും മനുഷ്യരും കിളിയും മൃഗങ്ങളും ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?’യെന്ന് അയ്യപ്പപ്പണിക്കര്‍ ചോദിക്കുന്നതും.
ഭീംറാവു അംബേദ്കറുടെ നേതൃത്വത്തിലുള്ള മഹാരഥന്മാര് രൂപംകൊടുത്ത ഇന്ത്യന്‍ ഭരണഘടന, ലോകത്തെത്തന്നെ ഏറ്റവും ശ്രേഷ്ഠമായി ഗണിക്കപ്പെടുന്ന ഭരണരേഖ, അതിനെ നിരാകരിച്ചുകൊണ്ടുള്ള എഴുപതുകളിലെ ഭരണനയമാറ്റം, അസ്വാതന്ത്ര്യവും അസമത്വവും നടമാടിയ അടിച്ചേല്‍പ്പിക്കപ്പെട്ട നയങ്ങള്‍, ഇതെല്ലാം ക്ഷുഭിതമാക്കിയ യൗവ്വനത്തിന്റെ നാളുകളില്‍ ഇന്ത്യന്കവിതയും കലാപവും ഒന്നായി മാറുന്നുണ്ട്. മലയാളകവിതയും എഴുപതുകളുടെ ചുട്ടുപഴുത്ത കനല്‍പ്പാത താണ്ടുന്നുണ്ട്. ‘ശൂന്യമാമീപാതയിലേകനായ്, ഞാന്‍ തിരിച്ചുപോകുന്നു’ എന്ന് എഴുതിവെച്ച് ഐ.സി. സനില്ദാസിനെപ്പോലുള്ള കവികള്‍ ആ കനലില്‍ എരിഞ്ഞുതീരുന്നുണ്ട്. ഈ ചുട്ടുപൊള്ളുന്ന, വിഭ്രാന്തമേഖലയിലേക്കാണ് ബാലചന്ദ്രന് ചുള്ളിക്കാട് എന്ന കവിയും കയറിവരുന്നത്.
പാമ്പിന്റെ പത്തിവിടരുന്നതും, അനാദിയായ മഴവെള്ളത്തിലേയ്ക്ക് നീട്ടിവെച്ച തന്റെ കാല്‍പ്പടത്തില്‍ അതിന്റെ പത്തിയമരുന്നതും കൗതുകത്തോടെ നോക്കി, വാത്സല്യത്തോടെ അനുഭവിച്ച് ബസ്സുകാത്തിരിക്കുന്നുണ്ട് ‘ഖസാക്കി’ലെ രവി. ഈ സ്വയംപീഡ തന്നെയാണ് ബാലചന്ദ്രന് ചുള്ളിക്കാടിന്റെ എഴുപതുകളിലെയും എണ്‍പതുകളിലേയും കവിതകള്‍ അനുഭവിപ്പിക്കുന്നതും. കറുത്തകാലത്തിലെ വ്യഥയും രോഷവും ഉന്മാദവും കലഹവും ഉള്ളുനീറ്റുന്ന കടച്ചിലായി കവി ഏറ്റുവാങ്ങുന്നതു കാണാം. 1976 മുതല്‍ 1980 വരെയുള്ള കവിതകളുടെ സമാഹാരമായ ‘പതിനെട്ടുകവിതകള്‍’, 1979 മുതല്‍ 1982 വരെയുള്ള കവിതകളുടെ സമാഹാരമായ ‘അമാവാസി’, 1982 മുതല്‍ 1987 വരെയുള്ള കവിതകളുടെ സമാഹാരമായ ‘ഗസല്‍’ എന്നീ ചുള്ളിക്കാടുകൃതികളില് ബിംബങ്ങളും പദങ്ങളും ഘടനയും ചടുലമാവുന്നതും, രൗദ്രതാളമായി ഉറഞ്ഞാടുന്നതും കാണാം.
കെട്ടകാലത്തിന്റെ ഇരുണ്ടബോധ്യങ്ങളും, പൊതിഞ്ഞുനില്‍ക്കുന്ന മൃതികല്പനകളും, ആഴ്ന്നുപോകുന്ന നൈരാശ്യബോധത്താലുള്ള മനസ്സുരുക്കങ്ങളും പകര്‍ന്നാടുകയും, കവിതകൊണ്ടു പോറിമുറിയുകയും ചെയ്യുന്നു, ബാലചന്ദ്രന്റെ ‘യാത്രാമൊഴി’ എന്ന ആദ്യകാലകവിതയില്‍.
