എൻ. ബി. സുരേഷിൻ്റെ ഛായാമുഖി കൈയിൽ കിട്ടിയിട്ട് ഒരുപാട് നാളായി. ഛായാമുഖി എന്ന വാക്കിന് പല അർത്ഥാന്തരങ്ങൾ കണ്ടു. വായിച്ചു തീർന്നപ്പോൾ ഒരു കണ്ണാടിയിലെന്നപോലെ തന്നെ തന്നെ ദർശിച്ച പ്രണയത്തിൻ്റെ തീവ്രാനുഭൂതിയാണ് ഛായാമുഖിയുടെ ടോട്ടാലിറ്റി എന്നു തോന്നി. ഹൃദയം കൊണ്ടും ബുദ്ധികൊണ്ടും ഇതു രണ്ടും ചേർന്നുകൊണ്ടും അനുഭവിക്കാവുന്ന കവിതകളുണ്ട്. പ്രണയത്തെ അസാധ്യമായി വരച്ചിട്ട കവിതകളുടെ കൂട്ടത്തിൽ ചേർത്തുവയ്ക്കാൻ പറ്റിയ മികച്ച സമാഹാരമാണ് ഛായാമുഖി.
നാട്യമേതുമില്ലാത്ത പ്രണയഭാഷ ഛായാമുഖിയുടെ പ്രത്യേകതയാണ്. പ്രണയം അനന്തതയാണ്. നീയും ഞാനെന്നുമുള്ള പരിമിത സങ്കല്പത്തിൽ നിന്നും പ്രപഞ്ചത്തോളം അത് പടരുന്നു. ജീർണ്ണവിഘടിതമായ സങ്കീർണ്ണലോകത്തുനിന്ന് മുന്തിയ ചില മാത്രകളെ ഒരു ചെപ്പിലെന്നപോലെ അടച്ചുവെച്ച് കാലങ്ങളോളം കൊണ്ടുനടന്ന് സന്നിഗ്ധഘട്ടങ്ങളിൽ ദിവൗഷധമായി സേവിക്കുന്നു. അങ്ങനെ വരുമ്പോൾ ആ അനുഭൂതിയിൽ പ്രണയിതാക്കൾ വീണ്ടും വീണ്ടും ജീവിക്കുന്നു. കവിയെന്നാൽ ഭാഷയ്ക്ക് ദൃഷ്ടീഭവിക്കുന്ന അനുഭവമാണെന്ന ചിത്രെയുടെ വീക്ഷണങ്ങൾക്ക് ഇവിടെ സാധുത ലഭിക്കുന്നു.
പ്രണയമെന്ന അനുഭവപരിണാമത്തെ ആഴത്തിലും ആയാസത്തിലും അവതരിപ്പിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലുടനീളം. ക്രമാനുഗതമല്ലാത്ത കവിതയുടെ തെറ്റിയ വഴിനടത്തങ്ങൾ അനുഭൂതികളെ കൂടുതൽ ജൈവികവും സർഗ്ഗാത്മകവുമാക്കിത്തീർക്കുന്നുമുണ്ട്. ഈ തെറ്റിയ വഴിനടത്തങ്ങളാണ് കവിയെ ഉന്മാദിയാക്കിത്തീർക്കുന്നത്. ഉന്മാദം പ്രണയത്തിൻ്റെ മറ്റൊരു ഭാഷ്യമാണ്. ചുറ്റുമുള്ളതിനെ നിരാകരിക്കുന്നതോ അതോ ആർദ്രതയാൽ പൊതിഞ്ഞെടുക്കുന്നതോ ആയ ഒരു സ്വകാര്യത അതിനുണ്ട്. അത് ഉന്നത സ്വർഗത്തിലേക്കുള്ള ക്ഷണപത്രമായി മാറുന്നു.
ജീവൻ്റെ ആ ഉത്സവത്തിൽ പ്രണയികൾ സ്വയം മറക്കുന്നു. കവിയുടെ തന്നെ മായപ്പൊൻമാൻ എന്ന ആമുഖക്കുറിപ്പോടെയും അർത്ഥരാഗങ്ങൾ എന്ന രാജഗോപാൽ മാഷിൻ്റെ അവതാരികയോടെയും ഛായാമുഖിയിലേക്കുള്ള വാതിൽ തുറക്കുന്നു. “നിന്നിൽ മുഖം നോക്കൂന്നു പുതു ജന്മമായ് കാണുന്നില്ല” എന്ന വരിയിൽ കരളുടക്കുന്നു. ഏതാണുറവിടമെന്നറിയാത്ത പ്രവാഹമായി പ്രണയം നീയും ഞാനെന്നുമുള്ള സങ്കല്പത്തിൽ നിന്നും ഉദയം കൊള്ളുന്നു.
ആദിപാപത്തിലെ വിഷക്കായ തിന്നവർക്ക് പിന്നീട് വേദനയുടെ ഭൗമജീവിതവും നേരിടേണ്ടി വരുമല്ലോ! നീ പുലരിയാവണേ എന്ന് ഉള്ളിൽ നിലവിളിക്കേണ്ടി വരുന്നതതുകൊണ്ടാണ്.
മൗനം മറ്റൊരു പ്രണയഭാഷയാണ്. അനിവാര്യമായ ഋതുഭേദം പോലെ അത് അനന്തമായി പ്രണയത്തെ അനുധാവനം ചെയ്യുന്നു. പുറമേയ്ക്ക് കാണാനാവാത്ത ചുഴികളും മലരികളും അതിലുണ്ടാവും. നീയും ഞാനെന്നുമുള്ള സത്യം അതിൽ അലിഞ്ഞുതീരുന്നു. താൻ സ്വയം കലക്കമാണെന്ന് പറയുന്നയാൾ അഭിമുഖമായിരിക്കുന്നവളെ വെളിച്ചമാക്കി മാറ്റുന്നു. ഇതൊരു രാസമാറ്റമാണ്. സിരാപടലങ്ങളിൽ പ്രണയകാമനയുടെ കാന്തരശ്മികൾ സഞ്ചരിക്കുന്നതുകൊണ്ടുള്ള രാസമാറ്റം. ഉടലിൻ്റെ വൈരുദ്ധ്യങ്ങളോ വൈകൃതങ്ങളോടെ പരസ്പരം തൊട്ടുതീണ്ടാത്തതോ കണ്ണിൽപെടാത്തതോ ആയ കാലം കൂടിയാണത്.

