Skip to main content

മലയാളിയുടെ വിഷ്വല്‍ ഈസ്‌തെറ്റിക്‌സിനെ അട്ടിമറിക്കുന്ന ‘വാടാ വേടാ…’

ഷാജി കൈലാസ് സിനിമകള്‍ മുഴുവന്‍ ഭരണകൂടത്തിന്റെയും സിവില്‍ സമൂഹത്തിന്റെയും സവര്‍ണതയുടെയും ഓഞ്ഞ രാഷ്ട്രീയമായിരുന്നുവെങ്കിലും, അന്നത്തെ ‘മാസ് ഓറ’ സൃഷ്ടിക്കുന്നതില്‍ അയാളുടെ ടെക്‌നിക്കാലിറ്റികളും സഹായിച്ചിരുന്നു. പലതും പിന്നീടുള്ള കാഴ്ചക്കാര്‍ക്ക് കോമഡിയായിരുന്നുവെങ്കിലും, അന്നത്തെ പോപ്പുലര്‍ കള്‍ച്ചറില്‍ കയ്യടി വാങ്ങിയ ക്ലോസ് അപ്പ് ഷോട്ടുകള്‍, സ്ലോ മോഷനുകള്‍, സ്വാഗുകള്‍, സ്‌റ്റൈലുകള്‍ എന്നിവ അയാള്‍ സൃഷ്ടിച്ചിരുന്നു. കമ്മീഷണര്‍ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ ഇന്‍ട്രോ സീനില്‍, അന്നത്തെ കൗമാരക്കാരായ ഞങ്ങള്‍ കൂവിയപ്പോള്‍ തല്ലു കിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണ്. ഷാജി കൈലാസിന്റെ സിനിമകള്‍ ശ്രദ്ധിച്ചാല്‍ ഒരൊറ്റ കാര്യം മനസ്സിലാവുക – അയാളുടെ പോലീസ്, കളക്ടര്‍ സിനിമകളില്‍ രഞ്ജി പണിക്കരുടെ ഡയലോഗുകളുടെ കൂടെ, ഷാജി കൈലാസിന്റെ ടെക്‌നിക്കാലിറ്റി ആ സിനിമകളെ സഹായിച്ചിട്ടുണ്ട്.

പക്ഷേ, ഷാജി കൈലാസിന്റെ സിനിമകളുടെ ടെക്‌നിക്കല്‍ ബ്രില്ല്യന്‍സ് മുഴുവന്‍ പോലീസിങ്ങിനെ ഹീറോ ആക്കുന്നതിനും, കേരള സമൂഹത്തില്‍ പോലീസിന്റെ ഹീറോഷിപ്പ് ഉയര്‍ത്തുന്നതിനും വലിയ പങ്കുവഹിച്ചുവെന്നതാണ്. അടിയന്തിരാവസ്ഥയും അതിന്റെ ശേഷമുള്ള പോലീസ് ഭീകരതയും മുഴുവന്‍ തേച്ച് മായിച്ച്, മറ്റൊരു ‘സിവില്‍ സമൂഹം’ കൈയടിക്കാവുന്ന പോലീസിങ്ങിന്റെ പ്രതീകമായി ഈ സിനിമകള്‍ മലയാള മനസ്സാക്ഷിയെ മാറ്റിമറിച്ചു. ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരെ വീരന്മാരായി ചിത്രീകരിക്കുകയും, കുട്ടികളുടെ ആംബീഷനുകളെ ‘ഐ.പി.എസ് ഓഫീസര്‍’ ആകാനായി വഴിതെളിയിക്കുകയും ചെയ്തത് ഈ സിനിമകളുടെ വലിയ സ്വാധീനമാണ്. ഇവയില്‍ ‘പ്രതി സ്ഥാനത്തും അപര സ്ഥാനത്തും’ പ്രതിനിധീകരിക്കപ്പെട്ടത് ദളിതരും മുസ്ലീങ്ങളുമായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ പോലീസ്, ഐ.പി.എസ് വേഷങ്ങള്‍ ധരിച്ച സുരേഷ് ഗോപി പോലെയുള്ള താരങ്ങള്‍ പിന്നീട് കട്ട ബി.ജെ.പി ആയി മാറിയതും ചരിത്രം.