‘ദുരിതം കൊണ്ടൊരു നിറപറ നിറച്ച്ഇ
ലവാട്ടി ദുഃഖം പൊതിഞ്ഞുകെട്ടി,
വ്യഥവെച്ചുണ്ണാന് ചിറ്റുരുളിയൊന്നെടുത്ത്’
ഇടനെഞ്ചുപൊട്ടിയുള്ള യാത്രയാണത്. ഒഴിയാത്ത രാഹുകാലത്തിലെ, ഇരുളാണ്ട കര്‍മപഥങ്ങളില്‍ താലംപൊലിക്കാനെത്തുന്ന മൃതിനാദങ്ങളെ കവി കാത്തിരിക്കുന്നു. കണ്ണുനീരിറ്റുപോലുള്ള ജീവിതം ഇവിടെ വിറങ്ങലിച്ചു നില്ക്കുന്നു. ‘മനസ്സിന്റെ തട്ടിന്‍പുറങ്ങളിരുട്ടിന്‍ ശവച്ചെണ്ട കൊട്ടിയുറയുന്നു/ബലിച്ചോറിനായ് വരള്കൊക്കു പിളരുന്നു/വിലങ്ങിട്ട കയ്യുകള്‍ കിലുക്കിയലറുന്നു പിതൃക്കള്‍/ഇത്തട്ടകം നില്ക്കുവാന് വയ്യാതെ പൊള്ളുന്നു’; ‘കത്തുന്ന പട്ടടയിലച്ഛന്റെ ചങ്കിലിടി/വെട്ടുന്ന പൊട്ടലിലുടല്‍ക്കെട്ടു പൊട്ടി/മിഴിരക്തം ചുരത്തി’ നില്ക്കുന്ന അമ്മയുടെ മിഴിവാര്‍ന്ന ചിത്രം കവിത ബാക്കിനിറുത്തുന്നു. ‘മരണഗാനത്തിന്റെ തളര്‍ന്ന കാലൊച്ച ഗോവണി കയറിവരുന്ന’തു കാണാം ‘ഇടനാഴി’ എന്ന കവിതയില്‍. ക്രൂരമായ സൗഹൃദത്തിന്റെ ഓര്മ്മയെഴുത്താണ് ‘മാപ്പുസാക്ഷി’. ‘ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടാര്‍ത്ത നാദം പോലെ പായുന്ന ജീവിതം’ കവിതയില്‍ കനത്തുകിടക്കുന്നു. ബിംബങ്ങള്‍കൊണ്ടു ബിംബം ചമയ്ക്കുന്ന മാസ്മരികജാലം കയ്ക്കുന്ന കാലത്തിന്റെ ആധിക്യത്തെ പെരുക്കുന്നതു കാണാം. ബീഡിക്കറയില്‍ കരിഞ്ഞ ഹൃദയത്തിലെ കൊടുംകയ്പ്പുള്ള സ്നേഹം, കഠാരക്കുത്തലാവുന്ന ചുംബനം, ലോറിക്കടിപ്പെട്ടരഞ്ഞ കുഞ്ഞുങ്ങള്‍ വന്നൂതിക്കെടുത്തുന്ന പാതവിളക്കുകള്‍, മന്ത്രങ്ങളും പരേതാത്മാക്കളും നിറച്ചെത്തിയ അന്ധകാരത്തിന്റെ തീവണ്ടി, മുഴുഭ്രാന്തിന്റെ കത്തും ജനാലകള്‍, ദഹിച്ച മെഴുതിരി, ശ്മശാനവസ്ത്രം, പിശാചുബാധിച്ച കസേരകള്‍, തലവെന്ത തെങ്ങിന്റെ തൊണ്ടയില്‍ ചുടുന്ന വേതാളരാഗം, ചത്ത പെണ്ണുങ്ങള്‍തന്‍ ഗര്‍ഭപാത്രങ്ങളില്‍ പൊട്ടിക്കരയുന്ന കാറ്റും മരങ്ങളും, ഇങ്ങനെ ബിംബജാലങ്ങള് പകര്‍ന്നാടുന്നതു കാണാം. ഛേദിക്കപ്പെട്ട ശിരസ്സാണ് കവിയെന്നും, അവന്റെ രക്തപങ്കിലമായ പ്രവചനം തെരുവില്‍ മുഴങ്ങുന്നതും ‘ഖനി’യില്‍ കാണുന്നുണ്ട്. മുറിയിലീതറിന് മണം നിറയുന്ന, പനിക്കിടക്കയില്‍ പകല്‍ തിളയ്ക്കുന്ന, മഹാമൗനത്തിന്റെ ‘മരണവാര്ഡി’ല്‍ കവി നില്‍ക്കുന്നുണ്ട്.
