ഇന്നലെ വരെ നട്ടുച്ചയ്ക്കും തണുപ്പു വിടാതെ
മടി പിടിച്ചു കിടന്ന പകൽ
ഇന്നു മുതൽ വേനലിന്റെ തനിനിറം
കാണിച്ചുതുടങ്ങി,
പൂച്ചക്കുഞ്ഞ് പതുക്കെ പുലിയായ് മാറുംപോലെ
ഇനി, മാർച്ച്, ഏപ്രിൽ, മെയ്
വേർപ്പുമാസങ്ങളുടെ രാജവീഥികൾ
ചൂടൻകാറ്റുകൾ പങ്കിട്ടെടുക്കും.
റെയിൽവേമതിലിൽ
വലിയൊരു ചിത്രമുണ്ട്.
ആരും വരച്ചതൊന്നുമല്ല,
മഴയും കാറ്റും തണുപ്പും ചൂടും, പിന്നെ
കാഴ്ചയുടെ ഭാവനയും കലർന്ന് ഉണ്ടായതാണ്.
ഒരാൾ കാടിനു മുന്നിൽ
വിനയാന്വിതനായി നിൽക്കുംപോലെയാണത്.
ചിലപ്പോൾ അയാളെ കാട് വിഴുങ്ങിയിട്ടുണ്ടാകും.
ചിലപ്പോൾ കാടിനു മോളിൽ
നീണ്ടുനിവർന്നു കിടക്കുംപോലെ
കാട് കടുംമഞ്ഞയുടുക്കുന്നതും
തവിട്ടുനിറം കലർന്ന് കറുപ്പുരാശിയിലേക്ക് ചായുന്നതും
പാടേ മാഞ്ഞുപോകുന്നതും
പിന്നെ പതുക്കെ തെളിയുന്ന ചാരനിറം
മഴ തലോടുമ്പോൾ തിണർത്തു പൊങ്ങുന്നതും
ശ്രദ്ധിച്ചിട്ടുണ്ടോ?
ഇപ്പോൾ ഈ കൊടുംവെയിലിൽ
ഉണങ്ങി മൊരിഞ്ഞ ഒരു വാഴത്തോട്ടം സങ്കല്പിക്കാം
പലപ്പോഴും ക്യാൻവാസിലേക്ക് പകർത്താൻ
ശ്രമിച്ചു, ഇതുവരെ നടന്നിട്ടില്ല.







No Comments yet!