ഇന്ന് രാവിലെ നരിവേട്ട എന്ന സിനിമയിലെ വാടാ വേടാ എന്ന പ്രൊമോ മ്യൂസിക് വീഡിയോ കണ്ടപ്പോള്‍ മനസ്സിലായത് – ഷാജി കൈലാസ് സിനിമകളില്‍ നിന്നു വ്യത്യസ്തമായി, മലയാളത്തിന്റെ സിനിമാറ്റിക് ടെക്‌നിക്കാലിറ്റി മറ്റൊരു തരത്തിലുള്ള ഹീറോഷിപ്പ് സൃഷ്ടിക്കുന്ന ഉപാധിയായി മാറുന്നു. വേറെ ഒരുതരം ഈസ്‌തെറ്റിക്‌സ് രൂപപ്പെടുത്തുന്നു എന്നതാണ്. ഷാജിയുടെ സിനിമകളുടെ ബൈനറി എന്നതിനപ്പുറം അല്ലെങ്കില്‍ അതിന് അതീതമായി, ഈ വീഡിയോ വിവിധ തരത്തിലുള്ള വിഷ്വല്‍ എക്‌സ്ട്രാവാഗന്‍സ പടര്‍ത്തുന്നു. ഇത്തരം ടെക്‌നിക്കല്‍ വിഷ്വല്‍ കള്‍ച്ചറിലേക്ക് വാടാ വേടാ എന്ന വീഡിയോ മാറുന്നത് കഴിഞ്ഞ രണ്ടോ മൂന്നോ ദശകങ്ങളായി കേരളത്തിന്റെ അടിത്തട്ടില്‍ ഉണ്ടാകുന്ന രാഷ്ട്രീയ ചിന്തകളുടെ മാറ്റം കൂടെ ആണ്.

ഒരു പോലീസ് ജീപ്പിനുള്ളില്‍ നിന്ന് പാട്ടുപാടുന്ന, പോലീസുകാരുടെ തോക്കുകള്‍ക്കിടയില്‍ നിന്ന് സംഗീതം മുഴങ്ങുന്ന, അതിനൊടുവില്‍ ഒരു പോലീസ് വണ്ടിയില്‍ നിന്നിറങ്ങുന്ന വേടനെ ആണു ഈ വീഡിയോയിലൂടെ കാണാന്‍ കഴിയുന്നത്. അതിനു പുറമെ ഭൂമിക്ക് വേണ്ടി പോരാടുന്ന ആദിവാസികള്‍ കുടില് കെട്ടിയ ഭൂമിയില്‍ ചെടി വെച്ചു പിടിപ്പിക്കുന്ന ആദിവാസി പെണ്‍കുട്ടി എന്നതു മലയാളി വിഷ്വല്‍ കള്‍ച്ചറിലെ അപൂര്‍വത ആണ്. ഇവിടെ ‘മ്യൂസിക് വീഡിയോ’ എന്ന സ്വതന്ത്ര മാധ്യമം തന്നെയാണ് പുതിയ ഹീറോഷിപ്പ് നിര്‍മ്മിക്കുന്നത്. അത് സിനിമയെ ആട്രിബ്യൂട്ട് ചെയ്യുകയും വിഘടിച്ചു നില്‍ക്കുകയും ചെയ്യുന്നു. അതില്‍ തന്നെ ചങ്ങലയ്ക്കിട്ട വേടന്‍ വിലങ്ങ് പൊളിക്കുക ആണ്. കേരളത്തിലെ ഏറ്റവും വലിയ ചരിത്രസമരങ്ങളിലൊന്നായ മുത്തങ്ങ സമരമാണ് ഈ വീഡിയോ ഹീറോയിക് ആഖ്യാനത്തിലൂടെ കൊണ്ടുവരുന്നത്. ഈ മ്യൂസിക് വീഡിയോവിലെ ചുവപ്പിന്റെ കളര്‍ പാറ്റേണിനോക്കെ ഇനി പുതിയ പഠനങ്ങള്‍ ഉണ്ടായേക്കാം.

 

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.