അഴുകിപ്പോയ അനാഥജഡംപോലെ ജീവിതത്തെ കാണുന്നുണ്ട് കവി ‘പോസ്റ്റുമാര്‍ട്ട’ത്തില്‍. ‘മൃതിയിലേക്കെന്റെ ശരറാന്തല്തിരി മുനിയുമ്പോള്,/രാവിന് കരിമ്പനയില്‍ നിന്നൊരു നിലാവോല,/അതിലെന്‍ നാരായവിരലിന് വേദന/പകര്‍ത്തിവെക്കുന്നു പനിക്കുമോര്മതന്/പഴുത്ത ചൈത്രങ്ങള്’ എന്നിങ്ങനെ അതിനെ വ്യാഖ്യാനിക്കുന്നതും കാണാം ‘തേര്‍വാഴ്ച’ എന്ന കവിതയിലെത്തുമ്പോള്‍. കാലത്തിന്റെ കയ്പ്പും പീഡകളും ഉള്ളുരുക്കുമ്പോഴാവണം, ‘ഹംസഗാന’ത്തില്‍ കവി എഴുതുന്നുണ്ട് –
‘ഞാനീ കവിത കുറിക്കുമ്പോള്‍
മറുകൈ കൊണ്ടെന്‍ മാറില്‍ കഠാരിയിരിക്കുന്നു’.
ലോകാന്ധകാരം കൊണ്ട് സ്വയം മുറിയുന്ന വേദന ഇവിടെ അനുഭവിക്കുന്നുണ്ട്. ‘വെളിപാടി’ല്‍ കവി പറയുന്നതുപോലെ ‘കരയുന്ന വാക്കുകള്‍ക്കുപകരം കത്തുന്ന വാക്കുകള്‍ വായിക്കുന്ന’തായിരുന്നു ആ ചുള്ളിക്കാടുകാലം. പ്രണയം പോലും, ‘കത്തുന്ന ചുംബനംകൊണ്ട് കായ്ക്കുന്ന പ്രാണനെ ചുട്ടുപൊള്ളിക്കും’വിധമാണ് കവി അനുഭവിക്കുന്നത് (‘ഒരു പ്രണയഗീതം’).
‘കഷ്ടരാത്രികളിലൂടെ, കാളച്ചോര കേഴുന്ന നഷ്ടനിദ്രകളിലൂടെ, മുതുകെല്ലു പൊട്ടിയ നിരത്തിലൂടെ വഴിനടക്കുന്ന കവിക്ക് മറ്റൊന്നല്ല ജീവിതം’ (‘അമാവാസി’). ഇരുളിന് ചേങ്കലം മുഴങ്ങുന്ന ‘കളിയരങ്ങാ’ണിവിടെ ജീവിതവും കാലവും. ഇങ്ങനെ വ്യര്‍ത്ഥതാബോധം, കൊടിയ നൈരാശ്യം, കാലത്തിനോടുള്ള ക്രോധം 1976 മുതല്‍ 1987 വരെയുള്ള ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിതകളില്‍ ശക്തമാണ്. ഇക്കാലയളവില്‍ ആര്‍ദ്രമായ ഒരു സമീപനം ‘സന്ദര്‍ശന’ത്തില്‍ മാത്രമാണ് കണ്ടത്. എന്നാല്‍, അവിടെയും പിരിയുന്നവരെ, ‘രാത്രിതന്‍ നിഴലുകള്‍’ എന്നു വിശേഷിപ്പിക്കാനാണ് കവി ഇഷ്ടപ്പെടുന്നത്.
