Skip to main content

അതിജീവനത്തിന്റെ പുതുമുഖം – ജീവിതം  ഉയിർത്തെഴുന്നേൽക്കുമ്പോൾ

ജീവിതത്തിൽ എന്ത് പ്രശ്നം സംഭവിക്കുമ്പോഴും നമ്മളെ ചേർത്തു നിർത്തുകയും പരിഗണിക്കുകയും ചെയ്യുന്ന മനുഷ്യരുണ്ടെങ്കിൽ, ഏത് പ്രശ്നത്തെയും നമ്മൾക്ക് അതിജീവിക്കാൻ കഴിയും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അത്തീഖ് റഹ്മാൻ എന്ന വ്യക്തിയുടെ ജീവിതം. അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ ഏറ്റവും പ്രിയപ്പെട്ടവരോടുമൊത്ത്  തരണം ചെയ്തു എന്ന് അവതരിപ്പിക്കുന്ന പുസ്തകമാണ് ‘അതിജീവനത്തിന്റെ പുതുമുഖം’.  നസീറ സി.കെ. എന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് എങ്കിലും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പുകളുടെ മുഴുവനായിട്ടുള്ള  ശേഖരമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുളള്ളത് എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

29ാം വയസ്സിൽ നാവും താടിയെല്ലും കവർന്ന  ക്യാൻസറിനെ എങ്ങനെ അദ്ദേഹം സ്വന്തം ആത്മ വിശ്വാസത്തിലൂടെയും കൂടെയുള്ളവരുടെ പ്രാർത്ഥനയിലൂടെയും  പരിഗണനയിലൂടെയും  തരണം ചെയ്തു എന്ന അനുഭവമാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രതിപാദിച്ചിട്ടുള്ളത്. സാധാരണ മനുഷ്യനായി ഇന്നലെ വരെ ജീവിച്ചയാൾക്ക് പെട്ടെന്നൊരു ദിവസം തന്റെ നാവ് ഭാഗീകമായി  നഷ്ടപ്പെടുന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ആശയ വിനിമയത്തിന് മാത്രമല്ല ഭക്ഷണം കഴിക്കാനും അത് വിഴുങ്ങാനും നമ്മളെ ഏറ്റവും സഹായിക്കുന്ന അവയവം കൂടിയാണ് നാവ്.ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഇങ്ങനെ നിരവധി ശസ്ത്രക്രിയകൾ അദ്ദേഹത്തിന് ചെയ്യേണ്ടതായി വന്നിട്ടുണ്ട്.  ഒരു ശസ്ത്രക്രിയ ശരിയാവാതെ വീണ്ടും ശസ്ത്രക്രിയകൾ ചെയ്യേണ്ടി വരുന്ന അവസ്ഥ, മരുന്നിന്റെയും റേഡിയേഷന്റെയും പാർശ്വ ഫലമായി ശരീര ഭാരം കുറയുന്ന അവസ്ഥ, ഇങ്ങനെ അദ്ദേഹം കടന്നു പോയ  പ്രതിസന്ധി നിറഞ്ഞ കാലത്തെ പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയായ നസീറ സി.കെ. , മക്കൾ,  അത് പോലെ മറ്റ് പ്രിയപ്പെട്ട കുടുംബാംഗങ്ങൾ, പ്രിയപ്പെട്ട ഡോക്ടേർസ് എന്നിവരുടെ പരിഗണനയും ശുശ്രൂഷയും എത്രത്തോളം അദ്ദേഹത്തിന്റെ ജീവിതത്തെ ശക്തമാക്കി എന്ന് ഓരോ വായനക്കാർക്കും ഈ പുസ്തകത്തിൽ നിന്ന് വായിച്ചെടുക്കാം. ഇത്രയും ബുദ്ധിമുട്ട് നിറഞ്ഞ കാലത്തെ ഈ പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും എനിക്കുറപ്പാണ് അവർ അനുഭവിച്ച ഒരു ചെറിയ ശതമാനം മാത്രമേ പുസ്തകത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകുയുള്ളൂ.

പത്തൊമ്പതാം വയസ്സിൽ ക്യാൻസർ ബോധവത്കരണ ക്ലാസിൽ പങ്കെടുത്തതും അതിന്റെ സന്നദ്ധപ്രവർത്തകനായി അദ്ദേഹം പ്രവർത്തിച്ചതും പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഈ ക്യാൻസർ ബോധവത്കരണ ക്ലാസ് അദ്ദേഹത്തിന്റെ രോഗം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞതിലൂടെ ക്യാൻസർ ബോധവത്കരണം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് സ്വയം തിരിച്ചറിയാനും    പുസ്തകം വായനക്കാരെ ഈ പുസ്തകം സഹായിക്കുന്നു.

