നിങ്ങൾ ഒരു തെരുവിലൂടെ നടക്കുമ്പോൾ
അതു നയിക്കുന്നത് കൊടും ഗർത്തത്തിലേക്കല്ലെങ്കിൽ
കുപ്പ പെറുക്കുന്നവനോടു പറയൂ, നന്ദി !
ജീവനോടെ, ക്ഷതമൊന്നും പറ്റാതെ,
പ്രാസമാവർത്തിക്കുന്നപോലെ,
നിങ്ങൾ വീട്ടിൽ തിരിച്ചെത്തുന്നെങ്കിൽ
നിങ്ങളോടുതന്നെ പറയൂ, നന്ദി!
നിങ്ങളൊന്നു പ്രതീക്ഷിക്കുകയും
ഊഹം നിങ്ങളെ കബളിപ്പിക്കുകയും ചെയ്തെങ്കിൽ
നിങ്ങളെവിടെയായിരുന്നുവെന്ന് നാളെപ്പോയി നോക്കൂ,
എന്നിട്ടു പൂമ്പാറ്റയോടു പറയൂ, നന്ദി!
ഉള്ള ശക്തിയെല്ലാമെടുത്തു നിങ്ങൾ കരഞ്ഞുവിളിക്കുമ്പോൾ
ആരാണവിടെ? എന്നാണ് മാറ്റൊലി തിരിച്ചുചോദിക്കുന്നതെങ്കിൽ
നിങ്ങളുടെ സ്വത്വത്തോടു പറയൂ, നന്ദി!
നിങ്ങളൊരു റോസാപ്പൂവിനെ നോക്കിനില്ക്കുകയും
അതു നിങ്ങളെ വേദനിപ്പിക്കാതിരിക്കുകയും ചെയ്തെങ്കിൽ,
അതിൽ നിങ്ങളാനന്ദം കണ്ടുവെങ്കിൽ,
സ്വന്തം ഹൃദയത്തോടു പറയൂ, നന്ദി!
നിങ്ങൾ കാലത്തുറക്കമുണരുകയും
നിങ്ങളുടെ കൺപോളകൾ തിരുമ്മാൻ
അടുത്താരും ഇല്ലെന്നും വന്നാൽ,
കാഴ്ചയോടു പറയൂ, നന്ദി!
നിങ്ങളുടെ പേരിന്റെ ഒരക്ഷരവും നിങ്ങളുടെ നാടിന്റെ പേരും
നിങ്ങൾക്കോർമ്മ വന്നാൽ, നല്ല കുട്ടിയാകൂ!
ദൈവം നിങ്ങളോടു പറയട്ടെ, നന്ദി!
***







No Comments yet!