‘പോകൂ പ്രിയപ്പെട്ട പക്ഷി’യില്‍ മനസ്സില്‍ മൂടാനിരിക്കുന്ന ശവക്കച്ച, വേദനതന്‍ കനല്ച്ചില്ല എന്നിവ തെളിച്ചിടുന്നു. തന്റെ വഴി മനുഷ്യനിലേക്കുള്ള ചോരപ്പാളമായി അറിയുന്നു ‘കൂടുമാറ്റം’ എന്ന കവിതയില്‍. ‘ഒരാളുടെ ഏറ്റവും നല്ല കവിത, അവന്റെ മരണം തന്നെയാണെന്ന്’ അടിവരയിടുന്നതും കാണാം. ‘പ്രഭാതത്തില്‍, ചക്രവാളങ്ങളില്‍നിന്ന് ഒരു പ്രാകൃതഗാനംപോലെ കൊടുങ്കാറ്റിന്റെ സന്ദേശം വന്നണയുന്ന’തു കാണാം ‘കുന്നിന്മുകളിലെ കാറ്റാടിമരങ്ങളി’ല്‍. ‘ഒഴിവുദിവസം’ എന്ന കവിതയില്‍ മരണംപോലെ ജീവിതം ഇരുണ്ടനാളുകള്‍, നോക്കുന്ന പരിസരങ്ങളിലെല്ലാം കറുത്ത കാഴ്ചകള്‍ സാക്ഷ്യപത്രമായുണ്ട്. ‘ശ്മശാനത്തില്‍ കറുത്ത ഭിത്തിയിലൊരു ബാലന്/ആദിത്യകിരണം കൊണ്ടാള്രൂപം വരയ്ക്കുന്നു/അരികില്ക്കറുത്തൊരു നായ കാത്തിരിക്കുന്നു’ (‘പുനര്ജന്മം’). ‘ഗസലി’ലാവട്ടെ ദുരിതക്കാഴ്ചകള്‍ വന്നുനിറയുന്നു: ‘നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന് ഞാന്‍/വിലാപത്തിന് നദിപോലിരുണ്ടൊരീപ്പാത താണ്ടുമ്പോള്‍, ദൂരെ/മാളികയുടെ കിളിവാതിലില്‍ തിരശ്ശീല പാളിയോ?’ എന്നിങ്ങനെയാണ് ഗുലാം അലി പാടിത്തുടങ്ങുന്നത്. പോകെപ്പോകെ ‘ശാഖയുമിലകളും പൂക്കളുമില്ലാത്തൊരു ജീവിതതമോവൃക്ഷം’, ‘കാപ്പിരി ചോരച്ചെണ്ട കൊട്ടുന്ന കൊലനിലം’, ‘മൃതിയുടെ തിമിരഗൃഹം’, ‘നാളെയുടെ നരകപടം’, ‘ബധിരാന്ധകാരഗര്ത്തത്തിലേക്കുരുണ്ടുപോം ധര’, ‘യമലോകദര്ശനം’, ‘രക്തമിറ്റുന്ന ദിനപത്രം’, അതിലൂടെ രക്തമിറ്റുന്ന വാര്‍ത്തകള്‍ വരുന്നു. ഇങ്ങനെ ഒരു ദുരിതകാലം ‘ഗസലി’ല്‍ നിവരുന്നു. ‘നഗരരാത്രിതന്‍ നിര്‍ന്നിദ്ര ജീവിതം’ തുറന്നിടുന്നതു കാണാം ‘വ്യര്‍ഥമാസത്തിലെ കഷ്ടരാത്രി’യില്‍. ‘ജന്മദിനം’ ജന്മത്തിന്റെ പ്രേതവിചാരണയാവുന്നു കവിക്ക്. ‘ഉടഞ്ഞ കണ്ണാടിയ്ക്കകത്തുനിന്നാരോ/മുറിഞ്ഞ കാലുമായ് നടന്നടുക്കുന്നു’ ‘ജൂണി’ല്‍. ‘വാക്കും അര്‍ത്ഥവുമില്ലാത്ത നിശ്ശബ്ദതയുടെ ഇരുണ്ട സംഗീതം മാത്രം’യുള്ള നാളുകളെ ‘ഒരു ദിനാന്ത്യക്കുറിപ്പി’ല്‍ കവി കുറിച്ചിടുകയും ചെയ്യുന്നു.
