Skip to main content

സെപ്തംബര്‍ 1 – മേരി റോയ് എന്ന ഒറ്റയാള്‍ പോരാളിയുടെ ഓര്‍മ്മദിനം

സ്വന്തം മതം കല്‍പ്പിച്ച് നല്‍കിയ അറുപഴഞ്ചന്‍ മതനിയമങ്ങള്‍ക്കെതിരെ പട നയിച്ച ഒറ്റയാള്‍ പോരാളിയുടെ പേരാണ് മേരി റോയ്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട അനീതിയ്ക്ക് എതിരെ നടത്തിയ നിരന്തര പോരാട്ടത്തിലൂടെ ഈ മലയാളി വനിത നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു. അവരുടെ പോരാട്ടം ക്രിസ്ത്യന്‍ പൗരോഹിത്യത്തിനും പുരുഷമേധാവിത്വത്തിനും എതിരെയായിരുന്നു. അതിലൂടെ മേരി റോയ് സ്വാതന്ത്ര്യബോധവും, പുരോഗമനചിന്തയുമുള്ള ഇന്ത്യയിലെ മുഴുവന്‍ സ്ത്രീകളുടെയും ആരാധനാപാത്രമായി.

മേരി റോയി നിയമ പോരാട്ടം നടത്തിയ കാലത്ത് ആരുടേയും പിന്തുണ അവര്‍ക്കുണ്ടായിരുന്നില്ല. വോട്ടുബാങ്കുകളെ ഭയന്ന രാഷ്ട്രീയപ്പാര്‍ട്ടികളും, മതവും അവരാല്‍ ആവും വിധം മേരി റോയിയെ നിരൂത്സാഹപ്പെടുത്തി. എന്നിട്ടും അവര്‍ നീതിക്കായുള്ള അക്ഷീണ പോരാട്ടത്തിനിറങ്ങി. ഒരു സാധാരണ വീട്ടമ്മയുടെ ജീവിതം നല്‍കിയ അനുഭവങ്ങള്‍ മാത്രമായിരുന്നു അന്ന് മേരി റോയിയ്ക്ക് കൈമുതലായി ഉണ്ടായിരുന്നത്.

കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്നത് പുരുഷ മേധാവിത്വത്തിന്റെ വിവേകശൂന്യവും, ദയാശൂന്യവുമായ അധികാരപ്രയോഗങ്ങളായിരുന്നു. അതിനെതിരെയാണ് മേരി പോര്‍ക്കളത്തിലിറങ്ങിയത്. കോട്ടയം അയ്മനത്ത് ജനിച്ച മേരി റോയ് ഡല്‍ഹി ജീസസ്സ് മേരി കോണ്‍വെന്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, ചെന്നൈ ക്വീന്‍സ് മേരി കോളേജില്‍ നിന്നും ബിരുദവും നേടി.

ഓഗസ്റ്റ് 28 ന് പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ആദ്യ ഓര്‍മ്മക്കുറിപ്പായ മദര്‍ മേരി കംസ് ടു മി

പിതാവ് പി വി ഐസക്കിന്റെ അടികൊണ്ട് തലയില്‍നിന്ന് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന സൂസി എന്ന അമ്മയാണ് കുട്ടിക്കാലത്തെ മേരിയുടെ മറക്കാനാവാത്ത കാഴ്ചകളിലൊന്ന്. അതും വിദേശ വിദ്യാഭ്യാസം നേടിയ ഉന്നത ഉദ്യോഗസ്ഥന്റെ കൈകൊണ്ട്. അച്ഛന്റെ മര്‍ദ്ദനമെല്ലാം അമ്മ നിശബ്ദം സഹിച്ചു. സുന്ദരിയായ ആ അമ്മ നന്നായി പാടുകയും, വയലിന്‍ വായിക്കുകയും ടെന്നീസ് കളിക്കുകയും ചെയ്യുമായിരുന്നു. ഒരു പെരുമഴക്കാലത്ത് അച്ഛന്‍ അമ്മയെ അതിക്രൂരമായി തൊഴിച്ച് മഴയിലേക്ക് ഇറക്കിവിട്ടു. മേരിയെകുളിമുറിയില്‍ പൂട്ടിയിട്ടു. അതിസാഹസികമായി കുളിമുറിയില്‍ നിന്നും പുറത്തുകടന്ന മേരി അമ്മയോടൊപ്പം കൂടി. അന്ന് വീട്ടില്‍ നിന്നും ഇറങ്ങിയതില്‍ പിന്നെ അച്ഛനുമായി ബന്ധമുണ്ടായില്ല.