ആരുടെയും സഹതാപപാത്രമാകാൻ മനുഷ്യർക്കാർക്കും താല്പര്യമില്ല.  ഈ രോഗവും  അത് മൂലം ഉണ്ടായ  രൂപമാറ്റം പലരുടെയും ഉള്ളിൽ സഹതാപം ആണ് നിറച്ചിട്ടുള്ളത് എങ്കിലും, ഒരു രോഗിക്ക് അത് തീരെ ആവശ്യമില്ല എന്നും അത് രോഗിയെ മാനസികമായി കീഴ്പ്പെടുത്തുകയാണ് ചെയ്യുക എന്നും നമ്മൾക്ക്  അറിയാം. ചികിത്സക്കും മറ്റുമായി മറ്റുള്ളവരുടെ കയ്യിൽ നിന്ന് പണം വാങ്ങി, കുറച്ചു കാലത്തിന് ശേഷം  സാമ്പത്തികമായി മെച്ചപ്പെട്ട സമയത്ത് അത് തിരികെ കൊടുക്കാൻ ചെന്ന സമയത്ത് പലരും അത് വാങ്ങിക്കാതെയുള്ള  ഒരു അനുഭവവും അദ്ദേഹം പങ്കു വയ്ക്കുന്നുണ്ട്. ഇങ്ങനെ ഒരു  പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെ ഇത്തരം നല്ല മനുഷ്യരുടെ വലയം ജീവിക്കാൻ ഊർജ്ജം നൽകിയതെന്നും പുസ്തകത്തിൽ അവതരിപ്പിക്കുന്നു. കഠിനമായ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള അതിജീവനവും,കൂടെ നിന്ന് സഹായിച്ച വക്തികൾക്കുള്ള നന്ദി  പറച്ചിലുമാണ് ഈ പുസ്തകം.  പുസ്തകത്തിലെ   വരികൾ കടമെടുത്താൽ  “ഈ  കുറിപ്പ് വായിക്കുന്ന, അല്ലെങ്കിൽ എന്നെ പ്പോലെ സമാനമായ കഠിനമായ അവസ്ഥകളിലൂടെ കടന്നുപോകുന്നവരോട് ഒരു പോരാളിയെന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളുടെ മനസ്സ് സ്വയം തോൽക്കാൻ തീരുമാനിക്കുന്നത് വരെ നിങ്ങളെ തോൽപ്പിക്കാൻ ഈ ലോകത്തുള്ള ഒരു രോഗത്തിനും കഴിയില്ല. ചിരിച്ചു കൊണ്ട് മാത്രം പ്രതിസന്ധികളെ നേരിടുക, വഴിയിൽ എവിടെയെങ്കിലും വെച്ച് ദൈവം നമുക്കായി നിശ്ചയിച്ച സഹായങ്ങൾ കൃത്യമായി എത്തിച്ചേരും”  എന്ന് പറഞ്ഞു കൊണ്ട് ലോകത്ത് ഇതു പോലെ സമാന സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുന്നവർക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും വെളിച്ചം പുസ്തകം  പകരുന്നു.  ഇത് പോലെ സമാന സാഹചര്യങ്ങളിൽ കൂടി കടന്നു പോകുന്നവർക്ക് ഈ പുസ്തകം കൂടുതൽ ആത്മവിശ്വാസവും സാന്ത്വനവും നൽകട്ടെ, അതിനോടൊപ്പം തന്നെ ഈ പുസ്തകം കൂടുതൽ വായനക്കാരിലേക്ക് എത്തട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു.


അതിജീവനത്തിന്റെ പുതുമുഖം (ഓർമ്മ)
രചന : നസീറ സി.കെ.
പ്രസാധനം – മാൻ കൈന്റ്
വില – 270 രൂപ


ലേഖക പരിചയം :

ഉബൈദ് പി. ബി.

മലയാളത്തിൽ സിനിമയും കായികവും ആസ്പദമാക്കി എഴുതുന്നു. ട്രൂ കോപ്പി തിങ്ക് വെബ്സീൻ, ചെണ്ട ഓൺലൈൻ, ജ്ഞാനഭാഷ മൾട്ടി ഡിസിപ്ലിനറി ഓൺലൈൻ ജേർണൽ, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവയിൽ ലേഖനങ്ങളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി, മലപ്പുറം സെന്ററിൽ ബി.എഡ്. രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.