ഇങ്ങനെ കറുപ്പുബാധിച്ച നാളുകള്‍, ദുരിതപൂരിതമായ ജീവിതം, കെട്ടകാലത്തോടുള്ള രോഷം, ദുഃഖം ഇതെല്ലാം 76 മുതല്‍ 87 വരെയുള്ള ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിതകളിലെ ഭാഷയായി പരിണമിക്കുന്നതു കാണാം. തുടര്‍ന്ന്, ഇരുണ്ട പരിസരങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ വെളിച്ചത്തിന്റെ തുറസ്സുകള്‍ അന്വേഷിക്കുന്നതായ ഒരു തലം ബാലചന്ദ്രന് ചുള്ളിക്കാടിന്റെ പിന്നീടുള്ള കവിതകളില്‍ കാണാന്‍ കഴിയും. ‘താതവാക്യം’, ‘സദ്ഗതി’, ‘എവിടെ ജോണ്‍?’, ‘യാമിനീനൃത്തം’, ‘മാനസാന്തരം’, ‘ഡ്രാക്കുള’, ‘വെളിവ്’, ‘പലതരം കവികള്‍’, ‘ആരോ ഒരാള്‍’, ‘അന്നം’ തുടങ്ങിയ കവിതകള്‍ വരുമ്പോള്‍ ജീവിതത്തിന്റെ ദുരിതപര്‍വ്വത്തെ വളരെ പക്വമായി സമീപിക്കുന്ന ചുള്ളിക്കാടുഭാവം വ്യക്തമാണ്. എന്നാല്‍, മലയാളകവിതയില്‍ ബാലചന്ദ്രന് ചുള്ളിക്കാടിനെ അടയാളപ്പെടുത്തിയത് അദ്ദേഹം പിന്നീടു തുടര്‍ന്ന പക്വമായ സമീപനമല്ല, ക്ഷുഭിതമായി കറുത്തകാലത്തെ സമീപിച്ച ആദ്യവഴിയിലൂടെയുള്ള സഞ്ചാരമാണെന്നു കാണാന്‍ കഴിയും. സൂക്ഷ്മമായി നോക്കിയാല്‍ കറുത്തവ്യവസ്ഥകളിലേയ്ക്ക് ഇഴുകി രമിക്കാനല്ല അദ്ദേഹം ശ്രമിച്ചതെന്നു ബോധ്യമാവും. ഇരുണ്ടകാഴ്ചകളെ തുറന്ന പരിസരത്തില്‍ നിന്നുകൊണ്ടുള്ള വിചാരണയ്ക്കാണ് കവി ശ്രദ്ധിച്ചിട്ടുള്ളത്. നിരാശയിലേയ്ക്ക് ആഴ്ത്താനല്ല, ചില ചങ്ങലകള്‍ ഉരിഞ്ഞിറങ്ങാനുള്ള കുതറലായി മാറുന്നു ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ആദ്യകാലകവിതകളെ സമീപിക്കുമ്പോള്‍ എന്നര്‍ത്ഥം.

പിന്നീട് കാലികമായെഴുതുമ്പോള് വളരെ നിര്‍മമനായി കാലത്തേയും ലോകത്തേയും നോക്കിനിന്നിട്ടുണ്ട് ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിതകള്‍. അദ്ദേഹത്തിന്റെ ‘അലകള്‍’ എന്ന പുതിയ കവിതാസമാഹാരം നിവര്ത്തുമ്പോള് ഇത്തരം ദൃഷ്ടാന്തങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ അതിലെ ചില ഓര്‍മ്മകളില്‍, വിചാരങ്ങളില്‍, കത്തുന്ന ബാലചന്ദ്രന്കാലം നിവരുന്നതും കാണാന്‍ കഴിയും. ‘ഉണ്ടായിരിക്കുമോ നിന്റെ മനസ്സിലും/നമ്മള് ജീവിക്കാതെ പോയൊരാ ജീവിതം/ഇല്ലാതിരിക്കട്ടെ – നിന് കണ്ണില്നിന്നെന്റെ/വെന്ത നിഴലിനെപ്പിന്വലിക്കുന്നു ഞാന്‍’ എന്നെഴുതുമ്പോള്‍ പൊള്ളുന്ന ചില അവശേഷിപ്പുകള്‍ കാണാം. ‘ചോരകലങ്ങിയിരമ്പും മനസ്സിന്റെ/തീരത്തടിഞ്ഞ ജഡത്തില്‍നിന്നും/ഊരിയെടുത്ത കഠാരയില്‍ ജീവിതം/പ്രേമകവിത കുറിച്ചിരുന്നു’ എന്നെഴുതുമ്പോഴും ജീവിതത്തിന്റെ ധാര്‍ഷ്ട്യം വ്യക്തം. ‘ചിതയുടെ വെളിച്ചത്തില്‍ വായിക്കുന്ന രാമായണകഥ’യുണ്ട് ഒരിടത്ത്! ‘ഹൃദയത്തിനുള്ളില്‍ ശ്മശാനമുണ്ട്/അതിലാണ് നിശ്ശബ്ദതയ്ക്കു വീട്’ എന്നു മറ്റൊരിടത്ത് കവി കുറിക്കുന്നു. ‘വെടികൊണ്ടു മസ്തകം/ചിതറിയ കൊമ്പന്റെ/മറുതയാണിന്നെന്റെ കവിത’ എന്നിങ്ങനെ തന്റെ എഴുത്തിനെ തറച്ചിടുകയും ചെയ്യുന്നു ബാലചന്ദ്രന്.