ബിരുദ പഠനം കഴിഞ്ഞ് വീട്ടില്‍ വെറുതെയിരുന്നപ്പോഴാണ് കൊല്‍ക്കത്തയില്‍ ഒരു കമ്പനിയില്‍ സെക്രട്ടറിയായി ജോലി ലഭിച്ചത്. അവിടെ വച്ചുള്ള പരിചയത്തിലാണ് ബംഗാളിയായ രാജീബ് റോയിയുടെ പങ്കാളിയായത്. അദ്ദേഹത്തിന് അന്ന് ചണമില്ലിലായിരുന്നു ജോലി. വളരെ ഉയര്‍ന്ന ശമ്പളം. പിന്നീട് ചണമില്ലിലെ ജോലി ഉപേക്ഷിച്ച് അസമില്‍ തേയില തോട്ടത്തില്‍ മാനേജറായി.

ദാമ്പത്യ ജീവിതത്തില്‍ പണത്തിനും മറ്റ് സൗകര്യങ്ങള്‍ക്കും കുറവില്ലങ്കിലും ഭര്‍ത്താവിന്റെ അമിത മദ്യപാനം മേരിയുടെ കുടുംബജീവിതത്തില്‍ വിള്ളലുകള്‍ വീഴ്ത്തി. മദ്യത്തിന് അടിമായായ ഭര്‍ത്താവുമൊത്തുള്ള ജീവിതം എല്ലാം തകിടം മറിച്ചു. പിന്നിട് അദ്ദേഹത്തിന് ഒരു ജോലിയും സ്ഥിരമായി ചെയ്യാനാവാത്ത അവസ്ഥയായി. ഒടുവില്‍ മുപ്പതാം വയസ്സില്‍ ആ ബന്ധം ഉപേക്ഷിച്ചു മടങ്ങുമ്പോള്‍ അഞ്ച് വയസ്സുകാരന്‍ ലളിതും മൂന്ന് വയസ്സുകാരി അരുന്ധതിയുമുണ്ട് കൂടെ.

ഊട്ടിയില്‍ പൂട്ടിക്കിടന്ന അച്ഛന്റെ വീട് വീട് വൃത്തിയാക്കി മേരിയും 2 മക്കളും അവിടെ താമസമാക്കി. 350 രൂപ ശമ്പളത്തില്‍ ഊട്ടിയില്‍ തന്നെ ഒരു ചെറിയ ജോലിയും തരപ്പെടുത്തി. അങ്ങനെ തട്ടിയും മുട്ടിയും കുടുംബം പുലര്‍ത്തി ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് വീടൊഴിയാന്‍ സഹോദരന്‍ ആവശ്യപ്പെട്ടത്. 1960ല്‍ മേരിയുടെ അച്ഛന്‍ മരിക്കുമ്പോള്‍ വില്‍പത്രം എഴുതിയിരുന്നില്ല. ഒരു ദിവസം സഹോദരന്‍ ഗൂണ്ടകളുമായെത്തി വാതില്‍ അടിച്ച് പൊളിച്ച് മേരിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. 1966ല്‍ ഊട്ടിയിലെ വീട്,ബന്ധുക്കളുടെ ഇടപെടലിന്റെ ഫലമായി മേരിയ്ക്ക് തന്നെ ഇഷ്ടദാനമായി നല്‍കി. ആ വീട് വിറ്റാണ് കോട്ടയത്ത് സ്‌കൂള്‍ നടത്താന്‍ മേരി ഭൂമി വാങ്ങിയത്.

