Skip to main content

പതാക

ആരോ
പറഞ്ഞു കേട്ടതാണ്.
(ഞാനല്ല
എന്നെ
അറസ്റ്റു ചെയ്യരുത്.
ഇതെന്റെ
സത്യവാങ്മൂലം)
ആരോ
പറഞ്ഞു കേട്ടതാണ്.
പുരുഷനോ
സ്ത്രീയോ എന്നറിയില്ല.
ഹിന്ദുവോ
മുസ്‌ളീമോ
ക്രിസ്ത്യനോ എന്നറിയില്ല.
സവര്‍ണനോ
അവര്‍ണനോ എന്നറിയില്ല.
ആദിവാസിയോ
ദളിതനോ എന്നറിയില്ല.
ഇന്ത്യനോ
പാക്കിസ്ഥാനിയോ എന്നറിയില്ല.
ആരോ
പറഞ്ഞു കേട്ടതാണ്.
നമ്മുടെ പതാക
ഇനി ഉണ്ടാവില്ല പോലും.
അതിന്റെ
നിറം മാറും പോലും.
അതിന്റ
വലിപ്പം മാറും പോലും.
അതില്‍
പച്ചയും
വെള്ളയും
കുങ്കുമവും
എല്ലാം മാറും പോലും.
ചക്രവും
ചിലപ്പോള്‍ മാറ്റും പോലും.
കേട്ടവര്‍
കേട്ടവര്‍
അന്ന് സ്വാതന്ത്ര്യ ദിനത്തില്‍
ഉയര്‍ത്തിക്കെട്ടിയ
പതാകയ്ക്കരികിലേക്ക്
ഓടിക്കൂടി
ഒരു കൊച്ചു കാറ്റില്‍
കടലിലെ
ഓളങ്ങള്‍ പോലെ
ആകാശത്ത്
അത് തിരയടിച്ചു നില്‍ക്കുന്നു.
ഒരു സല്യൂട്ടടിച്ച്
ആളുകള്‍
സമാധാനത്തോടെ
തിരിച്ചുപോയി.
നേരം വെളുക്കും മുമ്പേ
ആരോ വീണ്ടും
പറഞ്ഞു കേട്ടു
( ഞാനല്ല
എന്റെ കവിത
ചുട്ടെരിക്കരുത്,
ഇതെന്റെ സത്യവാങ്മൂലം)
കാശ്മീരിയോ
മലയാളിയോ എന്നറിയില്ല.
ഗുജറാത്തിയോ
ആസാമിയോ എന്നറിയില്ല.
ജനാധിപത്യവാദിയോ
കമ്യൂണിസ്റ്റോ എന്നറിയില്ല.
വടക്കനോ
തെക്കനോ എന്നറിയില്ല.
ആരോ
വീണ്ടും പറഞ്ഞതാണ്
നിങ്ങളുടെ പതാക
ഇനി ഉണ്ടാവില്ല പോലും .
കേട്ടവര്‍
കേട്ടവര്‍
അവരുടെ പതാകയെ
നെഞ്ചോട് ചേര്‍ത്ത് പിടിച്ച്
ഒരിടത്ത് ഓടിക്കൂടി.
അവര്‍ മതമാകാതെ
ജാതിയാകാതെ
വടക്കനും
തെക്കനുമാവാതെ
ഗുജറാത്തിയും
ആസാമിയും
പഞ്ചാബിയുമാവാതെ,
ഭാരതീയരായി
കൈകോര്‍ത്തു നിന്നു
ഉറക്കെ ഉറക്കെ പറഞ്ഞു.
എന്റെ പതാക
എന്റെ ദേശീയതയാണ്
എന്റെ പതാക
എന്റെ മതമാണ്.
എന്റെ പതാക
എന്റെ ത്യാഗമാണ്
എന്റെ പതാക
എന്റെ ധീരതയാണ്.
എന്റെ പതാക
എന്റെ സമാധാനമാണ്.
എന്റെ പതാക
എന്റെ രാജ്യമാണ്.
അവരുടെ ഗര്‍ജ്ജനം
അന്തരീക്ഷത്തില്‍
മുഴങ്ങി നിന്നു.
അപ്പോള്‍
അവരുടെ കൈയിലെ
പതാകകള്‍ക്കെല്ലാം
ഒരേ നിറമായി തോന്നി
സ്വാതന്ത്ര്യത്തിന്റെ നിറം.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.