ആദ്യകാലത്തുനിന്ന് പുതിയകാലത്തെത്തുമ്പോഴും സ്വാസ്ഥ്യവും സമാധാനവുമല്ല കവിക്ക് കവിതയെഴുത്ത്. ജീവിതം മുഴുവന്‍ കലഹിക്കുവാനും പരിഭവിക്കാനുമുള്ളതാണ് ബാലചന്ദ്രന് ചുള്ളിക്കാടിന് കവിത. അന്നന്നത്തെ നെറികേടുകളോട് ഉറച്ച ശബ്ദത്തില്‍ പ്രതികരിച്ചു. അന്ന് ഉറക്കെപ്പറഞ്ഞ പലതിനോടും പുതിയ തലമുറ നിശ്ശബ്ദത പാലിക്കുന്നതില്‍ തുറന്ന് പരിഭവിക്കുകയും ചെയ്തു. ചുള്ളിക്കാട് മലയാളകവിതയുടെ നിലപാടുതന്നെയായിരുന്നു. കാലത്തെ പരിശോധനയ്ക്കെടുക്കുവാനുള്ള ദര്‍ശിനിയായിരുന്നു. ഒരു കാലംതന്നെ അതില്‍ അടയാളപ്പെട്ടുകിടപ്പുണ്ട്. മാറുന്ന കാലങ്ങള്‍ക്കെല്ലാം താക്കീതായി നില്‍ക്കുന്നുമുണ്ട്. അതുകൊണ്ടാവാം ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിതകള്‍ പഴമമണക്കാതെ പുതിയ പരിസരവും വായനയ്ക്കെടുക്കുന്നതും അനുഭവിക്കുന്നതും.
സഹായകസൂചി
1. ആശാന്റെ പദ്യകൃതികള്‍ – ഡി.സി. ബുക്സ്
2. ചങ്ങമ്പുഴക്കവിതകള്‍ (സമ്പൂര്‍ണ്ണസമാഹാരം) – ഡി.സി. ബുക്സ്
3. ഇടശ്ശേരിക്കവിതകള്‍ (സമ്പൂര്‍ണ്ണസമാഹാരം) – പൂര്‍ണ പബ്ലിക്കേഷന്‍സ്
4. മകരക്കൊയ്ത്ത് – വൈലോപ്പിള്ളി – കറന്റ് ബുക്സ്
5. കവിത – ആര്. രാമചന്ദ്രന് – ഡി.സി. ബുക്സ്
6. കവിത – എന്‍.വി. കൃഷ്ണവാര്യര്‍
7. ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ (1957-1994) – ഡി.സി. ബുക്സ്
8. നേര്‍വഴികള്‍ – എഡി: സച്ചിദാനന്ദന് – ലോഗോസ്
9. കടമ്മനിട്ടയുടെ കവിതകള്‍ – ഡി.സി. ബുക്സ്
10. ഘടികാരം – ഐ.സി. സനില്‍ദാസ് – നിയോഗം ബുക്സ്
11. ഖസാക്കിന്റെ ഇതിഹാസം – ഒ.വി. വിജയന് – ഡി.സി. ബുക്സ്
12. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിതകള്‍ – ഡി.സി. ബുക്സ്
13. അലകള്‍ – ബാലചന്ദ്രന് ചുള്ളിക്കാട് – മാതൃഭൂമി ബുക്സ്
ലേഖകപരിചയം :

പി.എസ്.വിജയകുമാർ
കവി, നിരൂപകൻ. ആനുകാലികങ്ങളിൽ എഴുതുന്നു. കോട്ടെരുമക്കാലം, ഉണങ്ങാപ്പശ എന്നീ കവിതാസമാഹാരങ്ങളും ഏകാകിയുടെ ഉള്ളുരുക്കങ്ങൾ, കത്തുന്ന ചുംബനങ്ങൾ എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വദേശം മലപ്പുറം ജില്ലയിലെ, പെരിന്തൽമണ്ണയ്ക്കടുത്ത് പൂന്താനം.




No Comments yet!