പിതാവിന്റെ ഒസ്യത്തില്‍ മകളായ തനിയ്ക്ക് അവകാശമില്ലാതെ പോയ ചിന്ത മേരിയുടെ മനസ്സില്‍ മായാതെ കിടന്നു. അതൊരു അപമാനമായി അവര്‍ക്ക് തോന്നി. അങ്ങനെയാണ് ബാക്കി കുടുംബസ്വത്തില്‍ അവകാശം ചോദിച്ച് മേരി റോയ് കോടതിയെ സമീപിക്കുന്നത്. തിരുവിതാംകൂറിലെ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍കുട്ടികള്‍ക്ക് കുടുംബസ്വത്തില്‍ പുരുഷന് കൊടുക്കുന്നതിന്റെ നാലിലൊന്ന് അല്ലെങ്കില്‍ 5000 രൂപ അതില്‍ ഏതാണോ കുറവ് അതിനേ അവകാശമുണ്ടായുള്ളൂ. 1916ലെ തിരുവിതാംകൂര്‍ ക്രിസ്തീയ പിന്‍തുടര്‍ച്ചാവകാശ നിയമം ചോദ്യംചെയ്ത് 1984 ല്‍ മേരി പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ഹൈക്കോടതി വിധി എതിരായപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചു. അതിന്റെ വിജയമായിരുന്നു 1986ലെ സുപ്രധാന വിധി. ഈ കേസ്സിന്റെ നാള്‍വഴികള്‍ ഇന്ന് ഇന്ത്യയിലെ നിയമവിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാണ്.

സിറിയന്‍ ക്രിസ്ത്യന്‍ കുടുംബനാഥന്‍ മരിച്ചാല്‍ വിധവയ്ക്ക് സ്വത്തിന്റെ മൂന്നിലൊന്നും മക്കള്‍ക്ക് തുല്യമായി മൂന്നില്‍ രണ്ടും ലഭിക്കുമെന്ന് വിധിയില്‍ അസന്നിഗ്ധമായി പറഞ്ഞു. വില്‍പത്രം എഴുതിയില്ലെങ്കിലും മാറ്റമുണ്ടാകില്ല. കോടതി വിധി ക്രിസ്ത്യന്‍ യാഥാസ്ഥിതികത്വത്തെയും ആണ്‍കോയ്മയെയും വിറളിപിടിപ്പിച്ചു.

വിധി സമുദായത്തില്‍ നരകതുല്യമായ പ്രശ്‌നങ്ങളുണ്ടാവുമെന്നും സ്വത്ത് വില്‍പന, കന്യാസ്ത്രീ സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിസന്ധി നേരിടുമെന്നെല്ലാമായിരുന്നു അക്കാലത്തെ വലിയ പ്രചാരണം. വിധിയനുസരിച്ച് അര്‍ഹമായ സ്വത്ത് കിട്ടാന്‍ മേരിക്ക് വീണ്ടും കോടതി കയറേണ്ടിവന്നു. രണ്ട് ദശകത്തിലേറെ കേസ് നീണ്ടത് ഇക്കൂട്ടരുടെ പ്രതിരോധത്താലായിരുന്നു. കെ എം മാണിയുടെ നേതൃത്വത്തില്‍ അക്കാലത്ത് നിയമസഭയില്‍ പഴയ പിന്തുടര്‍ച്ചാവകാശ നിയമം വേഷം മാറ്റി കൊണ്ടുവരാനും ശ്രമമുണ്ടായി. മതവും, പൗരോഹിത്യവും, രാഷ്ട്രീയവും ചേര്‍ന്ന് എത്ര ഭയാനകമായാണ് നീതിയെ കോട്ട കെട്ടി പുറത്തുനിര്‍ത്തുന്നതെന്നതിന് തെളിവായിരുന്നു ആ നടപടികള്‍.

ദശകങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷം പിതൃസ്വത്തായി കോട്ടയം നഗരത്തിലെ ഒമ്പത് സെന്റ് കണ്ണായ സ്ഥലം മേരിക്ക് കിട്ടി. ഈ ഭൂമി കിട്ടാന്‍ വേണ്ടിയായിരുന്നില്ല താന്‍ കോടതി കയറിയതെന്ന് അവര്‍ വിശദമാക്കി. നിയമത്തിന്റെ പിന്‍ബലത്തില്‍ നേടിയെടുത്ത ആ സ്ഥലം അതുവരെ ശത്രുവായ സഹോദരന് തന്നെ മടക്കി നല്‍കി മധുരപ്രതികാരം ചെയ്ത് അവര്‍ നിലപാട് വ്യക്തമാക്കി.

”എനിക്കുവേണ്ടി മാത്രമായിരുന്നില്ല കോടതിയില്‍ പോയത്. അനീതിക്കെതിരായിരുന്നു പോരാട്ടം. രാജാവിന്റെ കാലത്ത് സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉണ്ടാക്കിയ നിയമം, സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയില്‍ നിലനില്‍ക്കുന്നത് എന്തൊരു വിരോധാഭാസമാണ്? സ്ത്രീകള്‍ എന്തിന് ഈ അസമത്വം സഹിക്കണം? മക്കള്‍ തുല്യരാണ്. പെണ്‍കുട്ടികള്‍ രണ്ടാംകിടക്കാരാണെന്ന ചിന്ത മാറണം. അതിനുവേണ്ടിയായിരുന്നു ആ യുദ്ധം.”

മേരി റോയിയുടെ പള്ളിക്കൂടം

മേരി റോയിയുടെ അധ്യാപനത്തോടുണ്ടായ താല്‍പര്യം വ്യത്യസ്ത പഠനരീതികളെക്കുറിച്ചുളള ധാരണയുമായി ബന്ധപ്പെട്ടു കൂടിയായിരുന്നു. അങ്ങനെയാണ് സ്വന്തമായി സ്‌കൂള്‍ ആരംഭിച്ചത്. കോട്ടയം മൗണ്ട് കാര്‍മെല്‍ ട്രെയിനിങ് കോളേജില്‍നിന്ന് ബി എഡ് പാസായ ശേഷം സ്‌കൂള്‍ തുടങ്ങാന്‍ സ്ഥലം അന്വേഷിച്ച് മേരി പത്രപരസ്യം നല്‍കി. പരസ്യം കണ്ട് ആദ്യം പ്രതികരിച്ചത് എഴുത്തുകാരി മാധവിക്കുട്ടിയായിരുന്നു. പുന്നയൂര്‍കുളത്തെ തറവാട് വീടിനോട് ചേര്‍ന്ന് ധാരാളം സ്ഥലമുണ്ടെന്നും ഇഷ്ടംപോലെ എടുക്കാമെന്നും കാണിച്ച് മേരിയ്ക്ക് കത്തെഴുതി. പക്ഷേ, മേരി കോട്ടയത്ത് സ്ഥലം കണ്ടെത്തി സ്‌കൂള്‍ സ്ഥാപിച്ചു.

1967ല്‍ കോര്‍പസ് ക്രിസ്റ്റി എന്ന പേരില്‍ തുടങ്ങിയ സ്‌കൂളിന്റെ രൂപകല്‍പന ലാറി ബേക്കറായിരുന്നു. മക്കളായ ലളിതും, അരുന്ധതിയും ബേക്കറുടെ മക്കളും ഉള്‍പ്പെടെ ഏഴ് പേരാണ് ക്ലാസിലുണ്ടായത്. സ്‌കൂള്‍ ക്രമേണ വളര്‍ന്ന് പള്ളിക്കൂടം എന്ന പേരില്‍ പ്രസിദ്ധമായി. ജസ്റ്റിസ് ബച്ചു കുര്യന്‍ ജോസഫ്, അരുന്ധതി റോയി തുടങ്ങിയ നിരവധി പ്രശസ്തര്‍ ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. സ്‌കൂളിനെപ്പറ്റി ദൂരദര്‍ശനും ബി ബി സിയും ഡോക്കുമെന്ററി ചെയ്തിട്ടുണ്ട്.