“ഒരു വാക്കിനാൽ, ഒരു നോക്കിനാൽ, ഒരു സ്പർശത്താൽ കല്ലിനെ മേഘമായ് പൊന്തിച്ചു” (ഒരിക്കൽ കൂടി) എന്ന കവിതയിൽ ഈ മാന്ത്രികത നമുക്ക് ദർശിക്കാൻ കഴിയുന്നുണ്ട്. പിന്നീട് പ്രണയത്തിൽ അനിവാര്യമായത് സംഭവിക്കുന്നു. ഈടാർന്നുവായ്ക്കുന്ന നദി തട്ടിത്തടഞ്ഞു നിൽക്കുന്നു.
“ഒച്ചകളെല്ലാം പാട്ടുകളാവുന്നു, പാട്ടുകൾ സിരകളിലൊഴുകുന്നു, നീയതിൽ കലരുന്നു” (ധ്യാനം) എന്ന അസാന്നിധ്യത്തിലേക്ക് കവിത വഴിമാറിയൊഴുകുന്നു. അസാന്നിധ്യത്തിലെ സാന്നിധ്യമായി കവിത മാറുന്നു. അത് മരണതുല്യമാണെന്ന് കവി തിരിച്ചറിയുന്നുമുണ്ട്. പരിഭവിച്ചും, സ്നേഹിച്ചും, അനുനയിച്ചും, വിടുതൽ നേടിയും, പിന്തുടർന്നും കാലം പ്രണയവാഹിനിയായിത്തീരുമ്പോൾ മുറികൂടുന്നതിനെ കുറിച്ച് കവി സ്വപ്നം കാണുന്നു. “ഏതോ സ്റ്റേഷനിൽ പൊടുന്നനെ ഒരു മുഖം, കണ്ണിൽ പെടുന്ന പോലെ, രണ്ടുപേർ തമ്മിൽ കാണുമോ” എന്ന പ്രതീക്ഷയിലേക്ക് തന്നെയാണ് ആ സ്വപ്നം സഞ്ചരിച്ചെത്തുന്നത്.
പ്രണയരാശിയിൽ സ്വയം കുറ്റവാളിയാകുന്നതും സംശയാലുവാകുന്നതും ബുദ്ധനാകുന്നതുമായ നിരവധി കാഴ്ചകൾ ഒരു സ്ക്രീനിലെന്നപോലെ വായനയിൽ നമ്മെ കടന്നുപോകുന്നു. കാറ്റ് മരത്തിൻ്റെ ജീവനെ തൊട്ടിലാട്ടുന്ന പോലെ പ്രകാശത്തിൻ്റെ വാങ്മയങ്ങൾ സൃഷ്ടിക്കുന്ന, മനുഷ്യനെ, കരുണയെ, പ്രണയത്തെ, പ്രകൃതിയെ വീണ്ടെടുക്കുന്ന കവിതയായി (ആർ. ചന്ദ്രബോസ്) ഛായാമുഖി മാറുന്നുണ്ട്.
***
ഛായാമുഖി
രചന : എന്‍.ബി. സുരേഷ്
പ്രസാധനം : ലോഗോസ് ബുക്‌സ്
വില : 210 രൂപ

റീന വി.
എ.കെ.ജി.എം. ജി.എച്ച്.എസ്.എസ്. പിണറായി അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ നടത്തിയ കവിതാരചനയിൽ ഒന്നാം സ്ഥാനം , വിദ്യാരംഗംക വിത അവാർഡ്, കാവൽ കൈരളി കഥ കവിത പുരസ്‌കാരം, സി.ആർ.പി. പണിക്കർ കവിത പുരസ്കാരം, കെ.സി. രാജേഷ് മെമ്മോറിയൽ കഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട് ആനുകാലികങ്ങളിൽ എഴുതുന്നു.







No Comments yet!