മാധവിക്കുട്ടിയുടെ വാക്കുകള്‍ –

‘ഞാനൊക്കെ ധീര എന്ന് പറയുന്നത് ശരിയല്ല. ധീരയായ പോരാളി എന്നാല്‍ അത് മേരി റോയ് ആണ്.”

കോടതി കയറിയ സ്‌കൂള്‍ നാടക പോരാട്ട കഥ 

അവതരണം നിരോധിച്ച ഒരു നാടകം വീണ്ടും അരങ്ങില്‍ അവതരിപ്പിക്കാനായി നടത്തിയ രണ്ടാം നിയമ പോരാട്ടത്തിലും മേരി ശ്രദ്ധേയയായി. യേശുക്രിസ്തുവിന്റെ അവസാന ഏഴ് ദിവസങ്ങളെ അടിസ്ഥാനമാക്കി സൃഷ്ടിക്കപ്പെട്ട ‘ജീസസ് ക്രൈസ്റ്റ് ദി സൂപ്പര്‍ സ്റ്റാര്‍’ എന്ന സംഗീത നാടകമാണ് എല്ലാ തയ്യാറെടുപ്പുകളും നടത്തി കന്നി അവതരണത്തിനു ഒരുങ്ങുന്നതിനിടെ വിലക്ക് നേരിട്ടത്. 1990 ല്‍ അന്നത്തെ കോട്ടയം ജില്ലാ കളക്ടര്‍ അല്‍ഫോണ്‍സ് കണ്ണന്താനമാണ് മജിസ്ട്രേട്ടിന്റെ പദവി ഉപയോഗിച്ച് നാടകത്തിന് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീട് 25 വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കേസ് ജയിച്ച് 2015ല്‍ വിലക്ക് നേരിട്ട അതേ വേദിയില്‍ തന്നെ അതേ റോക്ക് ഓപ്പറ അവതരിപ്പിച്ചു.

മേരി റോയ് സ്‌കൂളില്‍ തിയേറ്റര്‍ പഠനം നിര്‍ബന്ധമായിരുന്നു. ഇതിന്റെ ഭാഗമായാണ് നാടകാവതരണം നടത്തിയിരുന്നത്. യേശുക്രിസ്തുവും ശിഷ്യന്മാരും തമ്മിലുള്ള സംസാരവും യൂദാസുമായുള്ള തര്‍ക്കവുമായിരുന്നു നാടകത്തിലെ പ്രതിപാദ്യ വിഷയം. യേശുക്രിസ്തുവിനെ ആശ്വസിപ്പിക്കുന്ന മഗ്ദലന മറിയത്തിന്റെ സാന്നിധ്യമാണ് പ്രതിഷേധത്തിന് കാരണമായത്. സുഹൃത്തിനെയെന്നവണ്ണം യേശുവിനെ മഗ്ദലനമറിയം തലോടുന്നുണ്ട്. ഈരംഗമാണ് വിശ്വാസികളെ വിറളി പിടിപ്പിച്ചത്. 2015ല്‍ ഏപ്രില്‍ ഏഴാം തീയതി സുപ്രീം കോടതിയാണ് നാടകത്തിനും സ്‌കൂളിനും അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

കാലം എത്ര കഴിഞ്ഞാലും മേരി റോയ് എന്ന ചരിത്രവനിത ജനമനസുകളില്‍ ജീവിക്കും…

(Courtesy : https://newsgil.in/)


മദര്‍ മേരി കംസ് ടു മി
അരുന്ധതി റോയി
പ്രസാധനം : Penguin Hamish Hamilton
വില : 899 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.